കുട്ടിക്കഥ: കുട്ടു വെള്ളത്തിൽ
text_fieldsവര: വി.ആർ. രാഗേഷ്
മഹാ വികൃതിയാണ് കുട്ടു. ഒരിക്കൽ കാര്യസ്ഥൻ നാണുവിന്റെ കൂടെ ഒരു കുഞ്ഞിത്തോണിയിൽ അവൻ സഞ്ചരിക്കുകയായിരുന്നു. പുഴയോരത്തെ കാഴ്ചകൾ കണ്ട് രസിച്ചാണ് യാത്ര.
കുറച്ചുദൂരം ചെന്നപ്പോഴാണ് കുട്ടു അതു കണ്ടത്. പുഴയോരത്ത് ചാഞ്ഞുനിൽക്കുന്ന ഒരു തെങ്ങിൽ ഒരു കുരങ്ങച്ചനിരിക്കുന്നു! മഹാവികൃതിയല്ലേ കുട്ടു. അവൻ ഒട്ടും വൈകിയില്ല, പോക്കറ്റിൽ കരുതിയിരുന്ന ഉണ്ടക്കല്ല് പുറത്തെടുത്തു. അപ്പോൾ കാര്യസ്ഥൻ നാണു പറഞ്ഞു: ‘‘കുട്ടൂ, കുരങ്ങനെ എറിയല്ലേ... ആപത്താണേ!’’
എന്നാൽ, കുട്ടുവുണ്ടോ കേൾക്കുന്നു. അവൻ കല്ലെടുത്ത് ഒറ്റയേറ്! അത് കൃത്യം കുരങ്ങച്ചന്റെ മണ്ടക്ക്. പാവം ‘കീ... കീ...’ എന്ന് കരഞ്ഞു.
കുറച്ചുകഴിഞ്ഞ് അവർ മടങ്ങി. ദൂരെ നിന്നേ രണ്ടുപേരും വരുന്നത് കുരങ്ങച്ചൻ കണ്ടു. അവൻ ഒരു വലിയ തേങ്ങ പറിച്ചെടുത്ത്, ഓലക്കിടയിൽ മറഞ്ഞിരുന്നു.
തോണി അടുത്തെത്തിയപ്പോൾ കുരങ്ങച്ചൻ എന്തു ചെയ്തെന്നോ? നല്ല ശക്തിയിൽ തേങ്ങ ഒരേറ്! അത് കൃത്യം തോണിയുടെ തുഞ്ചത്ത്!
കുട്ടുവും നാണുവും പേടിച്ചരണ്ടു. കുഞ്ഞിത്തോണി ആടിയുലഞ്ഞ് ഒറ്റമറിച്ചിൽ - ബ്ലും! രണ്ടുപേരും വെള്ളത്തിൽ!
കുട്ടുവിനുണ്ടോ നീന്തലറിയുന്നു. അവൻ വെള്ളത്തിൽ മുങ്ങിത്താണു. ഒടുവിൽ നാണു അവനെ കഷ്ടിച്ച് കരക്കെത്തിച്ചു.
‘‘ഇനി ഒരിക്കലും ഞാൻ ആരെയും ഉപദ്രവിക്കില്ല’’ –വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടു പറഞ്ഞു. അന്നുമുതൽ അവൻ നല്ല അനുസരണയുള്ള കുട്ടിയായി.
എഴുത്ത്: ഡേവിഡ് മാത്യു