Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right‘ഇക്കിഗായ്’: ആയുസ്സ്...

‘ഇക്കിഗായ്’: ആയുസ്സ് വർധിപ്പിക്കുന്ന ജപ്പാൻ ജനതയുടെ ജീവിതരഹസ്യം; കേരളത്തിലുമുണ്ട് ഒരു ‘ഇക്കിഗായ് തുരുത്ത്’

text_fields
bookmark_border
‘ഇക്കിഗായ്’: ആയുസ്സ് വർധിപ്പിക്കുന്ന ജപ്പാൻ ജനതയുടെ ജീവിതരഹസ്യം; കേരളത്തിലുമുണ്ട് ഒരു ‘ഇക്കിഗായ് തുരുത്ത്’
cancel
camera_alt

സിനർജി ഹോംസിലെ വീടുകൾ. ചി​​​ത്ര​​​ങ്ങ​​​ൾ: നിഷാദ് ഉമ്മർ


ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലിനെതിരെ മുതിർന്നവർ ചേർന്ന് രൂപപ്പെടുത്തിയെടുത്ത പുതുലോകം. അതാണ് സിനർജി ഹോംസ്. പരസ്പരാശ്രയത്വം എന്ന ആശയത്തിലൂന്നിയുള്ള ഒരു ബദൽ ജീവിതമാണ് ഇത് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെയും സന്തോഷപൂർണമായി ജീവിക്കാമെന്ന് കാണിച്ചുതരുകയാണ് ഇവർ

ഉച്ചയൂണിന്‍റെ സമയത്താണ് കോട്ടയം പാലാ രാമപുരം അന്ത്യാളത്തെ സിനർജി ഹോംസിലേക്ക് കയറിച്ചെന്നത്. നേരെ നയിച്ചത് പൊതു അടുക്കളയിലേക്കായിരുന്നു. പ്ലേറ്റിൽ ഭക്ഷണം വിളമ്പിയെടുത്തു. ചോറും വീട്ടുമുറ്റത്തെ നാടൻ പച്ചക്കറികൾകൊണ്ടുള്ള സാമ്പാറും കാബേജ് തോരനും പപ്പടവും അച്ചാറും പച്ചമോരും കൂട്ടി ലളിതവും സ്വാദി ഷ്ഠവുമായൊരു ഊണ്.

നീളൻ മേശയിൽ എല്ലാവർക്കുമൊപ്പമിരുന്ന് വർത്തമാനം പറഞ്ഞ് കഴിച്ചു. അവരവരുടെ പ്ലേറ്റ് കഴുകി യഥാസ്ഥാനത്തുവെച്ച് അടുക്കളക്കെട്ടിടത്തിന്‍റെ മുകളിലേക്കു പടികൾ കയറി, തെളിനീരുമായൊഴുകുന്ന ളാലം തോട്ടിലേക്ക് കാഴ്ചയെത്തുന്ന വലിയ ബാൽക്കണിയിലേക്ക്.

അവിടെ വൃത്താകൃതിയിൽ അടുപ്പിച്ചിട്ട കസേരയിലിരുന്ന് അവർ പറഞ്ഞുതുടങ്ങി. സിനർജി ഹോംസിനെക്കുറിച്ച്, അവർ കണ്ട സ്വപ്നങ്ങളെക്കുറിച്ച്, ഇനിയും പിന്നിടാനുള്ള പാതകളെക്കുറിച്ച്...

സിനർജി ഹോംസ് കുടുംബാംഗങ്ങൾ

കൂട്ടായ്മയിൽ തുടക്കം

പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല ഈ ആശയം. വർഷങ്ങളായി ഒരുമിച്ചുനിന്ന് പ്രവർത്തിച്ചപ്പോൾ കിട്ടിയ തിരിച്ചറിവുകളിൽ ചിലതാണ് ഒന്നിച്ചുവളരാം എന്ന തോന്നലിലെത്തിച്ചത്. ഇവരുടെ വാക്കുകളിൽ പറഞ്ഞാൽ ഒറ്റപ്പെടലിനെതിരായ മുതിർന്നവരുടെ ആശയ സാഹസികതയാണ് സിനർജി ഹോംസ്.

1993ൽ ആണ് മനഃശാസ്ത്രാധിഷ്ഠിത സമീപനമായ തീം സെന്‍റേഡ് ഇന്‍ററാക്ഷൻ (ടി.സി.ഐ) എന്ന ആശയം ഇന്ത്യയിലെത്തുന്നത്. എം.ജി സർവകലാശാലയിൽ ഇതുസംബന്ധിച്ച കോഴ്സുകളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.

2014ൽ എം.ജി സർവകലാശാല മുതിർന്ന പൗരന്മാർക്കായി തീം സെന്‍റേഡ് ഇന്‍ററാക്ഷൻ ശിൽപശാലകൾ നടത്തി. ഐശ്വര്യത്തോടെ പ്രായമാകാം, അർഥവത്തായി ജീവിക്കാം എന്നതായിരുന്നു തീം. ശിൽപശാലകളിൽ പങ്കെടുത്തവർ ഒത്തുചേർന്ന് മുതിർന്നവർക്കായി ഒരു സംഘടന രൂപവത്കരിക്കാൻ തീരുമാനമെടുത്തു. അങ്ങനെ 2015 മാർച്ചിൽ സിനർജി ടി.സി.ഐ ഫോറം ഫോർ സീനിയർ സിറ്റിസൺസ് എന്ന സംഘടന പ്രവർത്തനം തുടങ്ങി.

25 അംഗങ്ങളുമായി ആരംഭിച്ച സംഘടനയിൽ ഇപ്പോൾ എഴുപത്തഞ്ചിലേറെ സജീവ അംഗങ്ങളുണ്ട്. എല്ലാവരും 55ൽ ഏറെ പ്രായമുള്ളവർ. 2019ലാണ് ഒന്നിച്ചു വളരാം എന്ന ചിന്തയിലെത്തിയത്. 15 കുടുംബങ്ങൾ മുന്നോട്ടുവന്നു. മുൻമാതൃകകളില്ലാതെ സ്വയം വഴിവെട്ടിത്തെളിച്ചു മുന്നേറണമെന്നത് വലിയ വെല്ലുവിളിയായിരുന്നു. സൊസൈറ്റി ഫോർ ഓൾട്ടർനേറ്റ് ലിവിങ് രൂപവത്കരിച്ച് നിയമാവലി ഉണ്ടാക്കി.

സിനർജി ഹോംസ്

പ്രതിസന്ധികൾ പിന്നിട്ട്

പുഴയുടെയോ തോടിന്‍റെയോ അരികിൽ പച്ചപ്പുള്ള സ്ഥലം, പുഴയിൽ ഇറങ്ങിക്കുളിക്കാൻ സൗകര്യം, വൈകുന്നേരങ്ങളിൽ സംഗീതം, മിണ്ടിയിരിക്കാൻ ദിവസേന വീടുകളിൽ സന്ദർശകർ, ഗേറ്റുകളും മതിലുകളുമില്ലാത്ത വീടുകൾ... എല്ലാവരും ചേർന്നപ്പോൾ ആശയങ്ങളേറെ. പിന്നെ സ്ഥലം തേടി നടപ്പായി.

നിരവധി സ്ഥലങ്ങൾ കണ്ട് ഒടുവിലാണ് പാലായിൽനിന്ന് ആറര കിലോമീറ്റർ അകലെ അന്ത്യാളത്തെത്തിയത്. മനസ്സിൽ കണ്ടതുപോലെ, കുടുംബാംഗങ്ങളിലൊരാളുടെ മകളും ആർക്കിടെക്റ്റുമായ അനു ട്രീസ എബ്രഹാം സിനർജി ഹോംസ് സൃഷ്ടിച്ചുതന്നു. നാലുവർഷമെടുത്തു യാഥാർഥ്യമാവാൻ.

കോവിഡ് അടക്കം പ്രതിസന്ധികൾ പിന്നിട്ട് 2024 നവംബർ രണ്ടിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങി. ഇന്ന് നിരവധി പേരാണ് സിനർജി ഹോംസ് സന്ദർശിക്കാനും പഠിക്കാനുമായെത്തുന്നത്. ഇത്തരത്തിൽ ബദൽ ജീവിതം സ്വപ്നം കാണുന്നവർക്ക് വഴികാട്ടിയുമാവുന്നു.

മീനച്ചിലാറിന്‍റെ കൈവഴിയായ ളാലം തോടിനാൽ മൂന്നുഭാഗവും അതിരിടുന്ന ഒന്നര ഏക്കർ ഭൂമിയിലാണ് സിനർജി ഹോംസ് സ്ഥിതിചെയ്യുന്നത്. നാലര സെന്‍റാണ് ഓരോ കുടുംബത്തിനുമുള്ളത്. രണ്ടു മുറിയുള്ള വീടുകൾ. 728 ചതുരശ്ര അടിയാണ് ഓരോ വീടിന്‍റെയും വലുപ്പം. ബാക്കി സ്ഥലത്ത് പൊതുവഴി, കോമൺ ഫെസിലിറ്റി സെന്‍റർ, കിണർ, വാട്ടർ ടാങ്ക്, പാർക്കിങ് ഏരിയ തുടങ്ങിയവയാണ്.

30 പേർ ചേർന്ന് രൂപവത്കരിച്ച സൊസൈറ്റി ഫോർ ഓൾട്ടർനേറ്റ് ലിവിങ് എന്ന സൊസൈറ്റിയാണ് സിനർജി ഹോംസിനെ നയിക്കുന്നത്. സിനര്‍ജി ഹോംസിനെ മാതൃകയാക്കിയാണ് എം.ജി സർവകലാശാല മുതിർന്ന പൗരന്മാരുടെ സാമൂഹിക ഇടപെടൽ യാഥാർഥ്യമാക്കുന്ന U3A ക്ക് (യൂനിവേഴ്സിറ്റി ഓഫ് ദ തേര്‍ഡ് ഏജ്) തുടക്കമിട്ടത്.

ആറ്റുകടവ്

ഒറ്റക്കാവാൻ മനസ്സില്ല

ഭാര്യയും ഭർത്താവും അടങ്ങുന്ന 15 കുടുംബങ്ങൾ, മതിലുകൾ വേർതിരിക്കാനില്ലാത്ത, ഒരുപോലുള്ള 15 വീടുകൾ, പൊതു അടുക്കള, ഒന്നിച്ചിരിക്കാനിടം, ഒന്നിച്ചുള്ള യാത്രകൾ, ഒന്നിച്ചുള്ള നേരമ്പോക്കുകൾ... തുടങ്ങി ഇവിടെയെല്ലാം ഒന്നിച്ചാണ്, അല്ലെങ്കിൽ ഇവിടെയാരും ഒറ്റക്കൊറ്റക്കല്ല.

വിരമിക്കൽ എന്നൊന്നില്ല ഇവരുടെ ചിന്തകളിൽ. വയസ്സായെന്നു കരുതി ഒന്നും ചെയ്യാനുമില്ലാതാകുന്നില്ല. പാട്ടുകൂട്ടം, റീഡേഴ്സ് ഫോറം, കൈയെഴുത്തു മാസിക, മൂന്നു മാസത്തിലൊരിക്കല്‍ യാത്ര, ഒന്നര മണിക്കൂര്‍ നീളുന്ന ടി.സി.ഐ സെഷന്‍, ഹ്യൂമന്‍ ലൈബ്രറി, പ്രതിമാസ ലിവിങ് ലേണിങ് ഗ്രൂപ്പുകള്‍ അങ്ങനെ ഇവിടെ എല്ലാവരും തിരക്കിലാണ്.

സിനർജി എന്ന വാക്കിന് സംഘോർജം എന്നാണ് അർഥം. ഒറ്റക്കുനിൽക്കാതെ ഒന്നിച്ചുനിൽക്കുമ്പോൾ ലഭിക്കുന്ന ഊർജം. മനുഷ്യര്‍ ചെറുവൃത്തങ്ങളായി കൂടിയാലോചിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം സ്വസ്ഥമാകും. പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും.

അതത് സമൂഹങ്ങളില്‍ അവ പരിഹരിക്കപ്പെട്ടുകൊള്ളും. പ്രാദേശികാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരുന്ന ഓരോ ചെറുസമൂഹവും പരസ്പരം ബന്ധപ്പെട്ട് വിശ്വാസ സമൂഹം ആയിക്കൊള്ളും എന്നതാണ് സിനർജിക്കാരുടെ അടിസ്ഥാനതത്ത്വം.

സിനർജി ഹോംസ് കുടുംബാംഗങ്ങളുടെ വട്ടം കൂടൽ

അടുക്കട്ടെ മനുഷ്യർ

കണ്ടുപിരിയുമ്പോൾ ഒരു പതിവുണ്ട് ഇവിടെ. ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് വൃത്തത്തിൽനിന്ന് പരസ്പരം കൈകൾ ചേർത്തുപിടിച്ചശേഷം ഒരു ചുവട് മുന്നോട്ടുവെക്കുക. വൃത്തം ചെറുതാവുമ്പോൾ മനുഷ്യർക്കിടയിലെ അകലം ഇല്ലാതായപോലെ മനസ്സിലെ അകലവും നൂലിഴ പോലെ നേർത്തുവരും.

അക്ഷരനഗരി മറക്കില്ല ഇദ്ദേഹത്തെ

ഇതൊരു തുടക്കം മാത്രമാണെന്ന് സിനർജിക്കാർ പറയുമെങ്കിലും ഇവരുടെ ചുവടുവെപ്പിനെ വിശ്വസിക്കാതിരിക്കാനാവില്ല. കാരണം ഇവരിലൊരാൾ പ്രഫ.സി. തോമസ് എബ്രഹാം ആണ്. കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രയത്നിച്ചയാൾ.

ജില്ല ഭരണകൂടവും നഗരസഭയും എം.ജി സര്‍വകലാശാലയും ഒന്നിച്ചാണ് 100 ദിവസത്തെ സാക്ഷരത യജ്ഞത്തിലൂടെ സാക്ഷര നഗരമെന്ന നേട്ടം കൈവരിച്ചത്. അന്ന് ജില്ല കലക്ടർ അൽഫോൻസ് കണ്ണന്താനം, വൈസ് ചാൻസലർ യു.ആർ. അനന്തമൂർത്തി എന്നിവർക്കൊപ്പം നിന്ന മൂന്നാമനായിരുന്നു എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായിരുന്ന പ്രഫ. തോമസ് എബ്രഹാം. എം.ജി സർവകലാശാലയിലെ മുൻ ഇംഗ്ലീഷ് പ്രഫസറും നാഷനൽ സർവിസ് സ്കീം കോഓഡിനേറ്ററും ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ ഡിപ്പാർട്മെന്‍റിന്‍റെ തലവനുമായിരുന്നു ഇദ്ദേഹം.

സിനർജി ഹോംസിലെ താമസക്കാർ

ഡോ.സി. തോമസ് എബ്രഹാം - മോളി, ഡോ.എം.സി. ജോസഫ്- വത്സമ്മ, കേണല്‍ പി.സി. ഫിലിപ് - മറിയമ്മ, മാണി ജോണ്‍ - ലിസി, ജോയ് മാത്യു - ഗ്രെറ്റ, കേണല്‍ മാത്യു മുരിക്കന്‍ - ഡോളി, അലക്സ് മാത്യു - മിനി, എബ്രഹാം തോമസ് - ലിസി, പ്രഫ. ടി.പി. പോള്‍ - പ്രഫ. മേരി പോൾ, ബ്രിജേഷ് ജോര്‍ജ് - ഫോസി, നാസര്‍ മേത്തര്‍ - ഷീബ, നാരായണന്‍ പോറ്റി - രാധാദേവി, പ്രഫ. ജോബി ജോസഫ്- ആൻസി, ജേക്കബ് കാട്ടാമ്പള്ളി -ആന്‍സി, എം.കെ. മാത്യു (മോട്ടി) - ലാലി.

എന്താണ് ഇക്കിഗായ്?

ജപ്പാൻ ജനതയുടെ ജീവിതരഹസ്യമാണ് ഇക്കിഗായ് എന്ന ആശയം. ജീവിക്കാനുള്ള കാരണം എന്നാണ് ഇക്കിഗായ് എന്ന വാക്കിനർഥം. ഓരോരുത്തർക്കും ജീവിക്കാൻ ഒരു കാരണം വേണം. ആ ലക്ഷ്യബോധമുണ്ടെങ്കിൽ സന്തോഷപ്രദവും ആരോഗ്യദായകവുമായ ജീവിതം നയിക്കാമെന്നാണ് ജാപ്പനീസ് ജനതയുടെ വിശ്വാസം. കേരളത്തിലെ ഒരു ‘ഇക്കിഗായ് തുരുത്ത്’ ആകണമെന്നാണ് സിനര്‍ജി ഹോംസിന്‍റെ ആഗ്രഹം.

Show Full Article
TAGS:Lifestyle ikigai Japanese Synergy home 
News Summary - Ikigai in Kerala
Next Story