രോഗികളിൽനിന്ന് ഒരു രൂപ പോലും ഫീസ് വാങ്ങാതെ മനം നിറച്ച് പറഞ്ഞയക്കുന്ന ഡോ. ജോസഫ് വെട്ടുകാട്ടിൽ -അറിയാം, ചികിത്സയിലും ഗവേഷണങ്ങളിലും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനെക്കുറിച്ച്
text_fieldsഡോ. ജോസഫ് വെട്ടുകാട്ടിൽ
ദുർഘട പാതയിലൂടെ സഞ്ചരിച്ചുവേണം വയനാട് വൈത്തിരിക്കടുത്ത് ഉൾഗ്രാമത്തിലെ കാടിനോടു ചേർന്ന ഡോ. ജോസഫ് വെട്ടുകാട്ടിലിന്‍റെ താമസസ്ഥലത്തെത്താൻ.
അമേരിക്കയിലും യു.കെയിലുമുള്ള ആശുപത്രികളിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെയുള്ള വൻ പദവികൾ ഉപേക്ഷിച്ച് ശിഷ്ടജീവിതം സേവനത്തിനായി നീക്കിവെച്ച് വയനാട്ടിലെത്തിയതാണ് ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസഫ് വെട്ടുകാട്ടിൽ.
തന്നെ കാണാനെത്തുന്ന ഹൃദ്രോഗികളിൽനിന്ന് ഒരു രൂപ പോലും ഫീസ് വാങ്ങാതെ മനം നിറച്ച് പറഞ്ഞയക്കുന്ന ഇദ്ദേഹം ജന്മനാ ഹൃദ്രോഗികളായവരുടെ ചികിത്സയിൽ വിദഗ്ധനാണ്.
കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ദൃഢനിശ്ചയമൊന്നുകൊണ്ടു മാത്രം ഉന്നതങ്ങളിലെത്തിയ നിലമ്പൂരിനടുത്ത മണിമൂളിയിലെ ഈ സാധാരണ കർഷക കുടുംബാംഗം നാട്ടിലെ ആദ്യ ബിരുദധാരിയും എം.ബി.ബി.എസ് ഡോക്ടറുമാണ്.
ദാരിദ്ര്യത്തിന്റെ പഠനകാലം
മമ്പാട് എം.ഇ.എസ് കോളജിലായിരുന്നു ഡിഗ്രി പഠനം. അകലെയായിരുന്നതിനാൽ ദിവസവും പോക്കുവരവ് അപ്രായോഗികം.
അന്നത്തിന് വക പോലുമില്ലാത്ത കുടുംബത്തിലായതിനാൽ മുറിയെടുത്ത് താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും വയ്യ. ജോസഫും ഒരു സുഹൃത്തും ചേർന്ന് കോളജിനടുത്ത ഒരു തട്ടുകടക്കാരനുമായി ചങ്ങാത്തമായി. തട്ടുകട അടച്ചാൽ ഡെസ്കുകൾ കൂട്ടിയിട്ട് അതിൽ ഇരുവരും ചുരുണ്ടുകൂടും.
ഒരിക്കൽ മണ്ണെണ്ണ വിളക്കിൽനിന്നുള്ള കരി കടയിലെ ഡെസ്കും ബെഞ്ചും കറുപ്പിച്ചതോടെ കടയുടമ പറഞ്ഞുവിട്ടു. പിന്നീട് 25 രൂപ വാടകക്ക് കുടുസ്സുമുറി ഒപ്പിച്ച് വീട്ടിൽനിന്ന് കൊടുത്തുവിടുന്ന അരി കഞ്ഞിയാക്കി കുടിച്ചായിരുന്നു ജീവിതം. സഹപാഠികൾക്ക് റെക്കോഡുകൾ വരച്ചുകൊടുത്തും ട്യൂഷനെടുത്തും വാടക കണ്ടെത്തി.
ഡിഗ്രിക്ക് ശേഷം ബംഗളൂരു സെന്‍റ് ജോൺസ് കോളജിൽ എം.ബി.ബി.എസ് അഡ്മിഷൻ നേടി. അവസാനവർഷം കോളജ് ഫീസ് അടക്കാനാവാത്ത സാഹചര്യമായതോടെ പഠനം ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് അതേ കോളജിലെ മിഷനറിയായിരുന്ന ഫാ. ഹാരി ബിയോട് സഹായഹസ്തവുമായി എത്തിയത്.
1986ൽ എം.ബി.ബി.എസ് പൂർത്തിയാക്കി. സുൽത്താൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ ആദ്യ നിയമനം. അവിടന്നങ്ങോട്ട് വയനാടിനോട് പ്രത്യേക സ്നേഹവും കരുതലും ഡോ. ജോസഫിന്‍റെ ഹൃദയത്തിലുണ്ടായിരുന്നു.
ഭാര്യ ജീനിനൊപ്പം
യു.കെയിലേക്കും പിന്നെ യു.എസിലേക്കും
1992ൽ കടൽ കടക്കാൻ അവസരം ലഭിച്ചപ്പോൾ എത്രകാലം കഴിഞ്ഞാലും നാട്ടിൽ സേവനം ചെയ്യാൻ തിരിച്ചുവരുമെന്ന തീരുമാനത്തിലാണ് യു.കെയിലേക്ക് പറന്നത്.
ലണ്ടനിലെ പ്രശസ്തമായ റോയൽ ബ്രോംപ്ടൺ നാഷനൽ ഹാർട്ട് ആൻഡ് ലങ് ഇൻസ്റ്റിറ്റ്യൂട്ടിലും പിന്നീട് ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിലും സതാംപ്ടൺ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലുമായിരുന്നു ആദ്യ ജോലി. 1997ൽ പീഡിയാട്രിക് കാർഡിയോളജിയിൽ യു.കെയിലെ ആദ്യ പഞ്ചവത്സര പരിശീലന ഫെലോഷിപ് നേടിയത് മൂന്നു വർഷംകൊണ്ട് പൂർത്തിയാക്കി.
2013ൽ സതാംപ്ടൺ ഹോസ്പിറ്റലിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവിയായിരിക്കുമ്പോൾ അമേരിക്കൻ ശതകോടീശ്വരനും ആംവേ സ്ഥാപകനുമായ റിച്ച് ഡിവോസ് മിഷിഗനിൽ തുടക്കമിട്ട ഹെലൻ ഡിവോസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കോ ഡയറക്ടർ, ഡിവിഷനൽ ചീഫ് എന്നീ പദവികളിലേക്ക് ജോസഫിനെ നിയോഗിച്ചു.
റിച്ച് ഡിവോസിന് അമേരിക്കയിൽ ലഭിക്കാത്ത ഹൃദയമാറ്റ ശസ്ത്രക്രിയ ഇംഗ്ലണ്ടിൽ ലഭിച്ചപ്പോൾ അതുപോലെ ഒരു സംവിധാനം സ്വന്തം നാട്ടിലും നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഒരു അന്തർദേശീയ കമ്മിറ്റി രൂപവത്കരിച്ചു. ആ കമ്മിറ്റിയാണ് ഡോ. ജോസഫിനെ ഏലിയൻ ഓഫ് സ്ട്രാർഡിനറി എബിലിറ്റി എന്ന പദവിയിൽ ഒ വൺ വിസ നൽകി അമേരിക്കയിലെത്തിച്ചത്.
ത്രീഡി എക്കോ കാർഡിയോഗ്രഫിയിൽ ലോകപ്രശസ്തനായ അദ്ദേഹം അവിടെവെച്ചാണ് ലോകത്തിൽ ആദ്യമായി എക്കോ കാർഡിയോഗ്രാഫ് ഉപയോഗിച്ച് ഹൃദയത്തിന്‍റെ ത്രീഡി പ്രിന്‍റിങ് നടത്തുന്നത്. ജോസഫിന്‍റെ സേവനങ്ങൾക്ക് അംഗീകാരമായി മിഷിഗൻ അസംബ്ലിയിൽ പുതിയ നിയമം പാസാക്കി പരീക്ഷകൾ ഒന്നുമില്ലാതെ പെർമനെന്‍റ് രജിസ്ട്രേഷൻ നൽകി ആദരിച്ചു.
സൈനസ് വിനോസുസ് എ.എസ്.ഡി എന്ന ഹൃദ്രോഗത്തിന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്താൻ വിബി സ്റ്റെന്‍റ് എന്ന ഉപകരണം കണ്ടുപിടിക്കുന്നതും ആ സമയത്താണ്.
കുടുംബത്തോടൊപ്പം
നേട്ടങ്ങൾ, കണ്ടെത്തലുകൾ
ഇന്ത്യക്കു പുറമെ നേപ്പാൾ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ മെഡിക്കൽ കൗൺസിൽ അംഗവും യു.കെ, യു.എസ്, ഈജിപ്ത്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമാണ്. നേപ്പാളിൽ ശിശു ഹൃദ്രോഗ ചികിത്സ നടത്താൻ മുൻകൈയെടുത്ത് അവിടത്തെ ആദ്യ കുട്ടികളുടെ ഹൃദയ ഡോക്ടറെ സ്വയം പരിശീലിപ്പിച്ചു തിരിച്ചയച്ചു. ഇപ്പോഴും ആ സഹകരണം തുടരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത ഏട്രിയൽ ഫ്ലോ റെഗുലേറ്റർ (എ.എഫ്.ആർ) എന്ന ഉപകരണം ഹൃദ്രോഗിയിൽ വിജയകരമായി ഇംപ്ലാന്‍റ് ചെയ്തു. മയോ ക്ലിനിക് ഉൾപ്പെടെ അമേരിക്കയിലെ പ്രശസ്ത ആശുപത്രികളിൽ ഈ ഉപകരണം ആദ്യമായി രോഗികളിൽ ഇടാൻ ജോസഫ് നേതൃത്വം നൽകി.
രാജ്യാന്തര നിലവാരമുള്ള ആശുപത്രികളിലെ സേവനകാലത്ത് എ.എഫ്.ആർ ഉൾപ്പെടെ 10 ഉപകരണങ്ങൾക്ക് പേറ്റന്‍റും നേടി. മൾട്ടിമോഡലിറ്റി ഇന്‍റഗ്രേറ്റഡ് ഇമേജിങ് ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യയിലൂടെ ഹൃദ്രോഗനിർണയവും ചികിത്സയും എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവും പ്രയോക്താവുമാണിദ്ദേഹം.
ഹൃദയത്തോട് ചേർത്ത്
രണ്ടുവർഷം മുമ്പാണ് ജോലി രാജിവെച്ച് വയനാട്ടിലേക്ക് സ്ഥിരതാമസത്തിനെത്തുന്നത്. ഹൃദ്രോഗ ചികിത്സ ഏറെ ചെലവേറിയ ഇക്കാലത്ത് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയുള്ള ഡോ. ജോസഫിന്‍റെ സേവനം രോഗികൾക്ക് വലിയൊരാശ്വാസമാണ്.
എം.ആർ.ഐ/സി.ടി സ്കാൻ, ത്രീഡി ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എവിടെ കിടക്കുന്ന രോഗിക്കും രോഗനിർണയം നടത്താവുന്ന ഉപകരണം ഡോ. ജോസഫിന്‍റെ പക്കലുണ്ട്.
തുടരുന്ന ഗവേഷണങ്ങൾ
എം.ആർ.ഐ, സി.ടി സ്കാൻ, എക്കോ കാർഡിയോഗ്രഫി തുടങ്ങിയ ആധുനിക ഇമേജിങ് സംയുക്തമാക്കി വികസിപ്പിച്ചു ത്രീഡി ചിത്രീകരണം നടത്താൻ പുതിയ പ്രസ്ഥാനം (IAMGING) ഇദ്ദേഹം രൂപപ്പെടുത്തുന്നു.
ഹൃദയശസ്ത്രക്രിയ എളുപ്പമാക്കാൻ ഒട്ടേറെ യന്ത്രങ്ങൾ ഡോ. ജോസഫ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ VASO, FVASO എന്നീ ഉപകരണങ്ങൾ ഇന്ത്യയിൽ സർക്കാർ അംഗീകാരം നേടിയിട്ടുണ്ട്.
നിലവിൽ സൗജന്യ സേവനത്തോടൊപ്പം ചെന്നൈ ഐ.ഐ.ടിയുമായി സഹകരിച്ച് ഹൃദ്രോഗചികിത്സക്കും നിർണയത്തിനും ഉപകരിക്കുന്ന യന്ത്രങ്ങളുടെ നിർമാണത്തിലും സജീവമാണ്. കൂടാതെ വിവിധ രാജ്യാന്തര സ്ഥാപനങ്ങളുമായി ചേർന്ന് ഹൃദ്രോഗചികിത്സയിലെ നിർമിതബുദ്ധിയുടെ സാധ‍്യതയിൽ ഗവേഷണം നടത്തുകയും ചെയ്യുന്നു.
ആദ്യജോലിയിൽ പ്രവേശിച്ച സമയത്തുതന്നെ സഹപാഠിയും സ്കോട്ടിഷ് വംശജയുമായ ജീനുമായുള്ള വിവാഹവും നടന്നു. രണ്ടു മക്കളുണ്ട്, നിഖിലും തേജസും. നോർവേയിലെ അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് നിഖിൽ. തേജസ് ജർമനിയിൽ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോസൈക്യാട്രിയിൽ പിഎച്ച്.ഡി ചെയ്യുന്നു.