കുട്ടിക്കഥ: പൂവാലിയും മത്സ്യങ്ങളും
text_fieldsവര: വി.ആർ. രാഗേഷ്
പൂവാലിപ്പശു മേയാൻ എത്തിയതാണ്. അടുത്ത് ഒരു ചെറിയ കുളം കണ്ടപ്പോൾ അവൾ അതിലിറങ്ങി കുളിച്ചു. കുളം ആകെ കലങ്ങി. അപ്പോൾ കുളത്തിലുള്ള സ്വർണമത്സ്യം കൂട്ടുകാരിയായ വർണമത്സ്യത്തോട് പറഞ്ഞു:
‘‘പൂവാലി ചെയ്ത പണി നോക്കൂ. നല്ല തെളിഞ്ഞ വെള്ളം കലക്കിക്കളഞ്ഞു, കഷ്ടം!’’
അപ്പോൾ വർണമത്സ്യം പറഞ്ഞു:
‘‘ഈ കുളം എല്ലാവർക്കുമുള്ളതാണ്. അത് കലങ്ങിയാലും ഇല്ലെങ്കിലും നമുക്കൊന്നുമില്ല. സംഭവിച്ചത് നല്ലതിനാണെന്നു മാത്രം കരുതിയാൽ മതി.’’
അവൾ പറഞ്ഞുകഴിഞ്ഞതും രണ്ടുപേർ വലയുമായി മീൻപിടിക്കാൻ അവിടെ എത്തി.
‘‘ഈ കുളത്തിൽ ചളിവെള്ളമാണ്. മീനൊന്നും ഉണ്ടാവില്ല.’’
‘‘ശരിയാ. നമുക്ക് മറ്റെങ്ങോട്ടെങ്കിലും പോകാം.’’
തമ്മിൽ പറഞ്ഞ് അവർ അവിടം വിട്ടു. സ്വർണമത്സ്യം അപ്പോൾ ആശ്വാസത്തോടെ വർണമത്സ്യത്തോട് പറഞ്ഞു:
‘‘നീ പറഞ്ഞതാണ് ശരി. പൂവാലി വന്നതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു. എന്തിലും ദോഷം കാണുന്നത് നന്നല്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി.’’
എഴുത്ത്: ഡേവിഡ് മാത്യു