ഇവിടെ പ്ലാസ്റ്റിക് 'കടക്ക് പുറത്ത്'
text_fieldsബിട്ടു ജോൺ
പ്ലാസ്റ്റിക് ഇല്ലാത്തൊരു പർച്ചേസിനെക്കുറിച്ച് ഇക്കാലത്ത് നമുക്ക് ചിന്തിക്കാൻ പറ്റുമോ? ശരിക്കും അതൊരു റിസ്കി ടാസ്കാണ്. എത്ര ശ്രമിച്ചാലും എന്തെങ്കിലും ഐറ്റം പ്ലാസ്റ്റികിൽ പാക്ക് ചെയ്തുവാങ്ങാൻ നിർബന്ധിതരാവാറുണ്ട് നമ്മൾ. എന്നാൽ, ഈ പ്രശ്നത്തിന് ഒരു ലോകോത്തര മാതൃകയാണ് കോതമംഗലം സ്വദേശി ബിട്ടു ജോണ്‍ ആവിഷ്കരിച്ചത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ കടയാണ് എം.ടെക്കുകാരനായ യുവാവ് ആരംഭിച്ചത്. പഴയകാല പലചരക്കുകടകളെ അനുസ്മരിപ്പിക്കുംവിധം രൂപകൽപന ചെയ്ത മോഡേൺ പലചരക്കുകടയാണിത്. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് മുക്ത കടകൂടിയാണ് സെവൻ ടു നയൻ ഗ്രീൻ സ്റ്റോറെന്ന് ബിട്ടു പറയുന്നു.
വീട്ടിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളുമുണ്ട് ബിട്ടുവിെൻറ കടയിൽ. എല്ലാം പക്ഷേ 'ലൂസ്' ആയിട്ടാണു വിൽക്കുന്നതെന്നു മാത്രം. ക്ലീനിങ് ലോഷനുകള്‍, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ്, മിനറല്‍ വാട്ടർ, പാൽ, ഷാംപൂ തുടങ്ങിയവയെല്ലാം ഗ്ലാസ് കുപ്പിയിലാണ് നൽകുന്നത്. ഇനി ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്നാൽ അങ്ങനെയും വാങ്ങാം. കസ്റ്റമർക്ക് പ്ലാസ്റ്റിക് ഇല്ലാതെ ആവശ്യമുള്ള സാധനം ഫ്രഷായി കൊണ്ടുപോകാം എന്നതാണ് ഇവിടത്തെ പ്രത്യേകത. 2018ലാണ് കോലഞ്ചേരി മെഡിക്കൽ കോളജിനടുത്ത് കട ആരംഭിച്ചത്. ഒരു ലണ്ടൻ യാത്രക്കിടെയാണ് അവിടത്തെ 'എര്‍ത്ത്, ഫുഡ്, ലവ്' എന്ന സൂപ്പർമാർക്കറ്റ് കാണുന്നത്. അതാണ് കടതുടങ്ങാൻ ബിട്ടുവിന് വഴിത്തിരിവായതും. പ്ലാസ്റ്റിക് ഇല്ലാതെ എങ്ങനെ ഗ്രോസറി കട ആരംഭിക്കാം എന്ന ചിന്തയാണ് ബിട്ടുവിനെ ഗ്രീൻ സ്റ്റോറിലെത്തിച്ചത്.
ഒന്നര വർഷത്തോളം സമയമെടുത്താണ് കട രൂപകൽപന ചെയ്തത്. പാക്ക് ചെയ്തുവരുന്ന വസ്തുക്കളിലാണ് കൂടുതൽ പ്ലാസ്റ്റിക് അടങ്ങുന്നത് എന്നതിനാൽ തുടക്കം 80 ശതമാനത്തോളം സാധനങ്ങളും ലൂസ് ആയാണ് വിൽപനക്കു വെച്ചത്. പക്ഷേ, ആളുകൾ സഹകരിച്ചതോടെ ലൂസ് ഐറ്റങ്ങൾക്ക് ആവശ്യക്കാർ വർധിക്കുകയും പാക്ഡ് േപ്രാഡക്ട്പതിെയ ഔട്ടാവുകയും ചെയ്തു; ഒപ്പം പ്ലാസ്റ്റിക്കും. കട തുടങ്ങി രണ്ടര വർഷത്തിനിടെ 12 ലക്ഷം പ്ലാസ്റ്റിക് കെണ്ടയ്നർ, മൂന്നു ലക്ഷത്തോളം പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ ഭൂമിക്ക് ഭാരമാവാതെ സേവ് ചെയ്യാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. വാങ്ങുന്ന സാധനങ്ങളുടെ എണ്ണം അനുസരിച്ച് എത്ര പ്ലാസ്റ്റിക് സേവ് ചെയ്തു എന്നത് അവരുടെ ബില്ലിൽതന്നെ കാണിക്കുന്നതുകൊണ്ട് കൃത്യമായ കണക്കുണ്ട്.
സാധനങ്ങൾ സൂക്ഷിക്കാനായി വിവിധ തരം ബിന്നുകൾ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്തത്. ജര്‍മനി, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍നിന്നൊക്കെ കൊണ്ടുവന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോപ് സജ്ജീകരിച്ചത്. ജാറില്നിന്നു പമ്പുചെയ്ത് ലോഷനൊക്കെ എടുക്കുന്ന മെഷീന് യു.എസില്‍നിന്നു കൊണ്ടുവന്നതാണ്.അളവുനോക്കുന്നതിന് സഹായിക്കാനാളുണ്ട്. പൊടികളൊക്കെ മൊത്തത്തിൽ വാങ്ങി അതിൽ പ്രിസർവേറ്റിവോ കളറോ ചേർക്കാതെ പൊടിച്ചാണ് വിൽപനക്ക് വെക്കുന്നത്. ബ്രാൻഡുകളൊന്നും വെക്കാറില്ല. 1600ഓളം ഐറ്റംസ് കടയിലുണ്ട്. വൃത്തിയുടെ കാര്യത്തിലും േപ്രാഡക്ടിെൻറ ഗുണമേന്മയുടെ കാര്യത്തിലും ഒരു കോംപ്രമൈസിനുമില്ലെന്നും ബിട്ടു പറഞ്ഞു.
''കാരിബാഗ് മാത്രം പ്ലാസ്റ്റിക് അല്ലാത്തത് ഉപയോഗിക്കുകയും ബാക്കി സാധനങ്ങൾ പ്ലാസ്റ്റിക് കവറിൽ എടുക്കുന്നതും ശരിക്കും മണ്ടത്തമാണ്. പാക്ഡ് സാധനങ്ങൾ പ്ലാസ്റ്റിക് കെണ്ടയ്നറിൽ വാങ്ങി വീട്ടിലെത്തിയാൽ അതിെൻറ ഉപയോഗം കഴിഞ്ഞു. പിന്നെ അത് ഭൂമിക്ക് ഭാരമാണ്. പലരും അവ കത്തിച്ചോ കുഴിച്ചിട്ടോ ഒഴിവാക്കാറാണ് പതിവ്. ശരിക്കും ഇൻഡിവിജ്വൽ ഐറ്റം വാങ്ങുമ്പോഴാണ് പ്ലാസ്റ്റിക് ഒഴിവാക്കേണ്ടത്. അല്ലാതെ കാരി കവർ മാത്രം മാറ്റിയിട്ട് കാര്യമില്ല... ബ്രിങ് യുവർ ഓൺ കെണ്ടയ്നർ ആണ് പോളിസി. പേപ്പർ കവർ ഒരിക്കലും ശാശ്വത പരിഹാരമല്ലെന്ന് അറിയാം. പക്ഷേ, ആളുകളുടെ സഹകരണംതന്നെയാണ് വിജയം. ഇതേ പാറ്റേണിൽ കട ആരംഭിക്കാൻ നിരവധി പേർ താൽപര്യം കാണിച്ച് രംഗത്തുവരുന്നു എന്നതാണ് ഏറ്റവും വലിയ പോസിറ്റിവ് റെസ്പോൺസ്'' -ബിട്ടു പറഞ്ഞു.
ഈ രംഗത്ത് താൽപര്യമുള്ളവർക്ക് ഗ്രീൻ സ്റ്റോറിനായി കൺസൽട്ടിങ് വർക്ക് ചെയ്തു കൊടുക്കാനും തയാറാണ് ബിട്ടു. പക്ഷേ, ഇനീഷ്യൽ ഫണ്ടിങ് പ്രശ്നമായതിനാൽ പലരും പിന്തിരിയുന്നു. അത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാൻ സർക്കാർ രംഗത്തുവരണം. വേസ്റ്റ് മാനേജ്മെൻറിനായി ചെലവഴിക്കുന്ന ഫണ്ടിൽ ഇത്തരം കാര്യങ്ങൾക്കും പിന്തുണ നൽകണം. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ എറണാകുളത്ത് മറ്റൊരു കട ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ആളുകളെ ഇതു പരിചയപ്പെടുത്തി, ഇതിലേക്ക് കൊണ്ടുവരുക ശ്രമകരമായിരുന്നു. തുടക്കത്തില്‍ നന്നായി റിസ്ക് എടുത്തു. ഓഫറുകള്‍ക്കു പിന്നാലെ പോകുന്നവരെ ലൂസ് സാധനങ്ങള്‍ വില്ക്കുന്നിടത്തേക്ക് കൊണ്ടുവരുക കുറച്ച് ബുദ്ധിമുട്ടല്ലേ. പക്ഷേ, ലൂസ് സാധനങ്ങളാവുമ്പോൾ വിലയിൽ അൽപം വ്യത്യാസമുള്ളതും ആളുകളുടെ താൽപര്യവും സഹകരണവുംകൂടി ആയപ്പോൾ നിരവധി കസ്റ്റമേഴ്സിനെയാണ് കിട്ടിയത്. സമൂഹത്തിലെ എല്ലാതരം ആളുകളും ഇവിടെ വരുന്നുണ്ട്. ഈ ചെറിയ ഷോപ്പിലൂടെ ഇത്രയും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഈ രീതിയിലേക്ക് വരുകയാണെങ്കില്‍ വലിയ മാറ്റംതന്നെ കൊണ്ടുവരാനാകില്ലേ'' -അദ്ദേഹം ചോദിക്കുന്നു.
പ്ലാസ്റ്റിക് അവബോധ ക്ലാസുകള്‍ക്കും ബിട്ടു മുന്നിലുണ്ട്. പപ്പ യോഹന്നാനും പലചരക്ക് കച്ചവടമായിരുന്നു. അമ്മ ലില്ലി. സഹോദരൻ ടിറ്റു ജോണ്‍ എന്‍ജിനീയറാണ്. ഭാര്യ നിഷ ബിട്ടു ഡോക്ടറാണ്. കോലഞ്ചേരിയില്‍ ഡെൻറല്‍ ക്ലിനിക് നടത്തുകയാണ് നിഷ. മകൾ മാർത്ത.
പകരം കുപ്പിയും പേപ്പർ കവറും
അത്യാവശ്യം എല്ലാം സ്റ്റോക്കുള്ളതിനാൽ ആവശ്യാനുസരണം സാധനം എടുത്ത് അളന്ന് സ്വയം ബില്ലടിക്കാം. പാത്രം വീട്ടിൽനിന്ന് കൊണ്ടുവരാത്തവർക്ക് പേപ്പർ കവർ നൽകും. ഇതിന് പ്രത്യേക പണമൊന്നും ഈടാക്കുന്നില്ല. ഇന്ന് ഭൂരിഭാഗം ആളുകളും പാത്രം കൊണ്ടുവരുന്നവരാണ്. അടുത്ത പർച്ചേസിന് വരുമ്പോൾ പേപ്പർ കവർ തിരികെ കൊണ്ടുവരുന്നവർക്കും പാത്രം കൊണ്ടുവരുന്നവർക്കും ബില്ലിൽ രണ്ടു ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. രണ്ടു ശതമാനം അത്ര കുറവല്ലല്ലോ. കൂടുതല്‍ ആളുകളെ തുണിസഞ്ചിയും കുപ്പിയുമൊക്കെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. കാരിബാഗ് വേണ്ടവർക്ക് 20 രൂപക്ക് ഒന്നാന്തരം കോട്ടൺ സഞ്ചിയും നൽകും.
ലിക്വിഡിന് കുപ്പി കൊണ്ടുവരാത്തവർക്കായി വിവിധ അളവിലുള്ള വ്യത്യസ്തതരം കുപ്പിയും നൽകുന്നുണ്ട്. 20 രൂപ മുതല്‍ 150 രൂപ വരെയാണ് വില. കുപ്പിയുടെ വില ഡെപ്പോസിറ്റ് തുകയാണത്. ബോട്ടില്‍ ഉപയോഗിച്ചശേഷം വൃത്തിയാക്കി തിരികെ എത്തിച്ചാൽ കുപ്പിക്ക് വാങ്ങിയ പണം തിരികെ നല്‍കും. ചില്ലുകുപ്പികള്‍ ചൈനയില്‍നിന്നുള്ളതാണ്.
●