Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightകേരളത്തിൽ ആദ്യമായി...

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ചു. 22,500ലധികം ഹൃദയ ശസ്ത്രക്രിയ; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം ജീവിതം പറയുന്നു

text_fields
bookmark_border
കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ചു. 22,500ലധികം ഹൃദയ ശസ്ത്രക്രിയ; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം ജീവിതം പറയുന്നു
cancel
camera_alt

ഡോ. ജോസ് ചാക്കോ പെരിയപുറം രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് 2025ലെ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)


ഹൃദയം എന്ന മനുഷ്യാവയവത്തിന്‍റെ സകല മിടിപ്പും തൊട്ടറിഞ്ഞ് രോഗികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ഡോ. ജോസ് ചാക്കോ പെരിയപുറം ജീവിതം പറയുന്നു...

‘‘2013ൽ എറണാകുളം ലിസി ആശുപത്രിയിലെ എന്‍റെ ഒ.പിയിലേക്ക് പാലക്കാട്ടുനിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ രോഗിയായി വരുന്നു. പേര് ഗിരീഷ്. ബംഗളൂരു വിപ്രോയിൽ എൻജിനീയറാണ്. രോഗിക്കുള്ള സീറ്റിൽ എന്‍റെ അരികിൽ ഇരുന്നു.

ഞാൻ പരിശോധനയിലേക്ക് കടന്നു. ആത്മവിശ്വാസത്തിന്റെ ആ മുഖം ശബ്ദിച്ചു തുടങ്ങി. ഡോക്ടറേ, എന്‍റെ ഹൃദയത്തിന് തകരാറുണ്ട്. അവിടെ പലരെയും കാണിച്ചു, ഹൃദയം മാറ്റിവെക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഒടുവിൽ ഒരു നല്ല മാർഗം തേടിയാണ് ഇവിടെ എത്തിയത്. എന്‍റെ ഹൃദയം മാറ്റിവെക്കണമെങ്കിൽ ഡോക്ടർ അത് ചെയ്യണം.

പരിശോധനകൾ പല ഘട്ടം കഴിഞ്ഞു. ഗിരീഷിന്‍റെ ഹൃദയം മാറ്റിവെക്കാൻ തീരുമാനിച്ചു. വാഹനാപകടത്തെതുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തൊടുപുഴയിലെ ഒരു ആരോഗ്യ പ്രവർത്തകന്‍റെ ഹൃദയം ഗിരീഷിൽ വിജയകരമായി മിടിച്ചുതുടങ്ങി. ആറു മാസം കഴിഞ്ഞപ്പോൾ മറ്റൊരു രോഗവുമായി ഗിരീഷ് എത്തി.

ആംഗൈലോസിങ് സ്പോണ്ടിലൈറ്റിസ് (Ankylosing spondylitis) എന്ന സാരമായ വാതരോഗമായിരുന്നു. ഒടുവിൽ ഇടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചു. ഓർത്തോപീഡിക് സർജനായ ഡോ. ജോസ് പാപ്പിനിശ്ശേരി ഗിരീഷിന്‍റെ ഇടുപ്പ് മാറ്റൽ ശസ്ത്രക്രിയ (Hip replacement surgery) വിജയകരമായി നടത്തി.

പനിയുമായാണ് ആറുമാസം കഴിഞ്ഞുള്ള അടുത്ത വരവ്. പരിശോധനയിൽ വാൽവിന് പ്രശ്നം ഉണ്ടെന്ന് കണ്ടെത്തി. ഈ ചികിത്സക്കിടെ രണ്ടു സംഭവങ്ങളുണ്ടായി. ഒരു തവണ ഗിരീഷിന്‍റെ ഹൃദയം പണിമുടക്കുകയും മറ്റൊരു തവണ ഹൃദയാഘാതവും സംഭവിച്ചു. ഇതോടെ ഞങ്ങൾ വലിയ പ്രയാസത്തിലായി. വിവരം ഗിരീഷിനെത്തന്നെ നേരിട്ട് അറിയിച്ചു. ആദ്യം ഒ.പിയിൽ വന്ന അതേ ആത്മവിശ്വാസത്തിൽ ഗിരീഷ് വീണ്ടും ഹൃദയം മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അത് ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഒരിക്കൽ മാറ്റിവെച്ച ഹൃദയം പിന്നെയും ഞാൻ മാറ്റിവെച്ചിട്ടില്ല. ഇത് അത്യപൂർവമായ കാര്യമാണ്. മാത്രമല്ല, 24 മണിക്കൂറിനകം ഗിരീഷിന് യോജിക്കുന്ന ഹൃദയം ലഭിക്കുക എന്നത് അതിനേക്കാൾ പ്രയാസം. അത്ഭുതം സംഭവിക്കാതെ ഒന്നും പറ്റില്ല.

പെട്ടെന്ന് എന്‍റെ അനസ്തറ്റിസ്റ്റ് ജേക്കബ് കിതച്ചുകൊണ്ട് ഓടിവരുന്നു. ഒറ്റ ശ്വാസത്തിൽ ജേക്കബ് പറഞ്ഞുതീർത്തു. സർ, ലേക്ക് ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം ഗിരീഷിന് യോജിക്കുന്നതാണ്, അത് ലഭിക്കും എന്ന്. അങ്ങനെ ആ ഹൃദയം കൊണ്ടുവന്നു. ഗിരീഷിന്‍റെ ശരീരത്തിൽ മൂന്നാമത്തെ ഹൃദയം സ്പന്ദിച്ചുതുടങ്ങി’’.

ഏറെ സാഹസികമായി ഒരാളുടെ ശരീരത്തിൽ രണ്ടാമതും ഹൃദയം മാറ്റിപ്പണിത ഡോ. ജോസ് ചാക്കോ പെരിയപുറം ഇത് പറയുമ്പോൾ അത്ഭുതത്തിനൊപ്പം ആത്മവിശ്വാസം കൂടി പകരുകയാണ്.

ഡോ. ജോസ് ചാക്കോ പെരിയപുറം

ഡോ. ജോസ് ചാക്കോ പെരിയപുറം

ഹൃദയം എന്ന മനുഷ്യാവയവത്തിന്‍റെ സകല മിടിപ്പും തൊട്ടറിഞ്ഞ് ഹൃദയധമനികളിലൂടെ ആശ്വാസ കിരണങ്ങൾ പ്രവഹിപ്പിച്ചാണ് ഈ ഹൃദ്രോഗ വിദഗ്ധൻ ഇപ്പോഴും മുന്നോട്ടുപോകുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി 22,500ലധികം ഹൃദയങ്ങൾ തുറന്ന് ശസ്ത്രക്രിയ നടത്തി.

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ചതും ആദ്യമായി ഒരാളുടെ ശരീരത്തിൽ രണ്ടുതവണ ഹൃദയം മാറ്റിവെച്ചതും ജോസ് ഡോക്ടറാണ്. ഇങ്ങനെ 29 പേരുടെ ഹൃദയങ്ങളാണ് മാറ്റിവെച്ചത്. ആദ്യമായി ഹൃദയവും ശ്വാസകോശവും ഒന്നിച്ച് ഒരാളിൽ മാറ്റിവെച്ചതും ഇദ്ദേഹംതന്നെ.

ശ്വാസകോശം എന്ന അവയവ മാറ്റംതന്നെ പ്രയാസമേറിയതാണ്. അതോടൊപ്പം ഹൃദയംകൂടി മാറ്റേണ്ടിവരുക എന്ന ഇരട്ട വെല്ലുവിളി വിജയത്തിലെത്തിച്ചത് ജീവിതത്തിലെ ഹൃദ്യമായ അനുഭവം. ഒരു പെൺകുട്ടിയിലാണ് ഈ മാറ്റം നടത്തിയത്. ഹൃദയത്തിന്‍റെ രക്തധമനികൾ ചുരുങ്ങി പ്രയാസം നേരിടുന്ന തകയാസു രോഗികൾക്ക് ഹൃദയം മാറ്റിവെക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചു. ഈ രോഗം അലട്ടിയിരുന്ന ഒരു 17കാരിയുടെ ഹൃദയം 2013ൽ മാറ്റിവെച്ചു.

ഒരാളിൽ ഹൃദയം മാറ്റിവെക്കാൻ പകരം ഹൃദയം ലഭിച്ചില്ലെങ്കിൽ കുറച്ച് നാളത്തേക്ക് കൃത്രിമ ഹൃദയം വെക്കും. അങ്ങനെ കൃത്രിമ ഹൃദയംവെച്ച് ജീവൻ നിലനിർത്തുകയും രണ്ടാഴ്ചക്കുശേഷം മറ്റൊരാളിൽനിന്ന് ലഭിച്ച ഹൃദയം വെച്ച് മറ്റൊരു ചെറുപ്പക്കാരന് തുടിക്കുന്ന ജീവിതം പകർന്നു നൽകുകയും ചെയ്തു.

കുടുംബത്തോടൊപ്പം

ജീവിതത്തുടക്കം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരാണ് ജനനം. അച്ഛൻ കെ.എം. ചാക്കോ അന്ന് കോട്ടയം പാലാ സെന്‍റ് തോമസ് കോളജിൽ സസ്യശാസ്ത്ര വിഭാഗത്തിൽ അധ‍്യാപകൻ. അമ്മ മേരി ചാക്കോ. പഠിക്കുന്ന കാലത്ത് ആരാകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ ആദ്യം പറയുന്നത് ഡോക്ടർ ആകണമെന്നാണ്. സത്യത്തിൽ അങ്ങനെ ഒരാഗ്രഹം മനസ്സിൽ അപ്പോൾ തോന്നിയിരുന്നില്ല.

ഒരാഗ്രഹം പറഞ്ഞപ്പോൾ അതങ്ങ് സംഭവിക്കുകയായിരുന്നു. കേരള സർവകലാശാലക്കുകീഴിൽ ഒന്നാം റാങ്കോടെ ബി.എസ്‍സി ബോട്ടണി ബിരുദം പൂർത്തിയാക്കി സംസ്ഥാന മെറിറ്റിൽ മൂന്നാമനായി കോട്ടയം മെഡിക്കൽ കോളജിൽ 1978 ഡിസംബർ 18ന് എം.ബി.ബി.എസിന് ചേർന്നു.

ഹൃദയം തൊട്ട് തുടങ്ങിയത്

കോഴ്സിന്റെ ഭാഗമായ ഹൗസ് സർജൻസിയുടെ കാലത്താണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥൻ ഹൃദ്രോഗ വിദഗ്ധൻ ഡോ. ചന്ദ്രമോഹനുകീഴിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. ഹൃദയ ചികിത്സാ രംഗത്ത് അദ്ദേഹം നൽകിയ നിരവധി അവസരങ്ങൾ ഇന്നും മുതൽക്കൂട്ടാണ്.

ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുമ്പോഴും ചന്ദ്രമോഹൻ സർ എന്നോടുപറഞ്ഞത് നാട്ടിൽ തിരികെയെത്തി ഹൃദയ ചികിത്സാ രംഗത്ത് ഉണ്ടാവണം എന്നാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾ അതുവഴി ചെയ്യാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് ഇന്നും നാട്ടിൽ ഈ രംഗത്ത് പ്രവർത്തിക്കാൻ പ്രചോദനം.

നാട്ടിലെത്തിയ ശേഷം

1986 ജനുവരിയിലാണ് ഉപരിപഠനത്തിന് അയർലൻഡിലേക്ക് പോകുന്നത്. അവിടെ ഡബ്ലിനിൽ റോയൽ കോളജ് ഓഫ് സർജൻസ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി എന്നിവിടങ്ങളിലെ പഠനശേഷം ഇംഗ്ലണ്ടിലെ വെയ്ൽസിലെത്തി. ഹൃദയസംബന്ധ അസുഖങ്ങളുടെ ചികിത്സ അത്ര സജീവമല്ലാത്ത കാലത്താണ് പഠനം കഴിഞ്ഞ് കേരളത്തിലേക്ക് വരുന്നത്.

ആശങ്കകളുമായാണ് ഇംഗ്ലണ്ടിൽനിന്ന് കേരളത്തിൽ എത്തുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിച്ച് എല്ലാ സജ്ജീകരണങ്ങളും ഒത്തുവരാൻ ഏതാണ്ട് ഒന്നര വർഷമെടുത്തു. 1997 ജൂലൈ മൂന്നിനാണ് ആദ്യ ഹൃദയശസ്ത്രക്രിയ ചെയ്യുന്നത്. അവിടെ തുടങ്ങിയ യാത്രയാണ്. നാട്ടിൽ വലിയ സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കുമെന്ന് അപ്പോൾ മനസ്സിലായി.

തളർത്തിയ ആ മരണം

പലപ്പോഴും ഏറെ പണിപ്പെട്ടിട്ടും ചിലരുടെ ജീവൻ നിലനിർത്താൻ കഴിയാതെവരുന്നത് ഓർമിക്കാൻപോലും കഴിയാത്ത സങ്കടം ബാക്കിയാക്കാറുണ്ട്. അങ്ങനെ പല സംഭവങ്ങളുമുണ്ട്. ഏറെ വേദനിപ്പിച്ച ഒന്ന്, ആദ്യമായി ഞാൻ ഹൃദയം മാറ്റിവെച്ച എബ്രഹാം എന്നയാളുടെ മരണമാണ്. 2003 മേയ്‌ 13ന് വിജയകരമായി കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ചത് എബ്രഹാമിന്‍റേതായിരുന്നു.

ജീവിതത്തിൽ വഴിത്തിരിവായ സംഭവമായിരുന്നു അത്. എന്നാൽ, ഹൃദയം മാറ്റിവെച്ച് രണ്ടുവർഷം പൂർത്തിയാകുന്നതിന് ഏതാനും ദിവസംമുമ്പ് പെട്ടെന്ന് എബ്രഹാം കുഴഞ്ഞുവീണു മരിച്ചത് ഇന്നും മറക്കാൻ കഴിയാത്ത ഒന്നാണ്. അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്‍റെ മരണം നൽകിയ ആഘാതം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ നാളുകളെടുത്തു.

ഹൃദയം മാറ്റിവെക്കുന്ന അനുഭവം

ഹൃദയങ്ങൾ മാറ്റിവെക്കുന്നതിലെ ജയപരാജയങ്ങൾ അല്ല പ്രധാനം. ഹൃദയം നൽകുന്ന വ്യക്തിയെയും അവരുടെ ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള അനുഭവം പറഞ്ഞ് പ്രതിഫലിപ്പിക്കാനാകില്ല. ഹൃദയം ഏറ്റെടുക്കാൻ മറ്റ് ആശുപത്രിയിലേക്ക് പോകുമ്പോൾ ബന്ധുക്കളുടെ വികാരങ്ങൾ പലതും വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണ്.

പലരും അപകടങ്ങൾ സംഭവിച്ച് മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഹൃദയം മറ്റൊരാൾക്ക് നൽകുന്നതാണ്. പലരും ചെറുപ്രായക്കാർ. അവരുടെ ബന്ധുക്കളെ സംബന്ധിച്ച് തീരാദുഃഖം ഉണ്ടാകുന്ന വേളയിലാണ് മരണപ്പെട്ട വ്യക്തിയുടെ ഹൃദയം എടുക്കാൻ അവിടെ ചെല്ലുന്നത്.

ഏറെ ദുഃഖഭാരത്താൽ കഴിയുന്ന അവർക്ക് മറ്റൊരു ദുഃഖം കൂടി സമ്മാനിക്കാനാണോ അവിടെ ചെല്ലുന്നതെന്ന കുറ്റബോധംപോലും ഉണ്ടാകുന്ന അനുഭവമാണ് അപ്പോൾ. ഈ ദുഃഖഭാരം മാറാൻ ദിവസങ്ങളെടുക്കും. പലപ്പോഴും ഇങ്ങനെയുള്ളവരുമായി വലിയ സ്നേഹബന്ധത്തിലേക്ക് മാറും. അവരുടെ നഷ്ടം നമ്മുടേതുകൂടിയാകും. ജീവിതത്തെ കൂടുതൽ മെരുക്കാനും ആത്മസംയമനം പാലിക്കാനും എന്നെ ഇത്തരം സംഭവങ്ങൾ സഹായിച്ചിട്ടുണ്ട്.

ദിവസവും നാലോ അഞ്ചോ ശസ്ത്രക്രിയകൾ

ദിവസവും നാലോ അഞ്ചോ ശസ്ത്രക്രിയകൾ ഉണ്ടാകും. ഏഴരയോടെ ആശുപത്രിയിലെത്തി ശസ്ത്രക്രിയക്ക് നിശ്ചയിക്കപ്പെട്ടവരെ വിളിക്കും. ഓരോ സർജറിക്കിടയിലും മറ്റു രോഗികളെ നോക്കാൻ ശ്രമിക്കും. ഏതാണ്ട് വൈകുന്നേരം വരെ രോഗികളും അവരുടെ പ്രശ്നങ്ങളും ഒക്കെയായി ജീവിതം നീങ്ങും. മിക്കവാറും ദിവസം രാത്രി ഒമ്പതുവരെ നീളുന്ന ആശുപത്രി കാര്യങ്ങൾ ഉണ്ടാകും. വീട്ടിലെത്തിയാലും രാത്രി പത്തര ആകുമ്പോഴേക്കും ആശുപത്രിയിലേക്ക് വിളിച്ച് രോഗികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ ഉറങ്ങൂ. തികച്ചും പ്രഫഷനലായി മാറുന്ന ജീവിതം.

അവധികൾ സാധാരണ നിലയിൽ കുറവാണ്. അവധിയെടുത്താൽ പോലും ആശുപത്രിയിൽനിന്ന് വിളിവന്നാൽ പിന്നെ അതാണ്‌ പ്രധാനം. ഞായറാഴ്ചകളിൽ ലഭിക്കുന്ന അവധികൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനാകും ശ്രമിക്കുക. എന്നാൽ, പലപ്പോഴും സാധിക്കാതെവരും.

അവിസ്മരണീയ അനുഭവം

മുന്നിലേക്ക് വരുന്നത് പലതരത്തിലുള്ള രോഗികളാണ്. പലരുടെയും സംശയങ്ങളും ആശങ്കകളും പലവിധമാണ്. ശാന്തമായി എല്ലാം കേൾക്കണം. അവർക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. എന്നാൽ, ജീവൻ നിലനിർത്തുന്നതിനെ കുറിച്ച് വിശ്വാസപരമായി പല ബോധ‍്യങ്ങളും കൊണ്ടുനടക്കുന്നവർ മുന്നിൽ വന്നാൽ വല്ലാത്ത അവസ്ഥയാകും.

അതിലൊന്നാണ് യഹോവ സാക്ഷികൾ എന്ന ക്രിസ്തീയ വിശ്വാസധാരയിൽപെട്ട ഒരു രോഗി മുന്നിൽവരുന്നത്. ഏഴു വയസ്സുകാരി. ഹൃദയത്തിന്‍റെ ഒരു വാൽവ് ചുരുങ്ങി അത് സർജറി ചെയ്യാനാണ് വന്നത്. യഹോവ സാക്ഷികൾ എന്ന വിഭാഗം രക്തം സ്വീകരിക്കുന്നതും രക്തം നൽകുന്നതും വിശ്വാസപരമായി അംഗീകരിക്കുന്നവരല്ല.

ഇംഗ്ലണ്ടിൽ എന്‍റെ സീനിയർ ഡോക്ടറായിരുന്ന ഫ്രാൻചിസ്കോ മുസമച്ചി എന്ന ഇറ്റലിക്കാരൻ ഇത്തരം വിഭാഗത്തിൽപെട്ട രോഗികളുടെ ചികിത്സയിൽ പലതരം വിദ്യകൾ വികസിപ്പിച്ചയാളാണ്. അദ്ദേഹത്തിനുകീഴിൽ പ്രവർത്തിച്ച അനുഭവത്തിൽ ആ കുട്ടിയുടെ സർജറി ചെയ്യാൻ തീരുമാനിച്ചു.

വലിയ വെല്ലുവിളിയായിരുന്നു. ഒരു തുള്ളി രക്തം കളയാനോ നൽകാനോ പറ്റില്ല. അവൾക്ക് ഹീമോഗ്ലോബിൻ എട്ടാണ്. സാധാരണ ഹീമോഗ്ലോബിൻ പതിനൊന്നോ പന്ത്രണ്ടോ ആയ ആൾക്കാണ് രക്തം മതിയായ അളവിൽ ഉണ്ടാവുക. സർജറി ആരംഭിക്കാൻ രോഗിയെ മയക്കിയപ്പോഴേക്കും അവൾക്ക് ഹൃദയാഘാതം ഉണ്ടായി. സി.പി.ആർ നൽകി ജീവൻ പിടിക്കുമ്പോഴേക്കും ഏകദേശം മുക്കാൽ ലിറ്റർ രക്തം നഷ്ടമായി. അപ്പോഴേക്കും ഹീമോഗ്ലോബിൻ നാലായി. ആശങ്കിച്ച് നിൽക്കാതെ സർജറി ആരംഭിച്ചു. ഒടുവിൽ വിജയം. ഒരാഴ്ച കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ ഹീമോഗ്ലോബിൻ എട്ടായി ഉയർന്നു. ഈ സംഭവം മറക്കാനാകില്ല, അത്രക്ക് സാഹസം നിറഞ്ഞ നിമിഷങ്ങളായിരുന്നു.

കൃഷിക്കാരനായ ഡോക്ടർ

പ്രഫഷൻ വിട്ടാൽ പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടം മണ്ണിനോടാണ്. മണ്ണിൽ കൃഷി ചെയ്ത് അതിലൂടെ ലഭിക്കുന്നത് അതിരറ്റ സന്തോഷമാണ്. മണ്ണുമായുള്ള ബന്ധം ഹൃദയത്തോട് ചേർന്ന ഒന്നാണെന്ന് പറയാം. എല്ലാ തിരക്കുകൾക്കിടയിലും കൃഷിത്തോട്ടം ശ്രദ്ധിക്കാൻ സമയം കണ്ടെത്തും.

അമ്മയും അച്ഛനും മരിക്കുമ്പോഴും ഹൃദയങ്ങളുടെ പണിപ്പുരയിൽ

ഓപറേഷൻ തിയറ്ററിൽ ഹൃദയത്തിന്‍റെ രക്തക്കുഴലിലൂടെ അതിസൂക്ഷ്മമായി സഞ്ചരിക്കുമ്പോഴാണ് തൊട്ടടുത്ത ഐ.സി.യുവിൽ സ്വന്തം അച്ഛൻ അവസാനശ്വാസമെടുക്കുന്നത്. ശസ്ത്രക്രിയയുടെ പ്രധാന ഘട്ടം പിന്നിട്ട് അച്ഛന്‍റെ അടുത്തേക്ക് ഓടിയെത്തി മകന്‍റെ കടമകളിലേക്ക് പ്രവേശിച്ചു. അമ്മയെയും കൂട്ടി അച്ഛന്‍റെ അടുത്തുവന്ന് അവസാനശ്വാസം വലിക്കുന്നതും കണ്ട് പ്രാർഥിക്കുമ്പോഴും അടുത്ത തിയറ്ററിൽ പൂർത്തിയാക്കാത്ത സർജറിയെക്കുറിച്ചായിരുന്നു ചിന്ത. അമ്മയെ സാന്ത്വനിപ്പിച്ച ശേഷം തിയറ്ററിൽ എത്തി സർജറി വിജയകരമായി പൂർത്തീകരിച്ചു.

അമ്മയുടെ അവസാന നിമിഷവും സമാന അനുഭവമായിരുന്നു. ജീവിതം അങ്ങനെയൊക്കെയാണ്.

കുടുംബം

മൂവാറ്റുപുഴ കുരുവിത്തടം കുടുംബാംഗം ജയ്മി ആണ് ഭാര്യ. മൂന്ന് ആൺമക്കൾ. മൂത്തയാൾ ജേക്കബ് ജോസ് ഉപരിപഠനം കഴിഞ്ഞ് കാനഡയിൽ താമസം. ഭാര്യ അന്ന. ഒരു വയസ്സുകാരി നില മകൾ. രണ്ടാമത്തെ മകൻ ജോസഫ് ജോസ് എം.ബി.ബി.എസ് കഴിഞ്ഞ് ജനറൽ സർജറിയിൽ മംഗലാപുരം ഫാ. മുള്ളർ ആശുപത്രിയിൽ ഉപരിപഠനം നടത്തുന്നു. ഭാര്യ ഡോ. മെറിൻ. ഇളയ മകൻ ജോൺ ജോസ് എറണാകുളം ചോയ്സ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. പിതാവിന്‍റെ സഹോദരനായിരുന്നു കലാഭവൻ ഡയറക്ടറായിരുന്ന ആബേലച്ചൻ.

സ്വപ്‌നങ്ങൾ

അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കണം. ഞാൻ മുൻകൈയെടുത്ത് തുടങ്ങിയ ഹാർട്ട്‌ കെയർ ഫൗണ്ടേഷനുകീഴിൽ പലതരം പരിശീലന പരിപാടികൾ ലക്ഷ്യമിടുന്നു. ഹൃദയം നൽകിയവരുടെ ഓർമ നിലനിർത്താൻ ഒരു മെമ്മോറിയൽ പരിപാടി പ്രധാനമാണ്. ഹാർട്ട്‌ കെയർ ഫൗണ്ടേഷനുകീഴിൽ, സർക്കാർ ആശുപത്രികളിൽ എത്തുന്ന ഹൃദ്രോഗികൾക്കുള്ള സർജറി ആയിരം കടന്നു. ഈ സഹായം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്.

പുരസ്കാരങ്ങൾ

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മുൻനിർത്തി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെച്ചതിനാണ് 2011ൽ പത്മശ്രീ പുരസ്കാരം ലഭിച്ചത്. ഒരിക്കൽ ഹൃദയം മാറ്റിവെച്ച ആളിൽ വീണ്ടും ഹൃദയം മാറ്റിവെക്കൽ നടത്തിയതും ഹാർട്ട്‌ കെയർ ഫൗണ്ടേഷൻ വഴി സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് 2025ൽ പത്മഭൂഷൺ ലഭിച്ചത്.

ഹൃദയചികിത്സാ രംഗത്ത് എന്നോടൊപ്പം പ്രവർത്തിച്ചവർക്കും നമ്മുടെ സംസ്ഥാനത്തിനും ലഭിച്ച ആദരവായാണ് ഇതിനെ കാണുന്നത്.

Show Full Article
TAGS:Lifestyle Jose Chacko Periappuram Cardiologist 
News Summary - Cardiologist Dr. Jose Chacko Periyapuram talks
Next Story