ദേഷ്യംപിടിച്ച് പൊട്ടിത്തെറിക്കുന്നയാളാണോ നിങ്ങൾ?; കൂളാവാൻ ഇതാ ചില മാർഗങ്ങൾ...
text_fieldsനമ്മുടെ സാമൂഹിക ജീവിതത്തിൽ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വികാരങ്ങൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ചിന്താരീതികൾ, സാമൂഹിക മത-കുടുംബ സാഹചര്യങ്ങൾ എന്നിവയുമായി വികാരങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യന്റെ നൈസർഗിക വികാരങ്ങളിൽ ഒന്നാണ് ദേഷ്യം അഥവാ കോപം. സാഹചര്യങ്ങളുടെ സമ്മർദം ഉൾക്കൊള്ളാനാവാതെ വരുേമ്പാഴുള്ള സ്വാഭാവിക വികാരമായി ദേഷ്യെത്ത പലരും പരിചയപ്പെടുത്താറുണ്ട്. ചെറിയ അസ്വസ്ഥതയിൽനിന്ന് തുടങ്ങി വെറുപ്പും വൈരാഗ്യവുമായി മാറുന്നതാണ് കോപമെന്ന വികാരം.
മറ്റെല്ലാ വൈകാരിക അവസ്ഥകളെയുംപോലെ ദേഷ്യത്തിലും അതിേൻറതായ ശാരീരിക, ജൈവിക മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. നിയന്ത്രിക്കാൻ പറ്റാത്തവിധം തനിക്കോ മറ്റുള്ളവർക്കോ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ദേഷ്യം അപകടസൂചനയാണ് നൽകുന്നത്. സോഷ്യൽ ലേണിങ് തെറപ്പി അനുസരിച്ച് സമ്മർദങ്ങളിൽ മനുഷ്യൻ പുറത്തെടുക്കുന്ന പഠിച്ചെടുത്ത സ്വഭാവം (Learned behaviour) എന്നാണ് കോപെത്ത പറയുന്നത്. സ്വയം പ്രതിരോധത്തിന് പ്രാപ്തനാക്കുന്നതിനാൽ ചെറിയ അളവിലുള്ള കോപം ഗുണകരവുമാണ് ചിലപ്പോഴെങ്കിലും.
എന്നാൽ, ചിലരിൽ അമിതമായ കോപം കാണാറുണ്ട്. വളരെ കുറഞ്ഞ സഹിഷ്ണുതയുള്ള ആളുകളാണവർ. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഇത്തരക്കാർ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്നവരാണ്. അതായത് ഒരുതരം സെൽഫ് ഡിഫൻസ്. പാരമ്പര്യമായി ദേഷ്യം കിട്ടിയെന്ന് അഭിമാനംകൊള്ളുകയും അതിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്. കുടുംബാന്തരീക്ഷവും വളർന്നുവരുന്ന സാഹചര്യവുമൊക്കെ വ്യക്തികളിൽ ദേഷ്യത്തിന്റെ തോത് കൂട്ടാറുണ്ട്.
ദേഷ്യക്കാർ പുരുഷന്മാർ
പഠനങ്ങൾ തെളിയിക്കുന്നത് പുരുഷന്മാരാണ് കൂടുതൽ ദേഷ്യം പ്രകടിപ്പിക്കാറുള്ളതെന്നാണ്. അതായത് പുരുഷന്മാർക്ക് സെൽഫ് കൺട്രോൾ കുറവാണെന്ന് സാരം. പുരുഷനൊരൽപം ദേഷ്യമൊക്കെയാവാം എന്ന മട്ടിലുള്ള തെറ്റായ സാമൂഹിക സങ്കൽപങ്ങളും പുരുഷന്മാരിൽ ദേഷ്യപ്രകടനങ്ങൾ അധികരിക്കാൻ ഇടയാക്കുന്നുണ്ടാവും. ഇത്തരം തെറ്റായ മനോഭാവം മാറേണ്ടതുണ്ട്. ഒട്ടുമിക്ക വൈവാഹിക ബന്ധങ്ങളിലെ സംഘർഷങ്ങളിലും അനാവശ്യ പൊട്ടിത്തെറികളും കോപപ്രകടനങ്ങളും വലിയ റോളാണ് വഹിക്കുന്നത്.
അമിതദേഷ്യത്തിന്റെ അപകടങ്ങൾ
ശരീരത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ രക്താദിസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയിലേക്കുള്ള വാതിൽപടിയാണ് തീവ്രമായ ദേഷ്യം.
അതുപോലെ ചിന്തകളുടെ അതിപ്രസരം, സമ്മർദം, ഉത്കണ്ഠ, ജീവിതം ആസ്വദിക്കാൻ പറ്റാതെയുള്ള അവസ്ഥ തുടങ്ങിയവ പോലുള്ള ചികിത്സയും പരിചരണവും ആവശ്യമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കുവരെ അമിതദേഷ്യം വ്യക്തികളെ കൊണ്ടെത്തിക്കാറുണ്ട്.
ബന്ധങ്ങളിലെ അകൽച്ച, ഒറ്റപ്പെടൽ, പരസ്പര വിശ്വാസമില്ലായ്മ, വെറുപ്പ്, പക തുടങ്ങിയ സാഹചര്യങ്ങളിലേക്കും അമിതദേഷ്യം കൊണ്ടെത്തിക്കും.
വിമർശനങ്ങളോട് അസഹിഷ്ണുത, ഓഫിസിൽ അനാവശ്യമായ വാഗ്വാദം, തീരുമാനങ്ങളെടുക്കാൻ പറ്റാത്തതും പ്രശ്നപരിഹാരങ്ങൾ അസാധ്യമാക്കുന്നതുമായ ഇടുങ്ങിയ നില എന്നിവയിലേക്കൊക്കെ കരിയറിൽ കോപം കൊണ്ടെത്തിക്കുന്നു.
സ്ത്രീകളുടെ സംഘർഷം
ജോലി ചെയ്യുന്ന സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. ഒരേസമയം, എല്ലാ റോളുകളിലും പൂർണത ഉറപ്പുവരുത്തുക ശ്രമകരവും സമ്മർദം ഏറ്റുന്നതുമാണ്. ചിട്ടയായ ഒരു ക്രമം പിന്തുടരാതിരിക്കുകയും കുടുംബത്തിന്റെ പരിപൂർണമായ പങ്കാളിത്തം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പിന്നെ പറയുകയും വേണ്ട. ശാക്തീകരിക്കപ്പെട്ടവരും സ്വയംപര്യാപ്തരായിക്കൊണ്ടിരിക്കുന്നവരുമായ സ്ത്രീസമൂഹവും അതുൾക്കൊള്ളാനുള്ള മാനസിക തയാറെടുപ്പ് നടത്താത്ത പൊതുസമൂഹവും തമ്മിലുള്ള സംഘർഷവും ഒട്ടേറെ കേസുകളിൽ കണ്ടുവരുന്നുണ്ട്.
കോപത്തെ തിരിച്ചറിയാം
കോപത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന പ്രതികൂല ചിന്തകളെ തിരിച്ചറിയുക എന്നതാണ് ആംഗർ മാനേജ്മെൻറിലെ ആദ്യപടി. നമുക്കു ചുറ്റുമുള്ള സാഹചര്യങ്ങൾ, ചില ആളുകളുടെയും അവസ്ഥകളുടെയും സാന്നിധ്യം എന്നിവ ചിലപ്പോൾ ദേഷ്യം അധികരിപ്പിക്കാറുണ്ട്. ഉദാഹരണമായി സംസാരിക്കുന്ന ആൾ കുറ്റപ്പെടുത്തി സംസാരിക്കുക, കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും എടുത്ത് പറയുക, സാമാന്യവത്കരിക്കുക, താരതമ്യപ്പെടുത്തുക, നിഗമനത്തിലേക്ക് കടക്കുക എന്നിവയൊക്കെ കേൾക്കുന്നയാളിൽ സമ്മർദം അധികരിപ്പിക്കും.
രണ്ടാമതായി എന്താണ് യഥാർഥത്തിൽ തന്റെ കോപത്തിന്റെ അടിസ്ഥാനം എന്ന് തിരിച്ചറിയുകയാണ്. അരക്ഷിതാവസ്ഥ, ദുർബലമായ കാഴ്ചപ്പാടുകൾ, ഉത്കണ്ഠ, നാണക്കേട്, കാര്യങ്ങൾ വളരെ ശ്രമകരമായി തോന്നുക തുടങ്ങിയവയെല്ലാം കോപത്തിന് വഴിവെക്കാം. ശാരീരികാവസ്ഥയും കോപത്തിന്റെ തോത് വർധിപ്പിക്കാറുണ്ട്.
എങ്ങനെ നിയന്ത്രിക്കാം?
● തെൻറ അമിതദേഷ്യത്തെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് പ്രധാനം. സാഹചര്യങ്ങളോടുള്ള എന്റെ പ്രതികരണം എന്റെതന്നെ ആരോഗ്യത്തിനും പരസ്പരമുള്ള നല്ലബന്ധങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട് എന്ന തിരിച്ചറിവാണത്. സെൽഫ് ഇനിഷ്യേഷൻ അഥവാ സ്വയം ശ്രമിച്ചാൽ, മാറ്റത്തിനായി ആഗ്രഹിച്ചാൽ മാത്രമേ അമിതകോപ പ്രകൃതത്തെ മാറ്റാൻ സാധിക്കൂ.
● നന്നായി ആശയവിനിമയം നടത്തുന്നത് ഒരു പരിധിവരെ തിരിച്ചറിവുകൾക്ക് നല്ലതാണ്. പലപ്പോഴും നമ്മുടെ ആശയവിനിമയം ഏകപക്ഷീയം ആയിപ്പോകാറുണ്ട്. ഒരാളെ ശ്രദ്ധാപൂർവം കേൾക്കുക എന്ന ശീലം വളർത്തിയെടുക്കണം. 'അവസരം നൽകി, അവസരം വാങ്ങുക' എന്നതാണ് മികച്ച ആശയവിനിമയ രീതി. ദമ്പതിമാർക്കിടയിലുള്ള പൊട്ടിത്തെറികളിൽ മിക്കപ്പോഴും ആശയവിനിമയത്തിന്റെ അഭാവം കാണാറുണ്ട്.
മനോരോഗ വിദഗ്ധരുടെ അടുത്ത് പ്രശ്നപരിഹാരം തേടിയെത്തുന്ന കേസുകളിൽ 60 ശതമാനത്തിലധികവും ഭാര്യ-ഭർതൃ പ്രശ്നങ്ങൾ ആണെന്നത് അതിശയിപ്പിക്കുന്ന അനുപാതമാണെങ്കിലും സത്യമാണ്. വിവാഹത്തിന്റെ ആദ്യനാളുകളിലെ വാതോരാതെയുള്ള സംസാരം കുറഞ്ഞുകുറഞ്ഞു വന്ന് നാളുകൾ കഴിയുമ്പോൾ നീയും ഞാനുമെന്ന രണ്ടു തുരുത്തുകളായി മാറുന്നു. ബന്ധങ്ങളിൽ പങ്കാളികൾ പരസ്പരം ശ്രദ്ധകൊടുക്കാതിരിക്കുന്നത് പൊട്ടിത്തെറികളിൽ എത്തിക്കും. അതിനാൽ ദിനവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും കുടുംബത്തിനായി മാറ്റിവെക്കാം. നന്നായി ആശയവിനിമയം നടത്തുന്നത് പരിഹാരങ്ങളിലേക്കുള്ള കിളിവാതിലാണ്.
●ചിന്തയെ മറ്റുവഴികളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുക. വളരെ കുടുസ്സായ ചിന്തയിലൂടെയുള്ള സമ്മർദവും ഉത്കണ്ഠയുമായിരിക്കും കോപത്തിനെ മൂർധന്യത്തിൽ എത്തിക്കുന്നത്. കോപം ഒരിക്കലും പ്രശ്നപരിഹാരമല്ല, മറിച്ച് പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്. കോപം സ്വഭാവത്തെ വീണ്ടും നെഗറ്റിവ് ആക്കുകയും ആത്മവിശ്വാസം കുറക്കുകയും ചെയ്യുന്നതാണ്.
● എന്തിനും പരിഹാരമുണ്ട് എന്ന വിശാലത ജീവിതത്തിന് പുതിയ നിറങ്ങൾ നൽകും. സ്വാഭാവികമായി പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഒരു വാതിൽ അത് തുറന്നുതരും.
● വിനോദങ്ങളിലും ഉല്ലാസങ്ങളിലും ഏർപ്പെടുക. എല്ലാം മാറ്റിവെച്ച് ശ്രദ്ധ തികച്ചും വിഭിന്നമായ മറ്റൊന്നിലേക്ക് തിരിക്കാൻ പറ്റുന്നത് അനുഗ്രഹമാണ്. സന്തോഷം സ്വാഭാവികമായി വന്നുചേരുന്ന ഒന്നു മാത്രമല്ല, നാം അതിനായി നിരന്തരമായ ശ്രമം നടത്തണം.
● പുറമെയുള്ള സാഹചര്യം എന്തുതന്നെ ആയാലും എനിക്കെന്നെ നിയന്ത്രിക്കാനും ഉൾക്കൊള്ളാനും കഴിയുമെന്ന് മനസ്സുറപ്പിക്കുക. തന്റെയും കൂടെയുള്ളവരുടെയും സന്തോഷത്തിന് കാരണമാവുക.
● തിരക്കുപിടിച്ച ഷെഡ്യൂളുകൾക്കിടയിൽ കിട്ടുന്ന ഒഴിവുസമയം മുഴുവൻ ബെഡിലും ഫുഡിലുമായി കഴിയാതെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കുകയോ ദീർഘദൂര ഡ്രൈവിന് പോവുകയോ ചെയ്യാം.
● സ്വയം സമയം കൊടുത്ത് സ്വന്തം ഇഷ്ടങ്ങളിലൂടെ (മി ടൈം) ഒരുദിനം ചെലവഴിക്കുക.
● ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാഹചര്യം മനസ്സിൽ കണ്ടുകൊണ്ട് ശ്വസനഗതിയിൽ ശ്രദ്ധിക്കുന്നത് (guided imagine) റിലാക്സേഷനേകും.
●അമിത കോപത്തിന് ഇടയാക്കുന്ന മാനസിക പിരിമുറുക്കം കുറക്കാൻ ശാരീരിക വ്യായാമങ്ങൾ സഹായിക്കും. ദേഷ്യം കൂടുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ നടത്തം, ജോഗിങ് പോലുള്ള വ്യായാമങ്ങളിലേർപ്പെടുക. അല്ലെങ്കിൽ ഇഷ്ടമുള്ള കായികപ്രവൃത്തിയിലേർപ്പെടുക.
● മനുഷ്യർ വിഭിന്നരാണ്. അതിനാൽ തന്നെ കോപമുൾപ്പെടെ എല്ലാ വികാരങ്ങളും ഓേരാരുത്തരും അനുഭവിക്കുന്നതിലും വ്യത്യാസമുണ്ട്. സ്വയം നിയന്ത്രിക്കാനാവാത്ത കോപം ഉള്ളവർ തീർച്ചയായും പ്രഫഷനൽ സഹായം സ്വീകരിക്കണം. മരുന്ന് ചികിത്സയിലൂടെ മാത്രമേ പരിഹാരമുള്ളൂ എന്ന തെറ്റിദ്ധാരണ വേണ്ട, സൈക്കോതെറപ്പിയിലൂടെ കോപത്തെ വരുതിയിലാക്കാൻ കഴിയും.
ആലുവ ഹോപ് കാപ്സിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക