കുഗ്രാമത്തിൽനിന്ന് അമേരിക്കയിലേക്ക്, രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ് നേടിയ ആ മിടുക്കൻ ഇതാ...
text_fieldsസ്വപ്നം കണ്ടതിന്‍റെ പേരിൽ ആ 17കാരനെ കൂട്ടുകാരും ബന്ധുക്കളും പലപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ആ ഗ്രാമത്തിൽനിന്ന് വലിയ സ്വപ്നം കാണുക എന്നതുേപാലും ആർക്കും സങ്കൽപിക്കാൻപോലും കഴിയാത്തതായിരുന്നു.
പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും ചെവികൊടുക്കാതെ ഉയർന്ന വിദ്യാഭ്യാസം നേടണമെന്ന തന്‍റെ സ്വപ്നങ്ങൾക്കൊപ്പം അവൻ ഓടിക്കൊണ്ടേയിരുന്നു. ഒടുവിൽ അവനെത്തേടിയെത്തിയതാവട്ടെ രണ്ടരക്കോടി രൂപയുടെ സ്കോളർഷിപ്. യു.എസിൽ തുടർപഠനം നടത്താനുള്ള അവസരമെന്ന അപൂർവ നേട്ടം. ആഗോളതലത്തിൽ ആറു കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്ന ഡേയർ സ്കോളർഷിപ്പാണ് പ്രേംകുമാറിന് ലഭിച്ചത്. ലോകത്തെ ഏറ്റവും പ്രയാസമേറിയ, ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും അതിനോട് അഭിനിവേശവുമുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പാണിത്.
ബിഹാറിലെ പട്നയിലെ ഫുൽവാരി ഷരീഫിലുള്ള ചെറുഗ്രാമമായ ഗോൺപുരയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രേംകുമാർ, കുടുംബത്തിലെ ആദ്യ ബിരുദധാരിയാകാനാണ് തയാറെടുക്കുന്നത്. പെൻസൽവേനിയയിലെ ലഫായെറ്റ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിലും ഇന്റർനാഷനൽ റിലേഷൻസിലും ബിരുദ പഠനത്തിന് പ്രേംകുമാർ വർഷാവസാനം യു.എസിലേക്ക് പോകും.
''അച്ഛൻ കൂലിപ്പണിക്കാരനാണ്. കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ ആരുമില്ല. ബിഹാറിലെ മഹാദലിത് കുട്ടികൾക്കു വേണ്ടിയുള്ള ഡെക്സ്റ്റെറിറ്റി ഗ്ലോബൽ ഓർഗനൈസേഷന്റെ പ്രവർത്തനം പ്രശംസനീയമാണ്. എന്‍റെ ഈ നേട്ടത്തിനു പിന്നിൽ അവരുടെ പങ്ക് വലുതാണ്'' -പ്രേം കുമാർ പറഞ്ഞു.