Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightSpotlightchevron_rightആദിവാസി...

ആദിവാസി സമൂഹത്തിൽനിന്ന് ആദ്യ സിവിൽ ജഡ്ജിയായി വിജയഗാഥ രചിച്ച് വി. ശ്രീപതി

text_fields
bookmark_border
ആദിവാസി സമൂഹത്തിൽനിന്ന് ആദ്യ സിവിൽ ജഡ്ജിയായി വിജയഗാഥ രചിച്ച് വി. ശ്രീപതി
cancel
camera_alt

വി. ശ്രീപതി


ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ കവിളിൽ പൊന്നുമ്മ നൽകി ആ അമ്മ വീട്ടിൽനിന്ന് ഇറങ്ങിയത് പി.എസ്.സി പരീക്ഷ എഴുതാൻ മാത്രമായിരുന്നില്ല, പുതുചരിത്രം രചിക്കാൻകൂടിയായിരുന്നു. ആദിവാസി സമൂഹത്തിൽനിന്ന് ആദ്യ സിവിൽ ജഡ്ജിയായി വിജയഗാഥ രചിച്ച വി. ശ്രീപതി എന്ന തമിഴ് യുവതിയുടെ ജീവിതകഥയാണിത്.

തിരുപ്പത്തൂർ ജില്ലയിലെ യെലഗിരി കുന്നുകളിലെ മലയാളി ഗോത്രത്തിൽനിന്നുള്ള ഈ 23കാരിയെ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിനുമുണ്ടായിരുന്നു.

അദ്ദേഹം എക്സിൽ ഇങ്ങനെ കുറിച്ചു, ‘ഒരു വിദൂര ആദിവാസി ഗ്രാമത്തിൽനിന്ന് വന്നിട്ടും ശ്രീപതി ഇത്രയും ഉയരങ്ങളിൽ എത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്’. തമിഴ്‌നാട് പബ്ലിക് സർവിസ് കമീഷൻ നടത്തിയ പരീക്ഷയിൽ വിജയിച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത്.

കുഞ്ഞുമായി വി. ശ്രീപതി


തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം പട്ടണത്തിനടുത്തുള്ള തുവിഞ്ഞിക്കുപ്പം എന്ന ഗ്രാമത്തിൽ കർഷകനായ എസ്. കാളിയപ്പന്‍റെയും കെ. മല്ലിഗയുടെയും മൂത്തമകളാണ് ശ്രീപതി. മതിയായ റോഡുകളും സ്‌കൂളുകളുമില്ലാത്ത സംരക്ഷിത വനത്തിലാണ് ഈ ഗ്രാമം. ബസ് കയറണമെങ്കിൽ 15 കിലോമീറ്റർ അകലെയുള്ള പരമാനന്ദൽ ഗ്രാമത്തിലെത്തണം.

ഒന്നു മുതൽ 12ാം ക്ലാസ് വരെ അതനാവൂർ വില്ലേജിലെ സെന്‍റ് ചാൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ച ശ്രീപതി ഹയർസെക്കൻഡറി പഠനത്തിനുശേഷം ഡോ. അംബേദ്കർ ഗവ. ലോ കോളജിൽ നിയമപഠനത്തിന് ചേർന്നു. ഈ കാലയളവിൽ, സിവിൽ ജഡ്ജിയാവാനുള്ള പരീക്ഷക്ക് തയാറെടുക്കാനും തുടങ്ങി. ആംബുലൻസ് ഡ്രൈവർ എസ്. വെങ്കിടേശനുമായുള്ള വിവാഹശേഷവും വീട്ടിൽനിന്ന് പഠിച്ച് സ്വപ്നം യാഥാർഥ‍്യമാക്കാൻ കഠിന പ്രയത്നം നടത്തി.

പഠനവും കരിയർ നേട്ടവും തന്‍റെ സമുദായത്തിന്‍റെ അവകാശസംരക്ഷണത്തിനുകൂടി സമർപ്പിക്കുകയാണ് ഈ മിടുക്കി. ‘എന്‍റെ സമുദായത്തിലെ ആളുകൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ അവരെ സഹായിക്കുക എന്ന ലക്ഷ‍്യത്തോടെയാണ് ഞാൻ നിയമപഠനത്തിന് ചേർന്നത്’ -ശ്രീപതി പറയുന്നു.




Show Full Article
TAGS:Lifestyle V Sripathi Adivasi community Civil judge 
News Summary - Sripathi made history as the first civil judge from the tribal community
Next Story