Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightBe Positivechevron_rightജീവിതത്തിൽ സന്തോഷം...

ജീവിതത്തിൽ സന്തോഷം കണ്ടെത്തൽ സിംപിളാണ്. ഇവയാണ് അതിനുള്ള എളുപ്പവഴികൾ

text_fields
bookmark_border
ജീവിതത്തിൽ സന്തോഷം കണ്ടെത്തൽ സിംപിളാണ്. ഇവയാണ് അതിനുള്ള എളുപ്പവഴികൾ
cancel

തിരക്കേറിയ ആധുനിക ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടെ സന്തോഷിക്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. ഒന്ന് മനസ്സുവെച്ചാൽ അധിക സമയം മാറ്റിവെക്കാതെ ചുറ്റുപാടിൽനിന്നുതന്നെ സന്തോഷം കണ്ടെത്താനാകും. അതിലേക്കുള്ള വഴികളിതാ...

1. വർക്ക്-ലൈഫ് ബാലൻസ്

ഇന്ന് നാമെല്ലാവരുംതന്നെ 24 x 7 വിവിധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനാൽ burn out എന്ന മാനസികാവസ്ഥക്ക് (ഉത്കണ്ഠ, വിഷാദം) സാധ്യതയേറെയാണ്. നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ സമയവേർതിരിവ് കൃത്യമായി പാലിക്കുകയും ജോലിക്കു പുറമെ ഇതര കാര്യങ്ങൾക്കുകൂടി സമയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം.

2. സാമ്പത്തിക സുരക്ഷ

ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ശ്രമിക്കുക. താൽക്കാലിക സന്തോഷം തരുന്ന കാര്യങ്ങളിൽ അമിത ചെലവ് വരുത്താതെ അനുഭവങ്ങൾക്കായി ചെലവാക്കാം.

3. വ്യായാമവും ശാരീരിക ആരോഗ്യവും

ശരീരത്തിന്റെ ചലനങ്ങൾ തലച്ചോറിൽ ‘ഹാപ്പി ഹോർമോൺ’ പുറപ്പെടുവിക്കാൻ സഹായിക്കും. ചെറിയ ദൂരമുള്ള നടത്തം പോലും (15-20 മിനിറ്റ് വരെ) ശാരീരിക-മാനസിക ഉന്മേഷം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

4. പുതിയ കഴിവുകൾ വിന്യസിച്ചെടുക്കുക

ഇതുവരെ ചെയ്യാൻ സാധിക്കാതിരുന്ന/ശ്രമിച്ചിട്ടില്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുക. ഇതുവരെ വായിച്ചിട്ടില്ലാത്ത മേഖലയിലുള്ള പുസ്‌തകങ്ങൾ വായിക്കുക, പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, ഏതെങ്കിലും ഹോബികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുക അങ്ങനെ എന്തുമാകാം.

5. കൃതജ്ഞത പരിശീലിക്കുക

വ്യത്യസ്ത അനുഭവങ്ങളാവാം നമുക്ക് ദിനംപ്രതി ഉണ്ടാവുന്നത്. അതിൽ നമുക്ക് അനുഗ്രഹങ്ങളായ അനുഭവങ്ങളെ തിരിച്ചറിയുകയും പോസിറ്റിവായ അനുഭവങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാവുകയും അവ അംഗീകരിക്കുകയുംചെയ്യുന്നത് ശീലമാക്കാം.

6. സാമൂഹിക ബന്ധങ്ങൾ

വ്യത്യസ്ത പ്രായവും സംസ്കാരവുമുള്ള ആളുകളുമായുള്ള ഇടപെടലുകളിലൂടെ മറ്റു വീക്ഷണങ്ങൾ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കാം. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം ജീവിതത്തിന്‍റെ അർഥവും ഉദ്ദേശ്യവും അനുസരിച്ചുള്ള ജോലികളിൽ ഏർപ്പെടാൻ ശ്രമിക്കാം. സന്നദ്ധസേവനങ്ങളിൽ പങ്കാളിയാകാം.

7. മാനസികാരോഗ്യ പരിപാലനം

ശാരീരിക ആരോഗ്യം പോലെ തന്നെ നമ്മുടെ മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യം നൽകുക. ഉയർന്ന മാനസിക സമ്മർദങ്ങൾ, ഉത്കണ്ഠ, വിഷാദം എന്നിവ കണ്ടുവരുന്ന സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരെ കണ്ട് പരിഹാര മാർഗങ്ങൾ തേടാം.

8. ഡിജിറ്റൽ വിട്ടുനിൽക്കൽ (Digital Detox)

നിരന്തര കണക്ടിവിറ്റി/ സോഷ്യൽ മീഡിയ ഉപഭോഗം നമ്മുടെ ദൈനംദിന ജീവിതത്തെയും ചിന്തകളെയും വീക്ഷണങ്ങളെയുംപോലും മാറ്റിമറിക്കാം.

എല്ലാ ദിവസവും ഡിജിറ്റൽ ഉപയോഗം നിശ്ചിത സമയത്തേക്ക് നിർത്തിവെക്കാനും ഡിജിറ്റൽ ലോകത്തിനു പുറത്ത് യഥാർഥ ലോകത്തിൽ ഇടപെടാനും സമയം കണ്ടെത്താം.

9. ഉറക്കവും പോഷകാഹാരവും

ഓരോരുത്തർക്കും പ്രായത്തിന് അനുയോജ്യമായ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താം. നല്ല പോഷകാംശം അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കാം.

10. പ്രകൃതിയുമായുള്ള ഇടപെടൽ

സുസ്ഥിര/ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രകൃതിവിഭവങ്ങൾ എങ്ങനെ സുസ്ഥിരമായി കൈകാര്യംചെയ്യാം എന്നതിനെ കുറിച്ച് പഠിക്കുകയും അവ പ്രാവർത്തികമാക്കുകയുംചെയ്യാം. വീട്ടിൽ ചെറിയതോതിൽ പച്ചക്കറി തോട്ടമൊരുക്കാൻ ശ്രമിക്കാം.

11. ഫിലോസഫി ഓഫ് മിനിമലിസം

ഇന്ന് വളരെ ചർച്ച ചെയ്യപ്പെടുന്ന മിനിമലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ആവശ‍്യമില്ലാത്ത സാധനങ്ങൾ നീക്കം ചെയ്യുന്നതുവഴി നമ്മുടെ ശ്രദ്ധ ആവശ്യമായ വസ്തുക്കളിൽ മാത്രം കേന്ദ്രീകരിക്കുകയും അതിലൂടെ ലളിതജീവിതം കൈവരിക്കുകയുംചെയ്യാം.

സന്തോഷത്തിന്റെ അടിസ്ഥാനം

സന്തോഷത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ ആന്തരികമായതും ബാഹ്യമായതും എന്ന് രണ്ടായി തിരിക്കാം. നമ്മൾ കൂടുതലും ഊന്നൽ നൽകുന്നത് സന്തോഷത്തിന്‍റെ ബാഹ്യ ഘടകങ്ങൾക്കാണെങ്കിലും (ജോലി, സ്ഥാനമാനങ്ങൾ, സ്വത്ത്, മറ്റു ഭൗതിക കാര്യങ്ങൾ തുടങ്ങിയവ) ആന്തരിക ഘടകങ്ങളാണ് സന്തോഷത്തിന്‍റെ അടിസ്ഥാനം.

ജനിതക ശാസ്ത്രജ്ഞർ ചില പ്രത്യേക ജീനുകളുടെ സാന്നിധ്യം സന്തോഷം എന്ന അവസ്ഥയെ മെച്ചപ്പെടുത്തുന്നതായി പറയുന്നു. പോസിറ്റിവ് മാനസികാവസ്ഥയുടെ ന്യൂറോകെമിക്കൽ സിദ്ധാന്തം പറയുന്നത് പ്രധാനമായും അഞ്ചു ന്യൂറോകെമിക്കലുകളുടെ സ്വാധീനത്തെ കുറിച്ചാണ്.

ഡോപമിൻ: പോസിറ്റിവ് മൂഡ് ഉയർന്ന ഡോപമിനുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ചെറിയ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുകയുംചെയ്യുന്നു.

സെറോടോണിൻ: ശുഭാപ്തി വിശ്വാസം, സന്തോഷം എന്നിവക്ക് മധ‍്യസ്ഥത വഹിക്കുന്നു. ഈ ന്യൂറോട്രാൻസ്മിറ്റർ നമുക്ക് ശാന്തതയും സംതൃപ്തിയും നൽകുന്നു.

നോറെപിൻഫ്രിൻ: സന്തോഷത്തിന്‍റെ തലവുമായി ബന്ധപ്പെട്ട മറ്റൊരു കെമിക്കൽ. ഇവ, ഊർജം, ഫോക്കസ് എന്നിവയെ സ്വാധീനിച്ചു സന്തോഷത്തിൽ നിർണായക പങ്കുവഹിക്കുന്നു.

എൻഡോർഫിൻസ്: നാം വ്യായാമം ചെയ്യുമ്പോൾ, സംഗീതം ശ്രവിക്കുമ്പോൾ, ചോക്ലറ്റ് കഴിക്കുമ്പോൾ ഒക്കെ ഉൽപാദിപ്പിക്കപ്പെടുന്നു.

മെലാടോണിൻ: ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മെലാടോണിന്‍റെ അളവ് സന്തോഷത്തിന്‍റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത് കൂടാതെ, പിറ്റ്യൂട്ടറി ഗ്രന്ഥിയും അഡ്രീനൽ ഗ്രന്ഥിയും ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകളും നമ്മുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Show Full Article
TAGS:happiness Mental Health 
News Summary - ways to find happiness in life
Next Story