കുട്ടിക്കഥ: സൂചിമുഖിക്ക് വലകെട്ടാനാവുമോ?
text_fieldsചിലന്തി വലകെട്ടാൻ ആരംഭിച്ചു. എല്ലാ ദിവസവും ചെയ്യുന്നതാണെങ്കിലും എത്ര ശ്രദ്ധയോടു കൂടിയാണ് അത് വലകെട്ടാൻ തുടങ്ങിയതെന്നറിയുമോ? ആറു മരങ്ങളിൽ വലനൂൽ വലിച്ചുകെട്ടി. പിന്നെ വളരെ ശ്രദ്ധയോടെ ഒരു നൂലിൽനിന്ന് മറ്റൊന്നിലേക്ക് വലക്കാലുകൾ ചേർത്തുതുന്നി.
താളത്തിൽ, കൃത്യമായ അളവിൽ തുന്നി, തുന്നി, വട്ടം ചുറ്റി, ചുറ്റി ഒത്ത നടുവിൽ എത്തിയിട്ട് എട്ടു കാലും നിവർത്തി ശരീരമപ്പാടെ ഒന്നു ചുഴറ്റി. പിന്നെ കട്ടിയുള്ള വലനൂലുകൾ കൊണ്ട് നാലൊപ്പുകൾ... തിളങ്ങുന്ന വലത്തുണ്ടുകൾ കണ്ടാണ് പാറിപ്പറക്കുന്ന കുഞ്ഞു പാറ്റകൾ വലയിലെത്തുക.
അവ വലയിൽ പറ്റിപ്പിടിച്ചാൽ ഉടൻ ഓടിയെത്തണം. അവയെ നീളൻ വലനൂലുകൾ കൊണ്ട് പന്തുപോലെ ചുറ്റണം. പിന്നെ സൗമ്യമായി ചെറിയൊരു കുത്തിവെപ്പ്. ഉള്ളിലുള്ളതെല്ലാം ദഹിച്ച് രസമായി മാറും. സമയം പോലെ, സൗകര്യം പോലെ ആസ്വദിച്ച് കുടിക്കാം. പതുക്കെ വലയുടെ ഒരു മൂലയിൽ പതുങ്ങി മനോവിചാരത്തിലാണ് ചിലന്തി.
പെട്ടെന്ന് അവളെ ഞെട്ടിച്ച് ഒരു സൂചിമുഖി വല തകർത്ത് പാഞ്ഞുപോയി. ചിലന്തി, വലയോടൊപ്പം പൊന്തിയെങ്കിലും തൂങ്ങിക്കിടന്നു. ‘‘അഹങ്കാരി, ചിലന്തിവല കണ്ട് ഒഴിഞ്ഞുപോകരുതോ...’’ അൽപം കഴിഞ്ഞ് സൂചിമുഖി മടങ്ങിവന്നു. ‘‘സോറി... ഞാനാകെ ദേഷ്യത്തിലായിരുന്നു. കോപം കൊണ്ട് കണ്ണുകണ്ടില്ല. മനുഷ്യർ തളിച്ച കീടനാശിനി കൊണ്ട് കണ്ണാകെ നീറുന്നുണ്ടായിരുന്നു. ക്ഷമിക്കണം. ഞാൻ നിനക്ക് വല കെട്ടിത്തരാം’’.
ചിലന്തിക്ക് ചിരിവന്നു. പൊട്ടിയ വലയും മരയിലകളിൽനിന്ന് ശേഖരിച്ച നൂലുകളും കൊണ്ട് പുതിയൊരു വല നെയ്യാൻ കുറേ നേരം ശ്രമിച്ചു. കാഴ്ചക്കാർ ചുറ്റും കൂടി. സൂചിമുഖിയുടെ വൃഥാശ്രമം കണ്ട് കൂട്ടച്ചിരിയായി. ചിലന്തി പറഞ്ഞു: ‘‘നീ മനോഹരമായി കൂടുണ്ടാക്കുന്നവളാണ്. പക്ഷേ, നിനക്ക് ചിലന്തിവലയുണ്ടാക്കാനാവില്ല. നമുക്ക് ഉണ്ടാക്കാനാവാത്തതിനെ നാം തകർക്കരുത്’’.
ചിലന്തി പുതിയൊരു വല നെയ്യുന്നത് നോക്കി, ചെറുശിഖരത്തിലിരുന്ന് സൂചിമുഖി മനോഹരമായി പാടി.
എഴുത്ത്: എസ്. കമറുദ്ദീൻ