കുട്ടിക്കഥ: ചോമന്‍റെ ഓണം
text_fieldsവൈരമലയിൽനിന്ന് നാളുകൾക്കു ശേഷമാണ് ചോമൻ പുള്ളിമാൻ സ്വന്തം വനമായ റാണി വനത്തിലേക്ക് ഓണത്തിന് വരുന്നത്.
“നടന്നു തളർന്നു.” ചോമനൊരു പാറയിൽ ചാരിയിരുന്നു. അമ്മക്കും അച്ഛനും അനിയന്മാർക്കും കൂട്ടുകാർക്കുമുള്ള ഓണസമ്മാനവുമായിട്ടാണ് വരവ്. ചോമൻ കുറച്ചുദൂരം ചെന്നപ്പോൾ.
“ഗർർർർ...ഗർർർ” അതാ മുന്നിലൊരു സിംഹം. പുള്ളിമാൻ വേഗത്തിൽ ഓടാനായി തുടങ്ങി.
“അയ്യോ എന്നെയൊന്നും ചെയ്യല്ലേ…” ചോമൻ കെഞ്ചിനോക്കി.
“ഗർർർർ... നീയാണ് ഇന്ന് എന്‍റെ ആഹാരം. തിരുവോണത്തിന് മാനിറച്ചി… ആഹാ... ഗർർർ”
ചോമൻ ഓടി വള്ളികൾക്കിടയിൽ പതുങ്ങിയിരുന്നു.
“സിംഹം എന്നെ കഴിക്കും…’’ സിംഹം, അവന്‍റെ മുന്നിലേക്കു ചാടിവീണു. ‘‘അമ്മേ…” കൈയിൽനിന്ന് സഞ്ചിയും സാധനങ്ങളും ദൂരേക്ക് തെറിച്ചുപോയി. ഇതെല്ലാം ഒരു ചെന്നായ് കണ്ടിരുന്നു. ചെന്നായെ കണ്ട ചോമൻ ഭയന്ന് മറ്റൊരു വഴിയിലൂടെ പാഞ്ഞു.
“ഹാവൂ, സിംഹം പോയി” ചോമൻ വീട്ടിലേക്ക് പാഞ്ഞു. വീട്ടിൽ ചോമൻ വരുന്നതിന്‍റെ സന്തോഷത്തിലായിരുന്നു അച്ഛനും അമ്മയും. കൂട്ടുകാരും അനിയന്മാരും വഴിയിൽ കാത്തുനിന്നിരുന്നു. ദൂരെനിന്ന് തളർന്നവശനായി വരുന്ന ചോമനെ കണ്ടതും കൂട്ടുകാർക്ക് സംശയമായി. ഒന്നും സംഭവിക്കാതെ ജീവൻ തിരിച്ചുകിട്ടിയതിൽ എല്ലാവരും ആശ്വസിച്ചു. താൻ കൊണ്ടുവന്ന സമ്മാനങ്ങൾ നഷ്ടമായതോർത്തപ്പോൾ ചോമനു വിഷമമായി.
‘‘സാരമില്ല മോനേ. നീയാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്മാനം.’’
അച്ഛനും അമ്മയും അവനെ ചേർത്തുനിർത്തി. പുറത്ത് മാവേലി വന്നതറിഞ്ഞ ചോമനും വീട്ടുകാരും പുറത്തേക്കിറങ്ങി. പക്ഷേ, മാവേലിയെ ആരും കണ്ടില്ല. വീടിന്‍റെ വരാന്തയിൽ, കൈയിൽനിന്ന് നഷ്ടമായ സമ്മാനങ്ങൾ കണ്ട ചോമൻ അത്ഭുതപ്പെട്ടു.
അവൻ ചുറ്റും നോക്കി, ഇടവഴിയിലൂടെ പോകുന്ന ചെന്നായെ കണ്ട് അവൻ ഞെട്ടി. ചെന്നായ് തിരിഞ്ഞു, പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു:
“എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ.”
എഴുത്ത്: നിഥിൻ കുമാർ ജെ.