എണ്ണക്കമ്പനിയെയും അർബുദത്തെയും തോൽപിച്ച ഒമ്പതു വയസുകാരി
text_fieldsകാലാവസ്ഥ നയത്തിൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരിൽ ഒരാളായി ഒരു 20കാരിയുണ്ട്, അമേരിക്കക്കാരിയായ നല്ലേലി കോബോ. പത്തു വർഷത്തോളമായി ശരീരത്തെയും മനസ്സിനെയും കാർന്നുതിന്നുന്ന അർബുദമെന്ന മാരക രോഗത്തിെൻറ പിടിയിലായിരുന്നു കോബോ. രോഗത്തിെൻറ വേദനക്കിടയിലും നാടിനും നാട്ടുകാർക്കുംവേണ്ടി നടത്തിയ പോരാട്ടത്തിലൂടെയാണ് അവളെ ലോകം അറിഞ്ഞത്. കോബോ ഇന്ന് അർബുദമുക്തയാണ്.
2010ലാണ് കോബോക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. വിദഗ്ധ പരിശോധനയിൽ അർബുദമാണെന്ന് കണ്ടെത്തി. സമീപത്തെ എണ്ണ, വാതക ഡ്രില്ലിങ് ഫാക്ടറിയായിരുന്നു കാരണം. അതേ വർഷംതന്നെ പ്രദേശവാസികളായ പലർക്കും സമാന അസുഖം കണ്ടെത്തി. കെമിക്കൽസിെൻറ ഉപയോഗം, വിഷപ്പുക എന്നിവ കാരണമാണ് അസുഖം വ്യാപിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവൾ ഒമ്പതാം വയസ്സിൽ പോരാട്ടത്തിന് ഇറങ്ങിയത്. കമ്പനിക്കെതിരെ കോബോ വീടുതോറും കാമ്പയിൻ നടത്തി. വിവിധ സംഘടനകളെ അണിചേർത്തു. കമ്യൂണിറ്റി യോഗങ്ങൾ സംഘടിപ്പിച്ചു. 2013ൽ, അവരുടെ പരിശ്രമങ്ങളുടെ ഫലമായി എണ്ണപ്പാടം അടച്ചുപൂട്ടി. ഈ വർഷം ജനുവരി പതിനെട്ടോടെ കോബോ അർബുദമുക്തയുമായി.