കുട്ടിക്കഥ: അനുസരണയില്ലാഞ്ഞാൽ
text_fieldsപങ്കനാനയുടെയും പിങ്കിയാനയുടെയും പുന്നാര മോനായിരുന്നു കുട്ടിക്കുറുമ്പൻ ജിങ്കുവാന. അങ്ങനെയിരിക്കെ ഒരു ദിവസം പങ്കനാനയും പിങ്കിയാനയും ചന്തയിലേക്ക് പോകാനൊരുങ്ങി.
‘‘ഞങ്ങൾ വരുന്നതു വരെ വികൃതിയൊന്നും കാട്ടരുതേ, ദൂരെയെങ്ങും പോവരുതേ’’ -പിങ്കിയാന ജിങ്കുവിനോട് പറഞ്ഞു. അവൻ ശരിയെന്നു തലയാട്ടി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ജിങ്കുവിന് ബോറടിച്ചു തുടങ്ങി. വീട്ടിൽനിന്ന് പുറത്തിറങ്ങിയ അവൻ കാഴ്ചകളെല്ലാം കണ്ട് നടന്നു നടന്ന് പുൽമേടിനടുത്തുള്ള കുളത്തിനടുത്തെത്തി.
നോക്കുമ്പോൾ കുളത്തിൽ കുറേ ആമ്പൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു!. ‘ഹായ് നല്ല ഭംഗിയുള്ള പൂക്കൾ’ എന്ന് മനസ്സിൽ പറഞ്ഞ് ജിങ്കു പൂക്കൾ പറിക്കാനായി കുളത്തിലിറങ്ങി.
പൂക്കൾ പറിച്ചെടുത്ത് കരക്ക് കയറാനൊരുങ്ങിയ ജിങ്കു കുളത്തിലെ ചളിയിൽ താഴ്ന്നുപോയി. ‘‘അയ്യോ, അമ്മേ രക്ഷിക്കണേ’’ ജിങ്കു ഉറക്കെ കരയാൻ തുടങ്ങി. അതു വഴി വന്ന നീലുകാക്ക ഈ കാഴ്ച കണ്ടു. അവൾ വേഗം പറന്നു ചെന്ന് പങ്കനാനയെയും പിങ്കിയാനയെയും വിവരമറിയിച്ചു. അവർ ഓടി കുളക്കരയിലെത്തി.
പങ്കനാന വലിയ കാട്ടുവള്ളി പറിച്ചെടുത്ത് അതിന്റെ ഒരറ്റം ഒരു മരത്തിൽ കെട്ടി. മറ്റേ അറ്റം കുളത്തിലേക്കിട്ടു കൊടുത്തു.
കാട്ടുവള്ളിയിൽ പിടിച്ച് ഒരു വിധം കരക്കുകയറിയ ജിങ്കു പിന്നീടൊരിക്കലും അച്ഛനെയും അമ്മയെയും അനുസരിക്കാതിരുന്നിട്ടില്ല.
എഴുത്ത്: മുഹസിൻ ചീക്കിലോട്