‘ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം’ -അറിയാം, നൂൽപുഴ എഫ്.എച്ച്.സിയെക്കുറിച്ചും അതിന്‍റെ ജീവവായു ആയ ഡോ. ദാഹർ മുഹമ്മദിനെക്കുറിച്ചും
text_fieldsഡോ. ദാഹർ മുഹമ്മദ് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ
വയനാട് ജില്ലയിലെ നൂൽപുഴയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയാൽ അതൊരു സർക്കാർ ആശുപത്രിയാണെന്ന് തിരിച്ചറിയണമെങ്കിൽ ബോർഡ് വായിച്ചുനോക്കണം.
മികച്ച സ്വകാര്യ ആശുപത്രികളെപോലും വെല്ലുന്നരീതിയിൽ കേവലം എട്ടു വർഷം കൊണ്ട് അത്യാധുനിക സംവിധാനങ്ങളും സേവനങ്ങളുമൊരുക്കി നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച സർക്കാർ ആശുപത്രിയാക്കി മാറ്റിയതിന് പിന്നിൽ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ദാഹർ മുഹമ്മദിന്‍റെ കരങ്ങളാണെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാൻ ഇടയില്ല.
അതുകൊണ്ടുതന്നെയാണ് സംസ്ഥാന സർക്കാറിന്‍റെ മികച്ച ഡോക്ടർമാർക്കുള്ള ഇത്തവണത്തെ അവാർഡ് ഡോ. ദാഹർ മുഹമ്മദിനെ തേടിയെത്തിയതും.
സമർപ്പണ സന്നദ്ധതയും മികച്ച ആശയങ്ങളും കൂടെനിൽക്കുന്ന സഹപ്രവർത്തകരുമുണ്ടെങ്കിൽ അസാധ്യമായതെല്ലാം സാധ്യമാക്കാമെന്ന് അടിവരയിടുന്നത് കൂടിയാണ് ഡോ. ദാഹർ മുഹമ്മദിന്‍റെ സേവനങ്ങൾ. 2013ൽ സർവിസിൽ പ്രവേശിച്ച ഡോക്ടർ മൂന്നു വർഷം പനമരം പി.എച്ച്.സിയിലെ സേവനത്തിന് ശേഷമാണ് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ആദിവാസി മേഖലയിൽ ജോലി ചെയ്യാനുള്ള ഡോക്ടറുടെ ആഗ്രഹം പോലെതന്നെ ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള വിഭാഗങ്ങളായിരുന്നു.
നൂൽപുഴക്കാർ മാത്രമല്ല, ജില്ലയുടെയും അയൽ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽനിന്നുപോലും ഈ ആരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾ ഒഴുകിയെത്തുന്നതിന്‍റെ കാരണം ഇവിടത്തെ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഒപ്പം ഡോ. ദാഹർ മുഹമ്മദിന്‍റെ സേവനതൽപരതയുമാണ്. അതുകൊണ്ടാണ് എട്ടുവർഷം കൊണ്ട് നൂൽപുഴക്കാരുടെ കണ്ണിലുണ്ണിയായി ഡോക്ടർ മാറിയതും.
പരിശോധനക്കിടെ
നൂൽപുഴക്കാരുടെ ഭാഗ്യം
40 ശതമാനത്തിലധികം ആദിവാസി ജനസംഖ്യയുള്ള ഗ്രാമമാണ് നൂൽപുഴ. 2016ലാണ് മലപ്പുറം താനൂർ സ്വദേശി ഡോ. ദാഹർ ഇവിടെയെത്തിയത്. മൂന്നുവർഷം കൂടുമ്പോൾ പൊതു സ്ഥലംമാറ്റമുണ്ടാകുമെങ്കിലും ഇവിടെയെത്താൻ പൊതുവെ ആർക്കും താൽപര്യമില്ലാത്തത് ദാഹറിനും നൂൽപുഴക്കും അനുഗ്രഹമായി.
മൂന്നുവശവും കാടിനാൽ ചുറ്റപ്പെട്ട കർണാടക-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് നൂൽപുഴ ഗ്രാമപഞ്ചായത്ത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി, കർണാടകയിലെ കുടക്, കുട്ട എന്നിവിടങ്ങളിലുള്ളവരെല്ലാം ഈ എഫ്.എച്ച്.സിയെ ആണ് ആശ്രയിക്കുന്നത്.
വിദൂര വനമേഖലകളിലെ ആദിവാസി ഗ്രാമങ്ങളിലേക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക തികച്ചും ശ്രമകരമാണ്. എന്നാൽ, എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ തന്നെയായിരുന്ന ഡോ. ദാഹറിന്‍റെ തീരുമാനം. പതുക്കെ പതുക്കെ നൂൽപുഴ എഫ്.എച്ച്.സി ഉയർച്ചയുടെ പടവുകൾ ഓരോന്നായി കീഴടക്കാൻ തുടങ്ങി.
എല്ലാ ഉയർച്ചയുടെയും നേട്ടങ്ങളുടെയും പിന്നിൽ ഡോക്ടറുടെ പദ്ധതികളും സംഘാടനവുമായിരുന്നു. ഒപ്പം എല്ലാ പിന്തുണയുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും. അങ്ങനെ ഈ എഫ്.എച്ച്.സിയുടെ ഉയർച്ചയും യാത്രയുമെല്ലാം ഡോ. ദാഹർ മുഹമ്മദിന്‍റെ അസാധാരണ നേതൃത്വത്തിന് കടപ്പെട്ടുവെന്ന് വേണം പറയാൻ.
അതുകൊണ്ടാണ് 2018ൽ ഇന്ത്യയിലെ ഏറ്റവും മികച്ച എഫ്.എച്ച്.സിയായി നൂൽപുഴയെ തെരഞ്ഞെടുത്തപ്പോൾ ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ലോകത്ത് എവിടെയും ഇതുപോലൊരു പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടിട്ടില്ലെന്ന് എക്‌സിൽ കുറിച്ചതും. 2022ൽ, നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിൽ 95 മാർക്ക് നേടിയാണ് നൂൽപുഴ ആരോഗ്യകേന്ദ്രം മികച്ചുനിന്നത്.
പദ്ധതികൾ ഒട്ടേറെ
പ്രായമായവർക്കും ആദിവാസികൾക്കും സൗജന്യ ആശുപത്രി യാത്ര ഉറപ്പാക്കുന്ന ഇ-ഓട്ടോ, രാവിലെ അഞ്ചുമുതൽ രാത്രി 10 വരെയുള്ള ഹൈടെക് ജിംനേഷ്യം, ത്രീഡി ട്രെയിനിങ് ഉൾപ്പെടെയുള്ള തെറപ്പികളടങ്ങിയ ഫിസിയോതെറപ്പി സെന്‍റർ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ലിഫ്റ്റുകൾ എന്നിങ്ങനെ നീളുന്നു ഈ എഫ്.എച്ച്.സിയിലെ പദ്ധതികൾ.
ആദിവാസി വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രസവപൂർവ പരിചരണം നൽകുന്ന പ്രതീക്ഷ പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. ഗർഭിണികൾക്കും അനീമിയ ബാധിക്കുന്ന സ്ത്രീകൾക്കുമായാണ് പ്രതീക്ഷാഭവൻ. രാത്രിയിൽ ഉന്നതികളിലെ ഗർഭിണികളെ ഈ പ്രതീക്ഷാഭവനിലാണ് താമസിപ്പിക്കുക. അവശ്യഘട്ടത്തിൽ ആശുപത്രിയിലുമെത്തിക്കും.
18 കഴിഞ്ഞ സ്ത്രീകളിൽ അനീമിയ കണ്ടെത്തുന്നതിന് നഴ്സുമാർ ഉന്നതികൾ സന്ദർശിക്കും. ആദിവാസി കുട്ടികളുടെ പോഷകാഹാരക്കുവ് പരിഹരിക്കുന്ന പദ്ധതിയാണ് ചാമ്പ്യൻ. പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള കുട്ടികളുടെ അമ്മമാരെ ആഴ്ചയിൽ മൂന്നുദിവസം പോഷകാഹാരങ്ങൾ തയാറാക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കും.
കുട്ടികളുടെ പാർക്ക്, പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഇ-ഹെൽത്ത് സിസ്റ്റം എന്നിവയെല്ലാം ഡോ. ദാഹറിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിന്‍റെയും സഹപ്രവർത്തകരുടെയും കൂട്ടായ്മയിൽ ഇവിടെ സജീവമാണ്. ടെലിമെഡിസിനിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കു മുമ്പേ നൂൽപുഴ ലക്ഷ്യത്തിലെത്തിയിരുന്നു.
ആൽമരച്ചുവട്ടിൽ ഒത്തുചേരാം
രോഗികൾക്കും നാട്ടുകാർക്കുമെല്ലാം ഇടക്കിടെ ഒത്തുകൂടാനും അവരുടെ സർഗാത്മകത പുറത്തെടുക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് ‘വെൽനസ് ലോഞ്ച്’. വൈകുന്നേരങ്ങളിൽ ആശുപത്രിക്ക് സമീപത്തെ ആൽമരച്ചുവട്ടിൽ ഒത്തുകൂടുന്നതോടൊപ്പം മാസത്തിൽ രണ്ടു തവണ പാട്ടും നൃത്തവുമൊക്കെയായി മാനസിക-ശാരീരിക ഉല്ലാസത്തിനും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും വേദിയൊരുക്കുന്നതാണ് ‘ആൽമരച്ചുവട്ടിൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി.
വിവ എന്ന പേരിൽ ഒരു കാമ്പയിനും എഫ്.എച്ച്.സിയുടെ കീഴിൽ നടത്തുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി സെർവിക്കൽ കാൻസറിനെതിരായ വാക്സിൻ നൽകുന്ന ‘ഹാപ്പി നൂൽപുഴ’ പദ്ധതിയും സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന സഖി പദ്ധതിയുമെല്ലാം വിവ കാമ്പയിനിന്‍റെ ഭാഗമാണ്.
പെൺമയിൽ വിശ്രമിക്കാം
വയനാട് വിനോദ സഞ്ചാരത്തിന്‍റെ വലിയ ഹബ്ബായതുകൊണ്ടുതന്നെ സ്ത്രീകൾക്ക് മാത്രമായുള്ള റസ്റ്റ് ഹൗസ് ഒരുക്കാൻ നൂൽപുഴ എഫ്.എച്ച്.സി മറന്നില്ല. ദൂരെ ദിക്കിൽനിന്നെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വിശ്രമിക്കാനും ഫ്രഷാവാനും കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനുമെല്ലാം ഇവിടെ സൗകര്യമൊരുക്കി. നാപ്കിൻ വെൻഡിങ് മെഷീനുകളും ഇവിടെയുണ്ട്.
മയക്കുമരുന്നിനെതിരെ യുവാക്കളെ ശാക്തീകരിക്കാനുള്ള യോദ്ധ പദ്ധതിയാണ് ഡോ. ദാഹറും സംഘവും വിഭാവനം ചെയ്യുന്ന പുതിയ പദ്ധതികളിൽ പ്രധാനം. ഫിസിയോതെറപ്പിക്കെത്തുന്ന രോഗികൾക്ക് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കാൻ കൊച്ചിൻ ഷിപ്പ് യാർഡ് സി.എസ്.ആർ ഫണ്ട് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് തദ്ദേശ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, എം.പി, എം.എൽ.എ ഫണ്ടുകളെല്ലാം ലഭ്യമാക്കാനും യഥാസമയം പാകപ്പെടുത്തുന്നതിനും നിതാന്ത ജാഗ്രത ദാഹറിന്‍റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു.
സൗകര്യങ്ങളില്ലാതെ പരാതികൾ മാത്രം കേട്ട് മടുക്കുന്ന സർക്കാർ ആശുപത്രികൾക്ക് മുന്നിലാണ് നൂൽപുഴ എഫ്.എച്ച്.സിയെ പത്തരമാറ്റ് തിളക്കമുള്ള ആശുപത്രിയാക്കി ഡോ. ദാഹർ മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഉയർത്തിക്കൊണ്ടുവന്നത്.
ഇനിയുള്ള കാലവും തന്‍റെ കഴിവും സേവനവും ആദിവാസി മേഖലയിൽ തന്നെ സമർപ്പിക്കാനാണ് ഈ നാൽപതുകാരന്‍റെ ആഗ്രഹം. ശിബിലു ആണ് ഭാര്യ. മക്കൾ: ദിംന, ദഹലാൻ. മുഹമ്മദാണ് പിതാവ്. മാതാവ് സക്കീന നാലുവർഷം മുമ്പ് മരണപ്പെട്ടു.