പലിശയില്ല, ഈടില്ല, ജാമ്യമില്ല; ഇത് മലബാറിന്‍റെ സ്വന്തം ‘പണപ്പയറ്റ്’... ഒരു നാടിന്‍റെ നന്മയെയാകെ നെഞ്ചേറ്റുകയാണ് ഈ ക്രൗഡ് ഫണ്ടിങ്
text_fieldsവര: ഹനീഫ
‘‘ഇന്നത്തെ പണപ്പയറ്റിന് രാമറെ സംബന്ധിച്ച് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതുവരെ കണ്ണച്ചന് വേണ്ടിയുള്ള പണമാണ് അയാൾ കൊടുത്തുകൊണ്ടിരുന്നത്. ഓരോ പണപ്പയറ്റിനും പണം കൊടുക്കുമ്പോൾ ഉള്ളിൽ കൊതി തോന്നാറുണ്ട്. എപ്പോഴാണ് തനിക്ക് സ്വന്തമായി പണപ്പയറ്റ് തുടങ്ങുവാൻ കഴിയുക? അതുണ്ടാവുമ്പോഴേ നാട്ടിൽ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന് രാമറിന് അറിയാമായിരുന്നു. അതിനും പുറമേ അത്യാവശ്യമായി പണം വേണ്ടിവരുകയാണെങ്കിൽ ഒരു പണപ്പയറ്റ് നടത്തുകയുമാകാം. പക്ഷേ അത് തുടങ്ങിവെക്കാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നുമാത്രം. എന്നാൽ, ഇന്നത് ഉണ്ടായി. കൊവ്വപ്പുറത്ത് കണ്ണൻ പത്ത് ഉറുപ്പിക എന്ന് കണക്കുപുസ്തകത്തിൽ എഴുതിവെപ്പിച്ചതിനുകീഴെ കുന്നുമ്മൽ താഴെ രാമർ ഒരുറുപ്പിക എന്നുകൂടി എഴുതിവെപ്പിച്ചു. അങ്ങനെ സ്വന്തമായി ഒരു പണപ്പയറ്റിന് തുടക്കംകുറിച്ച ദിവസമായിരുന്നു അന്ന്’’.
(തക്ഷൻകുന്ന് സ്വരൂപം -യു.കെ. കുമാരൻ)
വടക്കൻപാട്ടുകളിലെ അങ്കച്ചേകവന്മാർ പയറ്റിത്തെളിഞ്ഞ ചരിത്രമുള്ള മണ്ണാണ് കടത്തനാടിന്‍റേത്. ഇന്നത്തെ വടകര ഉൾപ്പെടുന്ന ഭൂപ്രദേശം. അങ്കക്കലിയുടെയൊക്കെ കാലം കഴിഞ്ഞു.
കളരിപ്പയറ്റും കാലാന്തരത്തിൽ പ്രദർശനം മാത്രമായി മാറി. എന്നാൽ, കടത്തനാട്ടിൽ ഇന്നും വീറോടെയും വാശിയോടെയും തുടരുന്ന മറ്റൊരു പയറ്റുണ്ട് -പണപ്പയറ്റ്. ഒരു തുള്ളി ചോര പൊടിയാതെ, കള്ളച്ചുവടുകളില്ലാതെ, അതേസമയം, ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും വീരഗാഥകൾ മാത്രം പറയാനുള്ള പണപ്പയറ്റ്.
വാളും ചുരികയും ഉറുമിയുമെടുത്ത് പരസ്പരം പൊരുതുന്ന കളരിപ്പയറ്റിന്റെ പേരിന് സമാനമാണെങ്കിലും പണപ്പയറ്റ് തർക്കം തീർക്കാൻ അങ്കംവെട്ടി ജയിക്കുന്ന ഏർപ്പാടല്ല. പകരം, ആളുകൾ തമ്മിലുള്ള സഹകരണവും സഹായ മനോഭാവവും കൂട്ടായ്മയും വളർത്തുന്ന, സൗഹൃദത്തിൽനിന്ന് ഉദയം കൊണ്ട, വിശ്വാസ്യത അടിത്തറയാക്കിയ ഒരു തനിനാടൻ ‘ക്രൗഡ് ഫണ്ടിങ്’ രീതിയാണ്.
കളരിപ്പയറ്റിൽ കൈയിൽ ആയുധമാണെങ്കിൽ, പണപ്പയറ്റിൽ ആയുധത്തിനുപകരം പണമാണെന്ന് മാത്രം.
കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലകളായ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി ഭാഗങ്ങളിലും തൊട്ടുകിടക്കുന്ന കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ് ഭാഗങ്ങളിലുമാണ് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര വിശ്വാസത്തിന്‍റെയും നാട്ടുനന്മയുടെയും അടയാളമായ പണപ്പയറ്റ് ഇന്നും സജീവമായി നിലനിൽക്കുന്നത്.
കളരിപ്പയറ്റിലെ വെട്ടും തടവും പോലെ തന്നെയാണ് പണപ്പയറ്റിലെ കൊടുക്കൽ വാങ്ങലുകൾ. പണം കൊടുക്കുക, ആവശ്യം വരുമ്പോൾ തിരിച്ചുവാങ്ങുക. ചാക്രികമായി തുടരുന്ന ഈ ഒരു പ്രക്രിയക്കപ്പുറം പരസ്പര സഹകരണ മനോഭാവത്തിന്‍റെയും സൗഹൃദത്തിന്റെയും വിശ്വാസ്യതയുടെയും ഒരു ഘടകം കൂടിയുണ്ട് പണപ്പയറ്റിൽ.
പയറ്റ് ക്ഷണക്കത്തുകൾ
പണപ്പയറ്റിലെ കൊടുക്കൽ വാങ്ങലുകൾ
പ്രാദേശികമായി ചെറിയൊരു ഗ്രാമമേഖലയിലെ ആളുകൾ തമ്മിലുള്ള പണത്തിന്റെ കൊടുക്കൽ വാങ്ങൽ ശൃംഖലയാണ് പണപ്പയറ്റിന്റെ അടിസ്ഥാന ഘടന. എഴുതപ്പെട്ടതല്ലെങ്കിലും കൃത്യമായ നിയമാവലികളും നിബന്ധനകളും പണപ്പയറ്റിനുണ്ട്.
തുടർച്ചയായി പോകുന്ന ഒരു സാമ്പത്തിക ചങ്ങലയാണ് പണപ്പയറ്റ് എന്നുപറയാം. ഏറ്റവും ലളിതമായി പറഞ്ഞാൽ, ഒരാൾ പണപ്പയറ്റിലൂടെ മറ്റൊരാൾക്ക് പണം നൽകി സഹായിക്കുന്നു. ഒരു നിശ്ചിത കാലയളവിൽ ഇത്തരത്തിൽ നിരവധി പേർക്ക് പണം നൽകി സഹായിക്കുന്നു. പിന്നീട് തനിക്കൊരു സാമ്പത്തിക ആവശ്യം വരുമ്പോൾ ആ പണം പയറ്റിലൂടെ തന്നെ തിരികെ വാങ്ങിയെടുക്കുന്നു.
എത്രപേർക്ക് ഒരാൾ പണം നൽകി സഹായിച്ചു എന്നതനുസരിച്ചിരിക്കും അയാളുടെ പണപ്പയറ്റ് ബന്ധത്തിന്‍റെ വലുപ്പം. തുടർച്ചയുള്ള ഒരു പ്രക്രിയയായതിനാൽ ഒരാൾ പണപ്പയറ്റ് നടത്തുമ്പോൾ തിരികെ ലഭിക്കുക അയാൾ കൊടുത്തതിൽ കൂടുതലുള്ള തുകയായിരിക്കും.
ആർക്കും പണപ്പയറ്റിന്‍റെ ഭാഗമാകാം. ഇതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. പണപ്പയറ്റിലേക്ക് കടക്കുന്നവർ തുടക്കത്തിൽ മറ്റുള്ളവർക്ക് പണം നൽകിയാണ് ഇതിന്‍റെ ഭാഗമാവുക. ഒരു നിശ്ചിത കാലം കഴിയുമ്പോൾ അയാൾ ഈ തുകകൾ തിരികെ സമാഹരിക്കാനായി പണപ്പയറ്റ് നടത്തും. ഇതിലൂടെ ഇക്കാലമത്രയും താൻ മറ്റുള്ളവർക്ക് നൽകിയ തുക അതിൽക്കൂടുതലായി തിരികെ ലഭിക്കുന്നു.
ഇതിൽ ഭാഗമാകുന്നവർക്ക് അവരവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് പണപ്പയറ്റ് നടത്താം. അതിന് പ്രത്യേകം ഒരു കാരണമൊന്നും ആവശ്യമില്ല. ഇന്നേ ദിവസം പണപ്പയറ്റ് നടത്തുന്നു എന്ന വിവരം ചെറിയൊരു ക്ഷണക്കത്ത് രൂപത്തിൽ തന്‍റെ പയറ്റ് ചങ്ങലയിലുള്ള ആളുകളെ മുൻകൂട്ടി അറിയിക്കും.
മുൻകൂട്ടി തീരുമാനിക്കുന്ന ഒരു ദിവസം വീട്ടിലോ ചായക്കടയിലോ വെച്ചായിരിക്കും പണപ്പയറ്റ് നടത്തുക. മുമ്പ് പണപ്പയറ്റുവഴി പണം നൽകി സഹായിച്ചവരെയാണ് ക്ഷണിക്കേണ്ടത്. ഇങ്ങനെ ഒരാളുടെ പണപ്പയറ്റിന് എത്തുന്നവർ ആ വ്യക്തി അവർക്ക് നൽകിയതിനേക്കാൾ കൂടുതൽ തുക തിരികെ പയറ്റുന്നു. ഇത് ‘പയറ്റുപുസ്തകം’ എന്ന് വിളിക്കുന്ന ഒരു പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിവെക്കുന്നു.
ക്ഷണിക്കപ്പെട്ട ആളുകൾ വന്ന് ഒരു തുക പയറ്റുന്നതോടെ ഒരു ഘട്ടം പൂർത്തിയാവുകയാണ്. ഇങ്ങനെ പണം പയറ്റിയ ആളുകൾ അവർക്ക് സാമ്പത്തിക ആവശ്യം വരുന്ന സമയത്ത് സമാന രീതിയിൽ പണപ്പയറ്റ് സംഘടിപ്പിക്കും. അത് കാലക്രമത്തിൽ തുടർന്നുപോകുന്നതാണ് പണപ്പയറ്റിന്‍റെ രീതി.
1965ലെ പയറ്റ് ക്ഷണക്കത്ത്
പയറ്റുപണവും മുതലും
പണപ്പയറ്റിൽ പരസ്പരം നൽകുന്ന തുകയെയാണ് ‘പയറ്റുപണം’ എന്ന് പറയുക. ഇതിൽ ആദ്യം നൽകുന്ന തുകയാണ് മുതൽ. പണപ്പയറ്റിലേക്ക് പുതിയതായി കടന്നുവരുന്ന ഒരാൾ മറ്റൊരാൾക്ക് ആദ്യമായി പയറ്റുന്ന തുകയാണിത്. ഈ മുതലിനേക്കാൾ കൂടുതലാണ് അയാൾക്ക് തിരികെ കിട്ടുക.
ഉദാഹരണത്തിന് എ എന്നയാൾ ബി എന്നയാൾക്ക് 250 രൂപ പണപ്പയറ്റ് വഴി നൽകി എന്ന് വിചാരിക്കുക. പിന്നീട് ബി എന്നയാൾ പണപ്പയറ്റ് നടത്തുമ്പോൾ എ എന്നയാൾ 250ൽ കൂടുതലായ തുക വേണം നൽകാൻ. ചെറിയ തുകയാണെങ്കിൽ സാധാരണ ഇരട്ടിയായാണ് തിരിച്ചുപയറ്റുക.
പണപ്പയറ്റിന്റെ ക്ഷണക്കത്തുകളിൽ മുമ്പത്തെ പ്രാവശ്യം പയറ്റ് നടത്തിയ തീയതി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ തീയതി നോക്കിയാണ് പലരും എത്ര തുകയാണ് കൊടുക്കാൻ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുക.
പയറ്റുകോളും ഈന്തപ്പനയോല കുത്തിയ കടകളും
പണപ്പയറ്റിനായി ക്ഷണിച്ചു വരുത്തുന്ന ആളുകൾക്ക് കഴിക്കാൻ ചായയോ ഭക്ഷണമോ നൽകും. ഇതിനെയാണ് ‘പയറ്റുകോള്’ എന്ന് പറയുന്നത്. ചായയും ചെറുകടികളും ആണ് മുൻകാലത്ത് കടകളിലെ പയറ്റിന് സാധാരണയായി ഉണ്ടായിരുന്ന പയറ്റുകോള്. പിന്നീട് ഇത് പൊറോട്ടയും ചിക്കനും പോലുള്ള വിഭവങ്ങളിലേക്ക് മാറി. പയറ്റ് നടത്തുന്നയാളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.
വീട്ടിൽ നടത്തുന്ന പയറ്റാണെങ്കിൽ കുറച്ചുകൂടി വിഭവങ്ങൾ ഒരുക്കും. അതിഥികൾ പയറ്റുകോള് കഴിച്ച ശേഷമാണ് പണം നൽകുക. നൽകുന്ന തുക പേരെഴുതി രേഖപ്പെടുത്താൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടാകും. പണം അയാൾക്ക് നൽകി പയറ്റുപുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തണം.
കടകളിൽ പണപ്പയറ്റാണെന്ന് തിരിച്ചറിയാൻ ഒരു രീതിയുണ്ട്. ഈന്തപ്പനയോല കടകൾക്ക് മുന്നിൽ കുത്തിവെക്കുകയാണ് ചെയ്യുക. അന്ന് പയറ്റിന്‍റെ ഭാഗമായ ഭക്ഷണം മാത്രമേ കടയിൽ ഉണ്ടാകൂ.
മാന്യത, വിശ്വാസ്യത -നല്ല പയറ്റുകാരൻ
പരസ്പര വിശ്വാസത്തിന്‍റെ മുകളിൽ മാത്രം നിലനിൽക്കുന്ന ഉപാധിരഹിത സാമ്പത്തിക ഇടപാട് ആയതിനാൽ കൃത്യമായി പയറ്റുന്ന ആളുകൾക്ക് നാട്ടിൻപുറങ്ങളിൽ സ്വീകാര്യത ഏറെയാണ്. ‘നല്ല പയറ്റുകാരനാ’ണ് എന്ന വിശേഷണമാണ് ഇങ്ങനെയുള്ളവർക്ക് ലഭിക്കുക. കൃത്യമായി പയറ്റിയില്ലെങ്കിലോ തുക കുറച്ചു പയറ്റിയാലോ വിലയിടിയും. മോശം പയറ്റുകാരനാകും. ഇങ്ങനെയുള്ള മോശം പയറ്റുകാരുമായി സാമ്പത്തിക ഇടപാടുകൾക്ക് ആളുകൾ മടിക്കും.
കൃത്യസമയത്തുതന്നെ പണം തിരികെ പയറ്റാൻ പണപ്പയറ്റിലുള്ളവർ പരമാവധി ശ്രമിക്കും. ഒരു ദിവസം കഴിഞ്ഞ് നൽകുന്നതുപോലും അഭിമാന പ്രശ്നമാണ്. സാധാരണഗതിയിൽ വൈകുന്നേരങ്ങളിലാണ് പണപ്പയറ്റുണ്ടാകുക. ഇത് രാത്രി വരെ നീളും.
ഒരാൾക്ക് നേരിട്ട് പണപ്പയറ്റിനുപോയി തുക നൽകാൻ സാധിക്കുന്നില്ലെങ്കിൽ വിശ്വസ്തരായ മറ്റാരുടെയെങ്കിലും കൈവശം പയറ്റുപണം കൊടുത്തുവിടും. ഇനി ആ ദിവസം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം അതിരാവിലെ തന്നെ പണപ്പയറ്റ് നടത്തിയയാളുടെ വീട്ടിൽ എത്തിക്കുകയാണ് രീതി.
പയറ്റ് തീയതി കുറിക്കൽ
പയറ്റ് തീയതി തീരുമാനിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുക നാട്ടിൽ മറ്റു പയറ്റുകളോ വിവാഹങ്ങളോ ഇല്ലാത്ത ദിവസമായിരിക്കണം എന്നതാണ്. രണ്ടു പയറ്റുകൾ ഒരുമിച്ച് വന്നാൽ സാധാരണക്കാരായ പയറ്റുകാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടേക്കും.
ഇത് പയറ്റിലൂടെ ലഭിക്കുന്ന തുകയെയും ബാധിക്കും. അതിനാലാണ് മറ്റു പരിപാടികൾ ഇല്ലാത്ത ദിവസം നോക്കി പയറ്റ് നിശ്ചയിക്കുന്നത്. വിവാഹങ്ങൾക്ക് എല്ലാവരും പരസ്പരം പണം നൽകി സഹായിക്കുന്ന രീതി നിലവിലുള്ളതിനാൽ വിവാഹ ദിവസങ്ങളും പരമാവധി ഒഴിവാക്കും. ചിലർ വിവാഹത്തോടനുബന്ധിച്ച് പണപ്പയറ്റ് നടത്താറുണ്ട്. ‘അന്നേ ദിവസം പണപ്പയറ്റും ഉണ്ടായിരിക്കുന്നതാണ്’ എന്ന് വിവാഹ ക്ഷണക്കത്തിൽ പ്രത്യേകമായി രേഖപ്പെടുത്തും.
പയറ്റിന്റെ നേട്ടങ്ങൾ
ചെറിയ ചെറിയ നിക്ഷേപങ്ങൾ വഴി സാധാരണക്കാരന് പെട്ടെന്ന് പണം ആവശ്യമാകുന്ന ഒരു സാഹചര്യത്തിൽ എത്രയും വേഗം ഒരു തുക സമാഹരിക്കാൻ പണപ്പയറ്റ് വഴി സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. പലിശയോ മറ്റ് ഈടുകളോ നിബന്ധനകളോ ഒന്നുമില്ലാതെ പരസ്പര വിശ്വാസത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ വലിയൊരു തുക സമാഹരിക്കാനാകും.
സാധാരണയായി, കുറഞ്ഞത് രണ്ടുവർഷമെങ്കിലും ഇടവേള ഒരാൾ നടത്തുന്ന രണ്ടു പണപ്പയറ്റുകൾക്കിടയിൽ ഉണ്ടാകും. ഒരു പയറ്റ് കഴിഞ്ഞ് വരുന്ന രണ്ടു വർഷത്തെ ഇടവേളയിൽ വേണം തിരികെ പയറ്റാൻ. ചിലർ നാലും അഞ്ചും വർഷങ്ങളുടെ ഇടവേളയിൽ പണപ്പയറ്റ് നടത്തും. ഇങ്ങനെ ഇടവേള കൂടുന്തോറും ലഭിക്കുന്ന ആകെ പണവും കൂടും. കാരണം അത്രയും വർഷംകൊണ്ട് പയറ്റിയ പണമാണ് അതിൽ കൂടുതലായി ഒരുമിച്ച് തിരികെ ലഭിക്കുക.
പയറ്റുമുറിക്കൽ
പണപ്പയറ്റിൽ ഓരോരുത്തരും നൽകുന്ന തുക കൃത്യമായി പയറ്റുപുസ്തകത്തിൽ രേഖപ്പെടുത്തി വെക്കും. അതുകൊണ്ടുതന്നെ തനിക്ക് ആരൊക്കെ, എത്രയൊക്കെ പണം തന്നുവെന്ന് പയറ്റ് നടത്തിയ ആൾക്ക് കൃത്യമായി അറിയാനാകും. പയറ്റ് തുടങ്ങുന്നതുപോലെ പയറ്റിൽനിന്ന് ഒഴിവാകാനും പറ്റും. ഇത് വാക്കാൽ പറഞ്ഞ് ഒഴിവാക്കുകയല്ല ചെയ്യുക.
തനിക്ക് ഒരാൾ പയറ്റിയ അതേ തുക അയാൾ മറ്റേയാൾക്ക് തിരികെ പയറ്റുകയാണെങ്കിൽ ആ പയറ്റ് തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അർഥമാക്കുന്നത്. ഇങ്ങനെ തന്ന തുക മാത്രം തിരികെ നൽകി പയറ്റ് ബന്ധം അവസാനിപ്പിക്കുന്നതിനെ ‘പയറ്റുമുറിക്കൽ’ എന്നാണ് പറയുക. ഒരാൾക്ക് ഒരു തവണ പയറ്റിലൂടെ പണം നൽകിയ ശേഷം, അത് തിരികെ ലഭിക്കുന്നതിന് മുമ്പുതന്നെ വീണ്ടും പയറ്റിലൂടെ അയാൾക്കുതന്നെ പണം നൽകുകയാണെങ്കിൽ അതിനെ ‘നന്നാക്കിപ്പയറ്റൽ’ എന്ന് പറയും.
രണ്ടു വർഷത്തിനുള്ളിൽ വലിയൊരു തുക ആവശ്യമാണെന്ന് ഇന്നേ കണക്കുകൂട്ടുന്ന ഒരാൾക്ക് വലിയ തുകകൾ പയറ്റിൽ നൽകി രണ്ടുവർഷമാകുമ്പോൾ താൻ നടത്തുന്ന പയറ്റിലൂടെ വലിയൊരു തുക സമാഹരിക്കാനാകും. ഇതല്ലാതെ, സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ജീവകാരുണ‍്യ പ്രവർത്തനങ്ങളുടെ ഭാഗമായി ‘സഹായപ്പയറ്റു’കളും നടത്താറുണ്ട്. ഇത് ഒരു സംഭാവനയെന്ന നിലയിലാണ്. ഇത് തിരികെ ലഭിക്കില്ല.
കാലത്തിനൊപ്പം മാറി പണപ്പയറ്റും
തിരക്കേറിയ പുതിയ കാലത്തിന്‍റെ വേഗത്തിനനുസരിച്ച് പണപ്പയറ്റും മാറിയിട്ടുണ്ട്. അതാണ് ക്യു.ആർ കോഡ് വഴിയുള്ള യു.പി.ഐ പണപ്പയറ്റുകൾ. പയറ്റ് നടക്കുന്ന കടയിലോ വീട്ടിലോ നേരിട്ട് പണം എത്തിക്കണമെന്ന് ഇന്ന് നിർബന്ധമില്ല. പകരം യു.പി.ഐ ട്രാൻസ്ഫർ ചെയ്താൽ മതി. ഇങ്ങനെ പണം സ്വീകരിക്കുന്ന പയറ്റുകാർ പയറ്റ് കത്തിൽതന്നെ ക്യു.ആർ കോഡ് നൽകിയിട്ടുണ്ടാകും. തിരക്കുകളിലായവർക്കും വിദേശങ്ങളിലുള്ളവർക്കും വരെ ഇതുവഴി നാട്ടിലെ പണപ്പയറ്റിൽ ഭാഗമാകാനാകും.
പഴയ തലമുറ തുടർന്നുവന്നിരുന്ന സാമ്പത്തിക ഇടപാടായ പണപ്പയറ്റിലേക്ക് ഇടക്കാലത്ത് ചെറുപ്പക്കാരുടെ വരവ് കുറഞ്ഞിരുന്നു. ഇതോടെ വടക്കൻ മലബാറിലെ പല നാടുകളിലും പണപ്പയറ്റ് അന്യമായി. പഴമക്കാരുടെ ഓർമയിൽ മാത്രമായി അവശേഷിച്ചു. എന്നാൽ, നോട്ട് നിരോധനം, കോവിഡ് പ്രതിസന്ധി തുടങ്ങിയ അനിശ്ചിതാവസ്ഥകൾ സാധാരണക്കാരുടെ സാമ്പത്തിക നിലയെ തകിടംമറിച്ചപ്പോൾ പണപ്പയറ്റിന് വീണ്ടും പ്രാധാന്യമേറി. ഇന്ന് കൂടുതൽ യുവാക്കൾ പണപ്പയറ്റിലേക്ക് കടന്നുവരുന്നുണ്ട്. ഒരു നാടിന്‍റെ നന്മയെയാകെ നെഞ്ചേറ്റുന്ന പ്രതീകമായി പണപ്പയറ്റ് തുടരുകയാണ്.