മലയാള സിനിമ സാമ്രാജ്യം കീഴടക്കാൻ ചെങ്കിസ് ഖാൻ
text_fieldsചെങ്കിസ് ഖാൻ
മംഗോളിയയിലെ ഒരു ഗോത്രത്തിൽനിന്നുള്ള ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് ലോകം വിറപ്പിച്ച ഭരണാധികാരിയായി. യൂറോപ്പിലടക്കം നിരവധി പടയോട്ടങ്ങൾ നടത്തി തന്‍റെ സ്വാധീനം വർധിപ്പിച്ച അയാൾ വിജയത്തിനായി കണ്ടെത്തിയ മാർഗം വേഗത എന്നതായിരുന്നു.
കുതിരകളെ കൂടുതലായി തന്‍റെ സൈന്യത്തിലേക്കു ചേർത്ത് ‘ഹോഴ്സ് ആർച്ചേഴ്സ്’ എന്ന പടയാളി വിഭാഗത്തെ ഉൾപ്പെടുത്തി ആക്രമണം കനപ്പിച്ചു. ഇന്നും പല സേനകളും വിജയമന്ത്രമായി ഈ വേഗത്തെ കൂട്ടുപിടിക്കുമ്പോൾ അയാളുടെ നാമവും വാഴ്ത്തപ്പെടുന്നു. അതെ, മംഗോളിയൻ സാമ്രാജ്യ സ്ഥാപകൻ ചെങ്കിസ് ഖാൻ.
ഇങ്ങ് കൊച്ചുകേരളത്തിലും അയാൾക്ക് ആരാധകൻ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അയാൾ തന്‍റെ മകന് ചെങ്കിസ് ബിൻ ബാബ എന്ന് നാമകരണം ചെയ്തത്. എന്നെങ്കിലും തന്‍റെ മകനും അറിയപ്പെടുന്ന ആളാകുമെന്നും അതുകൊണ്ടുതന്നെ നാലാൾ അറിയുന്ന പേരുതന്നെ വേണമെന്നുമുള്ള ആ പിതാവിന്‍റെ സ്വപ്നങ്ങളിലേക്ക് നടന്നടുക്കുകയാണ് ചെങ്കിസ് ഖാൻ എന്ന യുവനടൻ.
സിനിമാരംഗത്ത് ഒട്ടുമിക്ക മേഖലകളിലും കൈവെച്ച സലീം ബാബ എന്ന സംവിധായകന്‍റെ മകൻ ചെങ്കിസ് ഖാനും സിനിമ തന്നെയാണ് ജീവശ്വാസം. റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പ്രമുഖൻ, മോഹിതം, ലോലൻസ്, വലിയങ്ങാടി, ഗുണ്ട തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത സലീം ബാബയുടെ തണലിലാണ് സിനിമയിലേക്കുള്ള ചുവടുവെപ്പെങ്കിലും സ്വന്തമായി കാലുറപ്പിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ചെങ്കിസ് ഖാൻ എന്ന സുന്ദരനായ വില്ലൻ. ആ പ്രയാണത്തിൽ അയാൾ മമ്മൂട്ടിക്കും അജിത്തിനുമൊപ്പവുമെല്ലാം തന്‍റെ പ്രകടനം കാഴ്ചവെച്ചുകഴിഞ്ഞു.
സ്റ്റാർട്ട് ആക്ഷൻ
1999ൽ ഏഴാം വയസ്സിൽ പിതാവ് സംവിധാനം ചെയ്ത റാപ്പിഡ് ആക്ഷൻ ഫോഴ്സിൽ വാണി വിശ്വനാഥിന്‍റെ മകനായാണ് വെള്ളിത്തിരയുടെ മായാവെളിച്ചത്തിന്‍റെ ഭാഗമാകുന്നത്. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ തുടർന്നും അഭിനയിച്ചു. 2017ൽ ലോലൻസ് എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചതോടെയാണ് ചെങ്കിസ് തന്‍റെ വഴി തിരിച്ചറിയുന്നത്.
പിന്നീട് 2020ൽ പുറത്തിറങ്ങിയ ‘ഷൈലോക്കി’ൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച വില്ലൻ കഥാപാത്രമാണ് സിനിമാരംഗത്ത് ഒരു ‘മുഖം’ തരുന്നത്. പിന്നീട് അനിൽ രാധാകൃഷ്ണൻ മേനോന്‍റെ ‘ദിവാൻജിമൂല’, അൻവർ റഷീദിന്‍റെ ‘ട്രാൻസ്’ എന്നീ സിനിമകളിൽ ചെറിയ വേഷം അഭിനയിച്ചു.
നാട്ടിൽ ബിസിനസ് കൂടെ കൊണ്ടുപോകുന്നുണ്ടെങ്കിലും ഉള്ളം നിറയെ സിനിമ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സിനിമക്കായുള്ള കാത്തിരിപ്പ് തുടർന്നു. അതിന് ഫലം കണ്ടു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് നടൻ അജിത് അഭിനയിച്ച ‘തുനിവ്’ ചിത്രത്തിൽ വില്ലനായി മോശമല്ലാത്ത വേഷം ലഭിച്ചത് ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി അഭിനയിച്ച തെലുഗു ചിത്രം ‘ഏജന്റാ’ണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
പരിശീലനത്തിനിടെ ചെങ്കിസ് ഖാൻ
അപ്പനാരാ മോൻ
സിനിമാസംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, കളരി ഗുരുക്കൾ, കരാട്ടേ മാസ്റ്റർ, ഫിറ്റ്നസ് ട്രെയിനർ, സ്റ്റണ്ട് മാസ്റ്റർ തുടങ്ങി നിരവധി വിശേഷണങ്ങൾക്കുടമയാണ് സലീം ബാബ. സംവിധായകനാകുന്നതിനു മുമ്പ് നിരവധി ഭാഷകളിൽ വില്ലൻ കഥാപാത്രങ്ങളായി തിളങ്ങിയിട്ടുണ്ട് ഇദ്ദേഹം.
അതിനാൽതന്നെ ചെങ്കിസ് ഖാന്‍റെ ജനനവും ജിമ്മും ഫിറ്റ്നസും അഭിനയവുമെല്ലാം നിറഞ്ഞുനിൽക്കുന്നത് വീട്ടിലാണ്. കുഞ്ഞുനാൾ തൊട്ടേ ഉപ്പച്ചിയുടെ കരുതലിൽ ജിമ്മിലും മാർഷൽ ആർട്സിലുമെല്ലാം കൈവെക്കാനായത് അഭിനയജീവിതത്തിൽ നേട്ടമായി. ഇൻസ്റ്റഗ്രാം അടക്കം സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ചെങ്കിസ് ഖാൻ തന്‍റെ പരിശീലന സെഷനും റീൽസുമെല്ലാം പങ്കുവെച്ച് ആരാധകരുടെ ൈകയടി നേടുന്നുണ്ട്.
ജാക്കി ചാന്‍റെ ഫാൻ
ഹോളിവുഡ് താരം ജാക്കി ചാൻ ആണ് ഇഷ്ടതാരം. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക സിനിമകളും കണ്ടുകഴിഞ്ഞ ചെങ്കിസ് ഖാന്‍റെ അടുത്ത് ജാക്കി ചാൻ അഭിനയിച്ച സിനിമകളുടെ വലിയൊരു കലക്ഷൻ തന്നെയുണ്ട്. നിധിപോലെ സൂക്ഷിക്കുന്ന അവ ഓരോന്നും ഇപ്പോഴും എടുത്തിട്ട് ഒറ്റയിരിപ്പിൽ കാണും.
മാർഷൽ ആർട്സിൽ മുയ്തായ് പരിശീലിക്കുന്ന താരം വില്ലൻ കഥാപാത്രങ്ങൾക്ക് അത്യന്താപേക്ഷിതമായ ശരീരസൗന്ദര്യം നിലനിർത്താനായി ദിവസം മൂന്നു മണിക്കൂറോളം കഠിനപരിശീലനം നടത്തിവരുന്നു. ബോക്സിങ്, എം.എം.എ എന്നിവയും പരിശീലിക്കുന്നുണ്ട്.
കൂട്ടുകുടുംബം എന്ന കരുത്ത്
ആലുവ ശ്രീമൂലനഗരം കൈപ്ര സ്വദേശിയായ ചെങ്കിസ് ബിൻ ബാബ പത്തിൽ പഠിക്കുമ്പോഴാണ് തന്‍റെ പേര് ഒരു ‘പഞ്ചി’നായി ചെങ്കിസ് ഖാൻ എന്നാക്കുന്നത്. ഉപ്പയോട് പറഞ്ഞപ്പോൾ എതിർപ്പൊന്നുമില്ലാതിരുന്നതിനാൽ ഖാൻ കൂടെ കൂട്ടി. ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന കുടുംബം തന്നെയാണ് തന്‍റെ കരുത്തെന്ന് ഈ ചെറുപ്പക്കാരൻ സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് ജ്യേഷ്ഠന്മാരും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം 11 പേർ അടങ്ങുന്ന കൂട്ടുകുടുംബത്തിന്‍റെ തണലിലാണ് തന്‍റെ വളർച്ചയെന്ന് ഈ കൊച്ചനിയൻ പറയുമ്പോൾ ഉമ്മ ആയിഷ ബീഗത്തിനാണ് അതിൽ പ്രധാന റോൾ. അസ്സൽ ചെങ്കിസ് ഖാൻ തന്‍റെ കുതിരപ്പടയണിയുമായി ദേശങ്ങൾ കീഴടക്കിയതുപോലെ സിനിമാരംഗവും കീഴടക്കാനുള്ള ഊർജം ആ മുഖത്ത് കാണാം.