Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right‘‘മോനെ ഞങ്ങളുടെ...

‘‘മോനെ ഞങ്ങളുടെ മക്കൾക്ക് പറ്റിയ ആരേലും ഉണ്ടോ, അവരുടെ കല്യാണം ഞങ്ങൾ മരിക്കുന്നതിന് മുമ്പ് കാണണമെന്ന് കൊതിയുണ്ട്’’ -ഭിന്നശേഷിക്കാരുടെ വിവാഹം സാധ‍്യമാക്കുന്ന ‘ഡിഫറന്‍റ് മാര്യേജ് പ്ലാറ്റ്ഫോം’ യൂട്യൂബ് ചാനലിനെക്കുറിച്ചറിയാം

text_fields
bookmark_border
‘‘മോനെ ഞങ്ങളുടെ മക്കൾക്ക് പറ്റിയ ആരേലും ഉണ്ടോ, അവരുടെ കല്യാണം ഞങ്ങൾ മരിക്കുന്നതിന് മുമ്പ് കാണണമെന്ന് കൊതിയുണ്ട്’’ -ഭിന്നശേഷിക്കാരുടെ വിവാഹം സാധ‍്യമാക്കുന്ന ‘ഡിഫറന്‍റ് മാര്യേജ് പ്ലാറ്റ്ഫോം’ യൂട്യൂബ് ചാനലിനെക്കുറിച്ചറിയാം
cancel
camera_alt

ഹംസയും ഭാര്യ റിസ്​വാനയും

‘‘ഹായ് ഫ്രണ്ട്സ്, ഈ കുട്ടിക്ക് വരനെ ആവശ്യമുണ്ട്, അനുയോജ്യരായവർ മുന്നോട്ടുവരുക’’ എന്ന മുഖവുരയോടെയുള്ള യൂട്യൂബ് വിഡിയോകളിലൂടെ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 90ഓളം പേർ.

‘നമുക്കൊന്ന് ശ്രമിച്ചു നോക്കാം’ എന്ന ഉറപ്പിൽ വിശ്വസിച്ച അസ്മ, ഷിഫ, സുമയ്യ, ഹരിത, സുഹൈദ, നൂർജഹാൻ ഉൾപ്പെടെയുള്ളവരുടെ കൂടെ ഇന്നുള്ളത് സ്വന്തം കുടുംബത്തേക്കാൾ അവരെ മനസ്സിലാക്കുന്ന, കൂടെ നിൽക്കുന്ന പങ്കാളിയാണ്.

ഭിന്നശേഷിക്കാരിയെ ജീവിതസഖിയാക്കി പിന്നീട് ഭിന്നശേഷിക്കാരുടെ വിവാഹ സ്വപ്നങ്ങൾക്ക് ചിറകേകാനായി ഹംസ എന്ന വടകരക്കാരൻ ആരംഭിച്ച ‘ഡിഫറന്‍റ് മാര്യേജ് പ്ലാറ്റ്ഫോം’ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവാഹങ്ങൾ സാധ‍്യമായത്. ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടിനടന്ന് വിഡിയോ ചെയ്യുന്ന തിരക്കിലാണ് ഹംസ.

ഹംസ വിത്ത്‌ മിന്നു

പഠനകാലം മുതൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഹംസ. അന്നു മുതൽ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരെ നേരിൽ കണ്ട് സഹായങ്ങൾ ചെയ്യാറുണ്ട്. ബീച്ചിൽ ചായവിൽപന നടത്തിയും ആക്രി വിറ്റും ഒരുദിവസം നാലു ജോലി വരെ ചെയ്താണ് തന്റെ ജീവിതം തുടങ്ങിയതെന്ന ബോധ്യത്താലാണത്.

പിന്നീടെപ്പോഴോ മനസ്സിൽ കടന്നുകൂടിയ ആഗ്രഹമായിരുന്നു ഭിന്നശേഷിക്കാരിയെ വിവാഹം കഴിക്കുക എന്നത്. ആ ആഗ്രഹത്തിന്‍റെ പൂർത്തീകരണവും തുടർന്നുള്ള ജീവിതവും ഹംസ പറയുന്നു...

ഏഴു വർഷം മുമ്പ് ഒരു വിവാഹ സംഗമ പരിപാടിയിൽ പങ്കെടുക്കവെയാണ് മിന്നു എന്ന റിസ്​വാനയെ കണ്ടുമുട്ടുന്നതും കണ്ട മാത്രയിൽ ഇഷ്ടപ്പെട്ട് കൂടെ കൂട്ടുന്നതും. അന്ന് പിടിച്ച കൈ ഇതുവരെ വിട്ടിട്ടില്ല. കാഴ്ചപരിമിതിയുള്ള മിന്നുവിനെ അന്ന് വീട്ടുകാരും മറ്റും അംഗീകരിച്ചിരുന്നില്ല. ഒരുപാട് എതിർപ്പുകൾക്കിടയിലും എന്‍റെ തീരുമാനം ഉറച്ചതാണെന്ന് അവർക്ക് ബോധ്യപ്പെട്ടതോടെയാണ് എതിർപ്പുകൾ അലിഞ്ഞില്ലാതായത്.

2019ൽ നടന്ന വിവാഹ ശേഷം ഞങ്ങളുടെ ദാമ്പത്യം പരാജയമല്ലെന്ന് സമൂഹത്തിന് മുന്നിൽ തെളിയിക്കണമായിരുന്നു. ‘ഹംസ വിത്ത്‌ മിന്നു’ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്ത മിന്നുവിന് കണ്ണെഴുതി കൊടുക്കുന്ന വിഡിയോ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്ന് ഞങ്ങളുടെ സ്നേഹം പങ്കിടാൻ എമിൻ മാലിക് എന്നൊരു കുഞ്ഞുവാവയും കൂടെയുണ്ട്.

നൂറോളം ഭിന്നശേഷി ദമ്പതികളെ പങ്കെടുപ്പിച്ച് സി.ആർ.എസും ഡി.ഐ.എസ്.എയും സംയുക്തമായി നടത്തിയ പരിപാടിയിൽ ഹംസ സംസാരിക്കുന്നു

ഡിഫറന്റ് മാര്യേജ് പ്ലാറ്റ്ഫോം

ഒരിക്കൽ ഒരു വിവാഹ സംഗമ വേദിയിലേക്ക് ഭാര്യയുടെ കാഴ്‌ചപരിമിതിയുള്ള അധ്യാപകൻ ഞങ്ങളെ ക്ഷണിക്കുകയുണ്ടായി. അവർക്ക് മോട്ടിവേഷൻ എന്ന നിലയിലായിരുന്നു ക്ഷണം. അവിടെ പങ്കുവെച്ച ഞങ്ങളുടെ ജീവിതകഥ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.

അതിനുശേഷം ഒട്ടേറെ അമ്മമാർ എന്നെ വിളിച്ച് ‘‘മോനെ ഞങ്ങളുടെ മക്കൾക്ക് പറ്റിയ ആരേലും ഉണ്ടോ, അവരുടെ കല്യാണം ഞങ്ങൾ മരിക്കുന്നതിന് മുമ്പ് കാണണമെന്ന് കൊതിയുണ്ട്’’ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു. ഭിന്നശേഷി മക്കളുടെ വിവാഹം നടത്താൻ രണ്ടു മാർഗങ്ങളാണുള്ളത്. ഒന്ന്, വിവാഹ സംഗമ വേദികൾ. രണ്ട്, അവരെ ചേർത്ത് പരസ്യമോ, വിഡിയോയോ ചെയ്യുക.

ആദ്യത്തേതിന് പരിമിതികൾ ഏറെയുണ്ട്. അവർക്ക് അനുയോജ്യരായ വ്യക്തികൾ എവിടെയുണ്ടെന്ന അന്വേഷണം ഇന്നത്തെ കാലത്ത് സമൂഹ മാധ‍്യമങ്ങൾ വഴിയാണ് പെട്ടെന്ന് നടക്കുക. അതുതന്നെയാണ് ‘ഡിഫറന്‍റ് മാര്യേജ് പ്ലാറ്റ്ഫോം’ എന്ന ചാനൽ തുടങ്ങാനുള്ള പ്രേരണയും. അപ്പോഴും എങ്ങനെ നടപ്പാക്കുമെന്നറിയില്ലായിരുന്നു. നല്ലൊരു ഫോൺ പോലുമില്ലായിരുന്നു. ഇ.എം.ഐയിൽ ഫോൺ എടുത്താണ് തുടങ്ങിയത്.

സിയ ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റിയിൽനിന്ന് ലഭിച്ച ബെസ്റ്റ് ഇൻഫ്ലുവൻസർ അവാർഡുമായി ഹംസ

ജീവിതം തന്നെ മാതൃക

വിഡിയോ ചെയ്യാൻ തയാറായി ആദ്യം ആരും കാമറക്ക് മുന്നിൽ വന്നില്ല. ഞങ്ങളുടെ ജീവിതം കാണിച്ച് മാതൃകയാവാൻ തീരുമാനിച്ചു. ഞങ്ങളുടെ സ്നേഹത്തിലൂടെ ജീവിതം ഇത്രയും ഹാപ്പിയാണെന്ന് കാണിച്ച് മറ്റുള്ളവർക്കും പ്രോത്സാഹനം നൽകുകയായിരുന്നു ലക്ഷ്യം. ആദ്യം നീ ചെയ്ത് കാണിക്ക് എന്ന് ആരും പറയില്ലല്ലോ.

ചാനൽ തുടങ്ങിയപ്പോൾ പണമുണ്ടാക്കാനാണെന്നും കാഴ്ചയില്ലാത്ത കുട്ടിയെ വിൽപനച്ചരക്കാക്കുന്നു എന്നതടക്കമുള്ള നിരവധി നെഗറ്റിവ് കമന്റുകളായിരുന്നു യൂട്യൂബിൽനിന്ന് കിട്ടിയ ആദ്യത്തെ കൈനീട്ടം.

കമന്‍റ് സെക്ഷൻ ഓഫ് ചെയ്യേണ്ട അവസ്ഥയിൽവരെ എത്തി. ആദ്യ വിഡിയോ എട്ടു ലക്ഷം പേർ കണ്ടതോടെ തന്റെ വിഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുവെന്ന് മനസ്സിലാക്കി. സംസാരത്തിലെ വടകര ശൈലിയും ആകർഷണ കാരണമായി.

സ്നേഹസംഗമം

കഴിഞ്ഞ ഒക്ടോബർ 23ന് 70ഓളം ഭിന്നശേഷി ദമ്പതികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. ഇങ്ങനെ വിവാഹം ചെയ്ത കുറേ പേർ സമൂഹത്തിലുണ്ടെന്നും അവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനും ഇത്തരം വിവാഹങ്ങളെ സമൂഹം പ്രോത്സാഹിപ്പിക്കാനുമായിരുന്നു ആ സംഗമം.

ഇന്ന് സ്വന്തം വീടുപോലെ സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാൻ പറ്റുന്ന ഒരുപാട് കുടുംബങ്ങൾ എനിക്ക് സമ്പാദ്യമായി ഉണ്ട്. ചിലരുടെയൊക്കെ വിവാഹത്തിന് വേണ്ടി നാട് മൊത്തം ഒരുമിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ കണ്ണ് നിറയും, മനസ്സും.

കൈവിടാത്ത കരങ്ങൾ

വിവാഹം ശരിയായി കഴിഞ്ഞാൽ തീരുന്നതല്ല ഹംസയുടെ സഹായം. ശേഷമുള്ള ചോദ്യം ഇനി ഞാൻ എന്തെങ്കിലും ചെയ്യണ്ടേതുണ്ടോ എന്നാണ്. അവർക്ക് മേക്കപ്പ്, വസ്ത്രം എന്നിവയാണ് ആവശ്യമെങ്കിൽ അതിനും ഹംസ ഡബിൾ ഓക്കെ. കൊളാബിലൂടെ സൗജന്യമായി ചെയ്തുകൊടുക്കും.

കേരളം മൊത്തത്തിൽ വിവാഹവസ്ത്രം ചെയ്തുകൊടുക്കുന്ന തരത്തിൽ കൊളാബിലൂടെ ബന്ധങ്ങൾ വ്യാപിപ്പിക്കാനും അതിനായി ഗ്രൂപ് ഉണ്ടാക്കാനും ലക്ഷ്യമുണ്ടെന്നും ഹംസ പറയുന്നു.

ഭിന്നശേഷി ദമ്പതികളുടെ സംഗമങ്ങൾ നടത്തി കൂടുതൽ പേരെ ഒരു കുടക്കീഴിൽ കൊണ്ടുവരണം. അവർക്കായി ഒരു ട്രസ്റ്റ്‌ രൂപവത്കരിക്കണം. ആദിവാസി മേഖലകൾ കൂടി ഉൾപ്പെടുത്തി വിഡിയോ ചെയ്യണം... അങ്ങനെ ലക്ഷ‍്യങ്ങളേറെയുണ്ട് ഈ യുവാവിന്.

തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെ വിഡിയോ ചെയ്യാൻ ആളുകൾ വിളിക്കാറുണ്ട്. കാഴ്ചയില്ലാത്ത ഒരാൾക്ക് വേണ്ടി തമിഴ്നാട്ടിൽ ഒരു വിഡിയോ ചെയ്തിരുന്നു. ഭാഷാ പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

ഒരു തളർന്ന കൈ നിങ്ങൾ പിടിക്കുമ്പോൾ, നിങ്ങളുടെ കൈ ദൈവം തളരാതെ നോക്കും എന്നാണ് ദൈവം പഠിപ്പിച്ചതെന്ന് പറയുന്ന ഹംസ, അവർക്ക് കരുതലേകാനുള്ള തിരക്കിലാണിപ്പോൾ.







Show Full Article
TAGS:Lifestyle differently abled people 
News Summary - know about ‘different marriage platform’ YouTube channel
Next Story