‘അമേരിക്കൻ ഐ.ടി കമ്പനി ജോലി വിട്ട് കൂൺകൃഷിയിലൂടെ ലാഭം കൊയ്യുന്നു’ -‘ആദം മഷ്റൂം’ ഉടമ ആദം ഷംസുദ്ദീന്‍റെ കർഷക ജീവിതം
text_fieldsആദം ഷംസുദ്ദീൻ, ഭാര്യ റഈസ മനാൻ. ചിത്രങ്ങൾ: ടി.എച്ച്. ജദീർ
നിങ്ങള്‍ വെജിറ്റേറിയനാണോ, എങ്കില്‍ മാംസാഹാരത്തിലൂടെ ലഭിക്കേണ്ട വിറ്റമിനുകളും ധാതുക്കളും നിങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടോ? ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രതിവിധി?
ഈ സംശയങ്ങള്‍ക്കെല്ലാമുള്ള പരിഹാരം കാണിച്ചുതരുകയാണ് ഭക്ഷ്യയോഗ്യമായ കൂണ്‍ കൃഷിയിലൂടെ പ്രശസ്തനായ ‘ആദം മഷ്റൂമി’ന്റെ ഉടമ ആദം ഷംസുദ്ദീന്‍...
കൂണ്‍ എന്ന ‘മാംസാഹാരം’
പുരാതന കാലം മുതല്‍ തന്നെ പലയിനം കൂണുകൾ നമ്മള്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, കൂണ്‍ കൃഷിചെയ്ത് ഉൽപാദിപ്പിക്കുകയും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല, പ്രത്യേകിച്ച് കൂൺ കൃഷിക്ക് ഒരു ജനകീയ സ്വഭാവം ഇനിയും വന്നിട്ടില്ല എന്ന് പറയാം.
കൂൺ കൃഷി ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളാണ് ആദ്യം കര്‍ഷകരെ ഇതില്‍നിന്ന് അകറ്റിനിർത്തിയിരുന്നത്. കൃഷിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത് മുമ്പ് അൽപം ബുദ്ധിമുട്ടായിരുന്നു. വയ്ക്കോലും മറ്റു അസംസ്‌കൃത വസ്തുക്കളും കലര്‍ത്തി ബാഗുകളിലാക്കി ഇതിലേക്ക് വിത്തുപാകി മുളപ്പിച്ചെടുക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ കര്‍ഷകരെ ഈ ഇതില്‍നിന്ന് മാറ്റിനിർത്തിയിരുന്ന കാലം ഉണ്ടായിരുന്നു.
എന്നാല്‍, ആദം മഷ്‌റൂം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഇതുസംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തി. ലളിതമായ രീതിയില്‍ കൂണ്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കാവുന്ന പെല്ലറ്റുകൾ വിപണിയിലെത്തിച്ചത് കൂണ്‍ കര്‍ഷകര്‍ക്ക് സാധ്യതയുടെ വലിയ ലോകമാണ് തുറന്നുനല്‍കിയത്.
മിൽക്കി കൂണുകൾ
ഐ.ടി കമ്പനിയിൽനിന്ന് കൂൺ കൃഷിയിലേക്ക്
അമേരിക്കൻ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു ആദം. കോവിഡ് കാലത്ത് ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കുവേണ്ടി പ്രതിരോധ മരുന്നുകള്‍ തയാറാക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് കൂണിന്റെ പ്രതിരോധ ശക്തിയെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. പിതാവിന് ഹൃദ്രോഗം വന്നപ്പോള്‍ കൂണിനെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലായി.
അങ്ങനെ രോഗം വരാതിരിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും കൂണിന്‍റെ പ്രതിരോധ ശേഷിയെക്കുറിച്ച് കൂടുതലായി പഠിക്കുകയും കൂൺ ഉൽപാദനത്തിലേക്ക് ചുവടുവെക്കുകയും ചെയ്തു.
പെല്ലറ്റിന്റെ സാധ്യതകൾ
ആദമിന്റെ പ്രത്യേക താല്‍പര്യത്തില്‍ ഇവരുടെ തന്നെ ലാബുകളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പെല്ലറ്റ് എന്ന ആശയം കൂൺ കൃഷിയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
കൃഷിക്കുവേണ്ട പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട, പകരം ആദം മഷ്‌റൂം തയാറാക്കി വിപണിയില്‍ എത്തിച്ച പെല്ലറ്റുകള്‍ കര്‍ഷകര്‍ക്ക് വാങ്ങാന്‍ കഴിയും, അതും കിലോക്ക് 40 രൂപ നിരക്കിൽ.
പ്രകൃതിയിലേക്ക് ലയിച്ചുചേരുന്ന ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കിയ പെല്ലറ്റുകൾ ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തും കര്‍ഷകര്‍ ഏറെ വിശ്വാസ്യതയോടെ ഉപയോഗിക്കുന്നു എന്നതാണ് ഇവരുടെ വിജയം.
കുറച്ച് സ്ഥലം, നല്ല പരിചരണം
മറ്റു കൃഷികളെ പോലെ ഏക്കര്‍ കണക്കിന് സ്ഥലം ആവശ്യമില്ല. വൃത്തിയുള്ള ചെറിയ സ്ഥലവും നല്ല പരിചരണവും മാത്രം മതി കൂൺ കൃഷി വിജയിക്കാന്‍ എന്ന് ആദം പറയുന്നു.
അണുക്കള്‍ കയറാത്ത രീതിയില്‍ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. കൂടുതല്‍ പേര്‍ അശ്രദ്ധയോടെ പ്രവേശിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം.
ഗ്രോറൂമിൽ വളർച്ചയെത്തിയ കൂണുകൾ
വിവിധയിനം കൂണുകളും സാധ്യതകളും
ചിപ്പി കൂണ്‍, പാൽ കൂണ്‍, ലയണ്‍സ്‌മെന്‍, റിഷി കൂണ്‍ എന്നിവയാണ് പൊതുവില്‍ കൃഷിചെയ്യാന്‍ പറ്റുന്ന കൂണുകള്‍. എന്നാല്‍, ഇതില്‍ തന്നെ ചിപ്പി കൂണിനാണ് സാധ‍്യത കൂടുതൽ.
ചിപ്പി കൂണില്‍ തന്നെ വിവിധ നിറങ്ങളിലുള്ള കൂണുകളുണ്ട്. ഇത് അൽപം തണുപ്പുള്ള അന്തരീക്ഷത്തിലാണ് വളരുന്നത്. അതുകൊണ്ട് അന്തരീക്ഷ താപനില കുറക്കാൻ ശ്രദ്ധിക്കണം.
അൽപം ചൂട് കൂടിയാലും കുഴപ്പമില്ലാത്തതാണ് പാൽ കൂണ്‍. വേനൽക്കാലത്തും കൃഷി ചെയ്യാനാവും. അന്തരീക്ഷ ഉഷ്മാവില്‍തന്നെ വളരുകയും മികച്ച ഫലം തരുകയും ചെയ്യും. ഇതില്‍നിന്ന് വ്യത്യസ്തമാണ് ലയണ്‍സ്‌മെന്‍ കൂണ്‍. പ്രധാനമായും മരുന്നുകളുടെ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
മനുഷ്യന്റെ ബുദ്ധിശക്തി വർധിപ്പിക്കാനും നിലനിര്‍ത്താനും ആയുര്‍വേദ മരുന്നുകളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. റിഷികൂണ്‍ പൂർണമായും ആയുര്‍വേദ മരുന്നുകളില്‍ കലര്‍ത്താനാണ് ഉപയോഗിക്കുന്നത്. റിഷി കൂണും കന്മദവും ചേര്‍ത്തുള്ള ആയുര്‍വേദ മരുന്നുകള്‍ പ്രസിദ്ധമാണ്.
ഗ്രോ ദി ഫൺഗായിലെ വിവിധ ഉൽപന്നങ്ങൾ
പെല്ലറ്റ് ഉപയോഗിച്ചുള്ള കൃഷി
ഒരു കിലോ തൂക്കംവരുന്ന പെല്ലറ്റ് ഉരുകാത്ത പോളിപ്രൊഫൈലിൻ കവറുകളിലാക്കി ഇതിലേക്ക് ഒന്നര ലിറ്റര്‍ തിളച്ച വെള്ളം ഒഴിക്കുന്നു. വെള്ളം ചേരുന്നതനുസരിച്ച് പെല്ലറ്റിന്റെ നിറം മണ്ണിന്റെ നിറത്തിന് സമാനമാകും. പിന്നീട് കവറിന്റെ മുകള്‍ ഭാഗം സര്‍ജിക്കല്‍ ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെക്കുന്നു.
പൂർണമായി ചൂടാറിയ ശേഷം ഒരു കിലോ പെല്ലറ്റിലേക്ക് 150 ഗ്രാം വിത്ത് കലര്‍ത്തിക്കൊടുക്കുന്നു. ഇങ്ങനെ 25 ദിവസം ഊഷ്മാവ് കുറഞ്ഞ മുറിയില്‍ സൂക്ഷിച്ചുവെക്കുന്നു.
വിത്ത് പൂർണമായി കവറിലെ പെല്ലറ്റ് മിശ്രിതത്തില്‍ കലര്‍ന്നുകഴിഞ്ഞു എന്ന് ഉറപ്പുവരുത്തണം. 25 ദിവസം കഴിഞ്ഞ് കവര്‍ കമഴ്ത്തിവെച്ച് കവറിനുപുറത്ത് ബ്ലേഡ് കൊണ്ട് അഞ്ചു തുളകള്‍ വീതം ഇടണം. എല്ലാ ദിവസവും കവറിന് പുറത്ത് വെള്ളം സ്പ്രേ ചെയ്ത് ഊഷ്മാവ് നിലനിര്‍ത്തണം.
അഞ്ചുദിവസം കഴിഞ്ഞാല്‍ കവറിന് പുറത്തേക്ക് കീറിയ ഭാഗത്തുകൂടി മുള വരാന്‍ തുടങ്ങും. നാലുദിവസം കഴിഞ്ഞാല്‍ വിളവെടുപ്പ് തുടങ്ങാം. കൃത്യമായി വെള്ളം സ്പ്രേ ചെയ്ത് പരിപാലിച്ചാല്‍ മൂന്നു മുതല്‍ നാലു മാസം വരെ ഇതില്‍നിന്ന് വിളവെടുക്കാന്‍ കഴിയും.
ഗ്രോറൂമിൽ വളർച്ചയെത്തിയ കൂണുകൾ
വിത്തിന്റെ ലഭ്യത
കൃഷിരീതികള്‍ മാറിയതോടെ വിളയിച്ചെടുക്കുന്ന ഫലങ്ങളില്‍നിന്ന് വിത്ത് എന്ന സങ്കൽപം മാറി. ലാബുകളില്‍ വിത്തുകള്‍ തയാറാക്കിയെടുക്കുന്ന രീതിയാണ് ഇന്ന് സാർവത്രികമായി പ്രയോഗിക്കുന്നത്.
ആദം മഷ്‌റൂം അവരുടെ തന്നെ ലാബില്‍ ഗുണമേന്മയുള്ള വിത്തുകള്‍ ഉൽപാദിപ്പിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു. ഇവർ തയാറാക്കുന്ന വിത്തിന് കിലോക്ക് 180 മുതല്‍ 200 രൂപവരെയാണ് വിലവരുന്നത്.
ആഗോള പണിയിലേക്കുള്ള ജാലകം
ഏത് കൃഷിയിലൂടെയും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ആ പ്രദേശത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിപണിയിലെത്തിച്ച് വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കി വിൽപന നടത്തുമ്പോള്‍ കൂണിന്‍റെ കാര്യത്തില്‍ ശൈലി വേറെയാണ്. കൂണ്‍ പച്ചയായും ഉണക്കിയും ഉപയോഗിക്കുന്നതിലൂടെ ലോക വിപണിയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നുവെക്കപ്പെടുന്നത്.
കൂൺകൃഷിയിലെ പുത്തന്‍ സാധ്യതകളുടെ പഠനങ്ങളിലും പരീക്ഷണങ്ങളിലുമാണ് ഇവരുടെ ലബോറട്ടറികള്‍. തമിഴ്നാട്ടില്‍ പരീക്ഷിച്ച കണ്ടെയ്‌നര്‍ കൃഷി സാധ്യത കേരളത്തിലും ഇവർ പരീക്ഷിച്ച് വിജയിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട പ്രോത്സാഹനങ്ങല്‍ നല്‍കുന്നുണ്ടെന്ന് ആദം പറഞ്ഞു.
കൃഷിമന്ത്രിയുടെ വീട്ടിലെ കൂൺകൃഷി ഒരുക്കിക്കൊടുത്തിരിക്കുന്നതും വേണ്ട നിർദേശങ്ങൾ നല്‍കുന്നതും ആദമാണ്. കാര്‍ഷിക സർവകലാശാലയുടെ കീഴിലെ കൂൺകൃഷി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കും ആദമിന്റെ സഹകരണവും പങ്കാളിത്തവുമുണ്ട്. കേന്ദ്ര സര്‍ക്കാർ യുവ സംരംഭകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരളത്തിലെ കര്‍ഷകരില്‍ ഒരാൾ കൂടിയാണിദ്ദേഹം.
തൃശൂർ കൊരട്ടി സ്വദേശിയാണ്. ഭാര്യ റഈസ മനാന്‍ വിന്റേജ് ക്രാഫ്റ്റുകളുടെ വിന്റേജ് ഓപ്പ്‌സ് എന്ന സ്ഥാപനം ഓണ്‍ലൈനായി നടത്തിവരുന്നു. അയ റൂഹിയാണ് മകൾ.
കൂണ്‍ഗ്രാമം പദ്ധതി
കൂൺ കൃഷി പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂൺ കർഷകരുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണ് കൂണ്‍ഗ്രാമം. 50 കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് കൃഷിസംബന്ധിച്ച പരിശീലനവും മറ്റു സാഹയങ്ങളും ഇവര്‍ നല്‍കുന്നു. കേരളത്തിലെ കൃഷി ഓഫിസുകള്‍ വഴിയാണ് കൂൺഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിന് വേണ്ട എല്ലാ സഹായവും ഇവർ നൽകുന്നുണ്ട്.
ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നാഗാലൻഡ്, കുടക്, ഇന്ത്യക്കുപുറത്ത് കുവൈത്ത്, അബൂദബി എന്നിവിടങ്ങളിലേക്കും ആദം പെല്ലറ്റുകളും വിത്തുകളും മുല്യവർധിത ഉൽപന്നങ്ങളും കയറ്റിയയക്കുന്നു എന്നത് ഇതിന്റെ സാധ്യത ആഗോളതലത്തില്‍ വർധിക്കുന്നതിന്റെ സൂചനയാണ്.
കര്‍ഷകര്‍ക്കൊപ്പം
ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിലുടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന നിലപാടല്ല ഇവരുടേത്. തങ്ങളുടെ പക്കല്‍നിന്ന് പെല്ലറ്റും വിത്തും വാങ്ങുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കൂൺ കൃഷിയില്‍ വേണ്ട നിർദേശങ്ങളും സഹായവും നല്‍കാന്‍ തയാറായ മികച്ച ടീം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് (ഇന്ത്യയിലെവിടെയാണെങ്കിലും) ഇവര്‍ പെല്ലറ്റും വിത്തും എത്തിക്കുകയും കൃഷിക്കുവേണ്ട നിർദേശങ്ങള്‍ കൃത്യമായി അറിയിക്കുകയും ചെയ്ത് കര്‍ഷകന്റെ ആത്മവിശ്വാസത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിതാന്ത ജാഗ്രതയാണ് ഇവർ പുലര്‍ത്തുന്നത്.