17 ജോടി ഇരട്ടകൾ, രണ്ടു ജോടി മൂവർ സംഘം; ഈ സ്കൂളിന് പറയാനുള്ളത് ‘ഇരട്ട മാഹാത്മ്യം’
text_fieldsഇരിമ്പാലശ്ശേരി എ.യു.പി സ്കൂളിലെ ഇരട്ടകൾ. ചിത്രങ്ങൾ: ദിലീപ് ചിറ്റൂർ
ഇരട്ടക്കുട്ടികളെ കാണാൻ തന്നെ ഒരു കൗതുകമാണ്. ഒരേപോലുള്ള ഇരട്ടകളാണെങ്കിൽ പ്രത്യേകിച്ചും. ഇരട്ടകളെ മാതാപിതാക്കൾക്കുതന്നെ പലപ്പോഴും തിരിച്ചറിയാനാവാതെ അമളി പറ്റി എന്ന് നാം തമാശയോടെ പറയാറുണ്ട്. അപ്പോൾ പിന്നെ ഒരു ഡസനിലധികം ഇരട്ടകളുള്ള സ്കൂളിലാണെങ്കിലോ.
അത്തരമൊരു ഇരട്ട മാഹാത്മ്യത്തിന്‍റെ രസകരമായ കഥയാണ് പാലക്കാട് നെല്ലായ ഇരിമ്പാലശ്ശേരി എ.യു.പി സ്കൂളിനുള്ളത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളും ഇരട്ട സഹോദരങ്ങൾ കൈയടക്കിയിരിക്കുകയാണ്.
17 ജോടി ഇരട്ടകളും രണ്ടു ജോടി മൂവർ സംഘങ്ങളുമാണ് (ട്രിപ്ലെറ്റ്സ്) ഇവിടെയുള്ളത്. ആകെ 40 പേർ. ഇതിൽ ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത ഇരട്ടകളും ഉണ്ട്. കഴിഞ്ഞ അധ്യയന വർഷങ്ങളിലും സ്കൂളിൽ ധാരാളം ഇരട്ടക്കുട്ടികളുണ്ടായിരുന്നു. അവരുടെ വിശേഷത്തിലേക്ക്....
ഇരിമ്പാലശ്ശേരി എ.യു.പി സ്കൂൾ
ഇരട്ടകളുടെ സ്കൂൾ
ഇരിമ്പാലശ്ശേരി എ.യു.പി സ്കൂൾ ഇരട്ടക്കുട്ടികളുടെ പേരിലാണ് ഇപ്പോൾ ഖ്യാതി നേടിയിരിക്കുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ ആകെ 900 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 34 പേർ ഇരട്ടകളാണ്. ഒറ്റ പ്രസവത്തിൽ ജനിച്ച മൂവർ സംഘം രണ്ടു ജോടിയാണുള്ളത്. ഒരു വീട്ടിൽനിന്ന് രണ്ട് ജോടി ഇരട്ടകളുമുണ്ട്.
2023 മുതലാണ് സ്കൂൾ അധികൃതർ ഈ പ്രത്യേകത ശ്രദ്ധിച്ചുതുടങ്ങിയത്. 25, 30, 32 എന്നിങ്ങനെ ഇരട്ട സഹോദരങ്ങൾ പിന്നീട് സ്കൂളിലെത്തി. ഒറ്റനോട്ടത്തിൽ സമാനതകളുള്ള കുട്ടികൾ യൂനിഫോം അണിഞ്ഞ് സ്കൂളിലേക്ക് വരുന്നത് നെല്ലായ ഗ്രാമത്തിനും കൗതുകക്കാഴ്ചയാണ്. പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്തതിനാൽ ഇരട്ടകളിൽ ഒരാൾ വികൃതി ഒപ്പിച്ചാൽ അധ്യാപകർക്കും തിരിച്ചറിയാൻ പ്രയാസമാണ്.
പലപ്പോഴും കുട്ടികൾ മാറിപ്പോകാറുണ്ടെന്ന് അധ്യാപകൻ കെ. ഷറഫുദ്ദീൻ പറയുന്നു. ഇരട്ടകളുടെ വിശേഷങ്ങൾ പറയാൻ അധ്യാപകർക്കും താൽപര്യമാണ്. ഷൊർണൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
ഒരു വീട്ടിൽനിന്നുള്ള ഇരട്ട സഹോദരങ്ങളായ ആറാം ക്ലാസിലെ ലിസ്ന ഫാത്തിമ, ലിസ്മ ഫാത്തിമ, ഒന്നാം ക്ലാസുകാരായ മുഹമ്മദ് ലിയാൻ, ലിജിന ഫാത്തിമ എന്നിവർ
ഒരു വീട്ടിൽനിന്ന് രണ്ടു ജോടി
ആറാം ക്ലാസിൽ പഠിക്കുന്ന ലിസ്ന ഫാത്തിമ, ലിസ്മ ഫാത്തിമ എന്നിവർ ഇരട്ടകളാണ്. ഇവരുടെ ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ലിയാനും ലിജിന ഫാത്തിമയും ഇവിടെ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. നെല്ലായ താഴത്തേതിൽ സഫീറ-ഫൈസൽ ദമ്പതികളുടെ മക്കളാണ് നാലുപേരും.
ആറാം ക്ലാസുകാരായ മിർസാഹ്, മിഥിലാജ്, മിൻഹാജ് എന്നിവരാണ് ഒറ്റപ്രസവത്തിലെ മൂന്നു കുട്ടികൾ. കണ്ടാൽ ഒരുപോലിരിക്കുന്ന മൂവരെയും അധ്യാപകർക്കും കൂട്ടുകാർക്കും മാറിപ്പോകാറുണ്ട്. മഞ്ചക്കല്ല് സ്വദേശികളായ ഷമീർ-മുർഷിദ ദമ്പതികളുടെ മക്കളാണ് മൂവരും.
മൂവർ സംഘത്തിന് ഒരു സഹോദരിയുമുണ്ട്. യു.കെ.ജിക്കാരായ ആദം ബിൻ അനീസ്, ജന്ന ബിൻത് അനീസ്, ഇമാൻ ബിൻത് അനീസ് എന്നിവരാണ് രണ്ടാമത്തെ ജോടി മൂവർ സംഘം. ഇതിൽ ആദം ആൺകുട്ടിയും മറ്റു രണ്ടുപേർ പെൺകുട്ടികളുമാണ്. ഇരിമ്പാലശ്ശേരി കരിങ്ങാത്തൊടി സ്വദേശി മുഹമ്മദ് അനീസിന്‍റെയും ഖദീജത്തുൽ നസ്ലയുടെയും മക്കളാണ്.
ഒറ്റപ്രസവത്തിലെ മൂവർ സംഘങ്ങളായ ആറാം ക്ലാസിൽ പഠിക്കുന്ന മിർസാഹ്, മിഥിലാജ്, മിൻഹാജ്, യു.കെ.ജിക്കാരായ ആദം ബിൻ അനീസ്, ജന്ന ബിൻത് അനീസ്, ഇമാൻ ബിൻത് അനീസ് എന്നിവർ
ഇരട്ടകളുടെ നെല്ലായ
ഗ്രാമീണ ഭംഗിക്ക് പുറമെ നെല്ലായ ഗ്രാമം ഇപ്പോൾ ചർച്ചയാവുന്നത് ഇരട്ടകളുടെ പേരിലാണ്. മലപ്പുറം കൊടിഞ്ഞി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇരട്ടകൾ കാണപ്പെടുന്നത് ചെർപ്പുളശ്ശേരി നെല്ലായയിലാണ്.
ജനിതക പ്രത്യേകത, പാരിസ്ഥിതിക ഘടകങ്ങൾ, പ്രദേശത്തെ മണ്ണ്, വെള്ളം തുടങ്ങിയവയുടെ പ്രത്യേകത എന്നിവയായിരിക്കാം ഇവിടെ ഇരട്ടകൾ കൂടുതലുണ്ടാകാൻ കാരണമെന്ന് സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധി സി.ടി. മുഹമ്മദ് കുട്ടി പറയുന്നു.
ലോകത്ത് ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രദേശത്തുനിന്ന് മറ്റിടങ്ങളിലേക്ക് വിവാഹം കഴിഞ്ഞുപോകുന്നവർക്ക് പ്രസവത്തിൽ ഒറ്റക്കുഞ്ഞ് ജനിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽനിന്ന് ഇവിടേക്ക് വരുന്നവർക്ക് ഇരട്ടകളുണ്ടാകുന്നു എന്നതാണ് പ്രത്യേകത.
ഇരട്ടകളുടെ പേരിൽ അറിയപ്പെടാൻ തുടങ്ങിയതോടെ സ്കൂളിൽ അഡ്മിഷൻ വർധിച്ചതായി പ്രധാനാധ്യാപിക ഇ.കെ. നസീറ പറയുന്നു. കലോത്സവം, ശാസ്ത്രമേള തുടങ്ങി എല്ലാ മേളകളിലും സ്കൂൾ മുന്നിലാണ്. അടുത്ത അധ്യയന വർഷം ഇനിയും ഇരട്ടകൾ കൂടുമെന്നാണ് പ്രതീക്ഷ.