Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightകംഫർട്ട് സോൺ...

കംഫർട്ട് സോൺ വിട്ടിറങ്ങാം, ലൈഫ് ഒന്ന് മാറ്റി മറിക്കാം. വഴികളിതാ...

text_fields
bookmark_border
write exam with confidence
cancel

ഒരാളുടെ ഒരേ രീതിയിലെ പെരുമാറ്റം, ദിനചര്യ, പ്രവൃത്തി, ജോലിസ്ഥലം എല്ലാം കംഫർട്ട് സോണിലാണ്​. അതിലായിരിക്കുമ്പോൾ ഒരേ തരത്തിലുള്ള പ്രകടനമാകും അയാളിൽനിന്ന്​ പുറത്തുവരുക. ഗ്രോത്ത് സോണിലേക്ക് മാറുമ്പോഴാണ് ജീവിതത്തിൽ ഗുണകരമായ മാറ്റം വരുത്താൻ കഴിയുക...


1. നിങ്ങൾ കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ കംഫർട്ട് സോണിൽനിന്ന് പുറത്തുകടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക.

2. നിങ്ങൾ ഇപ്പോഴുള്ള കംഫർട്ട് സോണിൽ എത്താൻ എന്തു ചെയ്തുവെന്ന് ആലോചിക്കുക. മുന്നോട്ടുപോകണമെങ്കിൽ വീണ്ടും ആ പ്രക്രിയ തുടരണമെന്ന് ഓർക്കുക.

3. ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ഒരു കുറിപ്പ് അല്ലെങ്കിൽ പദ്ധതി തയാറാക്കുക.

4. നിങ്ങൾ ഇപ്പോൾ ആരാണെന്നതിൽനിന്ന് ആരാകാൻ ആഗ്രഹിക്കുന്നു എന്നതിലേക്ക് നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ തയാറെടുക്കുക. ആരാകാൻ ആഗ്രഹിക്കുന്നുവോ അതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ തുടങ്ങുക.

5. നിങ്ങളുടെ പദ്ധതിയനുസരിച്ച് ദിവസവും ചെറിയ ചുവടുകൾ എടുക്കുക. പദ്ധതി ചെറിയ പ്രവർത്തനങ്ങളായി മാറ്റുക.

6. ഓരോ പ്രവൃത്തിയിലും ചെറിയ ബുദ്ധിമുട്ട് അല്ലെങ്കിൽ അസുഖകരമായ ആശങ്ക ചെറിയരീതിയിൽ ഉണ്ടാകും എന്നത് ശരിയാണ്. കംഫർട്ടിനെക്കാൾ മൂല്യം ഈ ചെറിയ ആശങ്കയിലാണെന്നും തന്റെ വളർച്ചയെയും പുരോഗതിയെയും ഇത് സഹായിക്കുമെന്നും തിരിച്ചറിയുക. സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സമ്മാനമായി ആശങ്കയെ കാണുക.

7. ആശങ്ക ഏറെ അസുഖകരം എന്നു തോന്നിയാൽ നിങ്ങളുടെ കംഫർട്ട് സോണിലേക്ക് മടങ്ങാം. തുടർന്ന് സ്വയം തയാറെന്നു തോന്നുമ്പോൾ വീണ്ടും ശ്രമിക്കാം. ഈ ചെറിയ അസ്വസ്ഥതകൾ നിങ്ങളുടെ മിത്രമാണെന്നും അത് നിങ്ങളുടെ ശബ്ദമാണെന്നും മനസ്സിലാക്കുക.

8. നിങ്ങളുടെ ഓരോ പ്രയത്നത്തെയും പ്രോത്സാഹിപ്പിക്കുന്നവരുമായി ഇടപെടാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽനിന്നും പിന്തുണ സ്വീകരിച്ച് മുന്നോട്ടുപോവുക.

9. വീഴ്ചവരുക എന്നത് നോർമലൈസ് ചെയ്യുക, സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. നമ്മുടെ തെറ്റുകൾ കണ്ട് സ്വയം ചിരിക്കാൻ പഠിക്കുക. വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും ശ്രമം തുടരുക.

10. നിങ്ങളുടെ ശക്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പ്രയത്നങ്ങൾ ആഘോഷിക്കുകയും ചെയ്യുക.


കുട്ടികൾ

1. ഇതുവരെ പരിചയപ്പെടാത്ത ഒരു പുതിയ ഗെയിം ഓഫ് പ്ലേയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുക.

2. പുതിയ ഒരാളുമായി സംസാരിക്കുക, പുതിയ സുഹൃത്തിനെ ഉണ്ടാക്കുക.

3. സ്കൂളിലെ ഏതെങ്കിലും ഒരു പുതിയ ക്ലബിൽ ചേരുക. അഥവാ ഒരു പുതിയ ഹോബി ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുക.

4. പുതിയ ഗെയിമുകളോ സുഹൃത്തിനെയോ പരിചയപ്പെടുന്നതിന് മുമ്പ് റോൾ പ്ലേ വഴി വലിയ ആശങ്കകൾ ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കും.​ ഗെയിമിലോ അല്ലെങ്കിൽ ടീമിലോ ചേരുന്നതിനുമുമ്പ് ഗെയിം കാണാൻ പോകുന്നതുപോലെയുള്ള ചെറിയ ചുവടുകൾ എടുക്കുക.

5. ക്ലാസിൽ ഒരു പുതിയ സ്ഥലത്ത് ഇരിക്കാൻ ശ്രമിക്കുക.

6. അധ്യാപകരോട് സംശയം ചോദിക്കാനും അഭിപ്രായം പറയാനുമുള്ള തയാറെടുപ്പ് നടത്തുക.

7. കൃത്യമായ പരിശീലനം ആവശ്യമായ എന്തെങ്കിലും സ്കിൽസ് പഠിക്കാൻ ആരംഭിക്കുക. അങ്ങനെയുള്ള ക്ലാസുകളിൽ ചേരുക.

ഉദാ: ഗിത്താർ, പിയാനോ, കരാട്ടേ ക്ലാസ് പോലുള്ളവ

8. കുട്ടികൾ ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കാനും ഒന്നാമതാവാനുള്ള സമ്മർദം ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരം ഒഴിവാക്കുക. മറിച്ച് അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

9. പരിശ്രമങ്ങൾക്ക് പാരിതോഷികം നൽകുക. അഭിനന്ദിക്കുകയോ സമ്മാനങ്ങളോ ആവാം.

10. വൈവിധ്യം അനുഭവിക്കാനുള്ള അവസരം ഉണ്ടാക്കുക. എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രചോദനം നൽകുക. വൈകല്യമുള്ള കുട്ടികളുമായും ഇടപഴകാൻ പ്രോത്സാഹിപ്പിക്കുക.


സ്ത്രീകൾ, ജോലിക്കാർ

1. കംഫർട്ട് സോണിൽനിന്നുമുള്ള മാറ്റം ചിലപ്പോൾ ഉദ്ദേശിക്കുന്നപോലെ നേർരേഖയിൽ ആകണമെന്നില്ല. ഇടക്ക് കംഫർട്ട് സോണിലേക്ക് പിൻവാങ്ങേണ്ടിവന്നേക്കാം. വീണ്ടും ശക്തി സംഭരിച്ച് മുന്നോട്ടുപോകാം.

2. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ പുതിയ രീതികൾ പരീക്ഷിക്കുക. പുതിയ പാചകക്കുറിപ്പുകൾ, ഓഫിസിൽ ജോലി ചെയ്യുന്നതിനുള്ള പുതിയ രീതികൾ തുടങ്ങിയവ...

3. ഒരു പുതിയ വിഷയം അല്ലെങ്കിൽ ഭാഷ പഠിക്കാൻ ശ്രമിക്കുക.

4. പ്രഫഷനൽ സ്കിൽ ട്രെയിനിങ് തുടരുക. അത് വർക് ഷോപ്, ഓൺലൈൻ വെബിനാർ എന്നിവയിൽ പങ്കെടുക്കുന്നതിലൂടെയാവാം.

5. സാ​ങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ പഠിക്കുക. സമൂഹമാധ്യമത്തിൽ പുതിയ, നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പരിചയപ്പെടുക.

6. ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തുക. പുതിയ വസ്ത്രധാരണം, പുതിയ ഒരു ഹെയർ സ്റ്റൈൽ പോലുള്ളവ പരീക്ഷിക്കാം

7. നടക്കാനും വാഹനം ഓടിക്കാനുമൊക്കെ പുതിയ വഴി തിരഞ്ഞെടുക്കാം.

8. പതിവിൽനിന്ന് വ്യത്യസ്തമായ സംഗീതം കേൾക്കുക, പുതിയ സംഗീതോപകരണം വായിക്കാൻ പഠിക്കുക, പുതിയ വ്യായാമരീതി പരിശീലിക്കുക.

9. കൂട്ടുകാർ, കുടുംബം എന്നിവർക്കൊപ്പം യാത്രകൾ പ്ലാൻ ചെയ്യുക. പതിവുവിട്ട് പുതിയ റസ്റ്റാറന്റുകളിൽ പോയി ഭക്ഷണം കഴിക്കുക.

10. സാമ്പത്തിക അറിവ് നേടുക

11. സത്യസന്ധമായി അഭിപ്രായങ്ങൾ തുറന്നുപറയാൻ തുടങ്ങുക. ചെറിയ ആശങ്കകൾ ആ സമയത്ത് ഉണ്ടായാൽ അത് സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സമ്മാനമായി കണക്കാക്കുക.

12. വ്യത്യസ്ത വീക്ഷണമുണ്ടാവുക. നിങ്ങളുടെ ഇഷ്ടരീതിയിൽനിന്ന് മാറി വ്യത്യസ്തമായ ഒരു ജോണറിലുള്ള പുസ്തകങ്ങൾ വായിക്കുക.

13. അതിർത്തി നിശ്ചയിക്കുക. 'നോ' പറയേണ്ടിടത്ത് അത് പറയുക. വിയോജിപ്പുള്ള കാര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുക.

Show Full Article
TAGS:comfort zone 
News Summary - How to get out of your comfort zone
Next Story