ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയാനും പുറത്തുകടക്കാനും അറിയേണ്ട കാര്യങ്ങൾ...
text_fieldsചിത്രം :അഷ്കർ ഒരുമനയൂർ
മനുഷ്യജീവിതത്തിലെ മനോഹരമായ വികാരങ്ങളിലൊന്നാണ് പ്രണയം. പ്രണയാനുഭവങ്ങൾ ഇല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. പ്രണയത്തിെൻറ എരിവും പുളിയും കയ്പും മധുരവുമൊക്കെ ആവോളം അനുഭവിച്ചിട്ടുള്ളവരാണ് പലരും. ചിലർക്കത് തികച്ചും സ്വകാര്യ അനുഭവം മാത്രമായിരിക്കും. ആധുനിക കാലത്ത് പ്രണയത്തെ ആഘോഷമാക്കുന്ന നിരവധി വാർത്തകൾ കേൾക്കുന്നുണ്ട്. എന്നാൽ, വിരോധാഭാസമെന്ന് പറയട്ടെ പ്രണയം പ്രതികാരമായിമാറുന്ന നിരവധി സംഭവങ്ങൾക്കും കേരളം സാക്ഷ്യം വഹിക്കേണ്ടിവരുന്നു.
പരസ്പരം പങ്കുവെച്ച് നാം വളർത്തുന്ന ബന്ധങ്ങളിലും പ്രണയത്തിലും ദാമ്പത്യത്തിലുമൊക്കെ കുറെ കാലങ്ങളായി വിഷം പടരുകയാണ്. ഇത്തരം വിഷലിപ്തമായ ബന്ധങ്ങളിൽ എല്ലായ്പോഴും ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. മക്കളുടെ ഭാവിയെ പറ്റിയോർത്തും സ്നേഹിക്കുന്ന വ്യക്തിയുടെ സ്വഭാവം ഇന്നല്ലെങ്കിൽ നാളെ മാറുമെന്നും എല്ലാ ശരിയാവുമെന്ന പ്രതീക്ഷയിലും ടോക്സിക് ബന്ധങ്ങളെ സഹിച്ച് കഴിയുന്നവർ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും.
ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് മുറിവേൽപിക്കാൻ കഴിയുക എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകും. പ്രണയിക്കുന്ന നാളുകളിൽ അവളുടെ കാൽ ഒരു കല്ലിൽ തട്ടിയാൽ മനസ്സ് പിടയുന്നവർ, അവളുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ ചങ്ക് പൊള്ളുന്നവർ, പ്രണയവും ദാമ്പത്യവുമൊക്കെ പരാജയപ്പെടുമ്പോൾ സ്നേഹവും പ്രണയവും നഷ്ടപ്പെട്ട് പകയും പ്രതികാരവും ചേർന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.
മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയമെന്ന വികാരത്തെ മുൻനിർത്തി മറ്റൊരാളുടെ ജീവൻ എടുക്കാൻ എങ്ങനെയാണ് ഒരാൾക്ക് കഴിയുന്നത്?
പ്രണയ തിരസ്കാരം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന കാലഘട്ടത്തില് പ്രണയത്തെ സംബന്ധിച്ച് നിലനില്ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച്, എങ്ങനെയാണ് ബന്ധങ്ങൾ ടോക്സിക്കാവുന്നതെന്നും എങ്ങനെ അത്തരം ബന്ധങ്ങളിൽനിന്ന് പുറത്തുകടക്കാമെന്നതിനെക്കുറിച്ചും ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.
പ്രണയം ടോക്സിക്കാവുന്നതിെൻറ സൂചനകൾ
1. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ
സ്നേഹത്തിെൻറയും കരുതലിെൻറയും പേരുപറഞ്ഞ് ഇടംവലം തിരിയാൻ നിങ്ങളെ അനുവദിക്കാതെ ഇരിക്കുകയും വ്യക്തിപരമായ കാര്യങ്ങളിൽപോലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് അപകടകരമായ ബന്ധത്തിെൻറ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. നിങ്ങൾ എവിടെ പോകുന്നു? ആരാണ് കൂടെയുള്ളത്? ഈ ഡ്രസ് ധരിക്കരുത് എന്ന് ഞാൻ പറഞ്ഞതല്ലേ? എന്തിനാണ് രാത്രിയിൽ വാട്സ്ആപ്പിൽ ഇരിക്കുന്നത്? ആരോടാണ് ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്നത്? ഫോൺ ബിസി ആയിരുന്നല്ലോ? എന്തിനാണ് എനിക്കിഷ്ടമില്ലാത്തവരോട് നീ സംസാരിക്കുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഇവർ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കും. ഈ ചോദ്യങ്ങൾക്കൊക്കെ നിങ്ങൾ ഫോട്ടോയായും വിഡിയോയായും തെളിവുകൾ നൽകി അവരെ തൃപ്തിപ്പെടുത്തേണ്ടിവരും. ടോക്സിക് സ്വഭാവമുള്ളവർ നിയന്ത്രണത്തോടൊപ്പം സമയം കടന്നുപോകുന്തോറും കൂടുതൽ കൂടുതൽ സംശയാസ്പദമായി പെരുമാറാൻ തുടങ്ങും. നിങ്ങൾ എവിടെയെങ്കിലും പോയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവർ സുഹൃത്തുക്കളെ ഏർപ്പാടാക്കും. നിങ്ങൾ ജോലിസ്ഥലത്ത് വരാൻ താമസിച്ചാൽ, അവർ മറ്റൊരാളുടെ പേരുപറഞ്ഞ് നിങ്ങൾ ഓഫിസിൽനിന്ന് ഇറങ്ങിയോ എന്ന് അന്വേഷിക്കും. ചുരുക്കത്തിൽ നിങ്ങളുടെ ജീവിതം അവർ ദുരിതപൂർണമാക്കും. ഇത്തരക്കാർ പലപ്പോഴും ടെക്നോളജിയുടെ സഹായത്തോടുകൂടി ഫിസിക്കൽ ലൊക്കേഷൻ കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷൻസ്, ഹിഡൻ മൊബൈൽ റെക്കോഡർ, മൈക്രോ കാമറകൾ എന്നിവയുടെ സഹായം തേടാറുണ്ട്.
2. പങ്കാളിക്കുവേണ്ടി ഇഷ്ടങ്ങൾ ഹനിക്കേണ്ടി വരുമ്പോൾ
ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുക സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ച് പങ്കാളിയുടെ ഇഷ്ടങ്ങൾക്ക് മാത്രമനുസരിച്ച് ജീവിക്കേണ്ടിവരുന്നെങ്കിൽ നിങ്ങൾ സുഖകരമായ ഒരു ബന്ധത്തിലല്ല എന്നുവേണം കരുതാൻ. നിങ്ങൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി പതിവായി ചെയ്യേണ്ടി വരുന്നത് നിങ്ങളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കും. ഉദാഹരണമായി പോൺ സൈറ്റ് കാണാനും മദ്യപിക്കാനും പുകവലിക്കാനും പ്രേരിപ്പിക്കുക. നിങ്ങളുടെ ബന്ധം നെഗറ്റിവ് ശീലങ്ങളെ സ്വീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയാണെങ്കിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ട്.
3. ഭൂതകാലത്തെ മുൻനിർത്തി കുറ്റപ്പെടുത്തുമ്പോൾ
മുൻകാല തെറ്റുകളെ ഇടക്കിടെ ഓർപ്പിച്ച് നിങ്ങളെ വല്ലാതെ കുറ്റപ്പെടുത്താൻ ടോക്സിക് പങ്കാളിക്ക് മാത്രമേ കഴിയൂ. പരസ്പരം സംസാരിക്കുന്നതിനിടയിൽ എപ്പോഴും പഴയ കഥകൾ വലിച്ചിട്ട് 'ഇത് നിങ്ങൾ എപ്പോഴും ചെയ്യുന്നതാണ്, ഇത് നിങ്ങളുടെ സ്വഭാവമാണ്, ഇത് മാറാൻ പോകുന്നില്ല' എന്നതരത്തിൽ ഭൂതകാല സംഭവങ്ങളെ വീണ്ടും വീണ്ടും ചർച്ചക്ക് വിധേയമാക്കുന്നുണ്ടെങ്കിൽ അവൻ / അവൾ നിങ്ങളുടെ മുൻകാല സംഭവങ്ങൾ ഓർമിച്ചുവെച്ച് അത് നിങ്ങളെ കുറ്റപ്പെടുത്താനുള്ള നല്ല ഒരു ടൂളായി ഉപയോഗിക്കുന്നു എന്നാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഇപ്പോഴത്തെ പങ്കാളിക്ക് മുമ്പുള്ള പങ്കാളിയുമായുള്ള ബന്ധം ഇടക്കിടെ സൂചിപ്പിച്ച് നിങ്ങളുടെ പാർട്ണർ പീഡിപ്പിക്കുന്നുണ്ടെങ്കിൽ ഇപ്പോഴുള്ള ബന്ധം ടോക്സിക് എന്നുതന്നെ കരുതാം.
ടോക്സിക് ബന്ധങ്ങളെ എങ്ങനെ മറികടക്കാം
നിങ്ങളുടെ ഇപ്പോഴുള്ള ബന്ധംകൊണ്ട് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ഊർജം നഷ്ടപ്പെടുന്നുവെങ്കിലോ മടുപ്പും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിലോ അതൊരു നല്ല റിലേഷൻഷിപ്പിെൻറ സൂചനയല്ല. നിങ്ങളുടെ പഠനം, ജോലി, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ കൃത്യമായി ചെയ്യാൻ സാധിക്കാതെവരുന്നുവെങ്കിൽ നിങ്ങളുടെ ഇപ്പോഴുള്ള ബന്ധം ടോക്സിക് തന്നെയെന്നുവേണം കരുതാൻ. ഇപ്പോഴുള്ള ബന്ധത്തിന് പുറത്തുള്ള മറ്റുള്ള ബന്ധങ്ങളിൽ ഒട്ടും സന്തോഷം കണ്ടെത്താൻ അനുവദിക്കുന്നില്ലെങ്കിൽ അത്തരം ബന്ധങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്.
1. നിങ്ങൾ ഒരു ടോക്സിക് ബന്ധത്തിലാണെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവം മാറിക്കോളും എന്ന് കരുതി കാത്തിരിക്കുന്നത് അവസാനിപ്പിക്കണം. ടോക്സിക് ബന്ധമാണെങ്കിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ വഷളായിവരുകയേ ഉള്ളൂ. അതുകൊണ്ട് കൂടുതൽ അബദ്ധങ്ങളിൽ ചെന്നുചാടുന്നതിനു മുേമ്പ ഇത്തരം ബന്ധങ്ങൾ പൂർണമായും അവസാനിപ്പിക്കുകയാണ് നല്ലത്.
2. അപകടകരമായ ബന്ധത്തിൽനിന്ന് പുറത്തുകടക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. മുന്നോട്ട് എങ്ങനെ പോകണം എന്നും എങ്ങനെ ജീവിക്കണം എന്നും വ്യക്തമായ ഒരു ധാരണ മനസ്സിലുണ്ടാകണം. നിങ്ങളുടെ സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ എന്നിവ എങ്ങനെ പ്രാവർത്തികമാക്കാം എന്ന് ആലോചിക്കണം. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ ഇത് സഹായിക്കും.
3. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്നത് നല്ലതാണ്. ഒരു ഹോബി കണ്ടെത്തുന്നത് ഒരുപരിധിവരെ ശക്തമായ വഴിതിരിച്ചുവിടലാണ്. നിങ്ങൾ ആസ്വദിക്കുന്നതോ അല്ലെങ്കിൽ, കുറച്ച് സമയത്തേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതോ ആയ എന്തെങ്കിലും തിരഞ്ഞെടുക്കുക. ഒരു പുതിയ കഴിവ് വളർത്തിയെടുക്കുക. ഉദാഹരണമായി വായനക്ക് സമയം കണ്ടെത്തുക. അല്ലെങ്കിൽ, സംഗീതമോ കലാപരമായ എന്തെങ്കിലുമോ ചെയ്യുക. വിഷലിപ്തമായ ഒരു ബന്ധത്തിൽനിന്ന് പുറത്തുകടക്കുമ്പോൾ നിങ്ങൾ സ്വയം വ്യാപൃതനായിരിക്കുകയും നിങ്ങളുടെ ഊർജം ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊരാളെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ, നിങ്ങൾ ചെയ്യാൻ വേണ്ടിമാത്രം ചെയ്യുന്ന ചിലത്. സന്നദ്ധപ്രവർത്തനവും നല്ല ആശയമാണ്. ഹോബികളുള്ള ആളുകൾക്ക് സമ്മർദം, താഴ്ന്ന മാനസികാവസ്ഥ, വിഷാദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ശാരീരിക അധ്വാനത്തിന് ശേഷം ഉണ്ടാകുന്ന മൂഡ് ലിഫ്റ്റിങ് ഹോർമോണുകളിൽനിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നതിനാൽ കായികപരമായ എന്തെങ്കിലും തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ ആശയമാണ്.
4. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് എന്ന് തിരിച്ചറിയുക. ടോക്സിക്കായ ഒരു ബന്ധത്തിൽ ഒരു വ്യക്തി സ്വയം നഷ്ടപ്പെടുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ, മൂല്യങ്ങൾ എന്നിവ പുനരുജ്ജീവിപ്പിക്കുക, ഹ്രസ്വവും ദീർഘകാലവുമായ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവിടെ എങ്ങനെ എത്തിച്ചേരാമെന്നും അറിയുക. നിങ്ങൾക്കായി ഒരു ജീവിതം ഉണ്ടാക്കാൻ പങ്കാളിക്കായി ചെലവഴിച്ചിരുന്ന നിങ്ങളുടെ ഊർജം ചാനൽ ചെയ്യുക.
സെൻറർ ഫോർ ഇന്നർ പീസ് ആൻഡ് ഡി അഡിക്ഷൻ, ചേർത്തലയിലെ കൺസൽട്ടൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ