വിജ്ഞാനദാഹികളായ അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി എറണാകുളം തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്
text_fieldsഎറണാകുളം തേവര എസ്.എച്ച് കോളജിലെ ഏജ് ഫ്രണ്ട്‍ലി എസ്.എച്ച് അംഗങ്ങളും കോഓഡിനേറ്റർമാരും കഴിഞ്ഞ വർഷം സംഘടിപ്പിച്ച വിനോദയാത്രക്കിടെ
ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടാൽ ഫോളോവേഴ്സ് അല്ലാത്തവർക്ക് കാണാനാവുമോ, ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ ഓൺലൈനായിതന്നെ പൈസ കൊടുക്കണോ, ഗൂഗ്ൾപേ റിവാർഡുകൾ റെഡീം ചെയ്യുന്നതെങ്ങനെ, യൂട്യൂബിൽ പരസ്യം ഒഴിവാക്കുന്നതെങ്ങനെ...
പുതിയ ജനറേഷനിലുള്ളവർ പരസ്പരം ചർച്ച ചെയ്യുന്ന ഇത്തരം കാര്യങ്ങൾ കുറച്ചുപ്രായമായവർക്കും അറിയണമെങ്കിലോ. വീട്ടിൽ മക്കളോടും കൊച്ചുമക്കളോടും ചോദിച്ചറിയണമെന്നു വെച്ചാൽ അവർക്ക് സമയമില്ലെങ്കിലെന്തു ചെയ്യും?
ഇത്തരം വിജ്ഞാനദാഹികളായ അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി എറണാകുളം തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്‍ലി എസ്.എച്ച് എന്ന പേരിൽ. കൂട്ടായ്മയിൽപ്പെട്ടവർക്കായി തിങ്കളാഴ്ചയും വ്യാഴാഴ്ചയും ക്ലാസുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടർ, സംസ്കൃതം, ഫ്രഞ്ച് എന്നീ കോഴ്സുകളാണ് പഠിപ്പിക്കുന്നത്.
ഒരു വർഷം ഒരാൾക്ക് ഏതു കോഴ്സ് വേണമെങ്കിലും തിരഞ്ഞെടുക്കാം, ആ വർഷം പൂർണമായും ഇതേ കോഴ്സ് തുടരണമെന്നു മാത്രം.
ക്ലാസിനിടെ
തുടക്കം 2016ൽ
ലോകാരോഗ്യ സംഘടനക്കു കീഴിലുള്ള യു 3 എ (യൂനിവേഴ്സിറ്റി ഓഫ് തേഡ് ഏജ്) എന്ന ആശയം പിൻപറ്റി 2016ൽ അന്നത്തെ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. തുടക്കത്തിൽ നൂറിലേറെ പേർ അംഗങ്ങളായുണ്ടായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി ഏജ് ഫ്രണ്ട്‍ലി ഗ്രൂപ്പിനെയും ബാധിച്ചു. കുറച്ചുപേർ ഇടക്കിടെ വരാതായി.
നിലവിൽ 50ലേറെ പേർ കൂട്ടായ്മയിൽ സ്ഥിരം അംഗങ്ങളായുണ്ട്. ആഴ്ചയിൽ രണ്ടുദിവസം കോളജ് പ്രവർത്തന സമയം കഴിഞ്ഞശേഷമുള്ള (3.30 മുതൽ 4.30 വരെ) ക്ലാസുകളാണ് ഇവർക്ക് നൽകുന്നത്. ഒപ്പം, ഹെൽത്തിയായിരിക്കാൻ സീനിയർ സുംബ എന്ന പേരിൽ സുംബ പരിശീലനവുമുണ്ട്. ഏറെ ആവേശത്തോടെയാണ് പ്രായമുള്ള അച്ഛനമ്മമാർ സുംബ ക്ലാസിൽ പങ്കെടുക്കുന്നത്.
ചെറായി ബീച്ചിൽ ഒത്തുകൂടിയപ്പോൾ
യൗവനത്തിലേക്കൊരു തിരിച്ചുപോക്ക്...
ചെറുപ്പകാലത്ത് കോളജുകളിൽ കിട്ടിയതിനേക്കാൾ സ്വാതന്ത്ര്യത്തോടെ കോളജിൽ വരാനാവുന്നതിന്‍റെ സന്തോഷവും ഈ ഓൾഡ് ജെൻ വിദ്യാർഥികൾക്കുണ്ട്. അക്കാലത്ത് പാട്ടിനോ ഡാൻസിനോ സ്പോർട്സിനോ ഒന്നും പങ്കെടുക്കാൻ പറ്റാത്തവർ ആ വിഷമവും നിരാശയുമെല്ലാം മറികടക്കുന്നത് ഏജ് ഫ്രണ്ട്‍ലി ഗ്രൂപ് സംഘടിപ്പിക്കുന്ന കലാകായിക പരിപാടികളിൽ സജീവമായി പങ്കെടുത്തുകൊണ്ടാണ്.
ചുറ്റുപാടിൽനിന്നുള്ള അടിച്ചമർത്തലുകൾ കാരണം ഉള്ളിലുറങ്ങിപ്പോയ കലാ, സർഗശേഷികൾ തേച്ചുമിനുക്കിയെടുക്കാനും നിയന്ത്രണങ്ങളേതുമില്ലാതെ പ്രകടിപ്പിക്കാനും ഇവർക്ക് അവസരങ്ങൾ കിട്ടുന്നു. അതുകൊണ്ടുതന്നെ ഇത് തങ്ങളുടെ കലാലയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് കോളജിനടുത്തുതന്നെ താമസിക്കുന്ന കമ്പ്യൂട്ടർ ക്ലാസ് വിദ്യാർഥിനി അജിത ബാബു പറയുന്നു. 58കാരിയായ അജിത 2016ൽ ഗ്രൂപ് തുടങ്ങിയ കാലം മുതലുള്ള അംഗമാണ്.
അലൻ ബർക്മൻസ്, ജുമി ജോർജ് എന്നിവരാണ് ക്ലബിന്‍റെ ഫാക്കൽറ്റി കോഓഡിനേറ്റർമാർ. മുഹമ്മദ് സാഹിഫ് സേട്ട്, ഹരിപ്രിയ ഗിരീഷ്, ലെന എൽസ മാത്യു എന്നിവർ സ്റ്റുഡന്‍റ് കോഓഡിനേറ്റർമാരുമാണ്.
അപർണ വേണുഗോപാൽ (ഇംഗ്ലീഷ്), അൽക്ക ശങ്കർ (ഫ്രഞ്ച്), സി.എസ്. നന്ദന (സംസ്കൃതം), അർച്ചന വേണുഗോപാൽ (ഹിന്ദി), റോഷ്ന മറിയം, മേരി ജോഫിന (കമ്പ്യൂട്ടർ) എന്നിവരാണ് ഓരോ കോഴ്സിന്‍റെയും കോഓഡിനേറ്റർമാർ. ഓരോ കോഴ്സിനും പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പുകളും എല്ലാ വിദ്യാർഥികളെയും കോഓഡിനേറ്റർമാരെയും ചേർത്തുകൊണ്ടുള്ള കോമൺ ഗ്രൂപ്പുമുണ്ട്. കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളാണ് ഓരോ വർഷവും കോഓഡിനേറ്റിങ്-ടീച്ചിങ് ടീമിൽ വരുന്നത്.
എന്നെന്നും പൊളി വൈബ്..
55 മുതൽ 88 വയസ്സ് വരെയുള്ള ‘കുട്ടികൾ’ ക്ലാസുകളിലുണ്ട്. കോന്തുരുത്തിയിലെ ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്ന 88കാരിയാണ് കൂട്ടത്തിലെ മുതിർന്ന വിദ്യാർഥി. കൊച്ചി കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളുണ്ട്. ആർമി ഉദ്യോഗസ്ഥനും വിരമിക്കുന്നതിനുമുമ്പ് ഉന്നത പ്രഫഷനുകളിൽ ഇരുന്നവരും കൂട്ടത്തിലുണ്ട്.
ഓരോ വർഷവും ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെല്ലാം അടിപൊളിയാക്കാറുണ്ട്. ഇടക്കിടെ ചെറിയ വൺഡേ ട്രിപ്പുകളിലൂടെ ഗ്രൂപ് അംഗങ്ങളുടെ മാനസികോല്ലാസത്തിനുള്ള ഇടപെടലുകൾ കോഓഡിനേറ്റർമാർ നടത്തുന്നു. കോളജിലെ ഓണാഘോഷത്തിനിടെ ഹൃദയാഘാതം മൂലം കോമേഴ്സ് വിഭാഗം അസി. പ്രഫസർ ജെയിംസ് വി. ജോർജ് മരിച്ചതിനെതുടർന്ന് ഇത്തവണ ഇവരുടെ ഓണാഘോഷം മാറ്റിവെച്ചിരുന്നു.
ഓരോ വർഷവും അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ സംഘടിപ്പിക്കാറുണ്ട്. പ്രായമായവർക്ക് വിവിധ ഭാഷകളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും അത്യാവശ്യം സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യങ്ങൾ നടത്തിയെടുക്കാനും പ്രാപ്തരാക്കുകയാണ് ഗ്രൂപ്പിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് കോഓഡിനേറ്റർമാരിലൊരാളായ മുഹമ്മദ് സാഹിഫ് സേട്ട് ചൂണ്ടിക്കാട്ടി.