‘ശരീരത്തെ തളർത്താനേ പോളിയോക്ക് കഴിയൂ, മനക്കരുത്ത് ഇല്ലാതാക്കാനാവില്ല’ -വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന ‘കാഥികൻ ഷാജി’
text_fieldsകാഥികൻ ഷാജി കഥാപ്രസംഗ വേദിയിൽ
‘പുഷ്പിത ജീവിത വാടിയിലോ-
രപ്സര സുന്ദരിയാണനീസ്യ
ആരാധകരില്ലാത്താ വനിയിൽ
ആരോമൽ നായികയാണനീസ്യ
ദാഹമേ തീവ്ര ഹൃദയ ദാഹം
ദാഹിച്ചു ദാഹിച്ചു വാണനീസ്യ...’
കഥാപ്രസംഗ പ്രിയരുടെ മനസ്സിൽനിന്നൊരിക്കലും മായില്ല ഈ വരികൾ. ഓർമച്ചുണ്ടുകളറിയാതെ മൂളിപ്പോകും. കഥാപ്രസംഗമെന്നാൽ വി. സാംബശിവനെന്ന് പതിഞ്ഞുപോയ കാലത്ത് ആ പേരിനൊപ്പം സ്ഥിരപ്രതിഷ്ഠ നേടിയ കഥകളിലൊന്നാണ് ‘അനീസ്യ’.
വിഖ്യാത റഷ്യൻ എഴുത്തുകാരൻ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്ക്നെസ്’ എന്ന നാടകത്തിന്റെ കഥാപ്രസംഗാവിഷ്കാരം. അതിലെ നായികയാണ് അനീസ്യ.
വി. സാംബശിവനെ ഗുരുവായി മനസ്സാവരിച്ച് അനീസ്യയുടെ കഥ മുഴുവൻ മനഃപാഠമാക്കി കഥാപ്രസംഗ വേദിയിൽ പിച്ചവെച്ച് തുടങ്ങിയ ഒരു കലാകാരനുണ്ട്. ഒന്നര വയസ്സിൽ പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന ‘കാഥികൻ ഷാജി’. കാഥികരിലെ ഭിന്നശേഷിക്കാരൻ.
കഥാപ്രസംഗമെന്ന മലയാളത്തിന്റെ സ്വന്തം കലാരൂപം ജന്മശതാബ്ദി പൂർത്തിയാക്കിയ കാലത്ത് തന്നെ കുറ്റിയറ്റുതുടങ്ങിയപ്പോൾ അതിനെ വീണ്ടെടുക്കാൻ ശ്രമം നടത്തുന്ന, കാഥികരിലൊരാൾകൂടിയാണ് അദ്ദേഹം.
തിരുവനന്തപുരം പെരിങ്ങമ്മലക്ക് സമീപം ചിറ്റൂർ ഗാന്ധി നഗറിൽ സ്ഥിരതാമസക്കാരനായ ഷാജിയുടെ വീടിനു മുന്നിൽ വലിയ ഫ്ലക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. അതിലിങ്ങനെ വായിക്കാം, ‘കാഥികൻ ഷാജിയും സംഘവും വീണ്ടും കഥാപ്രസംഗ വേദിയിലേക്ക്. ഞങ്ങൾക്കും ഒരു വേദി. ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥ, ‘അനീസ്യ.’
കാഥികൻ ഷാജി
ആസ്വാദകർ നെഞ്ചോട് ചേർത്തപ്പോൾ
20 വർഷം നീണ്ട ഇടവേളക്കു ശേഷം ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഷാജി വീണ്ടും കഥ പറയാൻ തുടങ്ങിയത്, ജന്മനാടായ കൊച്ചുകലുങ്കിലെ ശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ ഒാണാഘോഷ പരിപാടിയിൽ. അത് ജന്മനാടിന്റെ അണച്ചുപിടിക്കലായിരുന്നു.
വിതുര സ്വരാജ് ഗേറ്റിലെ ബാലഭവൻ നാടകക്കളരിയായിരുന്നു രണ്ടാമത്തെ വേദി. അവിടെ പ്രതീക്ഷിച്ചതിൽ കൂടുതലാളുകളെത്തി. അവരെല്ലാം കഥാപ്രസംഗം നന്നായി ആസ്വദിച്ചു. അവിടെനിന്ന് ലഭിച്ച സ്വീകാര്യത കഥാപ്രസംഗം ഇക്കാലത്തും ആസ്വദിക്കപ്പെടുമെന്ന് തെളിയിച്ചെന്ന് ഷാജി പറയുന്നു.
ഈ രംഗത്ത് ധൈര്യമായി മുന്നോട്ടുപോകൂ എന്ന് ആ സദസ്സ് പ്രചോദനമേകി. അതിനുശേഷമാണ് വീട്ടുമുറ്റത്ത് ബോർഡ് വെച്ചത്.
മുട്ടുകാലിലിഴഞ്ഞ് തുടങ്ങിയ ജീവിതമാണ്. ഇരുന്നൂറോളം വേദികൾ വിജയകരമായി പിന്നിട്ട് തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്ന കാഥികനായി അക്കാലത്ത് വളർന്നു. കഥകൾ പലത് പറഞ്ഞു. അതെല്ലാം ആസ്വാദക ഹൃദയം കവർന്നു.
‘അനീസ്യ’യെ വി. സാംബശിവന്റെ അതേ ശബ്ദസൗകുമാര്യത്തിലും ഗാംഭീര്യത്തിലും തന്നെ കേൾക്കാനായെന്ന് അന്നും മൂന്ന് പതിറ്റാണ്ടിപ്പുറവും ആളുകൾ ഒരുപോലെ പറയുന്നത് കേൾക്കുേമ്പാൾ കിട്ടുന്ന ആത്മവിശ്വാസം ഏത് പ്രതികൂലങ്ങളെയും തരണം ചെയ്യാൻ കരുത്തേകുന്നെന്ന് ഷാജി പറയുന്നു.
വിതുരയിലെ ആസ്വാദകർ ഓരോരുത്തരും വേദിയിലേക്ക് കയറിവന്ന് ആശ്ലേഷിച്ചതും അതേ വാക്കുകൾകൊണ്ടാണ്
എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനൊപ്പം (ഫയൽ ചിത്രം)
എഴുത്തും വായനയും സ്വപ്രയത്നത്താൽ
കൊച്ചുകലുങ്ക് കുഴിവിള വീട്ടിൽ ‘പച്ചക്കെട്ട്’ എന്നറിയപ്പെട്ടിരുന്ന ഷാഹുൽ ഹമീദിന്റെയും സുബൈദ ബീവിയുടെയും ആറു മക്കളിൽ മൂന്നാമനായ ഷാജഹാൻ വിധിയോട് പൊരുതിയാണ് വളർന്നത്. ഒന്നര വയസ്സിൽ പോളിയോ ബാധ. അത് സമ്മാനിച്ചത് 80 ശതമാനം ശാരീരിക പരിമിതി. ബാല്യം അവിടെ തീർന്നു.
ഏഴു വയസ്സുവരെ പലവിധ ചികിത്സ. ആയുർവേദ കോളജ് ആശുപത്രിയിൽ ദീർഘകാലം. പിന്നെ വീട്ടിലും ദീർഘനാൾ ചികിത്സ. ഏഴു വയസ്സുവരെ ഒരേ കിടപ്പ്. അതിനുശേഷം ഇഴഞ്ഞുതുടങ്ങി. സ്കൂളിൽ പോകാനായില്ല. 13ാം വയസ്സിൽ മദ്റസയിൽ ചേർത്തു. അത് വീട്ടിന് തൊട്ടടുത്തായതിനാൽ എടുത്തുകൊണ്ട് ചെന്നാക്കാൻ കഴിയുമായിരുന്നു വീട്ടുകാർക്ക്.
അപ്പോഴും സ്കൂൾ അപ്രാപ്യമായി. എന്നിട്ടും എഴുത്തും വായനയും സ്വപ്രയത്നത്താൽ സ്വായത്തമാക്കി. അറബി, മലയാളം അക്ഷരങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പലരോട് ചോദിച്ചും കണ്ടും കേട്ടും പഠിച്ചു. വായന ശീലമാക്കി. അത് വാക്കുകളുടെ വലിയ കിഴി സമ്മാനിച്ചു. പതിയെ എഴുതാൻ തുടങ്ങി.
കഥയും പാട്ടുകളുമൊക്കെ കുറിച്ചു. അതിനിടയിലാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ കാസെറ്റിൽ കേട്ടുതുടങ്ങിയത്. ഒരിക്കൽ ഒരു ഉത്സവസ്ഥലത്ത് പോയി നേരിട്ട് കേട്ടു. പല കഥാപ്രസംഗങ്ങളും മനഃപാഠമായി. അതിൽ ‘അനീസ്യ’യാണ് വള്ളിപുള്ളി വിടാതെ മുഴുവനായി മനസ്സിൽ ആഴത്തിൽ പതിഞ്ഞത്.
ആദ്യ വേദി
ആയിടക്കാണ് തിരുവനന്തപുരത്തെ നാലാഞ്ചിറ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ വാച്ച് റിപ്പയറിങ് പഠിക്കാൻ വീട്ടുകാർ ചേർക്കുന്നത്. അവിടെ കേന്ദ്രം അധികൃതരുടെ നിർബന്ധപ്രകാരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കു മുന്നിൽ ‘അനീസ്യ’ കഥാപ്രസംഗം അവതരിപ്പിച്ചു. 1982ലായിരുന്നു അത്.
ശേഷമാണ് സ്വന്തം നാട്ടിലെ ഓണാഘോഷ പരിപാടിയിലുൾപ്പെടെ കഥാപ്രസംഗം അവതരിപ്പിച്ചുതുടങ്ങിയത്.
തങ്കച്ചൻ
കൂട്ടായ കൂട്ടുകാർ
ചെറുപ്പം മുതൽ എവിടെ പോകാനും വേദികളിലെത്തിക്കാനും സഹായികളായി തങ്കച്ചനും അനിലുമുൾപ്പെടെ നിരവധി കൂട്ടുകാർ ഉണ്ടായിരുന്നു. തങ്കച്ചനാണ് കൂടുതൽ സമയവും ഇല്ലാത്ത കാലിന് പകരമായി ഒപ്പമുണ്ടാവുക. അയാളുടെ സൈക്കിളിലും ചുമലിലുമേറിയാണ് എല്ലായിടത്തും പോയിരുന്നത്.
കുടുംബവുമൊക്കെയായി അയാൾ ചുമതലകളും പരാധീനതകളുമായി തിരക്കിലാണെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം വരും. ഇപ്പോൾ സഞ്ചരിക്കാൻ ഭിന്നശേഷി സൗഹൃദ സ്കൂട്ടറുള്ളതിനാൽ തങ്കച്ചന്‍റെ ചുമലോ സൈക്കിളോ വേണ്ടെങ്കിലും ആ കൂട്ട് വേണം, പണ്ടേ ശീലിച്ച ആശ്രയത്വമാണത്.
അതില്ലെങ്കിൽ ഒരു നിരാശ്രയത്വം, ഏകാന്തതയൊക്കെ അനുഭവപ്പെടും. ആ ഉറ്റസുഹൃത്തിനെ കുറിച്ച് മാത്രമല്ല ചെറുപ്പകാലം മുതൽ സഹായികളായി ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പറയുേമ്പാൾ ഷാജഹാന്‍റെ കണ്ണുനിറയും.
1. പിതാവ് പച്ചക്കെട്ട് ഷാഹുൽ ഹമീദ് 2. മാതാവ് സുബൈദ ബീവി
ജീവിത നാടകത്തിലെ വേഷങ്ങൾ
കഥാപ്രസംഗങ്ങൾക്കുവേണ്ടി സ്വീകരിക്കുന്ന രചനകളിൽ കവിതകളും ഉപകഥകളും എഴുതിച്ചേർത്തിട്ടുള്ളത് അധികവും ഷാജഹാൻ തന്നെയാണ്. മിക്ക പാട്ടുകൾക്കും ഈണം പകർന്നതും സ്വന്തമായിത്തന്നെ. ഇതിനിടയിൽ ചെറുകിട പ്രഫഷനൽ സമിതികളുടെ നാടകങ്ങൾക്കുവേണ്ടി സംഗീത സംവിധാനം, ആലാപനം, നാടകാഭിനയം, അമച്വർ നാടകങ്ങളുടെ സംവിധാനം തുടങ്ങിയവ ചെയ്തു.
പിന്നീട് കഥാപ്രസംഗത്തിന് പ്രഫഷനൽ രംഗത്ത് ക്ഷീണം ബാധിച്ചു. ഇതിനിടയിൽ വിവാഹിതനാവുകയും രണ്ടു മക്കളാവുകയും ചെയ്തതോടെ കുടുംബഭാരവും ചുമലിലായി. വേദികളില്ലാതായി ഉപജീവനത്തിന് വഴികളടഞ്ഞപ്പോൾ തുന്നൽ പഠിച്ച് ജീവിതം വീണ്ടും തുന്നിച്ചേർക്കാൻ ശ്രമം നടത്തി.
തയ്യൽ രംഗത്തും ക്ഷീണം വന്നപ്പോൾ ചായക്കടയും മുറുക്കാൻ കടയുമൊക്കെ നടത്തി. ആദ്യകാലത്ത് ബീഡി തെറുപ്പ് ജോലി ചെയ്തിരുന്നു. അതാണ് ആദ്യം പഠിച്ച തൊഴിൽ. ആദ്യ വരുമാനം കിട്ടിയതും അതിൽനിന്നാണ്.
കുടുംബത്തോടൊപ്പം
വീണ്ടും വേദിയിലേക്ക്
കുടുംബജീവിതം നല്ലനിലയിൽ തുടരുേമ്പാഴാണ് കഥാപ്രസംഗ രംഗത്ത് ക്ഷീണമുണ്ടാവുന്നതും അത് ജീവിതത്തെ ബാധിക്കുന്നതും. വല്ലാതെ ബുദ്ധിമുട്ടി. അതിനിടയിൽ ഭാര്യയുടെ മരണം ആകെ ഉലച്ചുകളഞ്ഞു.
തുണയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് നിരാശ്രയത്വം തീക്ഷ്ണമായി ബോധ്യപ്പെടുത്തിയപ്പോൾ മറ്റൊരു വിവാഹം കഴിച്ചു. രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. സർക്കാറിന്‍റെ ക്ഷേമപെൻഷനായിരുന്നു പിന്നീട് ഏക ആശ്രയം.
മസ്റ്ററിങ് സമയത്ത് അത് ചെയ്യാൻ ചുമതലപ്പെട്ടവർ അനാസ്ഥ കാണിച്ചപ്പോൾ അത് മുടങ്ങുന്ന അവസ്ഥയുണ്ടായി. അത് വാർത്തയായി. പലരും സഹായിക്കാനെത്തി.
വീട്ടിലിരിക്കുന്ന സമയങ്ങളിലെല്ലാം മരുമകൻ സമ്മാനിച്ച ഒരു ബ്ലൂടൂത്ത് സ്പീക്കർ ഉപയോഗിച്ച് പാട്ടുപാടിയാണ് തന്നിലെ കലയെ സംരക്ഷിച്ച് നിലനിർത്തിവന്നത്. പലരും പ്രചോദിപ്പിച്ചപ്പോഴാണ് കഥാപ്രസംഗവുമായി വീണ്ടും വേദിയിലെത്താൻ തുനിഞ്ഞത്.
പുതിയൊരു കഥയുടെ പണിപ്പുരയിലാണ്. വീണ്ടും ഉത്സവപറമ്പുകളുടെയും മറ്റ് ആഘോഷവേദികളുടെയും വിളിക്കായുള്ള കാത്തിരിപ്പിലാണ്. വീണ്ടും കഥാപ്രസംഗത്തിന്റെ വസന്തകാലം പൂത്തുലയുമെന്ന പ്രത്യാശയോടെ...