Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFoodchevron_rightപപ്പടത്തിന്‍റെ തുടക്കം...

പപ്പടത്തിന്‍റെ തുടക്കം കേരളത്തിലാണോ? അറിയാം, അൽപം പപ്പട വിശേഷം

text_fields
bookmark_border
പപ്പടത്തിന്‍റെ തുടക്കം കേരളത്തിലാണോ? അറിയാം, അൽപം പപ്പട വിശേഷം
cancel
camera_alt

വര: വി.ആർ. രാഗേഷ്

സാമ്പാറിലും പലകൂട്ട് പായസങ്ങളിലും തുടങ്ങി ഒരു നുള്ള് ഉപ്പുവരെ ചേർന്ന് തൂശനില നിറയുന്ന എണ്ണമറ്റ വിഭവങ്ങളാണ് സദ്യയെ സമ്പന്നമാക്കുന്നത്. രുചിയിലും കാഴ്ചയിലും പലഭാവം പേറുന്ന ഇവക്കിടയിൽ പപ്പടത്തിനെന്ത് കാര്യമെന്ന് ചോദിക്കാൻ വരട്ടെ.

ഒരു പിടിയിൽ പൊടിഞ്ഞുതീരുമെങ്കിലും പപ്പടം ചില്ലറക്കാരനൊന്നുമല്ല. അത്രക്കാണ് നാവിൽ അത് പകരുന്ന രുചി. വിഭവവൈവിധ്യവുമായി ഇല തുളുമ്പിയാലും ഒന്നുമില്ലാതെ അതുമാത്രമായാലും പപ്പടം വയറുനിറക്കും, മനസ്സും.

രാവിലെയും ഉച്ചക്കുമെന്നല്ല, ഏതുനേരത്തും ഏതെങ്കിലും വിഭവത്തിനൊപ്പം പപ്പടം നിർബന്ധം. ആവിപറക്കുന്ന പുട്ടിൽ പൊടിച്ചുകൂട്ടാൻ ഒന്നോരണ്ടോ പപ്പടമുണ്ടേൽ എന്തു രുചിയാണ്! കഞ്ഞിക്കൊപ്പം ഒരു കൈയിൽ പപ്പടവും പിടിച്ച് പട്ടിണി മാറ്റിയ സുവർണ കാലം മറന്നുകളയൽ അത്രയെളുപ്പമാണോ? എന്നുവെച്ചാൽ, പപ്പടത്തിനുമുന്നിൽ സുല്ലിടാത്ത മലയാളി അത്യപൂർവമാകും. ഓരോ ദിനവും ഒരുനേരമെങ്കിലും പപ്പടം കൂട്ടാതെ ഭക്ഷണം കഴിച്ച ഓർമകളും അപൂർവമാകും.

തനിനാടനാണ്, പൂർണമായി മലയാളിയൊന്നുമല്ല

എല്ലാം ബഹുരാഷ്ട്ര ഭീമന്മാർ ഏറ്റെടുത്ത കാലത്തും തനിനാടനാണ് പപ്പടം. ​പ്രാദേശിക പേരുകളിലും ബ്രാൻഡുകളിലുമായി നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എത്തുന്നവയോട് ഒരു പണത്തൂക്കം ഇഷ്ടം സൂക്ഷിക്കാനാണ് മലയാളിക്കിഷ്ടം. എന്നുവെച്ച് പൂർണമായി മലയാളിയൊന്നുമല്ല, ഇവൻ. പല നാടുകളിൽ പല രീതികളിൽ, വേറിട്ട രുചികളിൽ പപ്പടമുണ്ട്. വലുപ്പത്തിലും നിർമാണത്തിലുമുണ്ട് വൈവിധ്യം.

മലയാളി പൊള്ളിച്ചെടു​ക്കുമ്പോൾ, ക്രിസ്പിയായി പൊള്ളാതെ പൊരിച്ചെടുക്കുന്നതാണ് തൊട്ടടുത്ത തമിഴ് പപ്പടം. ഉത്തരേന്ത്യയിലാകുമ്പോൾ പിന്നെയും കോലം മാറും. ഇന്ത്യ വിട്ട് നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് പറക്കുമ്പോൾ അവിടെയുമുണ്ട് വെവ്വേറെ പപ്പടങ്ങൾ. കഴിക്കുന്ന ഭക്ഷണം ഒന്നാക്കാനും ഒരേ രുചിയിലാക്കാനും മത്സരം മുറുകുന്ന കാലത്തും ഇത്രമേൽ പലമ പേറി പപ്പടത്തോളം മറ്റെന്തുണ്ട്?


പപ്പടത്തിന്റെ തുടക്കം

മെലിഞ്ഞ് വൃത്താകൃതിയിൽ ചിലത് ചെറുതും ചിലപ്പോൾ വലുതുമായി മുമ്പ് വീടുകളിൽ തന്നെ ഒരുങ്ങിയ വിഭവമാണ് പപ്പടം. ഉഴുന്നും പപ്പടക്കാരവും എണ്ണയും ഉപ്പും ചേർത്തായിരുന്നു നിർമാണം. വെയിലിൽ ഉണക്കിയെടുക്കുന്ന അവക്ക് രണ്ടോ മൂന്നോ ദിവസമായിരുന്നു ആയുസ്സ്. അതിൽ കൂടുതൽ നിൽക്കില്ല.

പപ്പടത്തിന്റെ ഉത്ഭവസ്ഥലം തേടിയാൽ അഭിപ്രായങ്ങളിൽ മുൻനിരയിൽ കേൾക്കുന്ന സ്ഥലങ്ങളാണ് തമിഴ്നാടും കേരളവും കൊങ്കണും. ഇവിടങ്ങളിലൊന്നുമല്ല എന്ന അഭിപ്രായക്കാരുമുണ്ട്. ഉറവിടം എവിടെയായാലും നാടുകളും തലമുറകളും മാറി ദേശങ്ങൾ സഞ്ചരിച്ച് പപ്പടമേറെ വളർന്നു. അതുണ്ടാക്കിയ രുചിഭേദങ്ങളും.

ഉഴുന്നിനുപകരം അടിസ്ഥാന വിഭവത്തിലുമുണ്ടായി മാറ്റം. കപ്പ പൊടിച്ചും പുതിയ കാലത്ത് മൈദ ചേർത്തും ഉണ്ടാക്കാമെന്നായി. എത്ര നാൾ വേണമെങ്കിലും നിൽക്കാൻ സോഡിയം ബെൻസോയേറ്റ് (sodium benzoate) ഉപയോഗം നിർബന്ധമായി. രുചി കൂട്ടാൻ ഏതുതരം രാസവസ്തുക്കളും വിപണിയിൽ ലഭ്യമായ കാലത്ത് പ്രിന്റഡ് കവറുകളിലും അല്ലാതെയും നമുക്കു മുന്നിലെത്തുന്ന പപ്പടത്തിൽ ചേരുവകൾ ഏതൊക്കെയെന്ന ആലോചനക്ക് പ്രസക്തിയില്ലാതായി.

രാജാവ് കേരള പപ്പടം തന്നെ

കേരള പപ്പടമാണ് ഇന്നും പപ്പടങ്ങളിലെ രാജാവ്. കുരുമുളക് ചേർത്തുള്ള തമിഴ് പപ്പടത്തിന് പുറമെ പഞ്ചാബി, രാജസ്ഥാനിലെ ബികാനീരിടം, ചക്കയും പഴവും ചേർത്തുണ്ടാക്കുന്നവ എന്നിങ്ങനെ ഭക്ഷണത്തിനൊപ്പം പലത് ലഭ്യമാണ്. ഉത്തരേന്ത്യയിലാകുമ്പോൾ ചന, രാഗി പോലുള്ളവ കൊണ്ടുള്ളവയും ഹിറ്റാണ്.

ഓണസദ്യകളിൽ മാത്രമല്ല, കല്യാണത്തിനും ഉത്സവങ്ങളിലും പപ്പടമില്ലാതെ ഊണ് വിളമ്പാനാകില്ല. അതുപോലെ ബിരിയാണിക്കൊപ്പവും പപ്പടം നിർബന്ധമുള്ളവരുണ്ട്.

പപ്പടപ്രേമികളേ ആരോഗ്യം നോക്കണേ

എന്നുവെച്ച് ആരോഗ്യം കരുതുന്നവർക്ക് പപ്പടക്കാര്യത്തിലും വേണം ഒരിത്തിരി കണ്ണ്. ചേർക്കുന്ന ചേരുവകൾ തന്നെ പ്രശ്നം. കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന സോഡിയം ബെൻസോയേറ്റ് വൻ അപകടകാരിയാണ്. കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കുവരെ അതു കാരണമായേക്കും.

പപ്പടത്തിൽ ചേർക്കുന്ന ഉയർന്ന അളവിലെ ഉപ്പ് ഹൃദ്രോഗങ്ങൾ, രക്തസമ്മർദം എന്നിവ ഉള്ളവർക്ക് അപകടം ചെയ്യും. അസിഡിറ്റി ഉള്ളവരും നിർബന്ധമായി ഇതൊഴിവാക്കണം. എണ്ണ വലിച്ചെടുക്കാൻ കഴിവ് കൂടുതലായതിനാൽ കൊളസ്ട്രോൾ സാധ്യതയുമേറെ. കൂടുതൽ ദിവസം വെക്കുന്നതുമൂലം ഉണ്ടാകുന്ന പൂപ്പലും ഫംഗസും പ്രത്യേകം കരുതണം.

പപ്പടം വീട്ടിലൊരുക്കാം

ഉഴുന്നുപരിപ്പ്, അപ്പക്കാരം, പെരുംകായം, ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകൾ. ഒരു കിലോ ഉഴുന്നു പരിപ്പിന് 35 ഗ്രാം അപ്പക്കാരവും ഒരു ടീസ്പൂൺ പെരുംകായവുമാണ് കണക്ക്. ഉപ്പ് ആവശ്യത്തിന്. പൊടിച്ചെടുത്ത ഉഴുന്നുപരിപ്പിൽ മറ്റുള്ളവ വെള്ളത്തോടൊപ്പം ചേർത്ത് നന്നായി കുഴച്ചെടുക്കണം. പിന്നീട് ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് കൃത്യമായ അളവിൽ പരത്തിയെടുക്കുക. ഇവ വെയിലത്ത് ഉണക്കിയെടുത്താൽ പപ്പടം തയാർ.

പപ്പടം പ്രധാന ചേരുവയായുള്ള കറി ചില വീടുകളിലെ നിത്യവിഭവമാണ്. കഞ്ഞിവെള്ളവും പപ്പടവും ഉപ്പും പിന്നെ രുചികൂട്ടാൻ കടുക്, ചെറിയ ഉള്ളി, വറ്റൽ മുളക്, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി പോലുള്ളവയും ചേർത്താണ് ഉണ്ടാക്കാറുള്ളത്.

Show Full Article
TAGS:Foods Pappadam 
News Summary - history of pappadam
Next Story