‘സ്പോട്ടിഫൈ റിപ്പോർട്ട് പ്രകാരം പ്രാദേശിക ഭാഷയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മ്യൂസിക് ഇൻഡസ്ട്രി മലയാളം റാപ്പാണ്’ -അറിയാം, ‘കെ റാപ്പി’ന്‍റെ വിശേഷങ്ങൾ
text_fieldsകൊറിയക്കാർക്ക് കെ പോപ് പോലെ കേരളക്കാരുടെ ‘കെ റാപ്’ ഇപ്പോൾ ലോകം കീഴടക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. അറിയാം, മലയാളം പറയുന്ന റാപ്പിന്‍റെ വിശേഷങ്ങൾ...
‘റാപ്പടിച്ചപ്പോ തീപ്പൊരി’ -അക്ഷരാർഥത്തിൽ കേരളത്തിലെ സംഗീത ലോകത്ത് തീപ്പൊരിവീണ മാതിരിയാണ്. പ്രമദവനവും ഹരിമുരളീരവവും ഒക്കെ പാടി ഗൃഹാതുരതയാർന്ന ‘ശുദ്ധ സംഗീത’ത്തിലും ഇടക്കും മുറക്കും വരുന്ന അടിച്ചുപൊളി പാട്ടുകളിലും മുങ്ങിത്തപ്പിക്കൊണ്ടിരുന്ന കേരളത്തിന്‍റെ ആസ്വാദന ഹൃദയങ്ങളെ പിടിച്ചുകുലുക്കിയ റാപ് സംഗീതവും റാപ്പർമാരും തീപ്പൊരി പടർത്തി കത്തിക്കയറുകയാണ്.
എരിതീയിൽ എണ്ണ പകർന്ന് ‘കൂടെ തുള്ളാൻ’ റെഡിയാണ് പുതുതലമുറ. എന്തിനേറെ പറയുന്നു, തന്ത വൈബും തള്ള വൈബും അടിച്ചുതുടങ്ങിയെന്ന് പഴികേൾക്കുന്ന ഓൾഡ് ജനറേഷൻസ് വരെ. ട്രെൻഡിനെ കുറ്റം പറഞ്ഞ് ചിലർ ഓരത്തിരിക്കുമ്പോഴും കേരളത്തിലെ മറ്റൊരു ഗാനശാഖയും അസൂയപ്പെട്ടുപോകുന്ന തരത്തിലാണ് റാപ് ടീമുകൾ നാടൊന്നാകെ വൈബ് നിറക്കുന്നത്.
ഒടിച്ചുമടക്കി എടുക്കാൻ ഏറെ പണിപ്പെടേണ്ട മലയാള ഭാഷയെ റാപ്പിന്‍റെ ബീറ്റിൽ ചുറ്റിക്കെട്ടി ആളുകളുടെ നെഞ്ചിലോട്ട് കോരിയിട്ടുകൊടുത്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ ‘തലപ്പാവിനെന്ത് തിളക്ക’മാണെന്നോ.
കൊറിയക്കാർക്ക് കെ പോപ് പോലെ കേരളക്കാരുടെ ‘കെ റാപ്’ ഇപ്പോൾ ലോകം കീഴടക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. സ്പോട്ടിഫൈ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രാദേശിക ഭാഷ മേഖലകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മ്യൂസിക് ഇൻഡസ്ട്രി കേരളത്തിന്‍റെ മലയാളം റാപ് സംഗീതമാണ്.
ശരിക്കും മലയാളം റാപ് ഫ്ലവർ അല്ല, ഫയർ തന്നെയാണ്. അറിയാം മലയാളം പറയുന്ന റാപ്പിന്‍റെ വിശേഷങ്ങൾ...
മലയാളീസും റാപ്പും
വടിവൊത്ത കവിതകളും ഗാനങ്ങളും ഒഴുകിപ്പരക്കുന്ന കേരള മണ്ണിന് പുത്തൻവിളയായിരുന്നു ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പുവരെയും റാപ് മ്യൂസിക്. തനി അമേരിക്കൻ ഐറ്റം. പുറംനാട്ടിലെ സംഗീതസംസ്കാരത്തെക്കുറിച്ച് ഏതെങ്കിലും തരത്തിൽ അറിവുള്ളവർക്ക് മാത്രമായിരുന്നു 70കളിൽ അമേരിക്കൻ ഹിപ് ഹോപ് കൾചറിന്‍റെ ഭാഗമായി രംഗപ്രവേശം ചെയ്ത ‘റാപ് മ്യൂസിക്’ പരിചിതം.
താളത്തിലും മേളത്തിലും വരികളിലും വ്യത്യസ്തത മാത്രം നിറഞ്ഞുനിന്ന റാപ് സംഗീതം ലോകം കീഴടക്കിത്തുടങ്ങിയതോടെ കൊച്ചുകേരളത്തിലെ കുറച്ചു ചെറുപ്പക്കാരും അതിൽ ആകൃഷ്ടരായി.
ചിലർ ആസ്വാദനത്തിൽ ഒതുങ്ങിയപ്പോൾ, റാപ്പിലെ തീപ്പൊരി തിരിച്ചറിഞ്ഞ് ചുരുക്കം, വളരെ ചുരുക്കം പേർ ആ ദൗത്യം ഏറ്റെടുക്കാൻ, റാപ്പർമാരാകാൻ ധൈര്യം സംഭരിച്ചിറങ്ങി. അപ്പോഴേക്കും കാലം രണ്ടായിരങ്ങളിലേക്ക് കടന്നിരുന്നു. മലയാളത്തെ വളച്ചുകുറുക്കി പൂർണമായും റാപ്പിൽ ആവാഹിക്കാനുള്ള ധൈര്യമൊന്നും ആദ്യം പോന്നവർക്ക് ഇല്ലായിരുന്നു.
മലയാള ഭാഷ റാപ്പിന് വഴങ്ങില്ല എന്നതായിരുന്നു ചിന്ത. അങ്ങനെ, ഇംഗ്ലീഷിനെ ആയുധമാക്കി മലയാളികളായ ഇംഗ്ലീഷ് റാപ്പർമാർ കേരളത്തിൽ പിറവിയെടുത്തു. അക്കൂട്ടത്തിൽ ഇന്നും പേരെടുത്ത് പറയേണ്ടവരാണ് എസ്5 ബാൻഡിലെ അർജുൻ ശശി, മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ്, സ്ട്രീറ്റ് അക്കാദമിക്സ് ബാൻഡ് ഉൾപ്പെടെയുള്ളവർ.
2009 കാലഘട്ടത്തിൽ ഇന്‍റർനെറ്റിന്‍റെ വെട്ടം ഇവിടെ പരന്നുതുടങ്ങിയ നാളുകൾ, ഈ കൂട്ടത്തിൽ ഇത്തിരി കൂടുതൽ ധൈര്യവുമായി ഒരു ബി.ടെക്കുകാരൻ പയ്യൻ കറങ്ങിത്തിരിഞ്ഞെത്തി, നുമ്മ കൊച്ചിക്കാരൻ ഫെബിൻ ജോസഫ്, സാക്ഷാൽ ഫെജോ. അതെന്തേ മലയാളത്തിൽ റാപ്പ് പാടിക്കൂടാ, ഡോണ്ട് ദെ ലൈക്ക്? ആ ചോദ്യം മനസ്സിലിട്ട് കറക്കി ഫെജോ മലയാളത്തിനെ വളച്ചെടുത്ത് റാപ്പിനോട് ചേർത്തുവെച്ചു.
അങ്ങനെ നല്ല ശുദ്ധമലയാളിയായി അമേരിക്കക്കാരുടെ റാപ് സംഗീതം ഇങ്ങോട്ട് കുടിയേറി. ഫെജോ തെളിച്ച വഴി ചെറുതായിരുന്നില്ല, എളുപ്പവുമായിരുന്നില്ല. ഇന്‍റർനെറ്റ് പതിയെ താളം കണ്ടെത്തിയതോടെ സ്വന്തം പാട്ടുകൾ യൂട്യൂബിൽ അവതരിപ്പിച്ചായിരുന്നു ഫെജോയും തുടക്കമിട്ടത്. ആദ്യ കാഴ്ചക്കാരായി ഫെജോക്ക് കിട്ടിയ 100 പേർ ആയിരവും പിന്നീട് പതിനായിരവുമായി വളർന്നതുപോലെ പടിപടി ആയായിരുന്നു മലയാളം റാപ് സംഗീതവും പിച്ചവെച്ചത്.
ഫെജോയും പിന്നാലെ 2013ൽ തിരുമാലിയും വെട്ടിയ വഴിയിൽ മലയാളത്തിനെ ചേർത്തുപിടിച്ച് വരാൻ പുതിയ കുറച്ചു ആർട്ടിസ്റ്റുകളുമുണ്ടായി. 2018 വരെ പക്ഷേ, കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. ഒരു ജി.ബി ഇന്‍റർനെറ്റിൽ ഒരു മാസം സുഭിക്ഷമായി കഴിഞ്ഞ കാലം മാറി അൺലിമിറ്റഡ് ജി.ബി കത്തിച്ചുകളയുന്ന ‘ഇന്‍റർനെറ്റ് വിപ്ലവം’ നാട്ടിൽ പിറന്നതാണ് മറ്റു പലതുംപോലെ കേരളത്തിൽ റാപ് പ്രഫഷനും അടിത്തറ ഒരുക്കിയത്.
മലയാളം നിറഞ്ഞ റാപ്
2020ൽ കോവിഡ് കാലമായതോടെ റാപ് സംഗീതവും സ്വതന്ത്ര റാപ് ഗായകരും കേരളത്തിന്‍റെ മെയിൻ സ്ട്രീം ആയി രൂപം മാറി. പിന്നീടിങ്ങോട്ട് എല്ലാം ചരിത്രമാണ്. മെയിൻ സ്ട്രീം ആക്കി മലയാളം റാപ്പിനെ മാറ്റിയതിന്‍റെ പ്രധാന ക്രെഡിറ്റ് ഫെജോക്കും തിരുമാലിക്കുമാണ് ആസ്വാദകർ നൽകുന്നത്.
ഇവർക്ക് പിന്നാലെ മലയാളം റാപ്പിനെ ഉയരങ്ങളിലെത്തിച്ച് തിളങ്ങുകയാണ് വേടൻ, ഡബ്സി, എം.എച്ച്.ആർ, സാൻ ജെയിംത്, ബേബി ജീൻ, എൻ.ജെ, എം.സി. കൂപ്പർ, എ.ബി.ഐ, ബ്ലാക്ക്, ഗബ്രി, ജോക്കർ, ലിൽ പയ്യൻ... എന്നിങ്ങനെ മലയാളി റാപ്പർമാരുടെ നീണ്ടനിര. ഇതിനിടയിൽ അങ്ങ് അന്താരാഷ്ട്രതലത്തിൽ കത്തിക്കയറി ഹനുമാൻ കൈൻഡ് എന്ന മലപ്പുറത്തുകാരൻ തെളിച്ച വെളിച്ചവും കേരളത്തിന്‍റെ റാപ് ലോകത്തിന് ഇന്ന് വഴിവിളക്കാണ്.
വാട്ട് ഈസ് റാപ്?
സംഗീതം, നൃത്തം, വസ്ത്രധാരണം അങ്ങനെ പലവിധ ജീവിതധാരകളെ ചേർത്തുകെട്ടുന്ന സംസ്കാരമാണ് ഹിപ് ഹോപ്. 1970കളിൽ അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിനിടയിൽ ഉരുത്തിരിഞ്ഞ സംസ്കാരം.
ഹിപ് ഹോപ് സംസ്കാരത്തിന് പ്രധാനമായും നാലു തൂണുകളാണുള്ളത് -റാപ്പിങ്, ബ്രേക്ക് ഡാൻസിങ്, ഡി.ജെയിങ്, ഗ്രാഫിറ്റി ആർട്ട്. അവയിൽ വരികളിലൂടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന റാപ്പിങ് ആണ് റാപ് മ്യൂസിക്. ബീറ്റുകൾക്കനുസരിച്ച് റിഥമിക് ആയി വാക്കുകൾ നിലക്കാതെ ഒഴുകുന്ന സ്വതന്ത്ര സംഗീതം. ആ സംഗീതധാരയിൽ പാട്ടുകൾ എഴുതി റാപ് ചെയ്ത് അവതരിപ്പിക്കുന്നയാളാണ് റാപ്പർ. മത്സരാധിഷ്ഠിത സ്പോർട് കൂടിയാണ് റാപ് മ്യൂസിക്. പരസ്പരം മത്സരിച്ച് നിമിഷാർധം കൊണ്ട് വരികൾ റിഥം അനുസരിച്ച് തൊടുക്കുന്ന സ്പോർട്സ്.
ആഫ്രിക്കൻ അമേരിക്കക്കാരുടെ കുത്തകയാണ് റാപ് സംഗീതം എന്നതായിരുന്നു അമേരിക്കയിൽ പോലും തുടർന്നുവന്ന രീതി. വാനില ഐസ് എന്ന റാപ്പർ 1990ൽ ആദ്യ ഹിറ്റടിച്ചതിന് ശേഷമാണ് വെളുത്ത വർഗക്കാർ ഈ സംഗീതമേഖലയിൽ വരവറിയിക്കാൻ പോലും തുടങ്ങിയത്.
പിന്നാലെ റാപ്പിന്‍റെ തലതൊട്ടപ്പനായി എമിനെം (മാർഷൽ ബ്രൂസ് മാതേഴ്സ്) വളർന്നുകയറുന്നതും വർഗ-വർണ ഭേദമില്ലാതെ റാപ് ലോകമൊന്നാകെ ഒഴുകിപ്പരക്കുന്നതുമായി കാഴ്ച. ഏത് സംസ്കാരവുമായും സംഗീത മേഖലകളുമായും ഭാഷയുമായും സംഗീത ഉപകരണങ്ങളുമായും അനായാസം ഇഴുകിച്ചേരും എന്നതാണ് റാപ് സംഗീതത്തിന്‍റെ പ്രത്യേകത.
സാധാരണ ഗായകനല്ല റാപ്പർ
പാട്ടുപാടി കൈയടി നേടിപ്പോകുന്ന സാധാരണ ഗായകനല്ല, സ്വന്തം അനുഭവങ്ങളും ചിന്തകളും വികാരങ്ങളും സമൂഹത്തോട് പറയേണ്ട കാര്യങ്ങളും വരികളിൽ നിറച്ച് എല്ലാ ടെക്നിക്കൽ തലങ്ങളും നോക്കി പ്രാസവും താളവും ലയിപ്പിച്ച് സ്വയം എഴുതി പാടുന്നയാളാണ് റാപ്പർ. സ്വന്തമായി വരികൾ എഴുതാത്തയാൾ റാപ് ചെയ്താലും അയാളെ റാപ്പർ എന്ന് വിളിക്കാൻ കഴിയില്ല.
ഓരോരുത്തർക്കും സ്വന്തമായൊരു ഐഡന്‍റിറ്റിയായി സ്റ്റേജ് നെയിം ഉണ്ടാകും. മെയിൻസ്ട്രീം റാപ്പർ, അണ്ടർഗ്രൗണ്ട് റാപ്പർ എന്നിങ്ങനെയുമുണ്ട്. ഇൻഡിപെൻഡന്‍റ് ആർട്ടിസ്റ്റ് ആണെങ്കിലും മുൻനിര മ്യൂസിക് കമ്പനി ലേബലുകളുമായി കരാറും വൻ കൺസേർട്ട് വേദികളും വലിയ ആരാധകവൃന്ദവുമൊക്കെയായി പ്രശസ്തി ആസ്വദിക്കുന്നവരാണ് മെയിൻസ്ട്രീം റാപ്പർമാർ. അണ്ടർഗ്രൗണ്ട് റാപ്പർമാർ അവരുടേതായ ചെറിയ ആരാധകക്കൂട്ടവുമായി ഒതുങ്ങിക്കൂടി നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി റാപ് ചെയ്യുന്നവരാണ്.
റാപ് സിമ്പിളാണ്, പേഴ്സനലും
ഗായകന്‍റെ മനോവിചാരങ്ങളുടെ സംഗ്രഹമാണ് റാപ്. പ്രണയം, നിരാശ, ദേഷ്യം, വേദന, പ്രതീക്ഷകൾ, പ്രക്ഷോഭങ്ങൾ, രാഷ്ട്രീയം, പലവകയിലുള്ള അനുഭവങ്ങൾ തുടങ്ങി എന്തുതന്നെ ആയാലും റാപ്പർക്ക് ഈ ലോകത്തോട് സംവദിക്കാനുള്ള വഴിയാണ് അയാളുടെ വരികൾ. ശ്വാസം നിന്നുപോകുന്ന തരത്തിൽ അതിവേഗതയിൽ റാപ് ചെയ്യുന്നവരുടെ പോലും വരികൾ സിമ്പിളായിരിക്കും.
വരികൾ എഴുതുമ്പോൾ നേരിടുന്ന വെല്ലുവിളിയും അതാണ്, ലളിതമായിരിക്കണം. ഭാഷാ പാണ്ഡിത്യം കുത്തിനിറക്കുകയല്ല, ഏറ്റവും സാധാരണക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ കാര്യം പറയുന്നതാകണം, ഒപ്പം ഫ്ലോ കൃത്യമാകണം, ബീറ്റ് പിടിക്കണം, കേൾക്കുന്നവരെ രസിപ്പിക്കണം. നിമിഷങ്ങൾ കൊണ്ട് അങ്ങനെയുള്ള വരികൾ നാവിൻതുമ്പിലെത്തിക്കുന്നവരാണ് റാപ്പർമാർ.
പലപ്പോഴും മോശം വാക്കുകൾ റാപ്പിൽ കടന്നുവരാറുണ്ട്. സെൻസറിങ് ഇല്ലാതെ അസഭ്യ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കാൻ മടിക്കാത്തവരും ഏറെ. എന്നാൽ, അവിടെയും ക്ലീൻ ഇമേജ് സൂക്ഷിക്കുന്ന റാപ്പർമാരുണ്ട്. ചിലർ ഒരാവശ്യവുമില്ലാതെയും മോശം വാക്കുകൾ ഉപയോഗിക്കുമ്പോൾ, ചിലർ തന്‍റെ റാപ്പിലേക്ക് ഒരു കാരണവശാലും അവ ഉൾപ്പെടുത്തില്ലെന്ന് നിർബന്ധമുള്ളവരാകും.
അമേരിക്കൻ റാപ്പുകളിൽ മയക്കുമരുന്ന് ഉപയോഗത്തെ മഹത്വപ്പെടുത്തുക പോലും പതിവാണ്. റാപ് അമേരിക്കൻ ആണെങ്കിലും ചെന്നെത്തുന്ന നാടിന്‍റെ സംസ്കാരത്തിന്‍റെ സ്വാധീനം അധികമായി കടന്നുവരുന്ന സംഗീതശാഖ കൂടിയാണിത്. മലയാളം റാപ്പിൽ അസഭ്യവാക്കുകളും ലഹരിയുടെ പ്രകീർത്തനവും താരതമ്യേന കുറഞ്ഞുകാണുന്നതിന്‍റെ കാരണവും ഈ സാംസ്കാരിക സാഹചര്യമാണ്.
അമേരിക്കൻ റാപ്പിനെ പോലെ തുറന്നെഴുത്ത് സാധ്യത കേരള നാട്ടിൽ പരിമിതമാണെന്ന് നമ്മുടെ റാപ്പർമാർക്ക് നന്നായി അറിയാം. കേരളത്തിലെ സാമൂഹിക സാഹചര്യവും സദാചാര മൂല്യങ്ങളും അത്തരം റാപ്പുകളെ അംഗീകരിക്കാൻ മടിക്കും.
ഒപ്പം അശ്ലീലതയും അസഭ്യവും കുത്തിനിറക്കാതിരിക്കൽ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമായി കൂടി മലയാളം റാപ്പർമാർ കാണുന്നു എന്നതും ഈ ക്ലീൻ ഇമേജിന് കാരണമാണ്. കൊച്ചുകുട്ടികൾ വരെ തങ്ങളുടെ ഓഡിയൻസാണ് എന്ന ബോധത്തോടെ പാട്ടിറക്കുന്ന ഫെജോയെ പോലെയുള്ള റാപ്പർമാർ പ്രൊഫാനിറ്റിയെ റാപ്പിൽനിന്ന് അകറ്റിനിർത്തിയും വിജയിച്ചവരാണ്.
തെറിക്കുത്തരം മുറിപ്പത്തലായി ഡിസ് ട്രാക്ക്
പരസ്പരം വാക്കുകൾ കൊണ്ട് മത്സരിക്കുന്ന റാപ് ലോകത്ത്, പരസ്പര വൈരവും സർവസാധാരണമാണ്. സ്വന്തം വരികളെ മൂർച്ചയുള്ള ആയുധമാക്കി എതിരാളികളെ വെട്ടാൻ ഉപയോഗിക്കുകയാണ് റാപ്പർമാർ ചെയ്യുക. എതിർ റാപ്പർമാർ ആയാലും വിമർശനമുന്നയിക്കുന്ന മറ്റാരെങ്കിലും ആയാലും അവരെ തലകുനിപ്പിക്കാൻ ഉള്ള കുത്തുവാക്കുകൾ കൃത്യമായി ഉൾക്കൊള്ളിച്ച് റാപ്പർമാർ ഇറക്കുന്ന ഗാനങ്ങളാണ് ഡിസ് ട്രാക്കുകൾ.
ചിലത് എതിരാളിയുടെ പേര് നേരെ പറഞ്ഞ്, അയാളെ നേരിട്ട് ബന്ധിപ്പിക്കുന്ന വിവരങ്ങളും പറഞ്ഞ് ‘കുത്തുന്ന’ ഡയറക്ട് ഡിസ്സിങ് ആയിരിക്കും. ചിലർ, ഊഹിക്കാമെങ്കിൽ ഊഹിച്ചോ എന്ന രീതിയിൽ വരികളിൽ വിമർശനം ഒളിപ്പിച്ചുവെക്കും. റിപ്ലൈ ഡിസ്സും ഇമോഷണൽ ഡിസ്സും മോക്കിങ് ഡിസ്സും ടെക്നിക്കൽ ഡിസ്സും ഇൻഫർമേഷൻ ഡിസ്സും അങ്ങനെ പലവിധമുണ്ട് ഡിസ് ട്രാക്കുകൾ.
മലയാളം റാപ്പമാർക്കിടയിലും എത്തുന്നുണ്ട് ഡിസ് കൾചർ. എന്നാൽ, മലയാളം മെയിൻ സ്ട്രീം ലെവലിൽ മുൻനിരയിൽ കത്തിനിൽക്കുന്ന റാപ്പർമാരാരും അങ്ങനെ പരസ്പരം ഡിസ് ചെയ്ത് കാണാറില്ല. അടുത്ത തലത്തിലാണ് ഡിസ്സുകൾ ഉള്ളത്. വരികൾക്കിടയിൽ ഒളിപ്പിച്ചാണ് കൂടുതൽ. എം.എച്ച്.ആറും ജോക്കറും ചേർന്ന് അടുത്തിടെ ഇറക്കിയ ട്രാക്കിൽ ഒരു പ്രമുഖനെതിരെ കാര്യമായി ഡിസ് ഒളിച്ചിരിപ്പുണ്ടെന്നാണ് ആരാധകരും നിരൂപകരും പാടിനടക്കുന്നത്. അങ്ങനെ കുത്തുകൾ പലവിധം.
റാപ്പിലെ പരീക്ഷണങ്ങൾ, ഫ്ലെക്സിങ്
റാപ്പർ തന്‍റെ തന്നെ ആൾട്ടർ ഈഗോയെ കാരക്ടർ ആക്കി ചെയ്യുന്ന റാപ്പുകളും ഉണ്ട്. അത്തരം പരീക്ഷണങ്ങൾ ഈ ചെറുകാലഘട്ടത്തിൽ മലയാളം റാപ്പിലും വന്നിട്ടുണ്ട്. 2019ൽ ഫെബിൻ ജോസഫ് എന്ന സാധാരണക്കാരൻ എൻജിനീയർ തന്‍റെ ഫെജോ എന്ന സ്വത്വത്തോട് മത്സരം പ്രഖ്യാപിക്കുന്ന ‘മത്സരം എന്നോടുതന്നെ’ റാപ്പ് ഇത്തരത്തിൽ ആൾട്ടർ ഈഗോ സ്റ്റൈലിൽ ഉള്ളതാണ്. എന്നാൽ, അത്തരം പരീക്ഷണങ്ങളെ ആഴത്തിൽ തിരിച്ചറിയുന്ന രീതിയിലേക്ക് കേരളത്തിലെ ആസ്വാദക നിര കാര്യമായി വളർന്നിട്ടില്ല.
ഫ്ലെക്സ് (Flex) എന്നതാണ് റാപ്പിന്‍റെ പ്രധാന ആശയങ്ങളിൽ ഒന്ന്. മലയാളത്തിൽ പറഞ്ഞാൽ, താൻപോരിമ നിറഞ്ഞ അസ്സൽ തള്ള്. റാപ്പർ സ്വന്തം നേട്ടങ്ങൾ, കഴിവുകൾ അവ മെറ്റീരിയലാകാം, പണമാകാം, ആരാധക പിന്തുണയാകാം, പദവിയാകാം, ബന്ധങ്ങളാകാം പാട്ടിലൂടെ അവയെ കുറിച്ച് വിസ്തരിച്ച് മേനിപറയുന്നതാണ് ഫ്ലെക്സിങ്.
ഇവിടെ എന്തും പോകും
പാരമ്പര്യം ഹിപ് ഹോപ് ഒക്കെ ആണെങ്കിലും എന്തിനോടും ഇണങ്ങുന്നതിൽ റാപ്പിന് പ്രത്യേക കഴിവ് തന്നെയാണ്. ആ ഇണക്കമാണ് പ്രാദേശികമായി റാപ്പിനെ കൊരുത്തിടുന്നത്. അതുകൊണ്ടുതന്നെയാണ് മലബാർ മൊഞ്ചുമായെത്തിയ ഒരുപിടി റാപ്പുകളിലൂടെ ഡബ്സിയും എം.എച്ച്.ആറുമൊക്കെ കേരളത്തിന്‍റെ ഹൃദയം കീഴടക്കിയത്.
കേരളത്തിന്‍റെ നാടൻപാട്ടും മാപ്പിളപ്പാട്ടും ചൊല്ലുകളും ഉൾപ്പെടെയുള്ള വേരുകളിൽ റാപ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നാണ് സ്റ്റാർ റാപ്പർമാർ പോലും അടിവരയിടുന്നത്. കുഞ്ചൻ നമ്പ്യാരിലേക്ക് പോലും ആ പാരമ്പര്യത്തിന്‍റെ നാൾവഴികൾ ചെന്നെത്തുന്നുണ്ടത്രേ.
പ്രണയവർണനകൾ മുതൽ ജനവിഭാഗങ്ങളുടെ ദുരിതപർവങ്ങൾ വരെ, സ്പോർട്സ് ആൻഥം മുതൽ താരാട്ടുപാട്ടുവരെ എന്തും റാപ് ആകും എന്നതാണ് ഈ സംഗീതകൈവഴിയുടെ പ്രത്യേകത. സമകാലിക രാഷ്ട്രീയമൊക്കെ വരച്ചിടാൻ റാപ്പിനല്ലാതെ മറ്റേത് സംഗീതശാഖക്കാണ് കഴിയുക.
കേരളത്തിൽ ഓളം അപ് ആണ്
കേരളത്തിൽ പിച്ചവെക്കാൻ റാപ്പിന് കുറച്ചുകാലം പിടിച്ചെങ്കിലും ഇപ്പോൾ കാട്ടുതീ പോലെയാണ് പടരുന്നത്. യൂട്യൂബിൽ കൊളുത്തിവെച്ച തീ നൂറുകണക്കിന് വേദികളിലേക്കാണ് കടന്നുകയറിയത്. ഫെജോയും തിരുമാലിയും തുടങ്ങി, ഡബ്സി ചൂടുപിടിപ്പിച്ച് വേടൻ ഇന്ന് കത്തിക്കുകയാണ്.
2018 മുതൽ മലയാളം റാപ്പിന്‍റെ നല്ലകാലം തുടങ്ങിയെങ്കിൽ, റോക്കറ്റ് പോലുള്ള കുതിപ്പ് തുടങ്ങിയത് 2020ന് ശേഷമാണ്. ഫെജോ, തിരുമാലി പോലുള്ളവർ ഒരു ഓഡിയൻസിനെ ഉണ്ടാക്കി വെച്ചുതുടങ്ങിയതിനെ വലിയ ചർച്ചയാക്കി മാറ്റിയത് ഡബ്സിയുടെ വരവോടെയാണ്. ‘തല്ലുമാല’ സിനിമയിലെ ഡബ്സിയുടെ പാട്ടുകൾ കയറി കൊളുത്തിയതോടെ റാപ്പും റാപ്പർമാരും ശരിക്കും സ്റ്റാർ സ്റ്റാറ്റസിലേക്ക് ഉയർന്നു. ഒപ്പം വേടന്‍റെ എൻട്രി സംഗീതാസ്വാദക സമൂഹത്തെ പിടിച്ചുകുലുക്കി.
ഇതെന്തൊരു കൂത്ത് എന്ന് ആദ്യകാലത്ത് നെറ്റിചുളിച്ചവരും ‘ശുദ്ധസംഗീത’ത്തെ കൊല്ലുന്നു എന്ന് പേടിച്ചവരും പുതിയ പിള്ളേരുടെ കോപ്രായങ്ങൾ എന്ന് പരിഹസിച്ചവരും ഇവിടെ ആദ്യകാലം തൊട്ട് ഉണ്ടായിരുന്നു. എന്തിനേറെ, ഇതെന്താ പറയുന്നത് എന്ന് ചോദിച്ച് സംശയിച്ചുനിന്ന യൂത്തന്മാരെപ്പോലും ആദ്യ സമയങ്ങളിൽ മലയാളം റാപ്പർമാർക്ക് നേരിടേണ്ടിവന്നു. എന്നാൽ, സംഗീതത്തിന്‍റെ മറ്റൊരു കൈവഴിയായി ഈ പാട്ടുകളും ഒഴുകിക്കോളും എന്ന് തിരിച്ചറിഞ്ഞതോടെ, റാപ് ആസ്വദിക്കാനുള്ള മനസ്സും പലരും കാണിച്ചുതുടങ്ങി.
ഇന്‍റർനെറ്റിന്‍റെ വളർച്ചയാണ് ഇതിനും ഒരു പരിധിവരെ സഹായിച്ചത്. സിനിമ, ആൽബം ഗാനങ്ങൾക്കപ്പുറം സെർച്ചിലൂടെ പുതിയ ഗാനങ്ങളെയും ഗായകരെയും കണ്ടെത്താൻ ആസ്വാദകർക്ക് അവസരം കിട്ടി. റാപ്പിന്‍റെ ജനകീയത മലയാളികളുടെ ഇടയിൽ വേരൂന്നിത്തുടങ്ങി എന്നതിന്‍റെ ഉദാഹരണമാണ് അമ്പലപ്പറമ്പുകളിൽ പോലും റാപ്പർമാർക്ക് വേദിയൊരുങ്ങുന്ന കാഴ്ച, മില്യൺ കണക്കിനാണ് വ്യൂസ്/സ്ട്രീമിങ് ഇന്ന് കുന്നുകൂടുന്നത്. ഇതിനിടയിൽ വന്നെത്തിയ പലവിധ വിവാദങ്ങൾ എത്രമാത്രം ചർച്ചകൾക്കാണ് തിരികൊളുത്തിയത്.
കേരളത്തിലെ റാപ് ആസ്വാദകർ മൂന്ന് തരമാണ്, ട്രെൻഡിനൊപ്പം നീങ്ങുന്നവർ, ആവേശം കൂട്ടാൻ കൂടെ തുള്ളുന്നവർ, ശരിക്കും മനസ്സിലാക്കി ഫോളോ ചെയ്യുന്നവർ. ഇതിൽ മൂന്നാമത്തെ കൂട്ടത്തിൽ ആള് കൂടിയാൽ മാത്രമേ റാപ്പിന്‍റെ ഭാവി ശോഭനമാകൂ. ആ തലത്തിലേക്കാണ് വളർച്ച എന്ന ശുഭാപ്തി വിശ്വാസത്തിലാണ് മലയാളി റാപ് ലോകം.
മലയാളം സിനിമ ലവ്സ് റാപ്
മലയാള സിനിമ ഇരുകൈയും നീട്ടി റാപ്പർമാരെ സ്വീകരിക്കാൻ കാട്ടിയ മനസ്സാണ് കേരള മണ്ണിൽ റാപ്പിനെ ഇത്രയും വളർത്തിയത്. 2018 മുതൽ മലയാളം റാപ്പർമാർ വാഴുന്നിടമായി നമ്മുടെ സിനിമ മാറി. മുൻനിരക്കാരെ ആ നിലയിൽ എത്തിച്ചതിൽ, ഇൻഡിപെൻഡന്‍റ് ആർട്ടിസ്റ്റുകളെ ജനകീയമാക്കിയതിൽ സിനിമക്ക് വലിയ ക്രെഡിറ്റ് തന്നെ നൽകണം.
മലയാളം റാപ്പർമാരുടെ ഡിസ്കോഗ്രഫിയിലും സ്വതന്ത്ര ആൽബം സോങ്ങുകളേക്കാൾ കൂടുതൽ സിനിമ ഗാനങ്ങളാണ്. കട്ടക്ക് കൂടെ നിൽക്കുന്ന സംഗീത സംവിധായകർക്കും നൽകണം ക്രെഡിറ്റ്. ‘തല്ലുമാല’ ആകട്ടെ ‘നരിവേട്ട’ ആകട്ടെ സിനിമ ഏതായാലും ‘റാപ്പ് നിർബന്ധാ’ എന്നതാണ് നിലവിലെ സ്ഥിതി. സിനിമകളേക്കാൾ കൂടുതൽ പാട്ട് ട്രെൻഡാകുന്നതിലേക്ക് ആർട്ടിസ്റ്റുകൾ വളർച്ച നേടുന്നതും ഇതിനിടയിൽ കണ്ടു.
ഇന്ന് സിനിമക്കും ഉയരെ പറക്കുകയാണ് മലയാളം റാപ്. ആദ്യം സിനിമ റാപ്പിനെ പ്രമോട്ട് ചെയ്തെങ്കിൽ ഇപ്പോൾ ട്രെൻഡ് തിരിച്ചാണ്. സിനിമാ പ്രമോഷന് റാപ്പർമാർ മുഖമാകുന്ന കാലമാണിത്. തങ്ങളെ കൈപിടിച്ചു കയറ്റിയ സിനിമക്ക് റാപ്പർ ടീം തിരികെ നൽകുന്ന നന്ദി.
ഒരുമിച്ച് ലോകം കീഴടക്കാൻ
ഒരു സിനിമ വിജയിച്ചാൽ അത് ഇൻഡസ്ട്രിക്ക് മൊത്തം ബൂസ്റ്റ് നൽകുന്നത് പോലെയാണ് റാപ് ലോകത്തും. എത്ര പുതിയ റാപ്പർമാർ വരുന്നോ, ഹിറ്റടിക്കുന്നോ അത്രയും നല്ലത്. പുതിയ താരങ്ങളുടെ കടന്നുവരവാണ് മലയാളം റാപ്പിനെ വളർത്താൻ വഴിയൊരുക്കുക. യൂട്യൂബ്, സ്പോട്ടിഫൈ മില്യൺ വ്യൂസ് യുഗത്തിൽ അവർക്ക് മുൻഗാമികളെപ്പോലെ കിതക്കേണ്ടി വരില്ല, ഒന്നോ രണ്ടോ പാട്ടുമതി കൊളുത്തിക്കയറാൻ.
കേരളത്തിലെ മലയാളം റാപ് മുന്നണിയിലെ തിളക്കമുള്ള താരങ്ങളെല്ലാം പരസ്പരം സഹകരിച്ചുള്ള മുന്നോട്ടുപോക്കിന്‍റെ പാതയിലാണ്. പാട്ടുകളിൽ കൊളാബ് ചെയ്തും പ്രമോട്ട് ചെയ്തും സ്റ്റേജുകളിൽ പ്രോത്സാഹനം നൽകിയും പരസ്പരം ഇടിച്ചുതാഴ്ത്താതെയുമുള്ള മുന്നേറ്റം ഇതുവരെയുള്ള വളർച്ചയിലും നിർണായകമായി.
ഇംഗ്ലീഷ് റാപ്പിങ്ങിലാണ് പിടിയെങ്കിലും ഹനുമാൻ കൈൻഡ് മലയാളം റാപ്പർമാർക്ക് ചെയ്ത ഗുണം ചെറുതൊന്നുമല്ല. ഹനുമാൻ കൈൻഡിന്‍റെ റാപ്പുകൾ സെൻസേഷൻ ആയപ്പോൾ അത് തേടിയെത്തിയവരിൽ വലിയൊരു വിഭാഗം കേരളത്തിലെ മറ്റു റാപ്പർമാർക്കും വലിയ ആകാശമാണ് തുറന്നുകൊടുത്തത്.
അത്തരം കൊടുക്കൽ വാങ്ങലുകളിലൂടെ മുന്നേറുകയാണ് കേരള റാപ് കൾചർ. സോണി മ്യൂസിക്, ഡെഫ് ജാം, വാർണർ മ്യൂസിക് അങ്ങനെ മുൻനിര കമ്പനികൾ ആർട്ടിസ്റ്റുകളെ കൊത്തിക്കൊണ്ടുപോകാൻ പരതിനടക്കുകയാണ്. ഭാഷാവരമ്പുകൾ തകർത്തെറിഞ്ഞ് ലോകമെങ്ങും മലയാളം ഭാഷയിൽ തന്നെ കേരളത്തിന്‍റെ സ്വന്തം റാപ് ആസ്വദിക്കപ്പെടുന്ന കാലം വിദൂരമല്ല.