കുട്ടിക്കഥ: താമരപ്പൂവിന്റെ അഹങ്കാരം
text_fieldsപട്ടണത്തിൽ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിന് ഒത്തനടുക്കായി ഒരു താമരക്കുളവും ഉണ്ടായിരുന്നു. മനോഹരമായ താമരപ്പൂക്കൾ നിറഞ്ഞ കുളം കാണാൻ നിരവധി ആളുകൾ എന്നും വരുമായിരുന്നു.
അവരെല്ലാം താമരപ്പൂക്കളുടെ ഭംഗി നോക്കിനിൽക്കുമായിരുന്നു. പൂന്തോട്ടത്തിലെ മറ്റു പൂക്കളെ ഒന്നും ആരും ശ്രദ്ധിക്കാറുമില്ല. ഇതെല്ലാം കണ്ടു താമരപ്പൂക്കളെല്ലാം അഹങ്കാരികളായി മാറി. അവർ പൂന്തോട്ടത്തിലെ ബാക്കിയുള്ള പൂക്കളെ എല്ലാം കളിയാക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെ ആ പൂന്തോട്ടത്തിന്റെ ഉടമസ്ഥർ മീനുകളെ വളർത്താൻ തീരുമാനിച്ചു. അവർ മീനുകളെ എല്ലാം വാങ്ങി താമരക്കുളത്തിൽ ഇട്ടു. പിന്നീടുള്ള കഥ പറയാനുണ്ടോ.
താമരയിതളുകളും ഇലകളും എല്ലാം മീനുകൾ കൊത്തി വികൃതമാക്കി. ആളുകളൊന്നും താമരക്കുളത്തിലേക്കു വരാതായി. എല്ലാവരും മറ്റു ചെടികളുടെയും പൂക്കളുടെയും ഭംഗി മാത്രം നോക്കി പോകാൻ തുടങ്ങി. താമരപ്പൂക്കളുടെ അഹങ്കാരം അതോടെ അവസാനിച്ചു.♦
കഥ: ഫാഹിന സലിം