യോഗ്യത പത്താം ക്ലാസ്, 25 ലക്ഷത്തിന്‍റെ വിറ്റുവരവ്; സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള പുരസ്കാരം നേടിയ ശിവാനന്ദയെ അറിയാം
text_fieldsകൃത്യമായി പറഞ്ഞാൽ രണ്ടു പാട്ടിന്‍റെ ദൂരമേ അങ്ങോട്ടുള്ളൂ. പക്ഷേ, ഒരു നിബന്ധന. ഡൗൺലോഡ് ചെയ്തതായിരിക്കണം ആ പാട്ടുകൾ. എന്തെന്നാൽ, നെറ്റ്കവറേജ് അൽപം കുറവാണിവിടം. കേരളത്തിന്‍റെ വടക്കേയറ്റമായ കാസർകോടിന്‍റെ അതിർത്തിഗ്രാമമാണ്. അരമണിക്കൂർ സഞ്ചരിച്ചാൽ കർണാടക വിലാസം തലപ്പാടിയിലെത്താം.
കാസർകോട്-മംഗളൂരു റൂട്ടിലാണ് കുമ്പള. ഇവിടെനിന്ന് പുത്തിഗെ ഗ്രാമപഞ്ചായത്തിലെ കണ്ണൂർ ഗ്രാമത്തിലെത്താനാണ് പാട്ടിന്‍റെ ദൂരം പറഞ്ഞത്. മൊട്ടക്കുന്നോ ചുരമോ ഒന്നുമല്ലെങ്കിലും അത്തരം യാത്രകൾ ഓർമയിൽ വരും ഈവഴിക്കൊന്ന് സഞ്ചരിച്ചാൽ. കുന്നിൽപുറത്തുകൂടി വളഞ്ഞുതിരിഞ്ഞിറങ്ങുന്ന വീതികുറഞ്ഞ പാത. കാമണവയൽ സ്റ്റോപ്പിൽ എത്തിയാൽ റോഡിൽതന്നെ ബോർഡ് കാണാം. 'ബളക്കില ഹൗസ്' എന്നപേരിലുള്ള ബോർഡ്.
ഡോക്ടറുടെയോ വക്കീലിന്‍റെയോ ചാർട്ടേഡ് അക്കൗണ്ടന്‍റിന്റെയോ മതപുരോഹിതരുടെയോ ഒന്നും വസതിയിലേക്കല്ല ഈ ചൂണ്ടുപലക. മണ്ണിനോട് പടവെട്ടി ചോരനീരാക്കുന്ന കർഷകന്‍റെ വിലാസമാണ് ആ പലക. മൂന്നു നേരം കഴിക്കുന്ന ഭക്ഷണം എങ്ങനെ ഉണ്ടാവുന്നുവെന്നറിയാൻ ഒരുപാട് പേർ ബളക്കില വീട്ടിലൊന്ന് എത്തിനോക്കാറുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള പുരസ്കാരം തേടിയെത്തിയത് ഈ വീട്ടിലേക്കാണ്. ഗൃഹനാഥൻ ശിവാനന്ദ ഇപ്പോ സ്റ്റാറാണ്. ബഹുമതികളും അംഗീകാരവും ഒട്ടേറെ ലഭിച്ചുവെങ്കിലും സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമെന്ന് ശിവാനന്ദ.
ഉപ്പും കർപ്പൂരവുമില്ലെന്നേയുള്ളൂ
പരിപൂർണത പറയാൻ പണ്ടേ പറയുന്നതാണ് ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നത്. ഇവിടെ പക്ഷേ, ഉപ്പും കർപ്പൂരവും ഒഴികെ ബാക്കിയെല്ലാം ഉണ്ട്. അതായത്, ഒരു വീട്ടിലേക്കു വേണ്ട അവശ്യസാധനങ്ങളിൽ അപൂർവം ചിലത് ഒഴികെ എല്ലാം ഇവിടെ കിട്ടുമെന്ന്. എല്ലാറ്റിനും കഠിനാധ്വാനത്തിന്‍റെ സുഗന്ധമുണ്ട്. ഉപ്പ്, പഞ്ചസാര, തേയില... ഇത്രയും സാധനങ്ങൾക്കേ കടകളെ ആശ്രയിക്കാറുള്ളൂവെന്ന് പറയുമ്പോൾ ശിവാനന്ദയുടെ മുഖത്ത് ആയിരം പൂർണചന്ദ്രന്മാർ ഒന്നിച്ചുവന്ന തിളക്കം.
അരിയും പയറും പഴവും വെളിച്ചെണ്ണയും മീനും കോഴിയും മുട്ടയും പാലുമെല്ലാം കിട്ടുന്ന വീട്. വിഷമില്ലാത്ത ഭക്ഷണം മാത്രം കിട്ടുന്ന അപൂർവ വീടുകളിലൊന്ന്. കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയാണ് പാടത്തും പറമ്പിലും നേടിയ വിജയരഹസ്യം.
ഇവിടം സ്വർഗമാണ്...
പുത്തിഗെയിലെ കണ്ണൂർ ഗ്രാമം കാർഷിക കേരളത്തിന്‍റെ അഭിമാനമാണിന്ന്. മികച്ച കർഷകനുള്ള സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം ലഭിച്ചതോടെ മണ്ണും മനുഷ്യനും തമ്മിലെ ബന്ധമാണ് നാട്ടിൻപുറ ചർച്ചകളിലെ മുഖ്യചേരുവ. രണ്ടു ലക്ഷം രൂപയും സ്വർണമെഡലുമാണ് സമ്മാനം. എല്ലാറ്റിനും പുറമെ പുരസ്കാരം കാസർകോട് എത്തിയതിന്‍റെ അഭിമാനത്തിലാണ് ജില്ലയിലുള്ളവർ.
ബളക്കില വീട്ടിലെ 18 ഏക്കറിലാണ് സ്വർഗം ഒരുക്കിയത്. ഇതിൽ ആറേക്കർ നെൽകൃഷിക്കായി പാട്ടത്തിനെടുത്തതാണ്. കണ്ണൂർ പാടശേഖരത്തിന്‍റെ പ്രസിഡന്‍റാണ് ശിവാനന്ദ. മൊത്തം ഏഴേക്കറിലാണ് നെൽകൃഷി. കാഞ്ചന, ഉമ, എം നാല്, കുട്ടിപുഞ്ചെ, കജ ജയ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ബിരിയാണി അരിയും ഉൽപാദിപ്പിക്കുന്നു. വർഷത്തിൽ മൂന്നുതവണയാണ് വിളവെടുപ്പ്. പ്രതിവർഷം എട്ടു ടൺ നെല്ല് മാർക്കറ്റിലേക്ക് എത്തിക്കുന്നു.
സപ്ലൈകോ വഴിയാണ് നെല്ല് വിൽപന. അക്ഷയകേന്ദ്രത്തിലെത്തി ഓൺലൈൻ വഴി ഇതിന് അപേക്ഷ നൽകുന്നു. കൃഷിഭവൻ അധികൃതർ വീട്ടിലെത്തിസംഭരിക്കുന്നു. തുക അക്കൗണ്ടിലെത്തും. അരിയുണ്ടാക്കാൻ സ്വന്തമായി മില്ലും ഇദ്ദേഹം വീട്ടിലൊരുക്കിയിട്ടുണ്ട്.
തെങ്ങ്, കവുങ്ങ്...
ഒന്നരയേക്കറിലാണ് തെങ്ങിൻതോട്ടം. വേനലിലും നന്നായി നനക്കുന്നതിന്‍റെ ഗുണം തെങ്ങിൻകുലകളിൽ കാണാം. തുടുത്ത നാളികേരക്കുലകൾ. വിളഞ്ഞ നാളികേരങ്ങൾക്കു പിന്നിൽ ക്രമത്തിൽ ഇളനീർ, കരിക്ക്, മച്ചിങ്ങ കുലകൾ നിറഞ്ഞുനിൽക്കുമ്പോഴുള്ള ചന്തം കർഷകന് നൽകുന്ന ആശ്വാസം ചില്ലറയല്ല. ഇങ്ങനെയുള്ള തെങ്ങിൻതോട്ടമാണ് കാർഷിക കേരളത്തിന്‍റെ സ്വത്വം. വർഷം 15,000 തേങ്ങയെങ്കിലും വിൽക്കും. ഉണ്ടയും കൊപ്രയുമാക്കി വിൽക്കും. ചിലപ്പോൾ പച്ചത്തേങ്ങയും നൽകും. വീട്ടിലേക്ക് അരക്കാനുള്ള തേങ്ങയും വെളിച്ചെണ്ണയാക്കാനുള്ളതും മാറ്റിവെച്ചിട്ടാണ് ഇത്രയും തേങ്ങ വിൽക്കാൻ കഴിയുന്നത്.
രണ്ടരയേക്കറിലാണ് കവുങ്ങിൻതോട്ടം. തേങ്ങയെപ്പോലെ നാടൻതന്നെയാണ് ഇനം. നീണ്ടനിരകളിലായി നിൽക്കുന്ന കവുങ്ങുകൾ വലിയ ഉയരത്തിലേക്ക് എത്തിയിട്ടില്ല. എല്ലാ കവുങ്ങുകളിലും നിറയെ അടക്കകൾ. വൈകുന്നേരങ്ങളിലാണ് സാധാരണ നനക്കുന്നത്. വേനൽ കടുക്കുമ്പോൾ രാവിലെയും വൈകീട്ടും നന തുടരും.
കട്ടവേനലിലും പച്ചപ്പരവതാനി
കവുങ്ങിൻതോട്ടത്തിലൂടെ വയലിലേക്കിറങ്ങിയാൽ നല്ല കത്തുന്ന ചൂടാണ്. കൊയ്ത്തൊഴിഞ്ഞ പാടത്തിലൂടെ നടന്നുനീങ്ങിയാൽ പിന്നെ പച്ചക്കറിത്തോട്ടത്തിലെത്താം. കത്തുന്ന ചൂടിലും പാടത്ത് വിരിച്ച പച്ചപ്പരവതാനിയാണ് പച്ചക്കറിപ്പന്തൽ. ഏക്കറുകളിലായാണ് പച്ചക്കറി കൃഷി. വെള്ളരി, പയർ, വെണ്ട, പാവയ്ക്ക, വഴുതിന, ചീര, വെള്ളരി, ചിരങ്ങ, കക്കിരി തുടങ്ങി പേരറിയുന്നതും അറിയാത്തതും കന്നട മേഖലയിൽ ആവശ്യക്കാരേറെയുള്ള ചിലതും തോട്ടത്തിലുണ്ട്. മൂന്നാം വിളയായി ചെറുപയർ, മമ്പയർ, ഉഴുന്ന് എന്നിവയും വിളവെടുക്കുന്നു.
പശു, പോത്ത്, മുയൽ, കോഴി...
നല്ല നാടൻപാൽ, തൈര്, കലർപ്പില്ലാത്ത നെയ്യ്... ഇതൊക്കെ പരസ്യവാചകത്തിൽ ഇഷ്ടംപോലെ കേട്ടുകാണും. അതിനാൽ, ശുദ്ധം എന്നൊക്കെ പറയുമ്പോൾ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും മലയാളിയുടെ മുഖത്ത് കാണില്ല. കേട്ടുമടുത്ത ശുദ്ധം കാണാൻ ഇവിടേക്ക് വരൂ. ശുദ്ധമായ പാലും തൈരും നെയ്യുമൊക്കെ ഇവിടെയുണ്ട്.
എട്ടു പശുക്കളാണ് ശിവാനന്ദ വളർത്തുന്നത്. ഇതിൽ നാലെണ്ണത്തിനാണ് കറവയുള്ളത്. ദിവസം മൂന്നാല് ലിറ്റർ പാൽ കിട്ടും. പാൽ സംഭരണക്കാർക്കൊന്നും നൽകുന്നില്ല. എല്ലാം വീട്ടാവശ്യത്തിനു മാത്രം. ഗ്ലാസിന് 10 രൂപ നിരക്കിൽ ചില വീടുകളിലേക്ക് കൊണ്ടുപോകുന്നു. രണ്ടു പോത്തുകളെയും വളർത്തുന്നുണ്ട്. 25 മുയലുകളും അതിലധികം കോഴികളുമുണ്ട്. 500ഓളം മീനുകളെ വളർത്തുന്ന ഫാമുമുണ്ട്. വീട്ടിൽ ലഭിക്കുന്ന ചാണകം, പച്ചില എന്നിവയാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. ചിലതിന് രാസവളവും.
നേന്ത്രൻ, കദളി, മൈസൂർ...
രണ്ടേക്കറിലാണ് വാഴത്തോട്ടം. വാഴക്കൂടത്തിൽ കൂർക്ക, ചേമ്പ്, ചേന തുടങ്ങി കൃഷി വേറെയുമുണ്ട്. ചില ഔഷധച്ചെടികളും ഒരുക്കിയിട്ടുണ്ട്. നേന്ത്രൻ, കദളി, മൈസൂർ വാഴകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
പറമ്പിൽ അങ്ങിങ്ങായി പ്ലാവുകൾ നിറയെ ചക്കയും കാണാം. പറങ്കിമാവിൽനിന്ന് കശുമാങ്ങ വീണുകിടക്കുന്നുണ്ട്. കശുവണ്ടി അടർത്തിയെടുക്കാൻ സമയം കിട്ടിയില്ലെന്നുറപ്പ്. വലിയ മാവുകൾ നിറയെ മാങ്ങ. ശീമച്ചക്ക, കടച്ചക്ക എന്നിവയും പറമ്പിലുണ്ട്. പേര, ചെറുനാരങ്ങ തൈകൾ തുടങ്ങി പറമ്പിലെ മുഴുവൻ കൃഷിയും നടന്നുകാണാൻ മാത്രമുണ്ട്.
അഞ്ചു കിണറുകളിൽനിന്നാണ് കൃഷിക്ക് വെള്ളം ലഭ്യമാക്കുന്നത്. ഇതിനായി മോട്ടോർ പമ്പുകൾ സബ്സിഡിയായി ലഭിച്ചു. വൈദ്യുതി ബില്ലും അടക്കേണ്ട. പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവനാണ് അത് അടക്കുന്നത്.
സംശയമൊന്നും വേണ്ട കൃഷി ലാഭകരം തന്നെ
പത്താം ക്ലാസ് കഴിഞ്ഞശേഷം പിന്നെ പഠിക്കാൻ ശിവാനന്ദ മിനക്കെട്ടിട്ടില്ല. അച്ഛന്‍റെ വഴിയേ പാടത്തും വരമ്പിലും ഓടിനടന്ന് നേടിയ കൃഷിപാഠമുണ്ട് മനസ്സുനിറയെ. ഒന്നൊന്നര ജോലിയാണതെന്നും അത്യാവശ്യമല്ല അതിനപ്പുറംതന്നെ വരുമാനമുണ്ടെന്നും ഇത്രത്തോളം സംതൃപ്തിയുള്ള മറ്റൊരു ജോലിയില്ലെന്നും ഉറച്ചുവിശ്വസിക്കുന്നു ഇദ്ദേഹം. പ്രായം 55 ആയി. 40 വർഷമായി കൃഷിയിടത്തിലുണ്ട്. ഒരുനിമിഷംപോലും വെറുതെയിരിക്കാൻ കഴിയില്ല. എങ്കിലും വല്ലാത്ത സന്തോഷമാണ് ലഭിക്കുന്നതെന്ന് ശിവാനന്ദ.
കൃഷിയിലേക്ക് പുതിയ തലമുറക്ക് ധൈര്യമായിറങ്ങാമെന്നാണ് മണ്ണറിയുന്നവന്‍റെ സാക്ഷ്യപത്രം. വിത്തും കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ് സജീവമായി പിന്തുണക്കുന്നുണ്ട്. ഒരുലക്ഷത്തോളം വിലവരുന്ന കൊയ്ത്തുയന്ത്രത്തിന് 15,000 രൂപയാണ് ഇദ്ദേഹം നൽകിയത്. റൈസ്മില്ലിന് അരലക്ഷത്തോളമാണ് വില.
വെറും 2000 രൂപക്ക് അത് കിട്ടി. പിന്നെ വൈദ്യുതി ചാർജ്, മോട്ടോർ പമ്പ് എല്ലാം കിട്ടുന്നു. വിത്തും ലഭിക്കുന്നു. ഇത്രയുമൊക്കെ ലഭിച്ചിട്ടും കൃഷിയോട് മുഖംതിരിഞ്ഞ് എന്തിന് നിൽക്കണമെന്നാണ് ശിവാനന്ദയുടെ ചോദ്യം. ആരോഗ്യകരമായ ഭക്ഷണം, മനസ്സമാധാനം എല്ലാം വേറെ. പിന്നെ സാമ്പത്തികമായും മെച്ചംതന്നെ. പ്രതിവർഷം 25 ലക്ഷത്തിന്‍റെ വിറ്റുവരവുണ്ട് എനിക്ക്. ആളുകൾ നഷ്ടമെന്ന് പറഞ്ഞ് തരിശിടുന്ന നെൽകൃഷിപോലും ലാഭമാണ്.
ഭാര്യ പുഷ്‌പാവതി, വിസ്മിത, അർഷിദ, നിധീഷ് എന്നിവരുൾപ്പെടുന്നതാണ് ശിവാനന്ദയുടെ കുടുംബം. ജ്യേഷ്ഠന്‍റെ ഭാര്യയും മൂന്നു മക്കളും അനിയത്തിയും രണ്ടു മക്കളും ഈ വീട്ടിലാണ്. ഇവരെല്ലാവരുംകൂടിയാണ് കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. പ േത്താളം പേരെ കൂലിക്കും നിയമിച്ചിട്ടുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞിട്ടും മിച്ചമുള്ള ജോലിയാണ് കൃഷിയെന്ന് ശിവാനന്ദ ആവർത്തിച്ചുപറയുന്നു.
●