Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightExclusivechevron_rightവധശിക്ഷക്ക്...

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ വീട്ടിലേക്ക് അയച്ച അവസാന കത്ത്

text_fields
bookmark_border
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ വീട്ടിലേക്ക് അയച്ച അവസാന കത്ത്
cancel

ഞാൻ നിമിഷപ്രിയ,
യമനിലെ ജയിലിൽനിന്നും
വേദനയോടെ, ക്ഷമാപണത്തോടെ...

ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്‍റെ ജീവിതത്തിൽ മനഃപൂർവം അല്ലാതെ സംഭവിച്ച ചില പാളിച്ചകളുടെ ശിക്ഷ ദൈവത്തിന്‍റെയും ഭൂമിയിലെയും കോടതികൾ എനിക്ക് തരട്ടെ. എല്ലാം ദൈവ വിധിയാണെന്ന് ദൈവത്താൽ ഞാൻ വിശ്വസിക്കുന്നു.

ആരെയും കുറ്റ​പ്പെടുത്താനുള്ള മാനസിക അവസ്ഥയിലല്ല ഞാനിപ്പോൾ, എല്ലാം എന്‍റെ വിധി. ഞാൻമൂലം എന്‍റെ നാടിനു ദോഷപ്പേരുണ്ടായി, എ​ന്‍റെ അമ്മക്കും കുഞ്ഞിനും ഭർത്താവിനും പേരുദോഷമുണ്ടായി. മനഃപൂർവം വേണമെന്നുവെച്ച് ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് മാത്രമാണിപ്പോൾ പറയുവാൻ കഴിയുക.

ഞാൻ എത്തിപ്പെട്ട സാഹചര്യം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് താഴ്മയോടെ ദൈവത്തോട് ​പ്രാർഥിക്കുന്നു. ഏതു പെൺകുട്ടിക്കും അങ്ങനെ ആകാൻ ഇടവരാത്ത സാഹചര്യം ഉണ്ടാക്കിക്കൊടുക്കണമേ എന്ന് എനിക്ക് ചുറ്റുമുള്ളവരോടും ദൈവത്തോടും പ്രാർഥിക്കുന്നു.

എനിക്കുവേണ്ടി സഹായം ചെയ്യുന്നവർക്ക് നന്ദിയും അവർക്ക് ദീർഘായുസ്സും ​കൊടുക്കട്ടെ ദൈവം. അവരെയും ഉറ്റവരെയും കാത്തുസൂക്ഷിക്കട്ടെ ദൈവം തമ്പുരാൻ. ബഹുമാനപ്പെട്ട യമൻ കോടതി എ​ന്‍റെ വധശിക്ഷ വീണ്ടും ശരിവെച്ചിരിക്കുന്നു.

എല്ലാവരുടെയും കരുണയും ദയയും എന്നിൽ ചൊരിഞ്ഞാൽ, മരിച്ചുപോയ തലാലിന്‍റെ കുടുംബവും യമൻ രാജ്യത്തെ ആളുകളും എന്നോട് ക്ഷമിച്ചാൽ, എന്‍റെ മാപ്പ് അവർ സ്വീകരിച്ചാൽ, അതിനുള്ള വഴി തുറന്നുകിട്ടിയാൽ എന്‍റെ ദൈവമേ, ഞാൻ തീർച്ചയായും താഴ്മയോടെ മറ്റൊരു മാതൃക സൃഷ്ടിച്ചുകൊണ്ട് ജീവിച്ചോളാം. ഇപ്പോൾ ഈ ജയിലിലും ഞാൻ അതുതന്നെ ചെയ്യുന്നു. എന്‍റെ കൂടെയുള്ള യമനികൾ അത് സാക്ഷ്യപ്പെടുത്തുന്നു.

നിയമത്തി​ന്‍റെ അകത്തുനിന്നുകൊണ്ട് എനിക്ക് മ​റ്റൊന്നും പറയാൻ കഴിയില്ല. ആത്മാർഥമായ മാപ്പു പറയലല്ലാതെ. എ​ന്‍റെ ആളുകളോടും എനിക്ക് ജീവിക്കാൻ ഇടം തന്ന യമൻ എന്ന രാജ്യത്തോടും കാലം ഒരുക്കിവെച്ച സാഹചര്യ​ങ്ങളുടെ നിർഭാഗ്യം എന്നെ ഇവിടെ എത്തിച്ചു. ലോകത്ത് ഒരു യുദ്ധവും നടക്കാതിരി​ക്കട്ടെ. യുദ്ധം അന്ന് എന്‍റെ ജീവിതം മാറ്റിമറിച്ചത് എനിക്കല്ലാതെ മറ്റാർക്കറിയാൻ.

യുദ്ധംമൂലം ഒറ്റപ്പെട്ട് പോയതാണെന്‍റെ ജീവിതഗതി മാറ്റിയത്. ഞാനായി നിശ്ചയിക്കാത്ത കാര്യങ്ങൾ... ഞാനൊരു പെണ്ണല്ലേ. യുദ്ധകാലത്തു യുദ്ധഭൂമിയിൽ തനിച്ചായ ഒരു സാധാരണ പെണ്ണ്. ധൈര്യവതിയാണെന്ന് പലപ്പോഴും സ്വയം കരുതിയിരുന്നു ഞാൻ.

എന്‍റെ ഭർത്താവും മോളും അമ്മയും ഒക്കെ എന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ. എന്നെ ഒരു ആൺകുട്ടിയെപ്പോലെ വളർത്തിയ എന്‍റെ അമ്മ...അമ്മേ മാപ്പ്. ഇതെ​ന്‍റെ അമ്മക്ക് കൊടുക്കണം. ഇവിടത്തെ യമനിലെ എല്ലാവരോടും പറയണം. എന്‍റെ നാട്ടിലെ ആളുകളോടും പറയണം.

നിമിഷ





Show Full Article
TAGS:Nimisha Priya Nimisha Case yemen 
News Summary - Nimishapriya's last letter sent home
Next Story