‘ഞാൻ കരഞ്ഞ് പ്രാർഥിച്ചു, ഈശോയേ, ഞങ്ങൾക്ക് ഒത്തിരി മക്കൾ വേണം’ -10 മക്കളുള്ള ഈ കുടുംബത്തിൽ സന്തോഷത്തിന് കണക്കില്ല
text_fieldsപി.ജെ. സന്തോഷും രമ്യയും മക്കൾക്കൊപ്പം. ചിത്രങ്ങൾ: മുജീബ് മാടക്കര
മക്കൾ രണ്ടായാൽത്തന്നെ സാമ്പത്തിക പരിഭവവും പരാധീനതയും പറയുന്നവരാണ് അധിക മാതാപിതാക്കളും. റീലുകളിൽ മുഴുകുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യം നോക്കാൻ നേരമില്ലെന്നതും നേര്. എന്നാൽ, മക്കളുടെ എണ്ണം രണ്ടും നാലും കടന്ന് 10 ആയാലോ? അവിടെ സന്തോഷത്തിനതിരില്ലെന്ന് പറയുകയാണ് കണ്ണൂർ കൊട്ടിയൂർ പോടൂരിലെ പി.ജെ. സന്തോഷും ഭാര്യ രമ്യയും.
പ്ലസ് ടുവിന് പഠിക്കുന്ന ആൽഫിയ ലിസ്ബത്ത് മുതൽ എട്ടു മാസം പ്രായമായ അന്ന റോസ്‍ലിയ ഉൾപ്പെടെ 10 മക്കളാണ് ഈ ദമ്പതികൾക്ക്. കുട്ടികളെ വളർത്താൻ വലിയ ബാങ്ക് ബാലൻസ് ആവശ്യമില്ലെന്ന പക്ഷക്കാരാണ് സന്തോഷും രമ്യയും.
‘‘എല്ലാവരും കൂടുതൽ കുട്ടികളെ സ്വീകരിക്കാൻ തടസ്സമായി പറയുന്നത് സമ്പത്താണ്. പക്ഷേ, ഞങ്ങൾക്ക് മക്കളാണ് ഏറ്റവും വലിയ സമ്പത്ത്. അവരെ സ്നേഹത്തോടെ പരിചരിച്ചാൽ ബാക്കിയെല്ലാ സമ്പത്തും തനിയെ വരും. മൂത്ത കുട്ടിയുടെ പഠനത്തിലും സ്വഭാവത്തിലും പരിചരണത്തിലും നമ്മൾ എത്രമാത്രം ശ്രദ്ധ നൽകുന്നുവോ, അത് ബാക്കിയുള്ള കുട്ടികൾക്കും പിന്തുടർച്ചയായി ലഭിക്കും. നമ്മൾ അവർക്ക് നൽകുന്ന സംസ്കാരം അവർ സഹോദരങ്ങൾക്കും പങ്കുവെക്കും’’
-സന്തോഷ് മക്കളെ വളർത്തുന്നതിന്‍റെ രീതിശാസ്ത്രം പങ്കുവെച്ചു. മക്കളിലൂടെയാണ് എല്ലാ അഭിവൃദ്ധിയും കൈവരിച്ചതെന്നും ദൈവത്തിന്‍റെ അനുഗ്രഹം തേടിയെത്തിയതെന്നും ഇവർ ഉറച്ചുവിശ്വസിക്കുന്നു.
എല്ലാവരും ഹാപ്പി, എന്നും ഹാപ്പി
എന്നും കളിചിരികളാൽ മുഖരിതമാണ് വീട്ടകം. പരസ്പരം മികച്ച കൂട്ടുകാർകൂടിയാണ് മക്കളും മാതാപിതാക്കളും. പഠനമടക്കം എല്ലാ കാര്യങ്ങളും ഇവർ പരസ്പരം സഹകരിച്ച് നിറവേറ്റും. ഇളയവരുടെ ആവശ്യങ്ങൾക്ക് മൂത്ത കുട്ടികൾ വിളിപ്പുറത്തുണ്ടാവും. കൈക്കുഞ്ഞായ അന്ന റോസ്‍ലിയയുടെ കാര്യത്തിൽ മാത്രമേ രമ്യ കൂടുതൽ കരുതൽ എടുക്കേണ്ടതുള്ളൂ.
‘‘ഇളയ കുട്ടികളെ പരിപാലിക്കാൻ മുതിർന്ന കുട്ടികളാണ് സഹായിക്കുന്നത്. മിക്ക ഉത്തരവാദിത്തങ്ങളും അവർ സ്വയം ഏറ്റെടുക്കും. കളിക്കാനും ഇടപഴകാനും ഇവിടെ ധാരാളം കുട്ടികളുണ്ട്. അതിനാൽ, സ്കൂളിൽ പോകുന്നതിനു മുമ്പുതന്നെ പങ്കുവെക്കലിന്‍റെ പാഠം പഠിക്കുന്നു. കുട്ടികൾക്ക് പഠിക്കാനും പ്രാർഥനക്കും കൃത്യമായ സമയം നിർണയിച്ചിട്ടുണ്ട്. കൂട്ടുകൂടി കളിക്കാൻ ഒത്തിരി പേരുള്ളതിനാൽ മൊബൈലും ടി.വിയും കാണുന്നത് വളരെ വളരെ കുറവാണ്. ലിവിങ് റൂമിൽ ടി.വി വെച്ചിട്ടില്ല’’ -സന്തോഷ് പറഞ്ഞു.
പി.ജെ. സന്തോഷും രമ്യയും
വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിൽ
കുഞ്ഞുവാവ ഒഴികെ ഒമ്പതു പേരും ഇപ്പോൾ വിദ്യാർഥികളാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് ഈ വർഷം പ്ലസ് ടു പൂർത്തിയാകും. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് മൂവരും.
അസിൻ തെരേസ് (ആറാം ക്ലാസ്), ലിയോ ടോം (നാലാം ക്ലാസ്), ലെവിൻസ് ആന്‍റണി (രണ്ടാം ക്ലാസ്), കാതറിൻ ജോക്കിമ (യു.കെ.ജി) എന്നിവരുടെ പഠനം വീടിന് സമീപത്തെ തലക്കാണി ഗവ. യു.പി സ്കൂളിലാണ്. തൊട്ടുതാഴെയുള്ള ഇരട്ടക്കുട്ടികളായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അംഗൻവാടിയിലെ താരങ്ങളാണ്.
‘ദൈവമേ, സിസേറിയൻ ആയാൽ മൂന്നു മക്കളിൽ നിർത്തേണ്ടിവരും...’
‘‘ആദ്യ പ്രസവത്തിന്‍റെ അഞ്ചു മിനിറ്റ് മുമ്പ് സിസേറിയനിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ ഞാൻ ദൈവത്തോട് കരഞ്ഞ് പ്രാർഥിച്ചു, ഈശോയേ, ഞങ്ങൾക്ക് ഒത്തിരി മക്കൾ വേണമെന്നാണ് ആഗ്രഹം. പക്ഷേ, നീ ഓപറേഷനാണ് തരുന്നതെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്നു മക്കളിൽ നിർത്തേണ്ടിവരും. അതുകൊണ്ട് നീ എനിക്ക് എന്തായാലും സാധാരണ പ്രസവം നൽകി അനുഗ്രഹിക്കണം എന്നായിരുന്നു പ്രാർഥന. ദൈവം അത് കേട്ടു. 10 മക്കളെ തന്ന് അനുഗ്രഹിച്ചു’’ -കുട്ടിക്കൂട്ടത്തിനിടയിൽ ഇപ്പോൾ ഒരു ‘വല്യ കുട്ടി’യായി മാറിയ രമ്യ മനംതുറന്നു.
ആദ്യ നാലുപേരുടെ ജനനവും സാധാരണ പ്രസവത്തിലൂടെയായിരുന്നു. അഞ്ചാമത്തേത് മുതൽ സിസേറിയൻ വേണ്ടി വന്നു. കുറെ കുഞ്ഞുങ്ങൾ വേണമെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നതായി സന്തോഷ് പറഞ്ഞു. ‘‘മക്കൾ ദൈവത്തിന്‍റെ ദാനമാണ്, ഉദരഫലം ഒരുസമ്മാനവും -എന്നാണ് കർത്താവിന്‍റെ സങ്കീർത്തനത്തിലെ വചനം. വചനത്തിൽ വിശ്വസിച്ച് മുന്നോട്ടു പോകുക എന്നതായിരുന്നു ആദ്യമെടുത്ത തീരുമാനം.
അഞ്ചുപേർ എന്നതായിരുന്നു തുടക്കത്തിൽ നിശ്ചയിച്ചത്. പിന്നീട് ആറിലേക്കും ഏഴിലേക്കും കടന്നു. ഇപ്പോൾ 10 മക്കളുടെ രക്ഷിതാക്കളായി. 2008ലായിരുന്നു വിവാഹം. 2009ൽ ആൽഫിയ ലിസ്ബത്തിന് ജന്മം നൽകി. മക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് ആത്മീയവും ഭൗതികവും സാമ്പത്തികവുമായ മേഖലകളിൽ ദൈവം ഞങ്ങളെ വളരെയധികം അനുഗ്രഹിച്ചു. എന്‍റെ മാതാപിതാക്കൾക്ക് ഞാൻ ഉൾപ്പെടെ അഞ്ചു കുട്ടികളായിരുന്നു. അന്ന് മക്കളെ വളർത്താൻ അവർ അനുഭവിച്ച ബുദ്ധിമുട്ടൊന്നും ഇക്കാലത്തില്ല...’’ -സന്തോഷ് പറയുന്നു.
പരിഹാസം സ്നേഹത്തോടെ സ്വീകരിക്കും
മൂന്നു കുട്ടികൾ ആയപ്പോൾതന്നെ പലരും നിർത്താൻ ആവശ്യപ്പെട്ടിരുന്നതായി രമ്യ പറയുന്നു. എന്നാൽ, കൂടുതൽ മക്കൾ വേണമെന്നത് ആഗ്രഹമായതിനാൽ അതൊന്നും പരിഗണിച്ചില്ല. പിന്നീട് രണ്ടു സിസേറിയൻ കഴിഞ്ഞപ്പോഴും നിരവധിപേർ പ്രസവം നിർത്താൻ പ്രേരിപ്പിച്ചു.
പക്ഷേ, എല്ലാം ഈശോയിൽ ഭരമേൽപിച്ച് മക്കൾക്കായി കാത്തിരുന്നു. ആ വിശ്വാസത്തിൽ അടിയുറച്ച് മുന്നോട്ടുപോയി. പ്രസവവും സിസേറിയനും നടന്നതിന്‍റെ പേരിൽ ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ലെന്നും രമ്യ പറഞ്ഞു.
ബന്ധുക്കളും സ്വന്തക്കാരും അടക്കമുള്ള ചിലർ പരിഹസിച്ച് സംസാരിക്കാറുണ്ടെങ്കിലും അതൊക്കെ സ്നേഹത്തോടെ സ്വീകരിക്കുകയാണ് ചെയ്യാറുള്ളതെന്ന് സന്തോഷ് പറഞ്ഞു. കൊട്ടിയൂർ, ചാലോട്, പനമരം എന്നിവിടങ്ങളിൽ കെയ്റോസ് എന്ന പേരിൽ റൂഫിങ് ബിസിനസ് നടത്തുകയാണ് സന്തോഷ്.


