ദീപ്തി ജീവൻജി ഓടിത്തോൽപിച്ചത് ദാരിദ്ര്യത്തെയും മുൻവിധികളെയും
text_fieldsദീപ്തി ജീവൻജി
ഈ വർഷത്തെ ലോക പാരാ അത്‍ലറ്റിക്സ് ചാമ്പ‍്യൻഷിപ്പിൽ റെക്കോഡിലേക്ക് ഓടിക്കയറുമ്പോൾ ഇന്ത‍്യയുടെ ദീപ്തി ജീവൻജി പിന്നിലാക്കിയത് എതിരാളികളെ മാത്രമല്ല ദാരിദ്ര്യത്തെയും മുൻവിധികളെയും കൂടിയായിരുന്നു. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ ലോക റെക്കോഡോടെയാണ് ദീപ്തി 55.07 സെക്കൻഡിൽ ഫിനിഷ് ചെയ്തത്.
മാനസിക വെല്ലുവിളി നേരിടുന്നവർക്കായി നടത്തുന്ന മത്സരമാണ് ടി20 വിഭാഗം. അമേരിക്കയുടെ ബ്രിയന്ന ക്ലാർക്കിന്‍റെ പേരിലായിരുന്നു ഈ വിഭാഗത്തിലെ നിലവിലെ റെക്കോഡ് (55.12 സെക്കൻഡ്).
ദീപ്തി കുടുംബത്തോടൊപ്പം
നിരവധി പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്താണ് ദീപ്തിയുടെ നേട്ടം. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ കല്ലേഡ ഗ്രാമത്തിലാണ് ജനനം. ദരിദ്ര കുടുംബ പശ്ചാത്തലത്തിലാണ് വളർന്നത്. വാറങ്കലിൽ നടന്ന ഒരു സ്കൂൾ മീറ്റിനിടെ ഇന്ത‍്യൻ ജൂനിയർ ടീം ചീഫ് കോച്ച് നാഗ്പുരി രമേശാണ് ദീപ്തിയെ ശ്രദ്ധിച്ചത്.
അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ കോച്ച് പരിശീലനത്തിനായി ഹൈദരാബാദിലേക്ക് അയക്കാൻ മാതാപിതാക്കളായ ധനലക്ഷ്മിയോടും യാദഗിരിയോടും ആവശ‍്യപ്പെട്ടു. എന്നാൽ, കൂലിത്തൊഴിലാളികളായ അവർക്ക് അതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
നാഗ്പുരി രമേശിന്‍റെയും മറ്റു സുമനസ്സുകളുടെയും സഹായത്തോടെ ഹൈദരാബാദിലേക്ക് വണ്ടികയറി. ദീപ്തിയുടെ ജീവിതലക്ഷ‍്യത്തിലേക്ക് കൂടിയുള്ള യാത്രയായിരുന്നു അത്. സാമ്പത്തിക പിന്തുണയും മികച്ച പരിശീലനവും ലഭിച്ചതോടെ റെക്കോഡുകൾ ഈ മിടുക്കി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതി.