‘ജെ.ഇ.ഇ ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടാൻ ആർക്കും കഴിയും. പക്ഷേ, ഒരു മൺവീട് നിർമിക്കാൻ എല്ലാവർക്കും കഴിയില്ല’ -പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഐ.ഐ.ടി ടോപ്പർമാരായ ദമ്പതികൾ
text_fieldsസാക്ഷി ഭാട്ടിയയും അർപിത് മഹേശ്വരിയും
‘‘ജെ.ഇ.ഇ ടെസ്റ്റിൽ ഉയർന്ന റാങ്ക് സ്വന്തമാക്കുന്നതിനേക്കാൾ പ്രയാസമാണ് ഒരു മൺവീട് നിർമിക്കാൻ’’ -ഐ.ഐ.ടി ടോപ്പർമാരായ സാക്ഷി ഭാട്ടിയയും അർപിത് മഹേശ്വരിയും പറയുന്നു.
അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ കൃഷി ഫാം ഒരുക്കി അതിൽ മൺവീട് നിർമിച്ച് പൂർണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് ഈ ദമ്പതികൾ. സ്വപ്നം കണ്ട ഈ ജീവിതത്തിനാണ് ഇവർ അമേരിക്കയിലെ ജോലി രാജിവെച്ചത്.
സന്തുലിതമായ ജീവിതശൈലിയും പ്രകൃതിസൗഹൃദ ജീവിതവും ലക്ഷ‍്യമിട്ട് ഇവർ മധ്യപ്രദേശിലെ ബദ്‌നഗർ ഗ്രാമത്തിൽ സ്ഥിരംതാമസമാക്കി. ‘ജീവന്തിക’ എന്ന പേരിൽ ഫാം സ്ഥാപിച്ച് സുസ്ഥിര ജീവിതത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു.
2015ൽ ലാറ്റിനമേരിക്കൻ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രയാണ് ഇവരുടെ ജീവിത വീക്ഷണം മാറ്റിമറിച്ചത്. ആമസോൺ, പെറു, എക്വഡോർ, കൊളംബിയ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര അവരിൽ പാരിസ്ഥിതിക അവബോധം വർധിപ്പിച്ചു. പ്രകൃതിയുമായി ചേർന്ന് ജീവിക്കാൻ തീരുമാനിച്ച ദമ്പതികൾ 2017ൽ ഇന്ത്യയിലേക്ക് മടങ്ങി.
ഒന്നര ഏക്കർ ഭൂമിയാണ് ജീവന്തിക ഫാം സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്. അവർക്കാവശ‍്യമായ ഭക്ഷണത്തിന്‍റെ 85 ശതമാനവും ആ ഫാമിൽനിന്നുതന്നെ ലഭിക്കുന്നു. സ്വന്തമായി യന്ത്രമില്ലാത്തതിനാൽ എണ്ണ മാത്രമാണ് ഇവർ പുറത്തുനിന്ന് വാങ്ങുന്നത്. ആ ഫാമിൽ തന്നെ പൂർണമായും കൈകൊണ്ട് നിർമിച്ച മൺവീടും ഒരുക്കി.
വൈദ്യുതിയില്ലാത്ത വീടിനകത്ത് ഏത് വേനലിലും ഫാനോ എ.സിയോ ഇല്ലാതെ തണുപ്പ് ലഭിക്കുന്നു. ആവശ‍്യമുള്ളപ്പോഴെല്ലാം പഴങ്ങളും പച്ചക്കറികളും ഫാമിൽനിന്ന് ശേഖരിക്കാമെന്നതിനാൽ െറഫ്രിജറേറ്ററിന്‍റെ ആവശ‍്യവും വരുന്നില്ല.
സുസ്ഥിരതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കുന്ന പെർമാകൾച്ചർ തത്ത്വങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ദമ്പതികളുടെ കൃഷി.