‘ആ രാത്രി അവർ എന്നെയും കൊന്നു’; പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍റെ മാതാവ് പ്രഭാവതിയമ്മ മകനെ ഓർക്കുന്നു
text_fieldsപ്രഭാവതിയമ്മ. ചിത്രങ്ങൾ: പി.ബി. ബിജു
‘വിധി’ എന്നും പ്രഭാവതിയമ്മയെ തോൽപിച്ചിട്ടേയുള്ളൂ, ഇന്നും തോൽപിച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും പിന്മാറാൻ തയാറല്ല ഈ 72കാരി. കാരണം, തനിക്ക് നഷ്ടമായത് എല്ലാമെല്ലാമായ മകൻ ഉദയകുമാറിനെയാണ്.
കാക്കിയുടെ അധികാര മൃഗീയതയിൽ ജീവൻ നഷ്ടമായ മകന് നീതിക്കായി 20 വർഷമായി പോരാടുകയാണ് പ്രഭാവതിയമ്മ.
എന്റെ ഹൃദയം അവനോടൊപ്പം മരിച്ചു
‘‘ആ രാത്രി അവർ എന്നെയും കൊന്നു, എന്‍റെ ഹൃദയം അവനോടൊപ്പം മരിച്ചു. പിന്നെയുള്ള ഈ ജീവിതം അവന് നീതിക്കായി പോരാടാൻ ബാക്കിയായതാണ്. അത് തുടരും. വർഷങ്ങൾ കോടതി കയറിയിറങ്ങിയാണ് എന്‍റെ കുട്ടിയെ കൊന്നവർക്ക് ശിക്ഷവാങ്ങിക്കൊടുത്തത്. എന്നാൽ, കഴിഞ്ഞമാസം അവരെ വെറുതെവിട്ടുവെന്ന് കേട്ടു.
ഏത് കോടതിയാണ് ഇത് ചെയ്തത്? കോടതിക്ക് ഹൃദയമില്ലേ? ഏത് കോടതി അവരെ വെറുതെവിട്ടാലും ദൈവത്തിന്‍റെ കോടതിയിലും എന്‍റെ മനസ്സിലും അവർ തെറ്റുകാരാണ്. അത്രയും ക്രൂരമായാണ് അവനെ അവർ കൊന്നത്’’ -പറഞ്ഞു പൂർത്തിയാകുംമുമ്പേ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ ഇടറി.
തന്‍റെ മകൻ ഉദയകുമാറിനെ ഇരുമ്പുദണ്ഡുകൊണ്ട് ഇഞ്ചിഞ്ചായി ഉരുട്ടിക്കൊന്ന പൊലീസുകാർക്ക് 13 വർഷം നീണ്ട നിയമപോരാട്ടത്തിലൂടെയാണ് 2018ൽ പ്രഭാവതിയമ്മ തൂക്കുകയർ വാങ്ങി നൽകിയത്. എന്നാൽ, കാലം ആ അമ്മക്കുനേരെ മുഖംതിരിച്ചു. ഏഴു വർഷത്തിനിപ്പുറം കഴിഞ്ഞ ആഗസ്റ്റ് 27ന് കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് ഹൈകോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഉദയകുമാർ
എന്നെയും ഇല്ലാതാക്കാൻ ശ്രമം
‘‘ഉദയനെ നഷ്ടപ്പെട്ട് മൂന്നാം മാസം ജീപ്പിടിപ്പിച്ചും പാമ്പിനെ വീട്ടിൽ കൊണ്ടുവിട്ടും അവർ എന്നെയും കൊല്ലാൻ ശ്രമിച്ചു. ഞാൻ മരിച്ചിരുന്നെങ്കിൽ അവർ അന്നേ രക്ഷപ്പെടുമായിരുന്നു. എന്നാൽ, മരണം എന്നോട് ദയ കാണിച്ചു. ഉദയനുവേണ്ടി എന്നെ ബാക്കിയാക്കി. ഞാൻ ജീവിച്ചത് എന്‍റെ മകനുവേണ്ടി മാത്രമാണ്.
ഇനിയൊരു മക്കള്‍ക്കും ഇതുപോലെ സംഭവിക്കരുത്, ഇനിയൊരമ്മയും എന്നെപ്പോലെ കരയരുത്. ഇനി ഈ ഭൂമിയിൽ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല, മുകളിൽ ചെന്നാലുള്ള കാര്യം അറിയില്ല’’ -തിരുവനന്തപുരം കരമന നെടുങ്കാട്ട് സർക്കാർ നൽകിയ ശിവശൈലമെന്ന വീട്ടിലിരുന്ന് പ്രഭാവതിയമ്മ പറഞ്ഞു.
അവനായിരുന്നു എല്ലാം
ഉദയൻ ജനിച്ച് ഒരു വയസ്സാകുമ്പോഴേക്ക് ഭർത്താവ് ഉപേക്ഷിച്ചുപോയി. പിന്നെ മകനായിരുന്നു എല്ലാം. ഉദയൻ എന്നായിരുന്നില്ല യഥാർഥ പേര്, രേഖകളിലെല്ലാം വിനോദ് കുമാർ എന്നായിരുന്നു. എല്ലാവരും വിളിച്ചിരുന്നത് ഉദയനെന്നാണ്. വീട്ടുജോലികൾ ചെയ്താണ് മകനെ വളർത്തിയത്. പിന്നീട് 50 രൂപ ശമ്പളത്തിൽ ജഗതിയിലെ സ്കൂളിൽ ആയയായി ജോലിലഭിച്ചു. 15 വർഷം ആ ജോലി തുടർന്നു.
നാലാം ക്ലാസിൽ പഠനം നിർത്തിയ കുഞ്ഞുദയൻ അമ്മക്ക് താങ്ങായി ജോലിക്കിറങ്ങുകയായിരുന്നു. എങ്കിലും എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. അച്ഛന്‍റെ വാത്സല്യം ഉദയന് ലഭിച്ചിട്ടില്ല. അമ്മ തന്നെയായിരുന്നു എല്ലാം.
കിണർ വൃത്തിയാക്കാനും പ്ലംബിങ്ങിനും മേസ്തിരിപ്പണിക്കും ആക്രിസാധനങ്ങൾ കയറ്റിറക്കാനുമെല്ലാം പോയാണ് ഉദയൻ അമ്മയെ നോക്കിയിരുന്നത്. മിക്കദിവസവും ജോലികഴിഞ്ഞ് വരുമ്പോൾ തകരംകൊണ്ട് കൈ കീറിയിരിക്കും. അന്നെല്ലാം അമ്മയാണ് ചോറ് വാരിക്കൊടുത്തിരുന്നത്. ഓരോ സംഭവങ്ങളും ഇന്നും പ്രഭാവതിയമ്മയുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.
ഓണവുമില്ല, വിഷുവുമില്ല
ഒരു ഓണനാളിലാണ് ഉദയകുമാർ കൊല്ലപ്പെടുന്നത്. 2005 സെപ്റ്റംബർ 27 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായിരുന്നു അത്. അന്ന് ഉച്ചക്കാണ് മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് സി.ഐയുടെ സ്ക്വാഡിലുണ്ടായിരുന്ന ജിതകുമാറും ശ്രീകുമാറും ശ്രീകണ്ഡേശ്വരം പാര്‍ക്കില്‍നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷിനെയും കസ്റ്റഡിയിലെടുത്തത്.
ഓണക്കോടി വാങ്ങാൻ പ്രഭാവതിയമ്മ നൽകിയ 1000 ഉൾപ്പെടെ 4000 രൂപ ഉദയന്‍റെ കൈയിലുണ്ടായിരുന്നു. അത് മോഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. ഉച്ചക്ക് പിടിയിലായ ഉദയകുമാര്‍ രാത്രിയോടെ മരിച്ചു. ഇരു തുടകളിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉദയകുമാറിന്‍റെ മരണം ഉരുട്ടിക്കൊലയാണെന്ന് വ്യക്തമായത്.
രാത്രി വൈകി പൊലീസ് എത്തി, നിങ്ങളുടെ മകനാണോ ഉദയൻ എന്ന് ചോദിക്കുകയും മോർച്ചറിയിലേക്ക് ചെല്ലാനും ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്‍റെ പൊന്നുമോൻ ആ നിമിഷംമുതൽ ഭൂമിയിൽ ഇല്ല എന്നും ഞാനറിഞ്ഞിരുന്നില്ല. അവൻ വാങ്ങിത്തന്ന വസ്ത്രങ്ങൾ ധാരാളമുണ്ട്. അതുതന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അന്നുമുതൽ ഓണവും വിഷുവും ഒന്നും ഞാൻ അറിഞ്ഞിട്ടില്ല, ആഘോഷിച്ചിട്ടില്ല.’’
ഒരുനോക്ക് മാത്രമേ കണ്ടുള്ളൂ
‘‘എവിടെപ്പോയാലും രാത്രി ഏഴിന് തിരിച്ചെത്തിയിരുന്നു അവൻ. അന്നും ഞാൻ കാത്തിരുന്നു. എന്നാൽ, പിറ്റേന്ന് മോർച്ചറിയിൽവെച്ചാണ് അവനെ കാണുന്നത്. കാൽമുട്ട് മുതൽ അരക്കെട്ടു വരെ ചതച്ചിരുന്നു. തുടയിലെ ഞരമ്പുകൾ പൊട്ടി രക്തം കറുത്തിരുന്നു.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. നെഞ്ചിടിപ്പ് വരെ നിലച്ചുപോയി, ഭൂമി പിളർന്ന് താഴേക്ക് പോകുന്നപോലെ തോന്നി. ഒരുനോക്ക് മാത്രമേ കണ്ടുള്ളൂ ആ കിടപ്പ്’’ -നെഞ്ചുപിടയുന്ന വേദനയോടെ ആ അമ്മ പറഞ്ഞു.
മകനുവേണ്ടി ഇനിയും ജീവിക്കും
‘‘20 വർഷമായി ഉറങ്ങിയിട്ട്. രാത്രി ചെന്നുകിടന്നാൽ അമ്മേ... അമ്മേ... എന്ന വിളിയാണ്. ഞാൻ ജീവിതം ഉഴിഞ്ഞുവെച്ചതുതന്നെ മകനുവേണ്ടിയാണ്. അവൻ പോയതോടെ ഞാനില്ലാതായി. പിടിച്ചുനിന്നത് ഒരു തെറ്റുംചെയ്യാത്ത കുട്ടിയെ കൊന്നവരെ നിയമത്തിന് മുന്നിലെത്തിക്കാനാണ്. അതിനിയും തുടരും.’’
സി.പി.ഐ നേതാവും നഗരസഭ ഡെപ്യൂട്ടി സ്പീക്കറുമായ പി.കെ. രാജുവിന്‍റെയും സഹോദരൻ മോഹനന്‍റെയും സഹായത്തോടെ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
ചിലർ ദൈവത്തെപ്പോലെ കൂടെയുണ്ട്
‘‘പി.കെ. രാജു എന്ന പി.കെയുമായി 20 വർഷത്തെ ബന്ധമുണ്ട്. ഉദയൻ പോയ നാൾമുതൽ എല്ലാ സഹായവും ചെയ്ത് കൂടെ നിൽക്കുന്ന ഒരേയൊരു ആൾ അദ്ദേഹമാണ്. എന്ത് തിരക്കുണ്ടെങ്കിലും മാറ്റിവെച്ച് മകനെപ്പോലെ ഓടിവരും. കോടതിയിൽ പോകുമ്പോൾ ഓട്ടോയിൽ കൊണ്ടുപോകുന്ന പയ്യന്മാരും പറയുമായിരുന്നു, അമ്മ പിടിച്ചുനിൽക്കണമെന്ന്. ഞാൻ ഇന്നും പിടിച്ചുനിൽക്കുന്നു, ചിലർ ദൈവത്തെപ്പോലെ കൂടെയുള്ളതുകൊണ്ട്.’’
ഇപ്പോൾ ആര് കാണാനെത്തിയാലും പരിഭ്രമമാണ് ആ മുഖത്ത്. എന്ത് ദുഃഖവാർത്തയാണ് ഇനി കേൾക്കുകയെന്ന ഭയമാണ് ഉള്ളിൽ. അത്രമാത്രം തളർന്നിരിക്കുന്നു ഈ അമ്മ.


