റീൽ കാണുന്നതുപോലെ പഠനം രസകരമായെടുത്ത ഒരാളെക്കുറിച്ചറിയാം
text_fieldsഅനീസ് പൂവത്തി
എട്ട് വിഷയത്തിൽ നെറ്റ് യോഗ്യത, അതിൽതന്നെ രണ്ട് വിഷയത്തിൽ ജെ.ആർ.എഫ് എന്നീ യോഗ്യതകളുള്ള 35കാരൻ അടുത്ത വർഷം ഹിസ്റ്ററിയിൽ നെറ്റ് എഴുതാൻ തയാറെടുക്കുന്നു. ഒരു സിനിമ കാണുന്നതുപോലെ, ഇൻസ്റ്റഗ്രാം റീൽ കാണുന്നതുപോലെ പഠനത്തെ രസകരമായെടുത്ത അനീസ് പൂവത്തിക്ക് മത്സര പരീക്ഷകൾ എഴുതുന്നത് തുടർന്നുകൊണ്ടേയിരിക്കണം എന്നാണ് ആഗ്രഹം.
മലപ്പുറം അരീക്കോട് പൂക്കോട്ടുചോല സ്വദേശി അനീസിന് മറ്റെല്ലാവരെയും പോലെ പഠനം ബുദ്ധിമുട്ടേറിയതും ബോറൻ ഏർപ്പാടുമായിരുന്നു ഡിഗ്രി കാലം വരെ. എങ്കിലും നന്നായി പഠിച്ച് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി.
കോളജ് കാലത്ത് പങ്കെടുത്ത ക്വിസ് മത്സരങ്ങളിലെ ഹാപ്പി എക്സ്പീരിയൻസ് എന്തുകൊണ്ട് പഠനത്തിലും ആയിക്കൂടാ എന്ന ചിന്തയാണ് ടേണിങ് പോയന്‍റായത്.
2011ൽ ജീവിതത്തിൽ ആദ്യമായി എഴുതിയ പി.എസ്.സി പരീക്ഷ തന്നെ വിജയിക്കാൻ സാധിച്ചു. ഇതിനിടെയാണ് ഡിസ്റ്റൻസായി പി.ജി എടുത്തത്. 2014ൽ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ എൽ.ഡി ക്ലർക്കായി ജോലിക്ക് കയറിയെങ്കിലും അധ‍്യാപനത്തിലെ ആത്മസംതൃപ്തി ലഭിക്കാത്തതിനാൽ മാസങ്ങൾക്കകം രാജിവെച്ച് ക്ലാസ് മുറിയിൽ തിരിച്ചെത്തി.
ടീച്ചിങ്ങിനിടെ തന്നെ പഠിച്ച് ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരറ്റിവ് സ്റ്റഡീസ് ഓഫ് റിലീജ്യൻ, കോമേഴ്സ്, എജുക്കേഷൻ, മാനേജ്മെന്‍റ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടി.
അതിൽതന്നെ സൈക്കോളജിയിലും കോമേഴ്സിലും ജെ.ആർ.എഫും നേടി. ഇത്രയും വിഷയത്തിൽ നെറ്റുള്ള ഏക മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനും താനാണെന്ന് അനീസ് പറയുന്നു.
തന്‍റെ സ്വപ്നവഴിയിലേക്ക് മറ്റുള്ളവരെയും കൈപിടിച്ചുയർത്താൻ അനീസിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ നെറ്റ് കോച്ചിങ് സെന്‍ററാണ് കോഴിക്കോട്ടെ ഐഫർ എജുക്കേഷൻ. ഭാര്യ ഫഹിമയും ഇവിടെ അധ‍്യാപികയാണ്. അയ്മനാണ് മകൻ.