കുട്ടിക്കഥ: നന്മയുള്ള ആന
text_fieldsഅമ്മക്കിളിയും കുഞ്ഞുമക്കളും കുളക്കരക്കടുത്തുള്ള മരക്കൊമ്പിലാണ് താമസിച്ചിരുന്നത്. ആ കാട്ടിൽ ഒരു കുറുമ്പൻ ആനയും ജീവിച്ചിരുന്നു. എല്ലാവർക്കും അവനെ പേടിയായിരുന്നു. ആന ഉപദ്രവിക്കും എന്ന് പേടിച്ച് എല്ലാവരും അവനിൽനിന്ന് അകന്നുനിന്നു.
ഒരുദിവസം അമ്മക്കിളി തീറ്റതേടി പോയപ്പോൾ അത്തിമരത്തിൽ നിറയെ പഴങ്ങൾ കണ്ടു. അതിനടുത്തേക്ക് പോയ അവൾ അതിലൊരെണ്ണം എടുത്തു തിന്നു.
‘‘ഹായ് എന്തൊരു രസം, ഞം... ഞം... ഞം... മക്കൾക്കും കൊടുക്കാം.’’
പൊടുന്നനെയാണ് ആ കാഴ്ച കണ്ടത്. കാട്ടിൽനിന്ന് പുക ഉയരുന്നു. അമ്മക്കിളി തത്തമ്മയോട് ചോദിച്ചു.
‘‘അവിടെ എന്താ പുക?’’
‘‘അയ്യോ, അത് എന്‍റെ മക്കളുള്ള സ്ഥലമാണല്ലോ...’’
‘‘മൃഗങ്ങളെന്താ ഓടുന്നത്... പക്ഷികൾ വേഗത്തിൽ പറക്കുന്നല്ലോ?’’
തത്തമ്മ പറഞ്ഞു -‘‘അമ്മക്കിളി അറിഞ്ഞില്ലേ, കാട്ടിൽ തീ പിടിച്ചതാ.’’
‘‘ഇനി എന്തുചെയ്യും. എന്‍റെ മക്കളവിടെയാ?’’ അമ്മക്കിളി പരിഭ്രാന്തയായി. അപ്പോഴാണ് അമ്മക്കിളിക്ക് ഒരുപായം തോന്നിയത്. കുളത്തിലെ വെള്ളംകൊണ്ട് തീ കെടുത്താമല്ലോ. പക്ഷേ, എങ്ങനെ ചെയ്യും? ഇനിയും വൈകിയാൽ എന്‍റെ മക്കൾ തീയിൽ വെന്തു കരിഞ്ഞു പോകും. ഒരു മാർഗവുമില്ലാതെ അമ്മക്കിളി വട്ടമിട്ടു പറന്നു. ആ സമയത്താണ് കുറുമ്പൻ ആന ആ വഴി വരുന്നത്. കാട്ടിൽ തീ പടരുന്നത് കണ്ട ആന ഉടൻ കുളത്തിൽനിന്ന് തുമ്പിക്കൈയിലേക്ക് വെള്ളമെടുത്ത് ചീറ്റാൻ തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോഴേക്കും തീ അണഞ്ഞു.
‘‘ആന നമ്മുടെ രക്ഷകനാണ്. എന്‍റെ മക്കളെ രക്ഷിച്ചതിന് നന്ദി’’ -ആനയുടെ അരികിലെത്തി അമ്മക്കിളി നന്ദി പറഞ്ഞു.
‘‘നന്ദിയൊന്നും വേണ്ട. ഇത് എന്‍റെ കടമയാ.’’ വിനയത്തോടെ മറുപടി പറഞ്ഞ് ആന നടന്നുപോയി.
എഴുത്ത്:
അയ്ദിൻ അയാശ്
Class 2, M.D.L.P.S, Velom, Kozhikode