കുട്ടിക്കഥ: കടുവയും പൂച്ചക്കുഞ്ഞും
text_fieldsവര: വി.ആർ. രാഗേഷ്
ഒരുദിവസം രാത്രിയിൽ, കാടിനടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു കടുവ പതുക്കെ ഇറങ്ങിവന്ന് നെൽവയലിലൂടെ നടന്നു. പെട്ടെന്ന് ഉച്ചത്തിൽ നായ്ക്കൾ കുരക്കുന്നത് കേട്ടു. ‘ബൗ... ബൗ... ഗർ... ഗർ...’
അവൾ നെൽച്ചെടികൾക്ക് മുകളിലൂടെ എത്തിനോക്കിയപ്പോൾ ഒരു കൂട്ടം തെരുവുനായ്ക്കൾ ചെറുതും മൃദുവായതുമായ പഞ്ഞിക്കെട്ട് പോലുള്ള എന്തിനെയോ നോക്കി കുരക്കുകയായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു ചെറിയ പൂച്ചക്കുട്ടിയായിരുന്നു..!
വഴിതെറ്റിവന്ന ഒരു പാവം പൂച്ചക്കുഞ്ഞ് നായ്ക്കളുടെ മുന്നിൽ ഭയത്താൽ വിറച്ചു. നായ്ക്കളാകട്ടെ കൂടുതൽ ഉച്ചത്തിൽ കുരച്ചുകൊണ്ട് അതിനെ കടിച്ചുകീറാൻ നോക്കുകയായിരുന്നു.
കടുവയുടെ കണ്ണുകൾ വിടർന്നു. അവൾക്ക് ഭീഷണിപ്പെടുത്തുന്നവരെ ഇഷ്ടമല്ലായിരുന്നു. ആരും കുഴപ്പത്തിൽപ്പെടുന്നതും ആ പെൺകടുവ ഇഷ്ടപ്പെട്ടിരുന്നില്ല. പെട്ടെന്ന് ഉച്ചത്തിൽ ഗർജിച്ചുകൊണ്ട് കടുവ അവിടേക്ക് ചാടി. നായ്ക്കൾ നിലവിളിയോടെ ജീവനുംകൊണ്ട് ഓടിപ്പോയി. കൂടുതൽ പേടിച്ചുവിറച്ച പൂച്ചക്കുട്ടി കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി. തന്‍റെ അമ്മയെപ്പോലെ, എന്നാൽ അതിനേക്കാൾ വലിയ തീക്കണ്ണുകളുള്ള ഒരു പൂച്ച...! അവൾ പേടിച്ച് വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി. ‘മ്യാവൂ... മ്യാവൂ... മ്യാവൂ...’ കടുവ ചുറ്റും നോക്കി. ആരെയും കണ്ടില്ല. അവളെ അവിടെ ഉപേക്ഷിച്ചാൽ നായ്ക്കൾ വീണ്ടുമെത്തി കടിച്ചുകൊല്ലും.
“എന്‍റെ കൂടെ വരൂ, ഞാൻ നിന്നെ രക്ഷിക്കാം” -കടുവ പറഞ്ഞു.
അങ്ങനെ, കടുവ പൂച്ചക്കുട്ടിയെ പതുക്കെ കടിച്ചെടുത്ത് കാട്ടിലേക്ക് നടന്നു. പൂച്ചക്കുട്ടി ആദ്യം ഒന്ന് ഭയന്നെങ്കിലും പുതിയ അമ്മയുടെ സാന്നിധ്യം അവൾക്ക് ധൈര്യം നൽകി.
കടുവ പൂച്ചക്കുഞ്ഞിനായി ഇലകൾ കൊണ്ട് മൃദുവായ ഒരു കിടക്ക ഉണ്ടാക്കിക്കൊടുത്തു. കാട്ടുമൃഗങ്ങളുടെ പാൽ, ചിലപ്പോൾ ചെറിയ മത്സ്യം എന്നിങ്ങനെ അവൾക്ക് ഭക്ഷണമായി നൽകി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടി എഴുന്നേറ്റ് നടക്കാനും ഓടാനും തുടങ്ങി. എലിയെപ്പിടിക്കാനും പഠിച്ചു. പൂച്ചക്കുട്ടി വളർന്നു തുടങ്ങി. അവൾ കാടിനെ സ്നേഹിച്ചു, കടുവയെ സ്നേഹിച്ചു.
കടുവയാണെങ്കിലോ, ലോകത്തിലെ മറ്റെന്തിനേക്കാളും പൂച്ചക്കുട്ടിയെ സ്നേഹിച്ചു.
മാസങ്ങൾ കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടി മിടുക്കിയായിത്തീർന്നു. തന്‍റെ പുതിയ അമ്മയോടൊപ്പം അവൾ കാട്ടിൽ ചുറ്റിനടന്നു. ഗ്രാമത്തിനോട് ചേർന്ന കാട്ടുപ്രദേശത്തിലൂടെ പോകുമ്പോൾ അവർ ദൂരെ നിന്ന് നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ടു. പക്ഷേ, അപ്പോളവൾക്ക് ഒട്ടും പേടി തോന്നിയില്ല.
നായ്ക്കളുടെ കുര കേൾക്കുമ്പോഴെല്ലാം അവൾ തന്‍റെ അമ്മയെ നോക്കി പുഞ്ചിരിച്ചു... കടുവയും അവളെ നോക്കി പുഞ്ചിരിച്ചു...!
എഴുത്ത്: ഗൗരി ലക്ഷ്മി