ഒരു തൂവലിന്‍റെ പോലും തണലില്ലാത്ത മൊട്ടക്കുന്നിനെ സ്വർഗഭൂമിയാക്കി തുടക്കം; ഇന്ന് ബംഗളൂരു നഗരവാസികൾ വാരാന്ത്യം ആസ്വദിക്കുന്ന 500 ഏക്കറിലധികം ഭക്ഷ‍്യവനം ഒരുക്കിയ മലയാളിയെക്കുറിച്ചറിയാം
text_fieldsശിഹാബ് തന്‍റെ ഭക്ഷ്യവനത്തിൽ
കർണാടക ശൂലഗിരിയിലെ അഞ്ചേക്കർ വരണ്ട ഭൂമിയിൽ പച്ചപ്പ് നിറച്ചായിരുന്നു തുടക്കം. ഇന്ന് 500 ഏക്കറിലധികം ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിച്ച് ഭക്ഷ‍്യവനം തീർത്ത് മലയാളിയായ ശിഹാബ് ഇവിടം സ്വർഗഭൂമിയാക്കുകയാണ്...
അടുത്ത പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളർത്താൻ നിൽക്കരുത് എന്നൊരു ചൊല്ലുണ്ട് മലയാളികൾക്കിടയിൽ. എന്നാൽ, ബംഗളൂരു ജെ.സി നഗറിന് സമീപത്തെ മൈതാനത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി ശിഹാബ് പക്ഷേ ഈ പഴഞ്ചൊല്ല് തിരുത്തിക്കുറിച്ച ചെറുപ്പക്കാരനാണ്.
ഐ.ടി കമ്പനിയിൽ ജോലി നേടി ബംഗളൂരുവിലെത്തിയ ശിഹാബിനും കൂട്ടുകാർക്കും പതിവായി രാവിലെ ക്രിക്കറ്റ് കളിക്കുന്ന ശീലമുണ്ട്. അതിനിടെയാണ് മിക്ക ദിവസങ്ങളിലും തങ്ങൾ കളിക്കുന്ന മൈതാനത്തിന്‍റെ ഒരു ഭാഗത്ത് പലരും ചാണകം കൊണ്ടുതള്ളുന്നത് ശ്രദ്ധയിൽപെട്ടത്.
ഗ്രൗണ്ട് നിറയെ മണ്ണാണ്, വേണ്ടത്ര ചാണകവും ഉണ്ട്... പിന്നെന്തിന് മണ്ണിനെ മാറോടുചേർത്ത താൻ ഈ ഐ.ടി നഗരത്തിലും കൃഷിയിൽനിന്ന് വിട്ടുനിൽക്കണം. കൂട്ടുകാരുമായി ആശയം പങ്കുവെച്ചപ്പോൾ അവരും റെഡി. ജോലി കഴിഞ്ഞാൽ ധാരാളം സമയമുള്ളതിനാൽ അവരും കൂടെക്കൂടി. അങ്ങനെ പതിയെ ഓരോ ദിവസവും ഗ്രൗണ്ടിൽനിന്ന് മൂന്നോ നാലോ ചാക്ക് മണ്ണെടുത്തു.
20ഓളം മലയാളികൾ താമസിക്കുന്ന നാലുനില ഹോസ്റ്റലിന്‍റെ മട്ടുപ്പാവിൽ ഗ്രോ ബാഗ് കൃഷി തുടങ്ങി. കളിക്കാൻ പോയി വരുമ്പോൾ മണ്ണും ചാണകവും കൊണ്ടുവരുന്നത് ആ മലയാളി കൂട്ടം പതിവാക്കി. ഫലമോ, ബംഗളൂരു പോലുള്ള നഗരത്തിൽ 14 വർഷം മുമ്പുതന്നെ 130 ഗ്രോ ബാഗുകളിൽ കൃഷിയിറക്കി നേട്ടം കൊയ്യാൻ ഐ.ടി പ്രഫഷനലുകൾക്കായി.
കൃഷി സംബന്ധിച്ച് കൂട്ടുകാർക്ക് പല സംശയങ്ങളും ഉയർന്നുവന്നപ്പോൾ അതിനായി ‘കൃഷി ആപ്’ തന്നെ പുറത്തിറക്കി. ഐ.ടി കമ്പനിയിൽ ആപ് ഡെവലപ്പർ ആയിരുന്ന ശിഹാബിന്‍റെ കൃഷി ആപ്പിനെ കൂട്ടുകാർ മാത്രമല്ല കർഷകരൊന്നാകെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ആപ്പും മട്ടുപ്പാവ് കൃഷിയുമിറക്കിയ വാർത്ത കാട്ടുതീ പോലെ പടർന്നു. ചാനലുകളും പത്രങ്ങളുമൊക്കെ ബംഗളൂരുവിലെ ആ ഫ്ലാറ്റിലെ മട്ടുപ്പാവിലെത്തി. വിളവും വാർത്തകളും ശിഹാബിനും കൂട്ടർക്കും നൽകിയ ഊർജം വലുതായിരുന്നു.
ആ വലുപ്പം എത്രത്തോളം എന്നറിയാൻ ഇന്ന് തമിഴ്നാട്-കർണാടക അതിർത്തിയിലെ ശൂലഗിരി എന്ന നാട്ടിലെത്തണം. ഒരു ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചും നൂറുകണക്കിന് ഭക്ഷ്യവനം (Food Forest) ഒരുക്കിയും പുതിയ പ്രകൃതിപാഠം പകരുകയാണ് ശിഹാബ്.
ഉമ്മുമ്മയുടെ കൈപിടിച്ച്
ഉമ്മുമ്മ പച്ചക്കറിയും മറ്റും നടാൻ തൊടിയിലേക്കിറങ്ങുമ്പോൾ ശിഹാബ് എന്ന അഞ്ചാം ക്ലാസുകാരനും കൂടെയുണ്ടാകും. ഉമ്മുമ്മ പച്ചക്കറി തൈ നടുമ്പോൾ ഒരുപക്ഷേ അവൻ നടുക പത്തുമണി ചെടിയാകാം. പച്ചക്കറി തോട്ടത്തിലും മുറ്റത്തുമെല്ലാം പൂത്തുനിൽക്കുന്ന പത്തുമണി ചെടിയിൽനിന്ന് അവൻ പതിയെ കൃഷിയെ അറിയാൻ തുടങ്ങി, മണ്ണിനെ അറിയാൻ തുടങ്ങി. പിതാവ് കുഞ്ഞഹമ്മദും നല്ലൊരു കർഷകനാണ്. മിഡിൽ ഈസ്റ്റിൽ ഈത്തപ്പഴ കമ്പനിയിൽ കൺസൽട്ടന്‍റ് ആയിരുന്ന പിതാവ് റിട്ടയർ ചെയ്തശേഷം നാട്ടിൽ കൃഷിയിൽ സജീവമായിരിക്കുകയാണ്.
എൻജിനീയറിങ് കഴിഞ്ഞ് 2011ൽ ബംഗളൂരുവിൽ ഐ.ടി പ്രഫഷനലായി ജോലികിട്ടി പോകുന്നതുവരെ മണ്ണിനും മരങ്ങൾക്കുമൊപ്പം ശിഹാബും വളർന്നു. ബംഗളൂരുവിൽനിന്ന് അവധിക്ക് നാട്ടിൽ എത്തുന്നതുപോലും കൃഷി സ്വപ്നം കണ്ടാണ്. മണ്ണിനെ വിടാനൊരുക്കമില്ലാത്ത ഈ മനസ്സുകൊണ്ടാണ് ബംഗളൂരുവിലെ താമസസ്ഥലത്തും ടെറസിൽ കൃഷിയിറക്കാനായത്.
ഭക്ഷ്യവനത്തിലെത്തിയ അതിഥികൾക്കൊപ്പം ശിഹാബ്
തുടക്കം അഞ്ചേക്കറിൽ
2009ൽ പുറത്തിറങ്ങിയ ‘ഇവിടം സ്വർഗമാണ്’ എന്ന സിനിമയിൽ കാണിക്കുന്ന ഫാം ഹൗസ് അടങ്ങുന്ന സ്വർഗം മനസ്സിൽ കൊണ്ടുനടക്കുന്ന ശിഹാബിന്‍റെ മുന്നിലേക്ക് സുഹൃത്തിന്‍റെ സുഹൃത്തായ ബൈജു കൊണ്ടുവന്ന പ്രോജക്ട് ജീവിതംതന്നെ മാറ്റിമറിക്കുകയായിരുന്നു. തമിഴ്നാട്-കർണാടക അതിർത്തിയിൽ ഹൊസൂരിലുള്ള തന്‍റെ സ്ഥലത്ത് ഭക്ഷ്യവനം ഉണ്ടാക്കാനുള്ള ആശയം ബൈജു അവതരിപ്പിച്ചപ്പോൾ ശിഹാബിന് രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നു.
അഞ്ച് ഏക്കറിൽ 200ഓളം ഫലവർഗങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു ആദ്യ ഘട്ടം.
തടസ്സങ്ങൾ ഏറെ
വിവാഹശേഷം 2015ൽ ഭാര്യക്കും ഏഴു മാസം പ്രായമായ മകൾക്കുമൊപ്പം ബംഗളൂരുവിൽ താമസം തുടങ്ങിയ ശിഹാബിനെ സംബന്ധിച്ച് സ്വർഗം പണിയാൻ കിട്ടിയ അവസരം വിട്ടുകളയാനാവുമായിരുന്നില്ല. ബംഗളൂരു നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെ ഹൊസൂരിലെ ശൂലഗിരിയിൽ സ്വർഗം പണിയാനെത്തിയ ശിഹാബിനെ കാത്തുനിന്നത് ശരിക്കും നരകംതന്നെയായിരുന്നു.
ആരെയും പിറകോട്ടടിപ്പിക്കുന്ന ഒരു മൊട്ടക്കുന്ന്. ഒരു തൂവലിന്‍റെ പോലും തണലില്ലാത്ത ആൾതാമസമില്ലാത്ത ഭീതിപ്പെടുത്തുന്ന പ്രദേശം. കേരളത്തിലെ പോലെ മഴ ലഭിക്കുന്ന പ്രദേശമല്ലാത്തതിനാൽ ഒരുപുൽനാമ്പ് പോലുമില്ലായിരുന്നു അവിടെ. ഈ തരിശുഭൂമിയിൽ എങ്ങനെ ഭക്ഷ്യവനമൊരുക്കും. തിരിച്ചുപോരൂ എന്ന് പലരും പറഞ്ഞെങ്കിലും മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കിയാൽ തനിക്കും ഇവിടെ സ്വർഗം പണിയാനാകുമെന്നായിരുന്നു ശിഹാബിന്‍റെ മറുപടി.
ഐ.ടി കമ്പനിയിലെ ജോലി രാജിവെക്കാതെ വാരാന്ത്യങ്ങളിൽ അങ്ങനെ അയാൾ മണ്ണിലേക്കിറങ്ങാൻ തീരുമാനിച്ചു. ഭാര്യക്കും കുഞ്ഞുമകൾക്കുമൊപ്പം ബംഗളൂരുവിൽനിന്ന് ട്രെയിൻ കയറി ഹൊസൂരിൽ ഇറങ്ങും. അവിടെനിന്ന് ബസ് കയറി ശൂലഗിരി എത്തും. അവിടെ നിന്ന് ബസോ ഓട്ടോയോ കയറി വേണം കൃഷിസ്ഥലത്ത് എത്താൻ. പച്ചപ്പ് നൽകിയ ഉൾക്കരുത്തിൽ അഞ്ചു വർഷത്തോളമാണ് 80 കിലോമീറ്റർ നീണ്ട ആ ദുരിതയാത്ര അയാളും കുടുംബവും താണ്ടിയത്.
മഴമേഘങ്ങൾ കനിയാത്ത നാടായിരുന്നു ശൂലഗിരി. കൃഷിക്ക് വെള്ളം കിട്ടാനില്ലാത്ത അവസ്ഥ. കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചു. ഒരെണ്ണം കുഴിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടാമത് കുഴിച്ചപ്പോഴും ഭൂമി കനിഞ്ഞില്ല. ഒടുവിൽ അഞ്ചു കിലോമീറ്റർ അകലെ സ്ഥലം വാങ്ങി കുഴൽക്കിണർ കുത്തി പൈപ്പ് വഴി കൃഷിസ്‍ഥലത്തേക്ക് വെള്ളമെത്തിച്ചു. പിന്നീട് നിരവധി കുളങ്ങൾ കുത്തി, അരുവികൾ തീർത്തു, മഴവെള്ളം പൂർണമായും കൃഷിയിടത്തിലേക്ക് ഉപയോഗിക്കാനുള്ള എല്ലാ മാർഗങ്ങളും ഒരുക്കി.
കൃഷിക്കാവശ്യമായ ജൈവവളമായി ചാണകം ലഭിക്കാൻ നാടൻ പശുവിനായി ഗുണ്ടൽപേട്ട്, മൈസൂരു, ശിവമൊഗ്ഗ, സത്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞു. ഒടുവിൽ ശിവമൊഗ്ഗയിലെ ആശ്രമത്തിൽനിന്ന് 10 നാടൻ പശുക്കളെ സൗജന്യമായി ലഭിച്ചു. ശിഹാബിന്‍റെ ഉദ്യമം മനസ്സിലാക്കിയ അവർ പശുക്കളെ സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ആ 10 പശുക്കൾ ഇന്ന് 50ലധികമായി പല പ്രോജക്ടുകളിൽ ചാണകവും പാലും നൽകിവരുന്നു.
അഞ്ച് ഏക്കർ സ്ഥലം ഹരിതാഭമാക്കണമെങ്കിൽ നല്ലൊരു തുക തന്നെ വേണ്ടിയിരുന്നു. ബന്ധുക്കളും ഭാര്യവീട്ടുകാരും സുഹൃത്തുക്കളും പണമിറക്കാൻ തയാറായി. നാട്ടിൽനിന്ന് ഏഴ് പണിക്കാരെയും ചട്ടി, കൈക്കോട്ട്, ചെടികൾ എന്നിവയുമായി ഒരു ദിവസം ആ മണ്ണിൽ വന്നിറങ്ങിയ ശിഹാബ് പതിയെ ആ തരിശുഭൂമിയെ നിറപ്പച്ചയിലേക്ക് നയിച്ചു.
നല്ലൊരു റോഡോ ശുചിമുറിയോ കൊടുംവെയിലത്തുനിന്ന് മാറിനിൽക്കാൻ ഒരു ടെന്‍റോ പോലുമില്ലാത്ത സ്ഥലത്ത് ഇന്ന് ആയിരക്കണക്കിന് പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും മരങ്ങളും നിറഞ്ഞ് ഭൂമിയിലെ സ്വർഗമായി ക്കഴിഞ്ഞു.
ശിഹാബ് കുടുംബത്തോടൊപ്പം
അഞ്ചിൽനിന്ന് അഞ്ഞൂറിലേക്ക്
പരീക്ഷണാർഥം അഞ്ചേക്കറിൽ തുടങ്ങിയ ഈ ഉദ്യമം ഇന്ന് 500 ഏക്കറിലധികം സ്ഥലത്തേക്ക് വ്യാപിച്ചുകഴിഞ്ഞു എന്നറിയുമ്പോഴാണ് ശരിക്കും ശിഹാബിന്‍റെ പ്രയത്നത്തിന്‍റെ വിലയറിയുക. രാജ്യത്തിനകത്തും പുറത്തുമായി 600ഓളം ആളുകൾ ഇന്ന് ഈ ചെറുപ്പക്കാരനെ വിശ്വസിച്ച് ഭക്ഷ്യവനമൊരുക്കാൻ പണമിറക്കിക്കഴിഞ്ഞു.
കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഭക്ഷ്യവനം ഒരുക്കിക്കഴിഞ്ഞു. ആഫ്രിക്കയിലെ കോംഗോയിൽ ഭക്ഷ്യവനമൊരുക്കാൻ ഒക്ടോബറിൽ പോകാനിരിക്കുകയാണ് ശിഹാബും കൂട്ടരും.
കേരളത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മോൺഡാന എസ്റ്റേറ്റ് (montana), മലബാർ ഗോൾഡിന്റെ ഹെഡ് ക്വാർട്ടേഴ്സ്, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ വീട്ടിലെ കൃഷിയിടം, വയനാട് മീനങ്ങാടിയിലെ പ്രോജക്ട്, കോഴിക്കോട് മർകസിലേക്കാവശ്യമായ പാലിനും ഇറച്ചിക്കുമായുള്ള പൗൾട്രി ഫാം തുടങ്ങി നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പാക്കിവരുന്നു.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മരങ്ങൾ നടുന്ന 100 ‘മിയാവാക്കി’ വനവും ഭക്ഷ്യവനത്തിൽ തയാറാക്കിക്കഴിഞ്ഞു. തന്‍റെ ഇത്തരം ഉദ്യമത്തിന്‍റെ വിജയത്തിനും നടത്തിപ്പിനുമായി കിലുക്ക ഫാംസ്, ഫിലോസൻ ഫാംസ്, ഗ്രീനറ ലൈഫ് എന്നീ കമ്പനികളും പാർട്ണർഷിപ്പിൽ ആരംഭിച്ചിട്ടുണ്ട്.
എന്താണ് ഭക്ഷ്യവനം, ആർക്കൊക്കെ കൂടാം?
ചുരുങ്ങിയത് 23 സെന്‍റ് സ്ഥലം ശൂലഗിരിയിൽ സ്വന്തമാക്കിയാൽ നിങ്ങൾക്കും ഭക്ഷ്യവനം ഒരുക്കാം. നിങ്ങളുടെ കുടുംബത്തിനുവേണ്ട പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കാം. പ്ലാവും മാവും മുതൽ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളുമൊക്കെയായി ജൈവവൈവിധ്യങ്ങളുടെ നിറക്കാഴ്ചയാണ് ഭക്ഷ്യവനത്തിൽ.
വിവിധതരം മാവുകൾ, പ്ലാവുകൾ, അവക്കാഡോ, നാരകം, സ്റ്റാർ ഫ്രൂട്ട്, ചെറികൾ, നിരവധി മൾബറികൾ, വിവിധതരം കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി വ്യത്യസ്തതയുടെ നിറവും മണവുമാണ് ഈ ഭൂമിക്ക്. അവിടെ ഫാം ഹൗസും കോട്ടേജുകളും കൃഷിയും ഒരുക്കാൻ ശിഹാബിന്‍റെ ഫിലോസൻ ഫാം മുന്നിലുണ്ടാകും. ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിൽ നിങ്ങൾക്ക് അൽപനേരം വിശ്രമിക്കാനും ആസ്വദിക്കാനും വാരാന്ത്യങ്ങളിലോ അല്ലാതെയോ ഇവിടെയെത്താം.
നിങ്ങളുടെ ഭൂമിയിലെ വിളകളും ഫലങ്ങളും വിറ്റ് അതിന്‍റെ ലാഭം കൈമാറാനും ശിഹാബുണ്ട്. ബംഗളൂരുവിലെ നഗരവാസികൾ മിക്കവരും അവരുടെ വാരാന്ത്യങ്ങൾ ഇപ്പോൾ ആസ്വദിക്കുന്നത് ശൂലഗിരിയിലെ സ്വന്തം ഭൂമിയിലാണ്.
തുടക്കത്തിൽ ഇത്തരമൊരു പ്രോജക്ടിനോട് അടുക്കാൻ ആളുകൾക്ക് മടിയുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ ധാരാളം പേരാണ് മുന്നോട്ടുവരുന്നതെന്ന് ശിഹാബ് പറയുന്നു. 2016ൽ 21.5 ലക്ഷം മുടക്കി സ്ഥലം സ്വന്തമാക്കിയവരുടെ ആ ഭൂമിയുടെ ഇന്നത്തെ മതിപ്പുവിലയാകട്ടെ 3.5 കോടിയാണ്.
ഭക്ഷ്യവനം കാണാം
ലക്ഷക്കണക്കിന് രൂപ നൽകാനും ഭക്ഷ്യവനം ഒരുക്കാനും നിങ്ങൾക്ക് സാധിക്കുന്നില്ല എന്നിരിക്കട്ടെ. അതിനും ശിഹാബിന്‍റെ മുന്നിൽ വഴിയുണ്ട്. ചെറിയൊരു തുക മുടക്കിയാൽ നിങ്ങൾക്ക് ശിഹാബിന്‍റെ ഭക്ഷ്യവനത്തിലെ സന്ദർശകരാകാം. വാരാന്ത്യങ്ങളിലും അല്ലാതെയുമായി നടക്കുന്ന ഏകദിന ശിൽപശാലയിൽ നിങ്ങൾക്കും പങ്കാളികളാകാം. ഭക്ഷ്യവനം എങ്ങനെ തയാറാക്കാം എന്നുതുടങ്ങി നൂതന കൃഷി അറിവുകളും നാലു നേരത്തെ രുചികരമായ ഭക്ഷണവും പ്രകൃതിഭംഗിയും ആസ്വദിച്ച് മനംനിറച്ച് മടങ്ങാം.
നാലുവർഷമായി ജൂൺ മാസത്തിൽ ശൂലഗിരിയിൽ നടത്തിവരുന്ന മാമ്പഴ ഫെസ്റ്റിന് ആരാധകർ ഏറെയാണ്. എല്ലാ വർഷവും 60,000 കിലോ മാമ്പഴമാണ് ഈ സ്ഥലത്താകെ ഉൽപാദിപ്പിക്കുന്നത്. മറ്റു വിളകളിൽനിന്നും നല്ല ആദായം ലഭിക്കുന്നു. മാമ്പഴ ഫെസ്റ്റിൽ 50 തരം മാങ്ങയാണ് പ്രദർശിപ്പിക്കുന്നത്. ഇതിന് പുറമെ മാമ്പഴ സദ്യ, പാചക മത്സരം എന്നിവയും നടത്തിവരുന്നു.
ഭക്ഷ്യവനത്തെ കുറിച്ചും കൃഷിയെ കുറിച്ചുമെല്ലാം ഓൺലൈൻ ക്ലാസുകളും നൽകിവരുന്നു. സൗദിയിൽ യു.എൻ അവതരിപ്പിച്ച കോൺഫറൻസ്, തുർക്കിയയിലും യു.എ.ഇയിലും നടന്ന കോൺഫറൻസ് എന്നിവിടങ്ങളിൽ പ്രബന്ധം അവതരിപ്പിച്ച ഈ ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിലും വൈറലാണ്. കൃഷി അറിവുകൾ പകർന്നുതരുന്ന ‘shihab’s Food Forests’ യൂട്യൂബ് ചാനൽ നിരവധി ആളുകളാണ് പിന്തുടരുന്നത്.
റമീഷയാണ് താരം
ഭാര്യ റമീഷയെ കുറിച്ച് പറയുമ്പോൾ ശിഹാബ് അൽപം വാചാലനാകും. അതിന് കാരണവും കടപ്പാടുമുണ്ടുതാനും. ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇത്രത്തോളം ‘കൃഷിക്കിറുക്ക്’ ഉണ്ടെന്ന് സ്വപ്നത്തിൽ പോലും റമീഷ കരുതിയിട്ടുണ്ടാവില്ല. കൃഷിയിൽ ഒട്ടും തൽപര അല്ലാതിരുന്നിട്ടുകൂടി റമീഷ കൂടെനിന്നു.
നാലുവർഷത്തോളം എല്ലാ വാരാന്ത്യങ്ങളിലും ഏഴു മാസം പ്രായമായ കൈക്കുഞ്ഞുമായി കിലോമീറ്ററുകൾ താണ്ടി. അവിടെയെത്തിയാലോ, ഒരു തണൽപോലുമില്ല ഒന്ന് ഇരിക്കാൻ. കുടിക്കാൻ നല്ല വെള്ളമില്ല. 2017ലാണ് കോട്ടേജ് ഒക്കെ ഉണ്ടാക്കി അൽപമെങ്കിലും പ്രതിസന്ധി പരിഹരിക്കുന്നത്.
ഹൊസൂരിലെ എം.എസ്. ധോണി ഗ്ലോബൽ സ്കൂൾ വിദ്യാർഥികളായ 10 വയസ്സുകാരി ഹവ്വ ഫാത്തിമ ശിഹാബ്, നാലുവയസ്സുകാരൻ ഒമർ ബിൻ ശിഹാബ് എന്നിവരാണ് മക്കൾ.


