നിപ: രോഗിയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി തുടരുന്നു
text_fieldsകോഴിക്കോട്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43കാരനായ രാമനാട്ടുകര സ്വദേശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാഡിൽ ചികിത്സയിലാണ്.
രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര് ആരോഗ്യ പ്രവര്‍ത്തകരും 14 പേര് കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേര് ഹൈ റിസ്ക് വിഭാഗത്തിലും 62 പേര് ലോ റിസ്ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റീനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ഫീല്‍ഡുതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്.ആര്.ടി യോഗം ചേര്‍ന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കി. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.
അതേസമയം, രാമനാട്ടുകര സ്വദേശിക്ക് രോഗം ബാധിച്ചത് ഗോഡൗൺ വൃത്തിയാക്കുന്നതിനിടെയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഗോഡൗണിൽ വവ്വാലുകൾ ഉണ്ടായിരുന്നതായും മന്ത്രി കെ. മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇയാൾക്കൊപ്പം സഹായത്തിനുണ്ടായിരുന്ന ആൾക്ക് നിലവിൽ രോഗലക്ഷണങ്ങളില്ലെങ്കിലും ക്വാറന്റീനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്. വിദേശത്തുനിന്നാണ് നേരത്തെ മരുന്നുകൾ എത്തിച്ചിരുന്നത്. ഇപ്പോൾ ചെന്നൈയിൽ സ്റ്റോക്കുണ്ട്. വെള്ളിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു.
സംശയനിവാരണത്തിനായി ജില്ല മെഡിക്കല്‍ ഓഫിസില്‍ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495 2373 901, 9072007767.


