ജീവിതം തിരികെത്തന്നത് മോളുടെ ആ ചോദ്യം
text_fieldsനടനും ഗായകനുമെല്ലാമായ സന്തോഷ് ജോഗി മരിച്ചിട്ട് ഈ മാസം 11 വർഷം തികയുകയാണ്. ജോഗിയുടെ ഭാര്യ ജിജി മലയാളത്തിലെ അപൂർവം വനിത പ്രസാധകരിൽ ഒരാളാണെന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിലെ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും പുതുതലമുറക്ക് ഏറെ പരിചിതയുമാണ്. അതിനെക്കാളേറെ 'നിനക്കുള്ള കത്തുകൾ' എന്ന പുസ്തകത്തിലൂടെ മലയാളി വായനക്കാരുടെ ഹൃദയത്തിലും ഇടം നേടിക്കഴിഞ്ഞു.
തൃശൂർ നഗരത്തിൽനിന്ന് തെല്ലുമാറി ഗ്രാമീണാന്തരീക്ഷമുള്ള പനമുക്കിൽ കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജിെൻറയും എൽസിയുടെയും മകളായ ജിജി ഹയർ സെക്കൻഡറി പഠനകാലത്ത് അറിയപ്പെട്ടത് പ്രഫഷനൽ ഗായികയായാണ്. പ്ലസ് ടു പഠനത്തിനും പാട്ടിനുമിടയിൽ ജോഗിയുമായി കട്ടപ്രേമം; വിവാഹം. രണ്ടു പെൺപൂക്കൾ വിരിയിച്ച ആ ദാമ്പത്യത്തിന് ദൈർഘ്യം വളരെ കുറവായിരുന്നു. ജോഗിയുടെ മരണത്തെത്തുടർന്ന് നിസ്സഹായതയിൽനിന്നും കടുത്ത അരക്ഷിതാവസ്ഥയിൽനിന്നും ഒരുപക്ഷേ, ദുരന്തക്കയങ്ങളിലേക്ക് ആഴ്ന്നുപോകുമായിരുന്നിടത്തുനിന്ന് അസാധാരണമായ ഇച്ഛാശക്തിയോടെ ഉയർന്നുപൊങ്ങിയ ജിജി ജീവിതവസന്തം വിരിയിക്കുകയാണ്. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ... ബഹുമുഖമായ പ്രതിഭ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ജിജി, തെൻറ യൂട്യൂബ് ചാനലിലെ പോസിറ്റിവ് സ്ട്രോക് എന്ന പരിപാടിയിലൂടെ ജീവിതത്തെ എങ്ങനെ സൗന്ദര്യമുള്ളതാക്കാം എന്ന് സമൂഹവുമായി സംവദിച്ചുകൊണ്ടിരിക്കുന്നു. നിർണായക വഴിത്തിരിവിൽനിന്ന് തെൻറ നാൾവഴികളെ സർഗാത്മകമാക്കിയ ജിജി ജീവിതം പറയുന്നു...
ജോഗിയുമൊത്തുള്ള ജീവിതം
പകരംവെക്കാനാവാത്ത അനുഭവങ്ങളാണ് ജോഗി സമ്മാനിച്ചത്. ജോഗിയുണ്ടാക്കിയ ഇടം നികത്താനാവില്ല. ഹിന്ദുസ്ഥാനി -ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ തുടങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു ജോഗി. മ്യൂസിക് ഇന്ത്യയിലായിരുന്ന സമയത്ത് ഗാനമേളക്കു പോകുമ്പോഴാണ് ഗായകനായ ജോഗിയെ പരിചയപ്പെടുന്നത്.
ഒരേ പുസ്തകം- ഖലീൽ ജിബ്രാെൻറ ദൈവം മരണം സംഗീതം- വായിക്കുന്നതിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്; ശരിക്കും സിനിമയിലെ രംഗംപോലെ. പതിനാറര വയസ്സുകാരിയായ പെൺകുട്ടിക്ക് അത് വിശദീകരിക്കാനാവാത്ത അനുഭവമായിരുന്നു. ജോഗിയെ ആദ്യമായി കാണുന്നത് ഒരു ആത്മഹത്യശ്രമത്തിനുശേഷം ഞരമ്പുകൾ മുറിച്ച് ചാക്ക് തുന്നിക്കെട്ടിയപോലുള്ള കൈകളുമായായിരുന്നു. ഒറ്റപ്പെട്ട് ഒരാൾക്ക് ഇങ്ങനെ ഒരു ഗതി വരരുതെന്ന് എനിക്കു തോന്നി. അത് പ്രണയമായി രൂപാന്തരപ്പെട്ടു. പിന്നീട് മൂകാംബികയിൽ പോയി മാലയിട്ടു; 2001ൽ. അപ്പോൾ എനിക്ക് 17 തികഞ്ഞിരുന്നില്ല.
വിവാഹശേഷം ഞങ്ങൾ അവരവരുടെ വീട്ടിലായിരുന്നു താമസം. എനിക്ക് പഠിക്കണമായിരുന്നു. തുടർന്നാണ് ഡിഗ്രിയും എം.എസ്സിയും എടുത്തത്. 21ാം വയസ്സിലാണ് കുടുംബജീവിതം തുടങ്ങിയത് -2006ൽ. തൊട്ടടുത്ത കൊല്ലം സെൻറ് മേരീസ് കോളജിൽ ജോലിയിൽ പ്രവേശിച്ചു. 2008ൽ സീതാറാമിൽ.
ഞങ്ങളുടെ ദാമ്പത്യം സംഭവമായിരുന്നു. മറ്റൊരാൾക്കും കിട്ടാനിടയില്ലാത്ത അനുഭവങ്ങളാണ് ജോഗിയിൽനിന്ന് ലഭിച്ചത്. സാധാരണ മനുഷ്യനായിരുന്നെങ്കിൽ എനിക്ക് ജോഗിയോട് പ്രണയം തോന്നുമായിരുന്നില്ല. ഞങ്ങളുടെ യാത്രകൾ ത്രസിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഒറ്റ ദിവസംകൊണ്ട് ബൈക്കിൽ മൂകാംബികക്കും കുടജാദ്രിക്കും പോയി വന്നിട്ടുണ്ട്. ട്രെയിനിൽ ടിക്കറ്റെടുക്കാത്ത യാത്രകൾ. ടിക്കറ്റെടുക്കാൻ കാശുണ്ടായിരുന്നില്ല. പകരം ടി.ടി.ആറിന് പാട്ടുപാടിക്കൊടുത്തും മണിയടിച്ച് വീഴ്ത്തിയുമായിരുന്നു യാത്ര. ആലോചിക്കുമ്പോൾ അതൊക്കെ വൻ സംഭവങ്ങളാണെന്നു തോന്നാറുണ്ട്. ജോഗി വളരെ സ്വതന്ത്രനായ മനുഷ്യനായിരുന്നു. ഇപ്പോൾ ജോഗി ജീവിച്ചിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. ജോഗിയെ ചുറ്റിപ്പറ്റി ജീവിച്ചേനെ. ചുരുങ്ങിയ ദാമ്പത്യത്തിനിടെ രണ്ടു കുഞ്ഞുങ്ങൾ -ചിത്രലേഖ, കപില.
ദുരിതക്കടൽ താണ്ടി...
വല്ലാത്ത അരക്ഷിതാവസ്ഥയാണ് ആദ്യം തോന്നിയത്. ഏറ്റവും അടുത്തയാൾ ഇല്ലാതായി. കടുത്ത സംഘർഷത്തിെൻറ നാളുകളായിരുന്നു. ഷോർട്ട് ഫിലിം ചെയ്യാനായി ഭൂമിയും വീടും പണയംവെച്ച് ജോഗി പണമെടുത്തിരുന്നു. ബാങ്കിൽനിന്ന് വീടിന് ജപ്തി നോട്ടീസ് വന്നു. ബാങ്കുകാർ വീട്ടിൽനിന്ന് ഇറങ്ങാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. നാലും രണ്ടും വയസ്സുള്ള പെൺമക്കൾ. അസുഖങ്ങൾമൂലം അമ്മ അവശയായിരുന്നു. മകെൻറ മരണത്തിൽ തകർന്നുപോയ ജോഗിയുടെ അച്ഛനും അമ്മയും... ഈ സാഹചര്യങ്ങൾ സൃഷ്ടിച്ച സമ്മർദങ്ങൾ വലുതായിരുന്നു.
ഒടുവിൽ വീടിറങ്ങേണ്ടിവന്നു... ചെറിയ വാടകവീട്ടിലേക്ക് മാറി. ജോഗിയുടെ മരണശേഷം അന്ന് ചുറ്റുപാടുമുള്ളവർ എന്നെ സൂക്ഷിക്കണമെന്നും ആത്മഹത്യ ചെയ്യുമെന്നും വീട്ടുകാരോട് പറയുമായിരുന്നു. അത് കേട്ടിട്ടോ എന്തോ നാലു വയസ്സുകാരി മകൾ എന്നോട് ചോദിച്ച ചോദ്യമാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജോഗി മരിച്ച് 11ാം ദിവസം ഞാൻ ജോലിക്ക് പോകാനായി വസ്ത്രം മാറാൻ മുറിക്കുള്ളിൽ കയറിയതായിരുന്നു. മുറി തുറന്ന് പുറത്തുവന്നപ്പോൾ 'അമ്മ മരിക്കാൻ പോയതല്ലല്ലോ?' എന്ന മോളുടെ ചോദ്യം കേട്ട് ഞെട്ടി. അതോടെ, എങ്ങനെയും നിലനിൽക്കണമെന്നും ജീവിതം തിരിച്ചുപിടിക്കണമെന്നും തീരുമാനമെടുത്തു.
മോട്ടിവേഷൻ ക്ലാസുകൾ...
ഹൈസ്കൂളിൽ പഠിക്കുമ്പോൾതന്നെ സൈക്കോളജി എന്നെ ആകർഷിച്ച വിഷയമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് തുടർന്ന് പഠിക്കാൻ ആഗ്രഹിച്ചതും ഈ വിഷയമായിരുന്നു. എന്നാൽ, അന്ന് അതിനായില്ല. ബയോടെക്നോളജിയിൽ എം.എസ്സി കഴിഞ്ഞ ശേഷം 2007ൽ തൃശൂർ സെൻറ് മേരീസ് കോളജിൽ ഒരു വർഷം അധ്യാപികയായി ജോലി ചെയ്തു. 2008ലാണ് സീതാറാം ആയുർവേദയിൽ ജോലിയാരംഭിക്കുന്നത്; ക്വാളിറ്റി കൺട്രോൾ ആൻഡ് റിസർച് ആൻഡ് െഡവലപ്മെൻറ് വിഭാഗത്തിൽ. ഇതിനിടെ സാഹചര്യങ്ങൾ അനുകൂലമല്ലാതായി. രണ്ടു മക്കളുടെ പിറവി, ജോഗിയുടെ മരണം, വീടു നഷ്ടപ്പെടൽ, തീർത്താൽ തീരാത്ത ബാധ്യതകൾ... അങ്ങനെ പലതും.
പിന്നീട് ജീവിതസാഹചര്യങ്ങളിൽ സ്ഥിരത വന്നപ്പോൾ ആദ്യം ചെയ്തത് സൈക്കോളജിയിൽ പി.ജി എടുക്കലായിരുന്നു. ഭാരതിയാർ സർവകലാശാലയിൽനിന്ന് അപ്ലൈഡ് സൈക്കോളജിയിൽ എം.എസ്സി. പിന്നീട് കൗൺസലിങ് ആൻഡ് സൈക്കോ തെറപ്പിയിൽ പി.ജി ഡിപ്ലോമയും സമ്പാദിച്ചു. ഇതിനിടയിൽ കൗൺസലിങ് പ്രാക്ടിസ് ചെയ്തുകൊണ്ടിരുന്നു. സീതാറാമിൽതന്നെ കൺസൽട്ടൻറ് കൗൺസലറായി. ഇപ്പോൾ മോട്ടിവേഷൻ ക്ലാസുകളും സോഫ്റ്റ് സ്കിൽ പരിശീലനവും നൽകുന്നുണ്ട്.
സാപിയൻസ് എെൻറ കുഞ്ഞ്
ചെറുപ്പം മുതൽ പുസ്തകങ്ങൾ എനിക്ക് ഇഷ്ടമാണ്. പ്രസാധന രംഗത്ത് വന്നതും ആ ഇഷ്ടത്തിെൻറ ഭാഗമായാണ്. അമ്മ നല്ല വായനക്കാരിയാണ്. വീടിനടുത്തുള്ള കസ്തൂർബ വായനശാലയിൽനിന്ന് അമ്മ പുസ്തകങ്ങൾ എടുത്തുകൊണ്ടുവരുമായിരുന്നു. ജോലി കിട്ടി വരുമാനമായി തുടങ്ങിയപ്പോൾ കുറേശ്ശയായി പുസ്തകങ്ങൾ വാങ്ങിത്തുടങ്ങി. പിന്നീട് പുസ്തകലോകത്തിന് എേൻറതായ സംഭാവന വേണമെന്നു തോന്നി. പ്രസാധനത്തെക്കുറിച്ച് ചിന്തിച്ചത് അങ്ങനെയാണ്. പിന്നീട് വി.ടി. ജയദേവൻ, എം.എൻ. പ്രവീൺകുമാർ എന്നിവരുമായും സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായും ഇക്കാര്യം ചർച്ചചെയ്തു. 2018ൽ 'സാപിയൻസ് ലിറ്ററേച്ചർ' തുടങ്ങി. ഹോമോ സാപിയൻസ് എന്നത് മനുഷ്യെൻറ ശാസ്ത്രനാമമാണല്ലോ. യുവാൽ നോവ ഹരാരിയുടെ സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈൻഡ് ഇറങ്ങിയ സമയമായിരുന്നു. മനുഷ്യർക്കുവേണ്ടി ഒരു പ്രസാധകശാല എന്ന ചിന്തയിൽനിന്നാണ് ഈ പേരിട്ടത്. ആദ്യം നാലു പുസ്തകങ്ങൾ ഒന്നിച്ചാണ് 2018 ഒക്ടോബറിൽ പ്രകാശനം ചെയ്തത്. വി.ടി. ജയദേവൻ മാഷിെൻറ 'പഴക്കം' എന്ന കവിതസമാഹാരം, പി.എൻ. ദാസ് മാഷിെൻറ 'കരുണം, ജീവിതം', സിവിക് മാഷിെൻറ 'മൂന്ന് നാടകങ്ങൾ', വി.ആർ. സുധീഷ് മാഷിെൻറ 'വാക്കുകൾ സംഗീതമാകുന്ന കാലം' എന്ന ചെറുകഥസമാഹാരം എന്നിവ.
ഇതിനകം 36 പുസ്തകങ്ങൾ സാപിയൻസിൽനിന്ന് പുറത്തിറങ്ങി. ധിറുതിപിടിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നയാളല്ല ഞാൻ. ഉള്ളടക്കത്തിലും സമീപനത്തിലുമടക്കം ഏതെങ്കിലും രീതിയിൽ എന്നെ തൃപ്തിപ്പെടുത്തിയാലേ പ്രസിദ്ധീകരിക്കുകയുള്ളൂ. നിർമിതിയിലും ഇങ്ങനെത്തന്നെയാണ്. സാഹിത്യ അക്കാദമിയുടെ 2019ലെ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് മികച്ച പുസ്തക നിർമിതിക്കുള്ള അവാർഡ് സാപിയൻസ് ലിറ്ററേച്ചറിന് ലഭിച്ചു. സാപിയൻസ് എെൻറ മറ്റൊരു കുഞ്ഞാണ്. ഇതിനെ വളർത്താൻകൂടിയാണ് ഞാൻ ജോലിക്ക് പോകുന്നത്. പ്രസാധനത്തെ കച്ചവടമായല്ല കാണുന്നത്.
വീട്ടിലെ വായനശാല
പുസ്തകങ്ങളോട് എനിക്ക് വൈകാരിക ബന്ധമുണ്ട്. വാങ്ങിയ പുസ്തകങ്ങൾ വായിച്ചുകഴിഞ്ഞാൽ അവ മറ്റാരും തൊടാതെ ഇരിക്കരുതെന്ന് തോന്നി. അവ മനുഷ്യെൻറ മണത്തോടെയും മനുഷ്യനെപ്പോലെ മുഷിഞ്ഞും ഇരിക്കണമെന്നും തോന്നി. അങ്ങനെയാണ് വീട്ടിൽ പൊതുവായനശാല -വൈഖരി തുടങ്ങിയത്. വരിസംഖ്യ ഇല്ല. ആവശ്യക്കാർക്ക് പുസ്തകമെടുത്ത് വായിക്കാം. വീട്ടിൽ കൊണ്ടുപോയും വായിക്കാം. പരിസരത്തെ വീട്ടമ്മമാരും കുട്ടികളുമാണ് പ്രധാനമായും പുസ്തകങ്ങൾ എടുക്കുന്നത്. കൂടാതെ, സഹപ്രവർത്തകരും മക്കളുടെ സുഹൃത്തുക്കളും അംഗങ്ങളാണ്. 'വൈഖരി'യിൽ ഇപ്പോൾ 1200ഓളം പുസ്തകങ്ങളുണ്ട്.
വിവാഹശേഷം എഴുതിയത് ജോഗിക്കുവേണ്ടി
അമ്മാടം സെൻറ് ആൻറണീസ് സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് എഴുതിത്തുടങ്ങിയത്. ആദ്യ എഴുത്തുകൾ കവിതകളായിരുന്നു. പിന്നീട് എൽതുരുത്ത് സെൻറ് അലോഷ്യസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കവിത മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകനായിരുന്ന പ്രഫ. കെ.വി. ഹരിദാസൻ മാഷാണ് എഴുത്തുകാരി എന്ന നിലയിൽ ആദ്യമായി അംഗീകരിച്ചത്. പിന്നീട് വിവാഹശേഷം ജോഗിക്കുവേണ്ടിയാണ് എഴുതിയത്. ജോഗി ആദ്യമൊന്നും എഴുത്തുകാരനായിരുന്നില്ല. എന്നാൽ, എഴുത്തുകാരെക്കാൾ സമ്പന്നമായി കഥ പറയും. ഒരുദിവസം രണ്ടും മൂന്നും കഥകളും കഥാത്രെഡും പറയുമായിരുന്നു. പിന്നീട് ആ കേട്ടെഴുത്ത് ഞാൻ നിർത്തി. അതിനുശേഷം ജോഗി ഒരുപാട് എഴുതുകയും പല രചനകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. എെൻറ പല കവിതകളും കുറിപ്പുകളുമെല്ലാം ഭാഷാപോഷിണി, മാധ്യമം തുടങ്ങിയ മുൻനിര ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജോഗിയുടെ മരണശേഷമാണ് പിന്നീട് ഞാൻ എഴുതിത്തുടങ്ങിയത്; സമൂഹമാധ്യമങ്ങളിൽ. കുറുങ്കവിതകളും സ്മരണകളും കുറിപ്പുകളുമായിരുന്നു.
'നിനക്കുള്ള കത്തുകൾ'
ജോഗിയോടുള്ള പറച്ചിലാണാ പുസ്തകം. എെൻറയും ജോഗിയുടെയും ജീവിതം, ഞങ്ങളുടെ പ്രണയം ഒക്കെയാണത്. സമൂഹമാധ്യമത്തിൽ എഴുതിയതാണ്. രണ്ടുമൂന്ന് കത്തുകൾ എഴുതിക്കഴിഞ്ഞപ്പോൾ ഗ്രീൻ പെപ്പർ പബ്ലിക്കയിൽനിന്ന് സുഹൃത്ത് ബിനു ആനമങ്ങാട് വിളിച്ചു. അത് പ്രസിദ്ധീകരിക്കാമെന്നും തുടർന്ന് എഴുതണമെന്നും പറഞ്ഞു. തുടർന്ന് 30-32 എണ്ണം എഴുതി. ആദ്യ രണ്ടു പതിപ്പുകൾ ഗ്രീൻ പെപ്പർ പുറത്തിറക്കി. രണ്ടെണ്ണം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. 'നിനക്കുള്ള കത്തുകൾ'ക്ക് ഇപ്പോഴും നല്ല പ്രതികരണമുണ്ട്. അത് വായിച്ച് ആത്മഹത്യയിൽനിന്ന് പിന്തിരിഞ്ഞു എന്നൊക്കെ അറിയിച്ചവരുണ്ട്. ഇപ്പോൾ ഒരു നോവലിെൻറ പണിപ്പുരയിലാണ്. ഒരുപക്ഷേ, അതാവാം അടുത്ത പുസ്തകം. അറുപതുകളിലെ തൃശൂരിെൻറ ജീവിതമാണ്. പകുതിയിലേറെ എഴുതിക്കഴിഞ്ഞു.
പാട്ടും സിനിമയും ഡബിങ്ങും...
പാട്ട് ഇപ്പോഴും എെൻറ കൂടെയുണ്ട്. എേൻറതായ ഇടങ്ങളിൽ ഞാനിപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. എനിക്ക് ഏഴു വയസ്സുള്ളപ്പോൾ അഞ്ചു വയസ്സുകാരൻ അനുജൻ മുങ്ങിമരിച്ചു. അത് വീട്ടിലെ താളംതെറ്റിച്ചു. അനുജെൻറ ആകസ്മിക മരണം അപ്പച്ചനെയും അമ്മയെയും വിഷാദത്തിലാക്കി. എനിക്കു ചുറ്റും ഒറ്റപ്പെടലിെൻറ ലോകമായി. അതിൽനിന്ന് രക്ഷപ്പെടാനാണ് പാട്ടുപാടിത്തുടങ്ങിയത്. പേരിനു മാത്രമേ ഞാൻ പാട്ട് പഠിച്ചിട്ടുള്ളൂ. പ്ലസ് വണിന് പഠിക്കുമ്പോൾ സ്കൂളിൽ പാടിയത് അന്ന് കീബോർഡ് വായിച്ചിരുന്ന തോമസേട്ടനെ ആകർഷിച്ചു. അദ്ദേഹം വഴി മാള അരവിന്ദെൻറ 'വോയ്സ് ഓഫ് മാള' എന്ന ഗാനമേള സംഘത്തിലെ ഗായികയായി. '99ലായിരുന്നു അത്. പിന്നീട് തൃശൂർ മ്യൂസിക് ഇന്ത്യയിൽ മുഴുസമയ ഗായികയായി. ശേഷം കലാസദൻ, കൊച്ചിൻ ഹീറോസ്, ആറ്റ്ലി ഓർക്കെസ്ട്ര എന്നീ സംഘങ്ങളിലും ഗായികയായി. അതിനിടെ, വിവാഹം കഴിഞ്ഞു. പിന്നീട് എം.എസ്സിക്ക് ചേർന്നു. മൂത്ത മകളെ ഗർഭം ധരിക്കുകയും ചെയ്തു. അതോടെയാണ് പ്രഫഷനൽ ഗായികയുടെ വേഷം അഴിച്ചുവെക്കേണ്ടിവന്നത്. എങ്കിലും, ഇപ്പോഴും ആൽബങ്ങളിലും മറ്റും പാടുന്നുണ്ട്.
കൂടാതെ പരസ്യങ്ങൾക്കും സിനിമകൾക്കും ഹ്രസ്വചിത്രങ്ങൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്. 1983 എന്ന സിനിമയിൽ മൂന്നു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു. പിന്നീട് ക്രൈം സ്റ്റോറിയിലും. പത്മിനി എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇതിനകം ഏഴ് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴും ഡബിങ് ചെയ്യുന്നുണ്ട്.
●