യൂറോപ്പിലെ മികച്ച എയർലൈൻ ഇൻസ്റ്റിറ്റ്യൂട്ടായ ഇ.എ.എസിൽനിന്ന് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ മലയാളി; അറിയാം, ഈ 22കാരന്‍റെ നേട്ടത്തെക്കുറിച്ച്
text_fieldsആദിൽ സുബി
കോക്പിറ്റിലിരുന്ന് സ്വന്തമായി വിമാനം പറത്തുമ്പോൾ മലപ്പുറം വെളിയങ്കോട്ടുകാരൻ ആദിൽ സുബിയുടെ മനസ്സിലേക്ക് വന്നത് കുട്ടിക്കാലത്ത് നടത്തിയ ആദ്യ വിമാനയാത്രയാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ഉപ്പയുടെ അടുത്തേക്ക് വിമാനത്തിൽ പോകുമ്പോൾ അവന്‍റെ കണ്ണ് മുഴുവൻ കോക്പിറ്റിലായിരുന്നു.
ഒരു ദിവസം താൻ ആ സീറ്റിലിരിക്കുമെന്ന് മനസ്സിലുറപ്പിച്ചു. പിന്നീട് യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ വിമാനം പറത്തുന്ന വിഡിയോകൾ കാണാൻ തുടങ്ങി.
പൈലറ്റാവാനുള്ള മകന്‍റെ മോഹത്തിന് മാതാപിതാക്കൾ പൂർണ പിന്തുണയും നൽകി. പ്ലസ് ടു പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഏവിയേഷൻ പഠനത്തെക്കുറിച്ചും ലൈസൻസ് സ്വന്തമാക്കുന്നതിനെക്കുറിച്ചും ഇന്‍റർനെറ്റിലൂടെ മനസ്സിലാക്കി.
അങ്ങനെ പ്ലസ് ടുവിന് ശേഷം സ്പെയിനിലെ ബാഴ്സലോണയിലെ ഇ.എ.എസിൽ (യൂറോപ്യൻ ഏവിയേഷൻ സ്കൂൾ) ഇന്‍റഗ്രേറ്റഡ് എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (എ.ടി.പി.എൽ) കോഴ്സിന് പ്രവേശനം നേടി. സ്ഥാപനത്തിലേക്ക് നേരിട്ട് മെയിൽ അയച്ചാണ് ആദിൽ അഡ്മിഷൻ നേടിയത്.
മൂന്നു വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ തന്‍റെ സ്വപ്നത്തിലേക്ക് പറന്നടുത്തു. ഇടവേള എടുത്താണ് കോഴ്സ് പൂർത്തിയാക്കിയത്. നിലവിൽ ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (എ.ടി.പി.എൽ) ആണുള്ളത്. യൂറോപ്പിലെ മികച്ച എയർലൈൻ ഇൻസ്റ്റിറ്റ്യൂട്ടായ ഇ.എ.എസിൽനിന്ന് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഈ 22കാരൻ.
കരിയറിന്‍റെ ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറാവുകയാണ് ഇപ്പോഴത്തെ ലക്ഷ‍്യം. എയർലൈൻ പൈലറ്റാവുക എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായി ഇതിനെ കാണുന്നു. പ്ലസ് ടു വരെ കടകശ്ശേരി ഐഡിയൽ സ്കൂളിലായിരുന്നു ആദിലിന്‍റെ വിദ്യാഭ‍്യാസം. പിതാവ് സുബൈർ ഖത്തറിൽ ബിസിനസ് നടത്തുന്നു. മാതാവ് റഫീബ. ഏഴാം ക്ലാസ് വിദ്യാർഥി അയാൻ സുബി സഹോദരനാണ്.


