Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_right‘അടച്ചുറപ്പുള്ള...

‘അടച്ചുറപ്പുള്ള വീടകങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ?’ -അറിയാം, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
‘അടച്ചുറപ്പുള്ള വീടകങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ?’ -അറിയാം, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

എറണാകുളം തിരുവാങ്കുളത്ത് അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത മൂന്നു വയസ്സുകാരിയെ കാണാതായി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. നാട്ടുകാരും പൊലീസും നാടുമുഴുവന്‍ തിരഞ്ഞു. പിന്നീടറിഞ്ഞു, അമ്മ മകളെ പാലത്തിൽനിന്ന് താഴേക്ക് എറിഞ്ഞുകൊന്നെന്ന് ! ആ ഞെട്ടലില്‍നിന്ന് മുക്തമാകുംമുമ്പേ കേരളം പിന്നീട് കേട്ടത് ഈ പിഞ്ചുകുഞ്ഞിനെ സ്വന്തം പിതൃസഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവരുകയാണെന്നാണ്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലായിരുന്നെന്ന അമ്മയുടെ മൊഴിയും ഏറെ നടുക്കമുളവാക്കുന്നതായിരുന്നു.കുട്ടികളെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുന്ന എത്രയെത്ര വാര്‍ത്തകളാണ് ഓരോ ദിവസവും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

എറണാകുളം തിരുവാങ്കുളത്ത് അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത മൂന്നു വയസ്സുകാരിയെ കാണാതായി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. നാട്ടുകാരും പൊലീസും നാടുമുഴുവന്‍ തിരഞ്ഞു. പിന്നീടറിഞ്ഞു, അമ്മ മകളെ പാലത്തിൽനിന്ന് താഴേക്ക് എറിഞ്ഞുകൊന്നെന്ന് ! ആ ഞെട്ടലില്‍നിന്ന് മുക്തമാകുംമുമ്പേ കേരളം പിന്നീട് കേട്ടത് ഈ പിഞ്ചുകുഞ്ഞിനെ സ്വന്തം പിതൃസഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവരുകയാണെന്നാണ്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലായിരുന്നെന്ന അമ്മയുടെ മൊഴിയും ഏറെ നടുക്കമുളവാക്കുന്നതായിരുന്നു.

കുട്ടികളെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുന്ന എത്രയെത്ര വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും സമാന രീതിയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം വീടകങ്ങള്‍പോലും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന സത്യം ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അത് ശരിവെക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

മൂന്ന് മാസത്തിനിടെ 1201 പോക്‌സോ കേസ്

സംസ്ഥാനത്ത് ഈ വർഷം മാർച്ച് വരെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1352 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം 1201 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസ്. 2024ൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 4594 പോക്‌സോ കേസുകളായിരുന്നെന്നും കണക്കുകള്‍ പറയുന്നു.

സുരക്ഷിതമല്ലാത്ത വീടകങ്ങള്‍

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതിസ്ഥാനത്ത് കൂടുതലും ബന്ധുക്കളും കുടുംബാംഗങ്ങളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കുട്ടികളുടെ ഇഷ്ടവും സ്നേഹവും പിടിച്ചുപറ്റി മുതലെടുക്കുകയാണ് ഒട്ടുമിക്ക കേസുകളിലും കണ്ടുവരുന്നത്.

ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിലാണ് കുട്ടികള്‍ പലപ്പോഴും ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. അത് വീടാകാം, സുഹൃത്തിന്‍റെ വീടാകാം, അടുത്ത ബന്ധുവിന്‍റെ വീടാകാം. ചൂഷണത്തിന് ഇരയാക്കുന്നവർ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആയിരിക്കാം.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടുതല്‍ കേസുകളിലും പ്രതിസ്ഥാനത്ത് കുട്ടിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി പറയുന്നു.

നമ്മുടെ മക്കള്‍ ആരോടൊക്കെ ഇടപഴകുന്നു, സംസാരിക്കുന്നു, അവരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഇവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചോദിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ വളര്‍ച്ചയിലും സുരക്ഷിതത്വത്തിലും അമ്മക്ക് മാത്രമല്ല, അച്ഛനും തുല്യപങ്കുണ്ട്. പെൺകുട്ടികൾ മാത്രമല്ല, ആണ്‍കുട്ടികളും ഇത്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നുണ്ട് എന്ന കാര്യം ഓരോ മാതാപിതാക്കളും മറക്കരുത്.

ആളുകള്‍ അറിഞ്ഞാലെന്ത് കരുതും?

അടുത്ത കാലത്തായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പുറത്തുവരുന്നതും നിയമനടപടിയിലേക്ക് നീങ്ങുന്നതും പോസിറ്റിവായ രീതിയില്‍ കാണാമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ ഒളിച്ചുവെക്കേണ്ടതാണെന്ന ചിന്ത പണ്ടുമുതല്‍ സമൂഹത്തിലുണ്ട്. ഇന്നും നിരവധി കേസുകള്‍ പുറംലോകമറിയാതെ മൂടിവെക്കപ്പെടുന്നുണ്ട്.

നിയമത്തെ സംബന്ധിച്ച ശരിയായ ബോധമില്ലായ്മ തന്നെയാണ് പ്രധാന കാരണം. കുടുംബത്തിന് സംഭവിക്കാവുന്ന മാനനഷ്ടം, പ്രതി അടുത്ത ബന്ധുകൂടിയാകുന്ന സമയത്ത് കുട്ടിയുടെ ഭാവിയെച്ചൊല്ലിയുണ്ടാകുന്ന ആശങ്ക ഇതെല്ലാമാണ് പലപ്പോഴും അതിക്രമങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള കാരണം.

എന്റെ കുട്ടിയെപ്പോലെ തന്നെയല്ലേ...

തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ കരച്ചില്‍ അസ്വാഭാവികമായി തോന്നുന്നേയില്ല. ഇന്നലെ വരെ കരയാത്ത കുട്ടി ഇന്ന് അരമണിക്കൂര്‍ കരയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആ കുട്ടി കരയുന്നു എന്ന് അന്വേഷിക്കാന്‍ സമൂഹം തയാറായാല്‍ ഇത്തരം അതിക്രമങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ പറ്റും.

എന്‍റെ കുട്ടിയെപ്പോലെത്തന്നെയാണ് മറ്റു കുട്ടികളും എന്ന ചിന്തയിലേക്ക് സമൂഹം മാറാന്‍ തയാറായാല്‍ അതിക്രമങ്ങള്‍ ഒരു പരിധിവരെ കുറക്കാനാകും.

നിയമത്തെ സംബന്ധിച്ച അവബോധം

വീട്ടിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ പുറത്ത് പറഞ്ഞാലുള്ള നാണക്കേട് ഓര്‍ത്താണ് പലപ്പോഴും മാതാപിതാക്കള്‍ നിശ്ശബ്ദരാകുന്നത്. പരാതിപ്പെട്ടാല്‍ ആ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ട് ഏറ്റവും ചുരുങ്ങിയ ആളുകളിലേക്ക് മാത്രമായി ഇക്കാര്യം ഒളിച്ചുവെക്കുകയും ചെയ്യും. എന്നാല്‍, ഇതുമൂലം കുട്ടികള്‍ അനുഭവിക്കുന്ന ട്രോമ ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നു.

കുട്ടി വളര്‍ന്നുവലുതായാലും ആ ഓര്‍മകള്‍ വേട്ടയാടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളോട് പറയുന്ന സമയത്തോ അവരെ ചീത്ത പറയുകയോ അടിക്കുകയോ അല്ല വേണ്ടത്. നിന്‍റെയടുത്താണ് പ്രശ്നമെന്ന് പറഞ്ഞ് അലറിവിളിച്ച് കുട്ടിയെ ഭയപ്പെടുത്താതിരിക്കുക.

അവരോട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കുക. കുട്ടിയോട് അതിക്രമം ചെയ്തയാള്‍ എത്ര അടുത്തവരാണെങ്കില്‍പോലും പരാതിയുമായി മുന്നോട്ടുപോകുകതന്നെ വേണം. ഒപ്പം കുട്ടിയെ മാനസികമായും വൈകാരികമായും ചേര്‍ത്തുപിടിക്കുകയും വേണം.

ചെയ്യാനേറെയുണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും

കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ചര്‍ച്ച ചെയ്യാനും അതിനെക്കുറിച്ച അവബോധം സൃഷ്ടിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണമെന്ന് അഡ്വ. ജി.എല്‍. അരുണ്‍ഗോപി പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, അതിക്രമങ്ങള്‍, ഇത് ഉണ്ടാകാനുള്ള മുന്‍കരുതല‍ുകളെടുക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രാദേശികതലത്തില്‍തന്നെ ചര്‍ച്ച ചെയ്യാനും അവബോധം സൃഷ്ടിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കും.

അയല്‍ക്കൂട്ടം, കുടുംബശ്രീ, യുവജന സംഘടനകള്‍, ആര്‍ട്സ് ക്ലബ്, ലൈബ്രറി കൗണ്‍സിലിലെ പ്രതിമാസ പരിപാടി ഇവയെല്ലാം സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അവബോധം സൃഷ്ടിക്കാനുള്ള പരിപാടികള്‍ ഈ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാം.

എവിടെ, എങ്ങനെ പരാതിപ്പെടാം...

അനുവാദമില്ലാതെയോ അവര്‍ക്ക് മനസ്സിലാക്കാൻ കഴിയാത്ത രീതിയിലോ ലൈംഗിക പ്രവൃത്തികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയവ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെടുന്നതാണ്. കുട്ടിയുടെ വളര്‍ച്ചയിലും ക്ഷേമത്തിലും വെല്ലുവിളിയാകുന്നതും ഏറെക്കാലം അവരുടെ ശാരീരിക, മാനസിക, സാമൂഹിക ജീവിതത്തെ ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും കുട്ടികള്‍ക്കെതിരായ അതിക്രമമായാണ് കണക്കാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റിനെയോ ലോക്കല്‍ പൊലീസിനെയോ അറിയിക്കുകയോ രേഖാമൂലം പരാതി നല്‍കുകയോ ചെയ്യാം.

പൊലീസ് സ്റ്റേഷനുകള്‍ ബാലസൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടിയെ സംബന്ധിച്ച് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാം. അതല്ലെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുണ്ട്. എല്ലാ ജില്ലകളിലും ഇതിന്‍റെ കമ്മിറ്റികളുണ്ട്. അല്ലെങ്കിൽ സ്കൂളുകളിലെ കൗണ്‍സലിങ്ങിലോ അധ്യാപകര്‍ക്കോ പരാതി നല്‍കാവുന്നതാണ്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ അധ്യാപകന്‍റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒളിച്ചുവെക്കാന്‍ പാടില്ലെന്നതാണ് നിയമം. ഓരോ ഗ്രാമപഞ്ചായത്തിലും ബാലാവകാശ ജാഗ്രത സമിതികളുണ്ട്. ഇത്തരം സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. പോക്സോ കേസാണെങ്കില്‍ രക്ഷിതാക്കള്‍, ഡോക്ടര്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ക്ക് പുറമെ കുട്ടിക്കും സ്വന്തമായി കേസ് ഫയല്‍ ചെയ്യാം.

മക്കളുടെ നല്ല സുഹൃത്താകാം

കുട്ടിയുമായി മാതാപിതാക്കള്‍ ആത്മബന്ധം കാത്തുസൂക്ഷിക്കണം. എത്ര തിരക്കുണ്ടെങ്കിലും ദിവസവും കുറച്ചു സമയമെങ്കിലും കുട്ടികളോടൊത്ത് ചെലവഴിക്കണം. അവരുടെ ഓരോ ദിവസത്തേയും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കണം. തെറ്റായാലും ശരിയായാലും മറ്റ് ആരെക്കാളും മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കുട്ടികള്‍ക്ക് കഴിയണം.

മാതാപിതാക്കള്‍ മക്കളുടെ നല്ല കൂട്ടുകാരായിരിക്കണം. അവരോട് കൂട്ടുകൂടുകയും അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം. മാതാപിതാക്കളും കുട്ടികളുമായി സൗഹൃദപരമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.

പോക്സോ നിയമം

ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്സോ) 2012 പ്രാബല്യത്തിൽ വന്നു. വ്യക്തമായി നിർവചിക്കപ്പെടാത്തതോ മതിയായ ശിക്ഷ ലഭിക്കാത്തതോ ആയ ലൈംഗിക ചൂഷണവും ലൈംഗിക പീഡനവും സംബന്ധിച്ച കുറ്റകൃത്യങ്ങൾ പരിഹരിക്കുക എന്നതാണ് ഈ നിയമത്തിന്‍റെ ലക്ഷ്യം.

പെൺകുട്ടികളും ആൺകുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാകാമെന്നും ലിംഗഭേദം പരിഗണിക്കാതെ അത്തരം പീഡനം കുറ്റകൃത്യമാണെന്നും നിയമം അംഗീകരിക്കുന്നു.

● കേസുകൾ റിപ്പോർട്ട് ചെയ്യണം: പോക്‌സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഒരു പ്രത്യേക കുറ്റകൃത്യമാക്കിയിരിക്കുന്നതിനാൽ വ്യക്തികൾ മാത്രമല്ല, സ്ഥാപനങ്ങളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ പൊതു അവബോധം ഇപ്പോൾ നിലവിലുണ്ട്. ഇത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്ന സംഭവങ്ങളിൽ മാറ്റമുണ്ടാക്കി.

പഠിപ്പിക്കാം, ശരീരത്തെ കുറിച്ച്

കുഞ്ഞുങ്ങൾക്ക് ചെറുപ്രായത്തില്‍തന്നെ അവരുടെ ശരീരത്തെക്കുറിച്ച് പറഞ്ഞുകൊടുക്കണം. അവരുടെ ഭാഷയില്‍, അവര്‍ക്ക് മനസ്സിലാകുന്നതുപോലെ, ഓരോ പ്രായത്തിലും പറഞ്ഞുകൊടുക്കുക. പ്രത്യേകിച്ച്, സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അവയുടെ പേര് പറഞ്ഞുകൊടുക്കുക.

ഇതെന്‍റെ ശരീരമാണെന്നും അവിടെ അനാവശ്യമായി കടന്നുകയറാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അവര്‍ ചെറുപ്പത്തിലേ മനസ്സിലാക്കണം. കുട്ടികള്‍ വളരുന്നതനുസരിച്ച് ഇത്തരം കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞുകൊടുക്കുക.

അസ്വാഭാവിക സംസാരമോ നോട്ടമോ പെരുമാറ്റമോ ആരില്‍നിന്നുണ്ടായാലും അരുത് എന്ന് വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ ശരീരഭാഷയിലൂടെയോ പറയുന്നതിനും ചെറുത്തുനില്‍ക്കുന്നതിനും മക്കളെ ചെറുപ്പം മുതല്‍ പഠിപ്പിക്കുക. അങ്ങനെ ചെയ്താല്‍ അമ്മയോടോ അച്ഛനോടോ പറയണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. പരിധിവിട്ടുള്ള ലാളനകള്‍ക്ക് നിന്നുകൊടുക്കരുതെന്ന് ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുക.

കുട്ടികള്‍ തമ്മില്‍ കളിക്കുന്ന സമയത്തും അവര്‍ കാണുന്ന യൂട്യൂബ്, കാര്‍ട്ടൂണ്‍ ചാനലുകളിലും വിഡിയോ ഗെയിമുകളിലും ഒരു കണ്ണ് ഉണ്ടാകണം. ഇന്നിറങ്ങുന്ന സിനിമകളിലെ വയലന്‍സുകളും ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഒരുപരിധിവരെ കാരണമായിട്ടുണ്ട്.

ഇരയില്‍നിന്ന് അതിജീവിതത്തിലേക്കുള്ള യാത്ര

അതിക്രമത്തിന് ഇരയാവുന്ന കുട്ടികളെല്ലാം മനോവികാസത്തിന്‍റെ പടവുകളിലുള്ളവരായിരിക്കും. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരായിരിക്കും. കുട്ടികള്‍ക്ക് നാം കൊടുക്കുന്ന മാനസിക പിന്തുണ അവരുടെ പ്രായം കണക്കിലെടുത്തുകൊണ്ടായിരിക്കണം.

കൗമാരക്കാരോട് സംസാരിക്കുന്ന രീതിയിലായിരിക്കരുത് ചെറിയ കുട്ടിയോട് സംസാരിക്കുന്നത്. കുട്ടിയുടെ മാനസികതലത്തിലേക്ക് ഇറങ്ങിവന്ന്, അവരുടെ ഭാഷയില്‍ വേണം സംസാരിക്കാന്‍. കുട്ടികള്‍ ഉപയോഗിക്കുന്ന പദങ്ങള്‍, അവര്‍ക്ക് മനസ്സിലാകുന്ന വാക്കുകള്‍ ഇതെല്ലാം പ്രധാനപ്പെട്ടതാണ്.

എന്ത് സംഭവിച്ചെന്ന് ചോദിക്കുന്ന സമയത്ത് കുട്ടി നമ്മളോട് വിശദീകരിച്ചുതരുന്ന വാക്കുകൾ കൊണ്ടായിരിക്കണം ആ സംഭാഷണത്തെ പിന്നീട് മുന്നോട്ടുകൊണ്ടുപോകേണ്ടത്. മുതിര്‍ന്നവരുടെ ഭാഷയും അവരുടെ വ്യാഖ്യാനങ്ങളും ഇവിടെ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇത്തരം ട്രോമകളെക്കുറിച്ച് കുട്ടികള്‍ പെട്ടെന്നൊന്നും തുറന്നുപറയാന്‍ തയാറായിക്കൊള്ളണമെന്നില്ല. അവരുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍, നന്നായി സംസാരിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഒതുങ്ങിക്കൂടുക, നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടി ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക, പഠനത്തിൽ പിന്നാക്കമാകുക, വല്ലാതെ പേടിക്കുക, ദേഷ്യം കാണിക്കുക, സ്വകാര്യഭാഗങ്ങളിൽ പതിവില്ലാത്ത വേദനയുണ്ടെന്ന് പറയുക എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ നിസ്സാരവത്കരിക്കരുത്.

കുട്ടിയെ സമാധാനിപ്പിക്കുകയും സുരക്ഷിതരാണെന്ന ബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യണം. എന്നിട്ട് അവര്‍ അവരുടെ അനുഭവതലത്തെക്കുറിച്ച് മനസ്സ് തുറക്കട്ടെ. അവര്‍ ആ ട്രോമയെ കണ്ട രീതി നാം ആദ്യം മനസ്സിലാക്കി, അതനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചോദിച്ചറിയുക. കുട്ടികള്‍ ആ സമയത്ത് പ്രകടിപ്പിക്കുന്ന വികാരങ്ങളെ അടിച്ചമര്‍ത്തരുത്.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികള്‍ തനിക്കെന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കില്ല. അതുകൊണ്ടുതന്നെ കുട്ടി അതിനെ നിസ്സാരമായി കണ്ടാലും അവരെ ചീത്തവിളിക്കുകയോ നീയാണ് തെറ്റുകാരി/തെറ്റുകാരന്‍ എന്ന് കുറ്റപ്പെടുത്തുകയോ ചെയ്യരുത്. തനിക്ക് സംഭവിച്ചതിന്‍റെ തീവ്രത അവര്‍ക്ക് തിരിച്ചറിയാനായിട്ടില്ല എന്ന് നമ്മളാണ് മനസ്സിലാക്കേണ്ടത്.

അതിനുമപ്പുറം നിനക്ക് ഇത് സംഭവിച്ചല്ലോ എന്ന് പറഞ്ഞ് കുട്ടിയെ ഇരയാക്കിമാത്രം എപ്പോഴും കാണരുത്. ഘട്ടംഘട്ടമായി ആ ട്രോമയില്‍നിന്ന് കുട്ടിയെ മോചിപ്പിച്ചെടുക്കുക. ലൈംഗിക പീഡനത്തിലൂടെ കടന്നുപോയതിനാൽ സ്ഥിരമായി അവരെ ഇരകളാക്കി മുദ്രകുത്തരുത്. അവരൊരിക്കലും വില കുറഞ്ഞവരോ തെറ്റുകാരോ അല്ല. അവരുടെ തെറ്റുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞ് മനസ്സിലാക്കണം.

മുറിവേറ്റ ആത്മവിശ്വാസത്തെ തിരിച്ചുകൊണ്ടുവരാനും ജീവിതത്തില്‍ പോസിറ്റിവ് ചിന്തകള്‍ നിറക്കാനും സഹായിക്കണം. എന്തൊക്കെ വന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പിനും വലിയ പ്രാധാന്യമുണ്ട്.

തയാറാക്കിയത്: പി. ലിസി

Show Full Article
TAGS:Lifestyle Parenting Violence against children POCSO 
News Summary - child safety matters
Next Story