‘അയ്യോ ഞാൻ ടീച്ചറല്ല, നിങ്ങളെപ്പോലെ വിദ്യാർഥിയാണ്’; മകന്‍റെ കൂടെ ഒരേ കോളജിൽ ഡിഗ്രി പഠിക്കുന്നതിന്‍റെ ത്രില്ലിലാണ് ഈ അമ്മ
text_fieldsപൂർണിമ മകൻ വൈഷ്ണവിനൊപ്പം
ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം വർഷ ക്ലാസിലേക്ക് പൂർണിമ കയറിച്ചെന്നപ്പോൾ വിദ്യാർഥികൾ എഴുന്നേറ്റ് ഉറക്കെപ്പറഞ്ഞു, ‘ഗുഡ് മോണിങ് മിസ്’. ‘‘അയ്യോ ഞാൻ ടീച്ചറല്ല, നിങ്ങളെപ്പോലെ വിദ്യാർഥിയാണ്’’ -പൂർണിമ ഇങ്ങനെ പറഞ്ഞപ്പോൾ വിദ്യാർഥികൾ അത്ഭുതപ്പെട്ടു.
നാൽപതാം വയസ്സിൽ ബിരുദ പഠനത്തിന് ചേർന്നപ്പോൾ പൂർണിമക്ക് അൽപം ആശങ്കയുണ്ടായിരുന്നു. എന്നാൽ, മകനൊപ്പം ഡിഗ്രി പഠിക്കാൻ കോളജിലേക്ക് സ്കൂട്ടറിൽ വന്ന അവരെ സഹപാഠികളും അധ‍്യാപകരും ഇരുകൈയും നീട്ടി സ്വീകരിച്ചു.
കോതമംഗലം എം.എ കോളജിലെ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർഥിയാണ് എറണാകുളം പോത്താനിക്കാട് മാവുടി സ്വദേശി പൂർണിമ. മകൻ വൈഷ്ണവ് ഇതേ കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥിയും. താൻ സ്കൂളിൽ കൈപിടിച്ച് കൊണ്ടുവിട്ട മകന്‍റെ കൈപിടിച്ച് ഇന്ന് കോളജിൽ പഠിക്കാൻ പോകുന്നതിന്‍റെ ത്രില്ലിലാണ് ഈ അമ്മ.
പ്ലസ് ടുവിന് ശേഷം ഡിഗ്രിക്ക് ചേർന്നെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾമൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പി.പി.ടി.ടി.സി, ഡിപ്ലോമ, കമ്പ്യൂട്ടർ കോഴ്സുകൾ ചെയ്തു. പ്രാദേശിക ചാനലിൽ ജോലി ചെയ്തു. പിന്നീട് വിവാഹം കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെയായി തിരക്കായി. ഇതിനിടയിൽ ദുബൈയിൽ ജോലിക്ക് പോയെങ്കിലും രോഗം വില്ലനായി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മികച്ച മാർക്കോടെ വിജയിച്ച തനിക്ക് ഡിഗ്രി പൂർത്തിയാക്കാനായില്ലല്ലോ എന്ന വിഷമം പൂർണിമയുടെ മനസ്സിനെ അലട്ടിയിരുന്നു. ഇപ്പോൾ രണ്ടുംകൽപിച്ച് പഠിക്കാൻ തീരുമാനിച്ചപ്പോൾ ഭർത്താവും മക്കളും പൂർണ പിന്തുണ നൽകി. അമ്മയോടൊപ്പം ഒരേ കോളജിൽ പഠിക്കുന്നതിൽ വൈഷ്ണവും ഹാപ്പിയാണ്.
ഡിഗ്രി പൂർത്തിയാക്കി പി.ജിയുമെടുത്ത് അധ‍്യാപികയാകണമെന്നാണ് പൂർണിമയുടെ ലക്ഷ‍്യം. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ഭർത്താവ് ബിനുവും ‘കോളജ് മേറ്റാ’യ മകനും ആറാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ വൈഭവ് ദേവും കൂടെയുള്ളപ്പോൾ താൻ ലക്ഷ‍്യത്തിലെത്തുമെന്ന് അവർ ആത്മവിശ്വാസത്തോടെ പറഞ്ഞുനിർത്തി.


