കുട്ടിക്കഥ: മഴ മഴ കുട കുട
text_fieldsവര: വി.ആർ. രാഗേഷ്
‘‘മക്കളേ, കുട കൊണ്ടുപൊക്കോളൂ മഴക്കാലമല്ലേ?’’
ചിന്നുമുയൽ മക്കളായ ലല്ലുവിനോടും മിന്നനോടും ചിന്നനോടും പറഞ്ഞു.
‘‘പെരുമഴ പെയ്യും നേരത്ത്
വെറുതെ നനഞ്ഞു കുളിക്കണ്ട
മഴകൊണ്ടങ്ങു വിറക്കണ്ട
കുടയിതുകൊണ്ടു പൊക്കോളൂ’’
‘‘വെറുതെ കുട ചുമന്നു കൊണ്ട് നടക്കാൻ വയ്യ മഴയൊന്നും പെയ്യില്ല’’ -വലിയ മുയൽക്കുട്ടന്മാർ ഒരുമിച്ച് പറഞ്ഞു.
പേടിത്തൊണ്ടനായ ലല്ലുവിനു മാത്രം ചെറിയ സംശയം ഉണ്ടായെങ്കിലും ചേട്ടന്മാർ കളിയാക്കുമെന്നുകരുതി അവനും കുടയെടുത്തില്ല.
വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ മഴ തീരെയുണ്ടായിരുന്നില്ല. അവർ സന്തോഷത്തോടെ തുള്ളിച്ചാടി വീട്ടിലേക്ക് പുറപ്പെട്ടു.
‘‘കുട എടുത്തെങ്കിൽ ആകെ കഷ്ടപ്പെട്ടേനെ, ഇപ്പോൾ പുസ്തക സഞ്ചി പുറത്തുതൂക്കി കൈയും വീശി ഓടാം’’ -മിന്നൻ പറഞ്ഞു.
‘‘മാനം തെളിഞ്ഞേ മനം നിറഞ്ഞേ
മഴയൊന്നും പെയ്യുന്നതില്ലയാ ഹാ
വെറുതെ കുട കൊണ്ടുപോന്നിടുകിൽ
നമ്മൾ വലഞ്ഞേനെ കൂട്ടുകാരാ’’
-ചിന്നൻ ഉറക്കെപ്പാടി, കൂടെ മിന്നനും.
പാടി മുഴുമിപ്പിക്കുംമുമ്പ് ശക്തമായി ഇടിവെട്ടി മഴപെയ്തു. മുയൽക്കുട്ടന്മാർ ആകെ നനഞ്ഞുകുളിച്ചു.
‘‘അയ്യോ ചേട്ടന്മാരേ എനിക്കു പേടിയാവുന്നു’’ -ലല്ലു ഉറക്കെക്കരഞ്ഞു.
‘‘പേടി മാറണമെങ്കിൽ കൊമ്പനാനയുടെ അടിയിലൂടെ നൂഴണം’’ -ചേട്ടന്മാർ കളിയാക്കി. തണുത്തുവിറച്ചുകൊണ്ട് അവർ മുന്നോട്ടോടി.
നോക്കുമ്പോൾ ഒരു തണൽ പോലുമില്ല. വിശാലമായ മൈതാനിയിലൂടെ ഓടിച്ചെന്നപ്പോൾ മുന്നിലതാ വലിയൊരു പാറ!
‘‘അയ്യോ! അല്ല ഒരു കൂറ്റൻ കൊമ്പനാന’’ -ലല്ലു പേടിച്ചു കരഞ്ഞു.
‘‘പേടിച്ചിടേണ്ടെന്‍റെ കുഞ്ഞുങ്ങളേ
എന്‍റെ ചുവട്ടിലിരുന്നുകൊൾക’’
മിന്നനും ചിന്നനും ധൈര്യമായി അവിടെച്ചെന്നിരുന്നു. ലല്ലുവിനു പേടിയായിരുന്നു. കൊമ്പൻ പതിയെ തുമ്പിയിലെടുത്ത് അവനെ തന്‍റെ കാലുകൾക്കിടയിൽ സുരക്ഷിതമായിരുത്തി.
പേടിച്ചും തണുത്തും വിറച്ച് അവൻ അവിടെ ഇരുന്നു. കൊമ്പനമ്മാവൻ പാട്ടുകൾ പാടി കഥകൾ പറഞ്ഞ് അവരെ രസിപ്പിച്ചു. അപ്പോഴേക്കും മഴയും മാറി.
കുട്ടികൾ സന്തോഷത്തോടെ കൊമ്പന് നന്ദി പറഞ്ഞ് വീട്ടിലേക്ക് കുതിച്ചു.
‘‘കൊമ്പന്റെയടിയിലൂടെ നടന്നപ്പോൾ ലല്ലൂ നിന്‍റെ പേടി മാറിയില്ലേ?’’ -ചേട്ടന്മാർ പറഞ്ഞതുകേട്ട് അവൻ നാണത്തോടെ ചിരിച്ചു.
എഴുത്ത്: ഹരീഷ് ആർ. നമ്പൂതിരിപ്പാട്