‘‘എന്‍റെ കൂടെയുള്ളവരെല്ലാം ആൾറൗണ്ടർമാർ. കിട്ടുന്ന കൂലി ജോലിക്കാർക്ക് വീതിച്ചുനൽകും’’ -വിശേഷങ്ങളുമായി ‘ആൾറൗണ്ട് കൺസ്ട്രക്ഷൻസ്’ യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ്
text_fieldsഅബ്ദുൽ ലത്തീഫ്
മണലാരണ്യത്തിലെ ചുട്ടുപൊള്ളിയ മണലിന് ചൂട് വിട്ടിരുന്നില്ല. ആ മണലിലൂടെ എത്ര ദൂരം ഓടിയെന്ന് അബ്ദുൽ ലത്തീഫിന് ഇന്നും ഓർമയില്ല. ഓടിയോടി പുതുജീവിതം എന്ന പ്രതീക്ഷയിലേക്ക് എത്താൻ നിൽക്കുമ്പോഴാണ് തോക്കുചൂണ്ടി രണ്ടുപേർ മുന്നിൽ.
തകർന്നു, എല്ലാം നശിച്ചു... വീണ്ടും ആ മസറയിൽ ഒട്ടകങ്ങൾക്കൊപ്പമുള്ള ‘ആടുജീവിതം’ അവന് മുന്നിൽ തെളിഞ്ഞുവന്നു. അപ്പോൾ ലത്തീഫിന്‍റെ കണ്ണിൽനിന്ന് ഉതിർന്നുവീണത് കണ്ണീരായിരുന്നില്ല, ചുടുചോര തന്നെയായിരുന്നു.
ആ ‘ചോര’ കണ്ടിട്ടാണോ, അവരുടെ തിരക്കുകാരണമാണോ, താൻ പറഞ്ഞതുകേട്ട് ദയ തോന്നിയാണോ എന്താണ് തന്നെ വിടാൻ ആ അറബികളെ തോന്നിപ്പിച്ചത് എന്ന് മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് ദേവതിയാൽ ഹസീന മൻസിലിൽ വി. ലത്തീഫിന് ഇന്നും അറിയില്ല.
മസറയിൽ ഒട്ടകങ്ങൾക്കൊപ്പം അബ്ദുൽ ലത്തീഫ്. സൗദി പ്രവാസ കാലത്തെ ചിത്രം
മേസ്തിരിമാരെ കുഴപ്പിക്കുന്ന ഹെൽപർ
എന്തും ചെയ്യാനുള്ള ചങ്കൂറ്റവും പ്രായത്തിന്‍റെ ചോരത്തിളപ്പും കൊണ്ടാണ് സൗദിയിൽ ജോലിക്കായി എത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ പുഴമണൽ കടത്തിന് കൂലി വാങ്ങിത്തുടങ്ങിയ മിടുക്കന് 20ാം വയസ്സിൽ ഗൾഫിൽ ജോലി എന്നത് പുത്തൻ ഊർജമാണ് പകർന്നത്.
ടൈൽസ് പണിക്കാരുടെ സഹായിയായാണ് ജോലി എന്നാണ് കൊണ്ടുപോയ ഏജൻസി പറഞ്ഞതെങ്കിലും അവിടെയെത്തി അധികം കഴിയുംമുമ്പേ അർബാബിന്‍റെ ബന്ധുവിന്‍റെ മസറയിൽ എത്തിപ്പെട്ടു. ആറുമാസത്തോളം അവിടെ നിന്ന ലത്തീഫ് എല്ലാം വേഗത്തിൽ പഠിച്ചെടുത്തു.
വിവിധ നാട്ടിലുള്ളവരുള്ളതിനാൽ അവരുടെ ഭാഷയും പഠിച്ചു. കൂട്ടത്തിൽ അവിടെനിന്ന് രക്ഷപ്പെടാനുള്ള വഴികളും. അങ്ങനെയിരിക്കെയാണ് ഒരുദിവസം അറബിയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത്. നാട്ടിലെത്തി വീണ്ടും പഴയ കൂലിപ്പണിക്കുതന്നെ പോയി.
ഏതു ജോലിയും വേഗത്തിൽ പഠിച്ചെടുക്കാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിച്ചിരുന്നു. വയറിങ് ഒഴികെ എല്ലാ പണിക്കും സഹായിയായി പോകുമായിരുന്ന ലത്തീഫിന്‍റെ മെയിൻ പരിപാടിതന്നെ മേസ്തിരിമാരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നതായിരുന്നു.
ജോലിക്കിടെ വിവിധ മേസ്തിരിമാർക്ക് തന്‍റെ സംശയങ്ങൾക്ക് ഉത്തരം നൽകാനാകാതെ വന്നതോടെ പണിക്ക് വേരണ്ട എന്ന് തീർത്തുപറഞ്ഞു. പിന്നീട് പലരിൽനിന്നായി പലതും പഠിച്ചെടുത്താണ് ജോലിക്കിറങ്ങിയത്. ആ യാത്രയിൽ അഞ്ചുപേരെയും കൂടെ കൂട്ടി.
‘എല്ലാ എടങ്ങേറ് പിടിച്ച പണിയും ചെയ്യും’
ലത്തീഫിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘എല്ലാ എടങ്ങേറ് പിടിച്ച പണിയും ഞമ്മള് ചെയ്യും’. അതെല്ലാം വിഡിയോ ആക്കി ഫേസ്ബുക്കിൽ ഇട്ടാൽ ഇത്തരം ജോലി ചെയ്യുന്നവർക്ക് ഉപകാരമാകില്ലേ എന്ന ചിന്തയിൽനിന്നാണ് ‘ALL ROUND CONSTRUCTIONS’ എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ പിറവിയെടുത്തത്. ‘പണിയെടുത്ത് ജീവിക്കുന്ന’ ഏക യുട്യൂബർ എന്നാണ് സോഷ്യൽ മീഡിയയിൽ അബ്ദുൽ ലത്തീഫിന്‍റെ വിളിപ്പേര് പോലും.
വയറിങ് ഒഴികെ എല്ലാ ജോലിയും ചെയ്യാനറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതൊട്ട് ക്ലാസിനുള്ളിലായിരുന്നില്ല ശ്രദ്ധ, പുറത്തായിരുന്നു. പിന്നെ മൂന്നുവർഷം കൂടി സ്കൂളിൽ പോയെങ്കിലും പത്തിൽനിന്ന് കരകയറാനായില്ല. പിന്നീടാണ് പുറത്ത് പല പണിക്കും പോകുന്നതും സൗദിയിൽ പോകുന്നതുമെല്ലാം.
‘ഫേസ്ബുക്കിൽ ഇട്ട് ചണ്ടി ആയാൽ മാത്രം യൂട്യൂബ്’
സൗദി അയാൾക്ക് കുറേ നല്ല പാഠങ്ങൾ നൽകിയിരുന്നു. വിഡിയോയിൽ നാം കാണുന്ന പല ഐഡിയയുടെയും പിന്നിൽ അയാൾക്ക് സൗദിക്കാലം നൽകിയ പാഠങ്ങളും ഉൾക്കരുത്തുമാണ്. പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കുന്ന വിദേശ പണിക്കാരുടെ ടെക്നിക്കുകൾ നാട്ടിലേക്ക് കൂടെ കൂട്ടി. അത്തരം ടെക്നിക്കുകൾക്ക് ഫേസ്ബുക്കിലും യൂ ട്യൂബിലും നിറയെ കാഴ്ചക്കാരുണ്ടായി.
സരസമായ നാടൻ ശൈലിയിൽ അപ്പപ്പോൾതോന്നുന്നത് പറയുന്ന ആ നാട്ടിൻപുറത്തുകാരനെ ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തു. യൂട്യൂബിൽ 1.16 മില്യൺ സബ്സ്ക്രൈബർമാരുള്ള ചാനലാണ് ഇന്ന് ഇത്. പക്ഷേ, യൂട്യൂബിനേക്കാൾ എത്രയോ മടങ്ങാണ് ഫേസ്ബുക്കിൽ വിഡിയോ കാണുന്ന ആൾക്കാരുടെ എണ്ണം.
ലത്തീഫിന്‍റെ ഭാഷയിൽ പറഞ്ഞാൽ ഫേസ്ബുക്കിൽ ഇട്ട് ‘ചണ്ടി ആയ’തിന് ശേഷമാണ് ഏതൊരു വിഡിയോയും യൂട്യൂബിൽ ഇടുക. പ്രവാസികളാണ് കാഴ്ചക്കാരിൽ കൂടുതൽ എന്നതിനാൽ ഫേസ്ബുക്കിൽ പോർട്രേറ്റ് വിഡിയോ എടുത്ത് പോസ്റ്റുകയാണ് ചെയ്യുന്നത്.
അബ്ദുൽ ലത്തീഫ് സഹപ്രവർത്തകർക്കൊപ്പം
സ്വന്തമായി വഴിവെട്ടി വന്നവൻ
‘ആൾ റൗണ്ട് കൺസ്ട്രക്ഷൻസ്’ എന്ന ചാനൽ തുടങ്ങുമ്പോൾ മലയാളികൾക്കിടയിൽ വിരലിലെണ്ണാവുന്ന ഇത്തരം ചാനലേ ഉണ്ടായിരുന്നുള്ളൂ. അതും സിവിൽ എൻജിനീയർമാർ ആരംഭിച്ചവ. ഇപ്പോൾ 30ഓളം ചാനലുകൾ ഈ രംഗത്തുണ്ട്. അവർക്കെല്ലാം ധൈര്യം പകർന്നത് ലത്തീഫിന്‍റെ ചാനലാണെന്ന് പറയാം.
‘‘ഏതു രംഗത്തെയും ഏത് പണിയും എടുക്കുമെന്നതിനാലാണ് ഇത്തരമൊരു പേര് നൽകിയത്. ഇതൊരു കോൺട്രാക്ട് കമ്പനിയല്ല. എല്ലാവരും കൂലിക്കുവേണ്ടി മാത്രം പണിയെടുക്കുന്നവരാണ്. അത്തരത്തിൽ ഒരു കമ്പനി ഉണ്ടാക്കി എല്ലാ നാട്ടിലും പണിക്കാരെ വെച്ച് അതിൽനിന്ന് കമീഷൻ പറ്റുന്ന പണിയൊക്കെ സിമ്പിളായി നടക്കും.
പക്ഷേ, ആരെയും പറ്റിച്ച് പണം ഉണ്ടാക്കുക എന്‍റെ ലക്ഷ്യമല്ല. കൂട്ടത്തിലുള്ള എല്ലാവരും ആൾറൗണ്ടർമാരാണ്. ശ്രീധരൻ, കൃഷ്ണൻ, അജീഷ്, അജ്മൽ എന്നീ ജോലിക്കാരും വിഡിയോ എടുക്കുന്ന ഹാഷിറുമാണ് കൂടെയുള്ളത്’’ -ലത്തീഫ് പറയുന്നു.
കിട്ടുന്ന കൂലി ജോലിക്കാർക്ക് വീതിച്ചുനൽകുന്ന ലത്തീഫ് വിഡിയോയിൽനിന്ന് കിട്ടുന്ന വരുമാനം മാത്രമാണ് എടുക്കുന്നത്. ജോലി തിരഞ്ഞെടുക്കൽ, സംഭാഷണം, എഡിറ്റിങ്, അപ് ലോഡിങ് തുടങ്ങി കാമറക്ക് പിന്നിലും മുന്നിലും ലത്തീഫിന്‍റെ കൈയൊപ്പ് കാണാം.
എല്ലാം സ്വന്തമായി പഠിച്ചെടുത്തവ. 20 വർഷമായി ഈ രംഗത്തുള്ളതിനാൽ അനുഭവക്കരുത്തിന്റെ മികവിൽ ഏത് സൈറ്റിൽ എത്തിയാലും ചെയ്തുതീർക്കേണ്ട ജോലി സംബന്ധിച്ച് എളുപ്പം അയാൾക്ക് ഉത്തരം ലഭിക്കും.
പണിയുണ്ടെന്നുപറഞ്ഞ് ദിവസവും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും 30ഓളം സ്ഥലങ്ങളിൽനിന്ന് ആൾക്കാർ വിളിക്കും. കഴിയുന്നിടത്തെല്ലാം എത്തുമെങ്കിലും വിഡിയോക്ക് ആവർത്തന സ്വഭാവം വരാതിരിക്കാൻ എപ്പോഴും പലതരം ജോലികളാണ് ഏറ്റെടുക്കുക. അത് എത്ര റിസ്കുള്ളതാണെങ്കിലും ഒരു എൻജിനീയറും കാണാത്ത പലതരം ആശയങ്ങൾ ആ തലയിൽ പിറക്കും. പിന്നീട് അത് എളുപ്പം ചെയ്ത് തീർക്കും. പണിക്കാരും ഹാപ്പി, വീട്ടുകാരും ഹാപ്പി.
സ്വപ്നത്തിന് പിറകെ
സോണിയുടെ ഡി.എസ്.എൽ.ആർ കാമറ സ്വന്തമാക്കി അതിൽ ഹൈ ക്വാളിറ്റി വിഡിയോ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ലത്തീഫിപ്പോൾ. അതിന് മലയാളക്കരയും കടന്ന് കാഴ്ചക്കാരുണ്ടാകണമെന്നതിനാൽ വിഡിയോക്കൊപ്പം ഇംഗ്ലീഷിലും സബ് ടൈറ്റിൽ നൽകാൻ ആളെയും നിയോഗിച്ചു. ഭാര്യ ഹർഷിതയും കുടുംബവും കട്ടക്ക് കൂടെയുണ്ട്.
ഫുട്ബാൾ എന്ന ലഹരി
കുഞ്ഞുനാൾ തൊട്ട് ലത്തീഫിന്‍റെ ഉള്ളിൽ അടിയുറച്ച ആഗ്രഹമായിരുന്നു വലുതാവുമ്പോൾ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരൻ അല്ലെങ്കിൽ ഫ്രീസ്റ്റൈൽ ഫുട്ബാളർ ആകണമെന്നത്. നാട്ടിലെ വിവിധ ക്ലബുകളിൽ കളിച്ചുനടന്നെങ്കിലും കൃത്യമായ പരിശീലനം കിട്ടാത്തതിനാലും ജീവിതം മുന്നോട്ടുപോകണമെന്നതിനാലും ഫുട്ബാൾ എന്ന ലഹരി പതിയെ ജീവിതം എന്ന ലഹരിയിലേക്ക് വഴിമാറി. സൗദിയിൽ ജോലിക്കുപോയപ്പോഴും കളിഭ്രാന്ത് കൂടെ കൊണ്ടുപോയി.
പക്ഷേ, മസറയിൽ എത്തിയതോടെ ഒന്നു പന്തുതട്ടാൻപോലും കഴിയാതെയായി. അതോടെ നിരാശ കൂടിക്കൂടി വന്നു. പലപ്പോഴും ഒറ്റക്കിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. ഫുട്ബാളിനെയും നാടിനെയും ഓർത്തുള്ള കണ്ണീരിന്‍റെ കരുത്തിലാണ് അവിടെനിന്നുള്ള ലത്തീഫിന്‍റെ രക്ഷപ്പെടൽ പോലും. ALL ROUND CONSTRUCTIONS എന്ന ചാനലിൽ പലപ്പോഴും തന്‍റെ ഫ്രീസ്റ്റൈൽ മികവ് ലത്തീഫ് പങ്കുവെച്ചിട്ടുമുണ്ട്.
വീട് പുനരുദ്ധാരണം: ലത്തീഫിന്‍റെ ടിപ്സ്
● ചോർച്ചയോ കോൺക്രീറ്റ് അടർന്നുവീഴലോ ഈർപ്പമോ ഉണ്ടാകുമ്പോഴാകട്ടെ വീടിന്‍റെ റെനോവേഷൻ.
● വീട് നവീകരണമാണെങ്കിലും അതിനും വേണം പ്ലാനും ബജറ്റുമെല്ലാം.
● ഏതൊക്കെ ഭാഗങ്ങളാണ് പുതുതായി കൂട്ടിച്ചേർക്കേണ്ടത്, ഏതൊക്കെ ഭാഗം ഒഴിവാക്കണം എന്നത് സംബന്ധിച്ച് വീട്ടുകാർ കൂടിച്ചേർന്ന് തീരുമാനമെടുക്കുക.
● പുതുക്കിപ്പണിയുമ്പോൾ വെറുതെ പൊളിച്ചു കളയണോ എന്ന് കരുതി ഉപയോഗമില്ലാത്ത ഭാഗങ്ങൾ നിലനിർത്തരുത്. അത് ചെലവ് കൂട്ടുക മാത്രമല്ല, ഭംഗിയും കളയും.
● പഴയ വീടിന്‍റെ സാധനങ്ങൾ (വാതിൽ, ജനൽ, കട്ടിള തുടങ്ങിയവ) ഉപയോഗപ്പെടുത്തുന്നത് ചെലവ് കുറക്കാൻ സഹായിക്കും.
● വീടിന്‍റെ തറക്ക് മുകളിലേക്ക് വരുന്ന രണ്ടാംനിലയുടെ ഭാരം താങ്ങാനാകുമോ എന്ന് നിർബന്ധമായും പരിശോധന നടത്തണം. സാധ്യമാകുന്ന ബലപ്പെടുത്തൽ (തറ, പില്ലർ) നടത്തണം.
● മുകൾനില വാർക്കുമ്പോൾ പഴയ ഭിത്തിക്ക് മുകളിൽ ബീം ബെൽറ്റ് കൊടുക്കുന്നത് നല്ലതാണ്.
● പഴയ വീടിന്‍റെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ വീണ്ടും കൂടുതൽ കാലം നിലനിൽക്കേണ്ടതിനാൽ ആവശ്യമായ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്‍റ് ഒക്കെ എടുക്കണം.
● പണി നടക്കുന്നതിന് സമീപത്തെ വാതിൽ, ജനൽ പാളികൾ ഊരിമാറ്റുക, ഇലക്ട്രിക് സാധനങ്ങൾ മാറ്റിവെക്കുക, സ്വിച്ച് ബോർഡുകളിൽ ടാപ്പ് ചുറ്റുക, ജനൽ കമ്പികൾ കവർ ചെയ്യുക എന്നിവ ചെയ്താൽ നന്നായിരിക്കും.
● രണ്ടാംനിലയിൽ ബാത്റൂം പണിയുന്നുണ്ടെങ്കിൽ കോൺക്രീറ്റ് ബീഡിങ് നിർബന്ധമായും നിർമിക്കുക. ചോർച്ചയും മറ്റും തടയാൻ ഇത് സഹായിക്കും.
● രണ്ടാംനിലയിൽ ബാത്റൂം പണിയുമ്പോൾ പൈപ്പ്, ക്ലോസറ്റ് പൈപ്പ്, ഫിറ്റിങ്സ് എന്നിവ കോൺക്രീറ്റ് നടക്കുന്ന സമയത്തുതന്നെ ചെയ്താൽ പിന്നീട് വാർപ്പ് പൊളിക്കാതിരിക്കാനും ചോർച്ച തടയാനും സഹായിക്കും.
● രണ്ടാം നില പണിയാൻ നേരത്തേ പ്ലാൻ ഉണ്ടെങ്കിൽ മുകളിലെ പാരപ്പെറ്റ് ചെങ്കല്ല് പോലെ സ്ട്രോങ് ആയ കല്ല് ഉപയോഗിച്ച് വാർപ്പിന്‍റെ അറ്റത്തുനിന്ന് ഉള്ളിലേക്ക് എട്ട് ഇഞ്ച് വലിച്ചുകെട്ടുക. മുകൾ നില പണിയുമ്പോൾ ഇതിന് മുകളിൽനിന്ന് ഭിത്തി നിർമിക്കാനും പണം ലാഭിക്കാനും കഴിയും.