Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightനാടുവിട്ട മകനെ...

നാടുവിട്ട മകനെ ലക്ഷ്മിയമ്മ കണ്ടു, 25 വർഷങ്ങൾക്കു ശേഷം...

text_fields
bookmark_border
നാടുവിട്ട  മകനെ ലക്ഷ്മിയമ്മ കണ്ടു, 25 വർഷങ്ങൾക്കു ശേഷം...
cancel


വീടിന്‍റെ പൂമുഖത്ത് വൃദ്ധയായ ആ അമ്മക്കരികിൽ ദൂരത്തേക്ക് കണ്ണുമെറിഞ്ഞ് യാതൊരു ഭാവമാറ്റവുമില്ലാതെ കൃഷ്ണൻ ഇരിക്കുന്നുണ്ട്, ഇനി അമ്മയെ വിട്ട് എങ്ങോട്ടും പോവില്ലെന്ന ശപഥവുമായി. ഇടക്കിടെ തലയുയർത്തി ഓരോന്നാലോചിച്ച് തന്‍റെ വിശേഷങ്ങളിൽ ചിലത് അമ്മയോട് പങ്കുവെക്കുന്നുണ്ട്. ‘ഇനി നിന്നെ എവിടെയും വിടില്ല’ എന്ന് 86 വയസ്സുള്ള അമ്മ അതിനിടെ ആവർത്തിക്കുമ്പോഴും ചെറുപുഞ്ചിരിയോടെ കൃഷ്ണൻ തലയാട്ടിക്കൊണ്ടേയിരുന്നു...

25 വർഷം മുമ്പ് നാടുവിട്ട മകൻ വീട്ടിലേക്ക് മടങ്ങിയെത്തിയതോടെ നോമ്പും വഴിപാടുകളുമായുള്ള ലക്ഷ്മിയമ്മയുടെ കാത്തിരിപ്പിനാണ് വിരാമമായത്. ‘മകനെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിത്തരണേ ഭഗവാനേ’യെന്ന് ദിവസവും കണ്ണീരൊഴുക്കിയുള്ള പ്രാര്‍ഥനയുമായാണ് ഇക്കാലമത്രയും ഈ അമ്മ തള്ളിനീക്കിയത്. വഴിക്കണ്ണുമായി കാത്തിരുന്ന ലക്ഷ്മിയമ്മയുടെ മുന്നിലേക്ക് ഒരു നിയോഗംപോലെയാണ് 55കാരനായ മകന്‍ കൃഷ്ണൻ മടങ്ങിയെത്തിയത്. അത്രയേറെ വികാരനിര്‍ഭരമായിരുന്നു ആ പുനഃസമാഗമം. അമ്മക്കൊപ്പം നഷ്ടപ്പെട്ട ‘നിധി’ കണ്ടെടുത്തതിന്റെ ആഹ്ലാദത്തിലാണ് അഞ്ച് സഹോദരങ്ങളും...


15ാം വയസ്സിൽ നാടുവിടുന്നു

കൊടകര വല്ലപ്പാടിയിലുള്ള അമരിപ്പാടത്ത് ചന്ദ്രശേഖരന്‍-ആന്തപ്പിള്ളി ലക്ഷ്മി ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനാണ് കൃഷ്ണന്‍. കൊടകര ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പത്താംക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ റിസൽട്ടിനു കാത്തിരിക്കാതെ കൃഷ്ണന്‍ നാടുവിട്ടു, 15ാം വയസ്സിൽ. ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ബിസിനസ് നടത്തിയിരുന്ന അമ്മാവന്റെ അടുത്തേക്കാണ് പോയത്. അവിടെ സഹായിയായി കൂടി. വല്ലപ്പോഴും മാത്രം വീട്ടിലേക്ക് കത്തെഴുതി.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അമ്മാവന്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ആന്ധ്രയിലെ കടയുടെ നടത്തിപ്പ് ചുമതല കൃഷ്ണന്‍ ഏറ്റെടുത്തു. എന്നാല്‍, രണ്ടുവര്‍ഷത്തിനുശേഷം റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ കട പൊളിച്ചുമാറ്റപ്പെട്ടു. തുടര്‍ന്ന് വാഹനസംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടെങ്കിലും ഒരു അപകടത്തെ തുടർന്ന് അതും ഒഴിവാക്കേണ്ടിവന്നു. നിരാശയിലായ കൃഷ്ണന് വീട്ടിലേക്കു മടങ്ങാന്‍ തോന്നിയില്ല. അതിനിടെ വീടുമായുള്ള അകലവും കൂടി. ആരോടും പറയാതെ ആന്ധ്രയില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് വണ്ടികയറി. മഹാരാഷ്ട്രയിലെ അംബഡ് എന്ന സ്ഥലത്തുള്ള മലയാളിയുടെ ഫാമില്‍ ജോലിക്കാരനായി.

വീട്ടുകാരറിയാതെ കേരളത്തിലേക്ക്

കൃഷ്ണനെക്കുറിച്ച് വിവരമില്ലാതായപ്പോള്‍ വീട്ടുകാര്‍ വിഷമിച്ചു. അമ്മാവന്‍വഴി ആന്ധ്രയിലുള്ള പരിചയക്കാരോടെല്ലാം തിരക്കിയെങ്കിലും സൂചനപോലും കിട്ടിയില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതിനിടെ മഹാരാഷ്ട്രയിലെ ജോലി ഉപേക്ഷിച്ച് കൃഷ്ണന്‍ കര്‍ണാടകയിലെത്തി. ബെള്ളാരിയിലായിരുന്നു തുടര്‍ന്നുള്ള ജീവിതം.

അതിനിടെയാണ് വെരിക്കോസ് രോഗം ബാധിച്ച് പ്രയാസത്തിലായത്. ഡോക്ടറെക്കണ്ട് മരുന്നുകള്‍ കഴിച്ചെങ്കിലും ആശ്വാസം കിട്ടിയില്ല. കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി ചികിത്സിച്ചാല്‍ ഭേദമാകുമെന്ന് ബെള്ളാരിയിലെ മലയാളി സുഹൃത്തുക്കള്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് 2007ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലിലെത്തുന്നത്. ചികിത്സയുടെ ഭാഗമായി ഏഴുമാസത്തോളം അവിടെ കഴിഞ്ഞു. രോഗം ഏറക്കുറെ ഭേദമായപ്പോള്‍ വീണ്ടും ബെള്ളാരിയിലേക്ക് തിരിച്ചുപോയി.

25 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട നെഞ്ചുവേദന

നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് കോട്ടയത്താണ്. വിവിധ തൊഴിലുകളെടുത്ത് മുന്നോട്ടുപോകുന്നതിനൊടുവിലാണ് നെഞ്ചുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ ആശുപത്രിവാസമാണ് വഴിത്തിരിവായത്. കിടത്തിച്ചികിത്സക്ക് കൂട്ടിരിക്കാന്‍ ആളുവേണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ തനിക്ക് ഇവിടെ ബന്ധുക്കളില്ലെന്ന് കൃഷ്ണന്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് 25 വര്‍ഷത്തിലേറെയായി വീട്ടുകാരുമായി ബന്ധമില്ലെന്ന കാര്യം അറിയുന്നത്. തുടർന്ന് ഡോക്ടർ കോട്ടയം പൊലീസിൽ വിവരമറിയിച്ചു. കൊടകരയിലെ വീടിരിക്കുന്ന സ്ഥലവും വാർഡ് നമ്പറും അമ്മയുടെയും സഹോദരങ്ങളുടെയും പേരും കൃഷ്ണൻ പൊലീസിനോട് പറഞ്ഞു. കോട്ടയം പൊലീസ് കൊടകര പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. കോട്ടയം പൊലീസ് അയച്ചുകൊടുത്ത ഫോട്ടോ കണ്ടാണ് സഹോദരി ഗീത കൃഷ്ണനെ തിരിച്ചറിഞ്ഞത്. അന്നുരാത്രിതന്നെ വീട്ടുകാര്‍ കോട്ടയത്തെത്തി കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

‘ഇവനെ ഇനി എങ്ങോട്ടും വിടില്ല’

മകനെ കാണാതായ നൊമ്പരം ഉള്ളിലൊതുക്കിക്കഴിഞ്ഞിരുന്ന പിതാവ് ചന്ദ്രശേഖരന്‍ ഇതിനിടെ മരണപ്പെട്ടിരുന്നു. 21 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ച വിവരം കൃഷ്ണന്‍ അറിയുന്നത് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ്. ഏറെക്കാലത്തെ പ്രാര്‍ഥനക്കുശേഷം തിരികെക്കിട്ടിയ മകനെ ഇനി എങ്ങും പോകാന്‍ അനുവദിക്കില്ലെന്ന് നിറകണ്ണുകളോടെ ലക്ഷ്മിയമ്മ പറയുന്നു.

അമ്മയെയും സഹോദരങ്ങളെയും വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് കൃഷ്ണനും പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമായ ആരോടും ഒരു ബന്ധവുമില്ലാതെ അലയുന്ന കാലത്ത് വീട്ടിലേക്ക് ഒരു കത്തെഴുതണമെന്നുപോലും തോന്നാത്തതെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരിയിലൊതുക്കുകയാണ് കൃഷ്ണന്‍. വല്ലപ്പാടിയിലെ സഹോദരി ഗീതയുടെ വീട്ടിലാണ് കൃഷ്ണനും അമ്മ ലക്ഷ്മിയും താമസിക്കുന്നത്. വീണ്ടും കലശലായ വെരിക്കോസ് രോഗത്തിന് ചികിത്സയും തുടരുന്നുണ്ട്. നാട്ടില്‍ പരിചയക്കാരായി ആരുമില്ലാത്തതിനാൽ വീട്ടില്‍നിന്ന് പുറത്തുപോകാറില്ല.

ചോദിക്കാനൊരുപാടുണ്ടെങ്കിലും കൂടുതൽ കാര്യങ്ങളൊന്നും വീട്ടുകാർ കൃഷ്ണനോട് ചോദിച്ചിട്ടില്ല. കൃഷ്ണന്റെ ശരീരവും മനസ്സും വീണ്ടെടുക്കണം. അതിനുശേഷം മാത്രമാണ് കൂടുതൽ അന്വേഷണവും ഭാവികാര്യങ്ങളുമെന്ന് വീട്ടുകാർ പറഞ്ഞു.1998ലാണ് അവസാനമായി വീട്ടുകാർ കൃഷ്ണനെ കാണുന്നത്. രണ്ടുവർഷം കഴിഞ്ഞു വന്ന് വിവാഹം നടത്താമെന്ന് പറഞ്ഞാണ് അന്ന് പോയത്. കൃഷ്ണനുവേണ്ടി അമ്മയും സഹോദരങ്ങളും നടത്താത്ത വഴിപാടുകളില്ല. സതി, വിജയന്‍, സൂരജ്, ലത എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.


(തയാറാക്കിയത്: ലോനപ്പന്‍ കടമ്പോട്)

Show Full Article
TAGS:Kerala News Lifestyle 
News Summary - lakshmiyamma meets son krishnan after 25 years
Next Story