ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ ഇലക്ട്രിക് സ്കൂട്ടർ മോഡൽ ഇതാണ് -അറിയാം, വിപണിയിൽ താരങ്ങളായ ഏഴു ഇലക്ട്രിക് സ്കൂട്ടറുകൾ
text_fieldsപിച്ചവെച്ച് തുടങ്ങിയ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിക്ക് ശക്തമായ അടിത്തറ പാകിയ വർഷമാണ് 2024. അതിൽത്തന്നെ ഇരുചക്ര വാഹനങ്ങൾക്കായിരുന്നു കൂടുതൽ ഡിമാൻഡ്.
പോയ വര്‍ഷം 11.4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ ഇ.വികളില്‍ 59 ശതമാനവും ടൂവീലറുകളാണ്. 2025ലും ഈ ട്രെൻഡ് തുടരും.
നിരവധി പരാധീനതകളിലൂടെ കടന്നുപോകുന്ന വിപണികൂടിയാണ് ഇലക്ട്രിക് വാഹനങ്ങളുടേത്. കൃത്യമായ ഗവേഷണം മേഖലയിൽ നടക്കുന്നില്ല എന്ന ആരോപണമുണ്ട്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഗവേഷണങ്ങൾക്കൊടുവിൽ വാഹനങ്ങൾ പുറത്തിറക്കുന്നതായിരുന്നു പഴയ രീതി.
എന്നാൽ, ഇ.വികൾ ആർക്കും നിർമിക്കാമെന്ന അവസ്ഥയുണ്ട്. ഇതിന്‍റെ ദോഷങ്ങൾ അനുഭവിക്കുന്നതാകട്ടെ ഉപഭോക്താക്കളുമാണ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരിൽ 25 ശതമാനത്തോളം പലവിധ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്നതായാണ് പഠനങ്ങൾ പറയുന്നത്. ശ്രദ്ധിച്ച് വാങ്ങിയില്ലെങ്കിൽ ഇ.വികൾ പണിതരുമെന്നർഥം.
അടിക്കടി വഴിയിൽ കിടക്കൽ മുതൽ കൃത്യമായ റേഞ്ച് ലഭിക്കാത്തതും സോഫ്റ്റ്വെയർ പ്രശ്നങ്ങളും തുടങ്ങി തീപിടിക്കൽ വരെ സംഭവിക്കുന്നുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കാര്യമായ മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഓഫറുകളിലും പരസ്യ കോലാഹലങ്ങളിലും വീഴാതെ കൃത്യമായ പഠനത്തിനുശേഷമേ ഇ.വി തിരഞ്ഞെടുക്കാവൂ.
ധാരാളം സ്റ്റാർട്ടപ്പുകളുള്ള മേഖലയാണ് ഇ.വികളുടേത്. ഒപ്പം പരമ്പരാഗത നിർമാതാക്കളും തങ്ങളുടെ ഇലക്ട്രിക് വിഭാഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ട്രെൻഡ് അനുസരിച്ച് പാരമ്പര്യ നിർമാതാക്കൾ ഇ.വി വിപണിയിൽ മേൽക്കൈ നേടുകയാണ്. ഇന്ത്യൻ വിപണിയിൽ താരങ്ങളായ ഏഴു ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെടാം.
ടി.വി.എസ് ഐക്യൂബ്
ടി.വി.എസ് ഐക്യൂബ്
2024 ഡിസംബറിൽ ഇന്ത്യയില്‍ മൊത്തം 73,316 യൂനിറ്റ് ഇലക്ട്രിക് ടൂവീലറുകളാണ് വിറ്റത്. 17,212 പുതിയ ഉപഭോക്താക്കളുമായി ടി.വി.എസ് ഐക്യൂബ് രണ്ടാം സ്ഥാനത്താണ്.
2024 കലണ്ടര്‍ വര്‍ഷം ടി.വി.എസ് മൊത്തം 2,20,472 ഐക്യൂബ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലാണിത്. 19 ശതമാനമാണ് ടി.വി.എസിന്റെ നിലവിലെ വിപണി വിഹിതം.
ഐക്യൂബിനെ ആകർഷകമാക്കുന്നത് പരമ്പരാഗത രൂപവും ടി.വി.എസ് എന്ന ബ്രാൻഡിലുള്ള ആളുകളുടെ വിശ്വാസവുമാണ്. നമ്മുടെ കാഴ്ചശീലങ്ങളെ അട്ടിമറിക്കാത്ത വാഹനമാണ് ഐക്യൂബ്. റേഞ്ചിലും ചാർജിങ്ങിലുമെല്ലാം വലിയ അവകാശവാദങ്ങൾ ഐക്യൂബിന്‍റെ കാര്യത്തിൽ ടി.വി.എസ് ഉന്നയിക്കാറില്ല. പറയുന്ന കാര്യങ്ങൾ ഏറക്കുറെ പ്രാവർത്തികമാക്കുന്നതിനാലാകണം ഐക്യൂബ് വാങ്ങുന്നവർ താരതമ്യേന ഹാപ്പിയാണ്.
2.2 മുതല്‍ 5.1 കിലോവാട്ട് വരെ ബാറ്ററി ശേഷിയുള്ള മൂന്ന് വേരിയന്റുകൾ ലഭ്യമാണ്. 75 മുതൽ 150 കിലോമീറ്റർ വരെ റേഞ്ചിൽ മോഡലുകളുണ്ട്. ഏറ്റവും കുറഞ്ഞ മോഡലിന്‍റെ വില 1,07,299 രൂപയാണ്. ഏറ്റവും ഉയർന്ന എസ്.ടി 5.1 കിലോവാട്ട് സ്കൂട്ടറിന് 1.85 ലക്ഷം രൂപ മുടക്കണം. 75-80 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാനാകും. സാധാരണ ഇലക്ട്രിക് സ്കൂട്ടർ തേടുന്നവർക്ക് ഐക്യൂബ് മികച്ചൊരു ഒാപ്ഷനാണ്.
ഏഥർ റിസ്ത
ഏഥർ റിസ്ത
ഇ.വി മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് എന്ന് പേരെടുത്ത ഏഥറിന്‍റെ വിലകുറഞ്ഞ മോഡലാണ് റിസ്ത. എലൈറ്റ് സെഗ്മെന്റിൽനിന്ന് മാറി സാധാരണ യാത്രികരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് റിസ്തയെ ഏഥര്‍ പുറത്തിറക്കിയത്.
മൂന്ന് മോഡലുകളിൽ ലഭ്യമായ റിസ്തക്ക് 1.10 മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് വില. ഏഥറിന്‍റെ വിലകൂടിയ 450 സീരീസ് വാഹനങ്ങളേക്കാള്‍ നീളവും വീതിയുമുണ്ട് റിസ്തക്ക്. സീറ്റുകളും വലുതാണ്. രണ്ടു പേര്‍ക്ക് സുഖമായി യാത്രചെയ്യാമെന്നതാണ് ഇതിന്‍റെ മെച്ചം.
എസ്, ഇസെഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് റിസ്തക്കുള്ളത്. എസില്‍ 2.9 കിലോവാട്ട് ബാറ്ററി പാക്ക് മാത്രമാണെങ്കില്‍ ഇസെഡ് മോഡലില്‍ 2.9, 3.7 കിലോവാട്ട് ബാറ്ററികള്‍ ലഭ്യമാണ്. 2.9 കിലോവാട്ട് പാക്കില്‍ 105 കി.മീയും 3.7 കിലോവാട്ട് ബാറ്ററി പാക്കില്‍ 125 കി.മീയുമാണ് ഏഥര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്.
പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റർ. ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണ് റിസ്ത. മൊത്തം 56 ലിറ്റർ സ്റ്റോറേജും വാഹനത്തിന് ലഭിക്കും.
ബജാജ് ചേതക്
ബജാജ് ചേതക്
2024 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റത് ബജാജാണ്. 18,276 യൂനിറ്റ് വിൽപനയുമായാണ് ബജാജ് ചേതക് ഒന്നാമനായത്. വിൽപനയുടെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും മികച്ച വര്‍ഷമാണ് കടന്നുപോയത്. 2024ല്‍ മൊത്തം 1,93,439 ചേതക്കുകൾ ബജാജിന് വിൽക്കാനായി. 2023നെ അപേക്ഷിച്ച് 169 ശതമാനം വർധന.
2019ലാണ് ബജാജ് ഓട്ടോ ചേതക്കിനെ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹന വിപണിയിൽ തുടക്കത്തിൽ കിതച്ചുനിന്ന മോഡലായിരുന്നു ചേതക്. പ്രമുഖ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന വാഹനത്തിന് കാര്യമായി ഉപഭോക്താക്കളെ ആകർഷിക്കാനായില്ല. എന്നാൽ, 2024ൽ ബജാജ് പുതിയ മോഡലുകളിലൂടെയും കൂടുതൽ ഷോറൂമുകളിലൂടെയും ചേതകിന് പുതുജീവൻ നൽകി.
അടുത്തിടെ രണ്ടു പുതിയ മോഡലുകൾ അവതരിപ്പിച്ചിരുന്നു. 1.20-1.27 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 3.5 കിലോവാട്ട് ബാറ്ററിയുള്ള വാഹനം ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 950 വാട്ട് ക്വിക്ക് ചാര്‍ജറോടുകൂടിയ മോഡല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും.
73 കിലോമീറ്ററാണ് പരമാവധി വേഗത. 99,998 രൂപയുടെ ബേസ് മോഡലിൽ 123 കിലോമീറ്റർവരെ റേഞ്ച് പ്രതീക്ഷിക്കാം. പൂർണമായും മെറ്റൽ ബോഡിയിൽ നിർമിച്ച ഇന്ത്യയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ചേതക്.
ഹീറോ വിദ
ഹീറോ വിദ
ഇന്ത്യൻ ഇരുചക്ര വാഹന ലോകത്തെ അതികായരായ ഹീറോയുടെ മികച്ച ഇലക്ട്രിക് മോഡലുകളിലൊന്നാണ് വിദ. അടുത്തിടെ കമ്പനി വി 2 എന്ന പേരിൽ വിദയുടെ പുതിയ മോഡലുകൾ അവതരിപ്പിച്ചിരുന്നു. ലൈറ്റ്, പ്ലസ്, പ്രോ വേരിയന്‍റുകളിൽ സ്കൂട്ടറുകൾ ലഭ്യമാണ്.
ഈ വേരിയന്‍റുകളെല്ലാം വ്യത്യസ്‍ത ബാറ്ററി ശേഷിയിലാണ് വരുന്നത്. ലൈറ്റ് വേരിയന്‍റിന് 2.2 കിലോവാട്ട് ബാറ്ററിയാണുള്ളത്. 94 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്‍റെ വില 96,000 രൂപയാണ്. പ്ലസ് വേരിയന്‍റിന് 1.15 ലക്ഷം രൂപയും പ്രോ വേരിയന്‍റിന് 1.35 ലക്ഷം രൂപയുമാണ് വില.
വിദ വി 2 പ്ലസിന് 3.44 കിലോവാട്ട് ബാറ്ററി പാക്ക് ലഭിക്കും. 143 കിലോമീറ്ററാണ് റേഞ്ച്. 85 കിലോമീറ്റർ ഉയർന്ന വേഗവും ഈ പതിപ്പ് വാഗ്‍ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന വിദ വി 2 പ്രോയിൽ 3.94 കിലോവാട്ട് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 165 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ വേഗതയും നൽകും.
മൂന്ന് മോഡലുകളും നീക്കം ചെയ്യാവുന്ന ബാറ്ററികളോടെയാണ് വരുന്നത്. ഹീറോ എന്ന ബ്രാൻഡിൽ വിശ്വാസമുള്ളവർക്ക് പരിഗണിക്കാവുന്ന ഇലക്ട്രിക് വാഹനമാണ് വിദ.
ആമ്പിയർ മാഗ്നസ്
ആമ്പിയർ മാഗ്നസ്
കോയമ്പത്തൂർ ആസ്ഥാനമായ ഗ്രീവ്സിന്റെ ഉപ കമ്പനിയാണ് ആമ്പിയർ. പതിറ്റാണ്ടിലധികമായി ആമ്പിയർ മോഡലുകൾ വിപണിയിലുണ്ട്. കംഫർട്ട്, മോശമല്ലാത്ത പെർഫോമൻസ്, സ്ഥിരത എന്നിവ ആമ്പിയർ ഉറപ്പുനൽകുന്നു. ആമ്പിയറിന്‍റെ ബജറ്റ് ഇ.വികളില്‍ ഒന്നാണ് മാഗ്നസ് ഇ.എക്‌സ്. 2.2 കിലോവാട്ട് ബാറ്ററി പാക്കുള്ള വാഹനത്തിന് 121 കി.മീ റേഞ്ച് ലഭിക്കും. പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. വില 74,999 രൂപ.
ആമ്പിയറിന്‍റെ ഉയർന്ന മോഡലായ നെക്സസിന് മൂന്നു കിലോവാട്ട് ബാറ്ററിയാണുള്ളത്. 136 കിലോമീറ്റർ റേഞ്ചുള്ള വാഹനത്തിന്‍റെ ഉയർന്ന വേഗത 93 കിലോമീറ്ററാണ്. വില 1.10 മുതൽ 1.25 ലക്ഷം രൂപ വരെ. റിയോ എൽ.ഐ പ്ലസ് എന്ന പേരിൽ ഒരു വിലകുറഞ്ഞ മോഡലും ആമ്പിയർ ഇറക്കുന്നുണ്ട്.
59,900 രൂപ വിലവരുന്ന മോഡലിന് 1.34 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. 70 കിലോമീറ്റർ റേഞ്ചുള്ള സ്കൂട്ടറിന്‍റെ പരമാവധി വേഗത 25 കിലോമീറ്റർ മാത്രമാണ്.
ഒല എസ് 1 എക്സ്
ഒല എസ് 1 എക്സ്
രാജ്യത്ത് ഏറ്റവും പേരുദോഷം കേൾക്കുന്ന ഇലക്ട്രിക് വാഹനമേതെന്ന് ചോദിച്ചാൽ ഉത്തരം ഒല എന്നാകും. എങ്കിലും ഈ വാഹനം ഈ ലിസ്റ്റിൽ ഇടംപിടിക്കാൻ കാരണം മികച്ച വിൽപനയാണ്. 2024 തുടക്കം മുതല്‍ ഏകദേശം മുക്കാല്‍ ഭാഗം വരെ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിന് ഒല ഇലക്ട്രിക്കിന് വെല്ലുവിളികൾ ഉണ്ടായിരുന്നില്ല.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് ബ്ലോക്ക്ബസ്റ്റര്‍ തുടക്കവും ലഭിച്ചു. എന്നാല്‍, 2024ന്റെ അവസാന ലാപ്പില്‍ വിൽപനയിൽ പിന്നിലേക്ക് പോയി. ഡിസംബറിൽ ബജാജും ടി.വി.എസും ഒന്നും രണ്ടും സ്ഥാനത്തെത്തിയപ്പോള്‍ വിപണി വിഹിതം 19 ശതമാനമായി ഇടിഞ്ഞ് ഒല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ധാരാളം മോഡലുകളുള്ള ഒലയിൽ പരിഗണിക്കേണ്ട ഒരു വാഹനം എസ് 1 എക്സാണ്. മൂന്ന് ബാറ്ററി വകഭേദങ്ങളുണ്ട്. രണ്ട്, മൂന്ന്, നാല് കിലോവാട്ട് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. രണ്ടു കിലോവാട്ട് മോഡലിന് 74,999 രൂപയാണ് വില. മൂന്ന്, നാല് കിലോവാട്ട് മോഡലുകൾക്ക് യഥാക്രമം 87999, 101999 രൂപയാണ് വില.
95 മുതൽ 190 കിലോമീറ്റർവരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വേഗത 85-90 കിലോമീറ്ററാണ്. ശ്രദ്ധിച്ചുമാത്രം തിരഞ്ഞെടുക്കേണ്ട ഇലക്ട്രിക് സ്കൂട്ടറാണ് ഒല.
റിവർ ഇൻഡി
റിവർ ഇൻഡി
അരവിന്ദ് മണി, വിപിന്‍ ജോര്‍ജ് എന്നീ മലയാളി യുവാക്കൾ ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് കമ്പനി ബംഗളൂരുവിൽ ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തിനുശേഷം കമ്പനി ഇന്‍ഡി എന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു.
സ്‍കൂട്ടർ ലോകത്തെ എസ്.യു.വി എന്ന ടാഗ് ലൈനോടെയാണ് 2024 ഫെബ്രുവരിയില്‍ ഇൻഡിയെ കമ്പനി അവതരിപ്പിച്ചത്. അന്നുമുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നാലു കിലോവാട്ട് ബാറ്ററി പാക്കിൽ ഒറ്റ ചാർജിൽ 161 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ഇൻഡി. സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ചു മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് റിവർ പറയുന്നു. പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡാണ്. പരമാവധി വേഗത 90 കിലോമീറ്റർ.
1.43 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. അടുത്തിടെ യമഹ റിവർ മൊബിലിറ്റിയിൽ വൻ നിക്ഷേപം നടത്തിയിരുന്നു. 40 മില്യൺ ഡോളറാണ് (ഏകദേശം 335 കോടി രൂപ) ഇങ്ങനെ ലഭിച്ചത്. വില അൽപം കൂടുതലാണെങ്കിലും പരിഗണിക്കേണ്ട വാഹനമാണ് ഇൻഡി.