ഒരു വീടുപോലെ കഴിഞ്ഞ മൂന്നു കൂട്ടുകാരികൾക്കും കാൻസർ ബാധിച്ചത് ഒരുമിച്ച്... ഇവരുടെ സൗഹൃദത്തിന് മുന്നിൽ കാൻസർ തോറ്റുപിന്മാറിയ കഥയറിയാം
text_fieldsരാധിക റെജി, സോണിയ ബെന്നി, മിനി ജിജോ... ചിത്രങ്ങൾ: നിഖിൽ മാധവൻ
മൂന്നു കൂട്ടുകാരികൾ. ഓർമവെച്ച നാൾ മുതൽ ഒരുമിച്ചാണ്. തൊട്ടടുത്ത വീടുകളിൽ തുടങ്ങി നാട്ടിലും സ്കൂളിലും കോളജിലും ഒരുമിച്ചു കൂട്ടുകൂടി നടന്നവർ. വിവാഹത്തോടെ മൂന്നുവഴിക്ക് പിരിഞ്ഞെങ്കിലും സ്നേഹച്ചരട് പൊട്ടിയില്ല.
പരീക്ഷിക്കാനാവണം, കാലം അവരെ വീണ്ടും ചേർത്തുവെച്ചു. എന്നിട്ട് ഓരോരുത്തരെയായി തീമഴയിലേക്കിറക്കിവിട്ടു. ചുട്ടുപഴുത്ത മണ്ണിൽ കാലുറപ്പിച്ചുനിൽക്കാനാവാതെ പാടുപെടുമ്പോഴും പരസ്പരം തണൽ വിരിച്ച് തണുപ്പേകി നിന്നു അവർ.
തിളക്കം വറ്റിയ കണ്ണുകളുമായി പിന്നെയും കഥകൾ പറഞ്ഞു, പറഞ്ഞാലും തീരാത്ത ബാല്യകാല സ്മരണകൾ പങ്കുവെച്ചു, പൊട്ടിച്ചിരിച്ചു. ഒടുവിൽ അതിജീവനത്തിന്‍റെ കടൽ താണ്ടി ഇപ്പുറമെത്തിയപ്പോൾ കാലം തോറ്റു പിൻവാങ്ങിയിരുന്നു.
അതേ, ഇതൊരപൂർവ സൗഹൃദത്തിന്‍റെ കഥയാണ്. ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങിയ മൂന്നു സഖിമാരുടെ കഥ.
രാധിക റെജി
ഒരു വീടുപോലെ കഴിഞ്ഞവർ
കോട്ടയം ചങ്ങനാശ്ശേരി ചന്തയോടു ചേർന്ന വണ്ടിപ്പേട്ടയിൽ ജനിച്ചുവളർന്നവരാണ് സോണിയയും മിനിയും രാധികയും. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഒരു വീടുപോലെ കഴിഞ്ഞിരുന്നവർ. രണ്ടുപേരുടെ അപ്പന്മാർ ചന്തയിലെ ലോഡിങ് തൊഴിലാളികളായിരുന്നതിനാൽ ചന്തയായിരുന്നു ഇവരുടെ കളിസ്ഥലം.
വിവാഹശേഷം സോണിയയും മിനിയും ചങ്ങനാശ്ശേരിയിൽ രണ്ടുസ്ഥലത്തായി. രാധികയാവട്ടെ ആലപ്പുഴ മുട്ടാറിലും. നാട്ടിലെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ആഘോഷങ്ങൾക്കും മാത്രമായി കൂടിക്കാഴ്ചകൾ ചുരുങ്ങി. കോവിഡ് കാലത്താണ് പഴയപോലെ മതിവരാതെ സംസാരിക്കാൻ ഇട കിട്ടിയത്.
മൊബൈൽ ഫോണിൽ എല്ലാ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. കാണാൻ തോന്നുമ്പോഴെല്ലാം ഒരുമിച്ചുകൂടി. അടുത്തറിഞ്ഞവർക്കുപോലും അസൂയ തോന്നുന്ന ബന്ധമായിരുന്നു അത്. ആ സന്തോഷങ്ങളെ തല്ലിക്കെടുത്തിയാണ് നിനച്ചിരിക്കാത്ത നേരത്ത് ഒന്നിനു പിറകെ ഒന്നായി മൂന്നുപേർക്കും സ്തനാർബുദം വന്നത്.
മിനി ജിജോ
വർഷത്തിലേറെ നീണ്ട രോഗകാലം
രോഗം ആദ്യമെത്തിയത് സോണിയയെ തേടിയായിരുന്നു. നിപ്പിൾ ഡിസ്ചാർജിലൂടെയായിരുന്നു തുടക്കം. ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെ സർജനെ കാണിച്ചു. കുഴപ്പമൊന്നും കാണാതിരുന്നതിനാൽ ആന്‍റിബയോട്ടിക് തന്നു. തുടർന്ന് മാമോഗ്രാം ചെയ്തു.
റിസൽട്ട് കിട്ടിയത് 52 ദിവസം കഴിഞ്ഞാണ്. പരിശോധനയിൽ വലതുഭാഗത്ത് മുഴ കണ്ടെത്തി. അതു നീക്കി ബയോപ്സിക്കയച്ചു. ആറു ദിവസംകൊണ്ട് റിസൽട്ട് എത്തിയപ്പോൾ സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ചു. തുടക്കമാണ്. രോഗത്തെക്കുറിച്ച് ആദ്യമേ സംശയം തോന്നിയതിനാൽ സോണിയക്ക് ഭീതിയുണ്ടായില്ല. ബയോപ്സി റിസൽട്ട് കണ്ടപ്പോഴേ കാര്യം മനസ്സിലായിരുന്നു.
അമ്മക്കും ഇതേ അസുഖം വന്ന് സ്തനം നീക്കിയതാണ്. തനിക്കും വന്നേക്കാം എന്ന തോന്നലുമുണ്ടായിരുന്നു. സ്തനം ശസ്ത്രക്രിയ ചെയ്ത് നീക്കിയാൽ കീമോ ഒഴിവാക്കാനാകും. 2022 സെപ്റ്റംബർ 16ന് വലതു സ്തനം പൂർണമായി ശസ്ത്രക്രിയ െചയ്തു നീക്കി. ബന്ധുക്കൾക്കൊപ്പം മിനിയും രാധികയും മാറി മാറി ആശുപത്രിയിൽ കൂടെ നിന്നു.
അർബുദം ശരീരം വിട്ടുപോയെങ്കിലും ആ രോഗം ശരീരത്തിനുണ്ടാക്കിയ കേടുപാടുകൾ ചെറുതല്ല. അതോർക്കുമ്പോൾ കീമോ മതിയായിരുന്നു എന്ന് തോന്നിേപ്പാകും സോണിയക്ക്.
സോണിയ ബെന്നി
ചെറുപ്പം മുതലേ പ്രതിരോധശേഷി കുറവാണ്. ഏതസുഖവും ചാടിപ്പിടിക്കുന്ന പ്രകൃതം. അതിനുപുറമെ, മരുന്നുകളുടെ പാർശ്വഫലമായി പ്രമേഹം, അനീമിയ, തൈറോയ്ഡ് എന്നിവയും കൂടെ കൂടി. ശസ്ത്രക്രിയ കഴിഞ്ഞതോടെ വലതു കൈകൊണ്ട് ഭാരമെടുക്കാനാവാത്ത അവസ്ഥ. 10 വർഷം മരുന്ന് കഴിക്കണം. മൂന്നുമാസം കൂടുമ്പോൾ ചെക്കപ്പുമുണ്ട്.
സോണിയയുടെ രോഗം മാറി വരുമ്പോഴാണ് രാധികക്ക് പനിയും തലവേദനയും തുടങ്ങിയത്. ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിൽ കാണിച്ച് ബ്ലഡിൽ അലർജിയാണെന്നു കരുതി ആറുമാസം മരുന്നു കഴിച്ചു. 2023 ജൂലൈ 22നാണ് വലതുസ്തനത്തിൽ ഉറുമ്പു കടിച്ച പോലെ തടിപ്പ് തോന്നിയത്.
മാമോഗ്രം റിസൽട്ടിൽ കുഴപ്പമില്ല. പിന്നീട് ബയോപ്സി ചെയ്തു. രണ്ടാഴ്ചക്കുശേഷം റിസൽട്ട് വന്നപ്പോൾ അർബുദം തന്നെ. രോഗം ബാധിച്ച ഭാഗം എത്രയും പെട്ടെന്ന് നീക്കാമെന്നാണ് ഡോക്ടർ പറഞ്ഞത്. സ്തനം പൂർണമായി നീക്കേണ്ടി വന്നില്ല. കഴലയും തടിപ്പും മാത്രമാണ് എടുത്തത്. കീമോയുടെ ദുരിത ദിനങ്ങളായിരുന്നു പിന്നീട്. ആദ്യ കീമോയിൽ തന്നെ മുടിയും നഖവും പുരികവും കൊഴിഞ്ഞുപോയി. പല്ല് പൊടിഞ്ഞുപോകാൻ തുടങ്ങി.
ആഹാരം കഴിക്കാനാവാതെ പരവേശം, ഛർദി, വായിലെ തൊലി പോകൽ, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങി എന്തൊക്കെ അസ്വസ്ഥതകളായിരുന്നു എന്ന് പറഞ്ഞറിയിക്കാനാവില്ല. 21 ദിവസം കൂടുമ്പോൾ എട്ടു കീമോയും അതുകഴിഞ്ഞ് 20 റേഡിയേഷനും ചെയ്തു. 10 വർഷം മരുന്നു തുടരണം.
മിനിക്ക് 2023 ഡിസംബറിലാണ് സ്തനത്തിൽ വേദന തുടങ്ങിയത്. പാറേപ്പള്ളി തിരുനാൾ കൊടിയിറക്കത്തിന്‍റെ അന്ന് സ്തനത്തിൽ മുന്തിരി വലുപ്പത്തിലൊരു തടിപ്പ് തൊട്ടറിഞ്ഞു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് ബയോപ്സി ചെയ്തു. ട്രിപ്ൾ നെഗറ്റിവ് ബ്രെസ്റ്റ് കാൻസർ ആണെന്നായിരുന്നു റിസൽട്ട്. ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ള ഒന്ന്.
മുഴയും കക്ഷത്തിലെ കഴലകളും ശസ്ത്രക്രിയയിലൂടെ നീക്കി. തുടർന്ന് 12 കീമോയും 15 റേഡിയേഷനും എടുത്തു. കീമോ എടുക്കുന്ന ദിവസം കുഴപ്പമില്ലായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് അസ്വസ്ഥത തുടങ്ങുക. ഛർദി ഇല്ലായിരുന്നു. തലക്കകത്ത് വേദന, ശബ്ദം കേൾക്കുമ്പോൾ ദേഷ്യം, ക്ഷീണം. കീമോക്കുമുമ്പുതന്നെ മുടി മുറിച്ചെടുത്തു സൂക്ഷിച്ചുവെച്ചു.
മൂവരുടെയും അസുഖത്തിനു മുമ്പുള്ള ചിത്രം
ഉണ്ടായിരുന്ന ജോലി പോയി
രോഗം വന്നതിനേക്കാൾ സോണിയയുടെ വിഷമം ജോലി പോയതാണ്. എട്ടുവർഷമായി സമീപത്തെ സ്കൂളിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്നു. സാമ്പത്തികാവസ്ഥ മെച്ചമല്ലാത്തതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമമില്ലാതെതന്നെ ജോലിക്ക് പോയി.
ആരോഗ്യമുണ്ടായിരുന്ന കാലത്തെപ്പോലെ കൈെകാണ്ട് കപ്പിൽ വെള്ളമെടുക്കാനോ നിലം തുടക്കാനോ പറ്റുന്നില്ല. കൂടെയുണ്ടായിരുന്നവർ തുടക്കത്തിൽ ഇളവു തന്നിരുന്നെങ്കിലും പിന്നീട് പ്രശ്നമായി. സോണിയ മാത്രം ജോലി ചെയ്യുന്നില്ലെന്നും രോഗമില്ലെന്നുമൊക്കെ പരാതി വന്നു. അസുഖത്തോടു പൊരുതി ജയിച്ചെങ്കിലും അവിടെ തോറ്റു. ഒടുവിൽ ജോലി നിർത്തിപ്പോരേണ്ടിവന്നു.
ഓട്ടോറിക്ഷ തൊഴിലാളിയായ ഭർത്താവ് പാരിയപള്ളം ബെന്നി ചെറിയാന്‍റെ വരുമാനംകൊണ്ടാണ് വീടു കഴിയുന്നത്. നഴ്സിങ് കഴിഞ്ഞ ചെൽസിയും നഴ്സിങ് വിദ്യാർഥിനി സാനിയയും പ്ലസ് വൺ വിദ്യാർഥിനി ആൽഫിയയും അടങ്ങുന്ന കുടുംബം വട്ടപ്പള്ളിയിലാണ് താമസം.
വേളാങ്കണ്ണിയിൽ പോയി തല മുണ്ഡനം ചെയ്തപ്പോൾ
മൊട്ടയടിക്കാനൊരു വേളാങ്കണ്ണി യാത്ര
രാധികക്ക് അസുഖം വന്നപ്പോൾ നേർന്നതാണ് വേളാങ്കണ്ണിയിൽ പോയി മൊട്ടയടിക്കാമെന്ന്. കീമോ ചെയ്യാത്തതിനാൽ സോണിയക്ക് മുടി കൊഴിഞ്ഞിരുന്നില്ല.
മിനിയും മൊട്ടയടിക്കാൻ തീരുമാനിച്ചിരുന്നു. രോഗം വന്ന് കീമോ കഴിഞ്ഞതോടെ മിനിയുടെ മുടിയും പോയി. അങ്ങനെ മൂന്നുപേരും കുടുംബാംഗങ്ങളുമായി വേളാങ്കണ്ണിയിൽ പോയി മൊട്ടയടിച്ചു മടങ്ങി. 44 വയസ്സുണ്ടിവർക്ക്.
ചിരിയിലാണ് കാര്യം
തങ്ങൾക്കു മൂന്നുപേർക്കും ഒരുപോലെ എങ്ങനെ രോഗം വന്നു എന്ന ചിന്ത മറ്റുള്ളവരെപ്പോലെ ഇവർക്കുമുണ്ട്. കൂട്ടുപിരിയാതിരിക്കാൻ രോഗം കാണിച്ച കുസൃതി ആയിരിക്കാമെന്നാണ് അവർ സ്വയം ആശ്വസിക്കുന്നത്. സോണിയ ആയിരുന്നു കൂട്ടത്തിലെ സ്ട്രോങ് വുമൺ. രോഗത്തെ ചെറുത്തുതോൽപിച്ച അവരെ കാണിച്ചാണ് ഡോക്ടർമാർ രാധികക്കും മിനിക്കും ധൈര്യം നൽകിയിരുന്നത്.
രോഗം തിരിച്ചറിഞ്ഞപ്പോഴും സോണിയക്ക് പരിഭ്രമം ഉണ്ടായില്ല. വിഷമിച്ചിട്ടെന്തുകാര്യമെന്നായിരുന്നു ചിന്ത. എന്നാൽ, നേരെ തിരിച്ചായിരുന്നു രാധികയുടെയും മിനിയുടെയും അവസ്ഥ. കരച്ചിലും മാനസിക സമ്മർദവും എല്ലാംചേർന്ന് വലഞ്ഞു. അപ്പോഴെല്ലാം കൂടെനിന്ന് ആശ്വസിപ്പിച്ചു സോണിയ.
ഭർത്താവും മക്കളും കരുത്തുപകർന്നു. പരസ്പരം സാന്ത്വനമായതോടെ അവർ വേദന മറന്ന് ചിരിക്കാൻ തുടങ്ങി. കീമോ വാർഡിൽ ഓടിനടന്ന് എല്ലാവർക്കുമൊപ്പം സെൽഫിയെടുക്കുകയായിരുന്നു മിനി.
രോഗം വന്നതോടെ പുതിയ കുറേ ബന്ധങ്ങൾ കിട്ടി. പ്രതീക്ഷിക്കാത്ത ആളുകളാണ് കൂടെനിന്നത്. നാട്ടുകാരിൽ പലർക്കും രോഗം വന്ന കാര്യം ഇപ്പോഴും അറിയില്ല. രോഗത്തെ പേടിച്ചാൽ അതു നമ്മളെ ഇല്ലാതാക്കുമെന്നാണ് തങ്ങളുടെ അനുഭവത്തിൽനിന്ന് ഇവർ പറയുന്നത്. സന്തോഷത്തോടെയിരിക്കണം എന്നു പറയുന്നത് വെറുതെയല്ല. കൂടെ നിൽക്കാൻ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നതിനാലാവണം തങ്ങൾക്ക് പിടിച്ചുനിൽക്കാനായതെന്നും ഇവർ ഓർക്കുന്നു.
ഒന്നിച്ചൊരു തയ്യൽക്കടയാണ് മോഹം
മൂന്നുപേരും വീട്ടിൽ തയ്യൽ ജോലി ചെയ്യുന്നുണ്ട്. ഒന്നിച്ച് തയ്യൽക്കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ചികിത്സക്കു തന്നെ ലക്ഷങ്ങൾ ചെലവായതിനാൽ ആ മോഹം നടക്കുമെന്ന പ്രതീക്ഷയില്ല. രാധികക്ക് ഹൃദയവാൽവിന് തകരാറുണ്ട്. അതിന്‍റെ ചികിത്സക്കിടെയാണ് അർബുദ ബാധിതയാവുന്നത്. ഭർത്താവ് ആലപ്പുഴ മുട്ടാർ ചിറയിൽ റെജി കൂലിപ്പണിക്കാരനാണ്. വിദ്യാർഥികളായ രേവതിയും രോഹിതുമാണ് മക്കൾ.
ചങ്ങനാശ്ശേരി ടൗണിൽ ഫ്രൂട്സ് കട നടത്തുകയാണ് മിനിയുടെ ഭർത്താവ് കുളങ്ങര വീട്ടിൽ ജിജോ. പായിപ്പാട് കൊച്ചുപള്ളിയിൽ മകൻ ആൽബിൻ ജോസഫുമൊത്താണ് താമസം.