‘‘അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു’’ -സ്ത്രീകൾ വരാൻ മടിക്കുന്ന ‘ഡഫേദാര്‍’ ജോലിയില്‍ എത്തുന്ന ആദ്യ വനിതയായ ആലപ്പുഴക്കാരിയെക്കുറിച്ചറിയാം
text_fieldsകെ. സിജി. ചിത്രങ്ങൾ: മനു ബാബു
ആലപ്പുഴ കലക്ടറേറ്റിലെ പടിക്കെട്ടുകള്‍ കയറി കലക്ടറുടെ മുറിയുടെ മുന്നിലെത്തുന്നവരുടെ ശ്രദ്ധ ആദ്യം പതിയുക വ്യത്യസ്ത വേഷവിധാനവുമായി നില്‍ക്കുന്ന സ്ത്രീയിലേക്കാണ്.
കൊട്ടാരം കാവല്‍ക്കാരുടെ വേഷമെന്ന് തോന്നിപ്പിക്കുംവിധം വെള്ളചുരിദാറിന് ചുറ്റും ചുവപ്പില്‍ സ്വര്‍ണ കരയോടുകൂടിയ ക്രോസ്‌ബെല്‍റ്റ്, അതിന് നടുവില്‍ സര്‍ക്കാര്‍ മുദ്ര, ചുവന്ന ഷൂസ്.
ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കാന്‍ ശ്രമമില്ല, മറിച്ച് അകത്തുനിന്ന് എന്തെങ്കിലും സന്ദേശം എത്തുന്നുണ്ടോയെന്ന് കാതുകൂര്‍പ്പിച്ചാണ് നില്‍പ്. ഇത് കെ. സിജി. കേരളത്തില്‍ ആദ്യമായി കലക്ടറുടെ ‘ഡഫേദാര്‍’ ജോലിയില്‍ എത്തുന്ന വനിത.
പവര്‍ലിഫ്റ്റിങ് താരം കൂടിയായ ഈ 55കാരി ചരിത്രം സൃഷ്ടിച്ചാണ് ഈ പദവിയില്‍ എത്തിയത്. ഇതുവരെ ഒരു വനിതയും കടന്നുവരാത്ത തൊഴില്‍ മേഖലയിലേക്കാണ് അവര്‍ പ്രവേശിച്ചിരിക്കുന്നത്.
‘ഏറെ ആഗ്രഹിച്ചത്’
കലക്ടറുടെ ശിപായിയാണ് ഡഫേദാർ. രാവിലെ കലക്ടർ ഓഫിസിൽ എത്തുമ്പോഴേക്കും അവിടെ ഹാജരാകണം. സന്ദർശകരെ നിയന്ത്രിക്കൽ, വഴിയൊരുക്കൽ തുടങ്ങി കലക്ടറുടെ നിഴൽപോലെ പ്രവർത്തിക്കണം. ജോലിക്ക് സമയക്രമമില്ല.
കലക്ടർ ഓഫിസിലെത്തിയാൽ രാപ്പകൽ വ്യത്യാസമില്ലാതെ ഡഫേദാറും കൂടെയുണ്ടാകണം. മുൻ ഡഫേദാർ എ. അഫ്സലിന് ക്ലർക്കായി സ്ഥാനക്കയറ്റം കിട്ടിയപ്പോൾ വന്ന ഒഴിവിലാണ് സിജിയുടെ നിയമനം. ഇതിലേക്ക് അപേക്ഷിക്കുകയും കലക്ടർ അലക്സ് വർഗീസ് പരിഗണിക്കുകയും ചെയ്തതോടെയാണ് സിജിയും ചരിത്രത്തിന്‍റെ ഭാഗമായത്.
ജോലിസമയത്തിൽ കൃത്യതയില്ലാത്തതിനാൽ പൊതുവേ ആളുകൾ മടിക്കുന്ന ഈ ജോലിയാണ് സധൈര്യം ഏറ്റെടുത്തത്. ‘‘ഞാൻ ഏറെ ആഗ്രഹിച്ചതാണ്. അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു. കലക്ടറടക്കമുള്ളവർ പിന്തുണച്ചു. ആഗ്രഹം സാധിച്ചത് വിരമിക്കാൻ ആറുമാസം മാത്രമുള്ളപ്പോഴാണല്ലോയെന്ന സങ്കടമേയുള്ളൂ’’ -ഇതിലേക്ക് എത്താനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് സിജിയുടെ മറുപടി ഇങ്ങനെ.
ജോലിത്തിരക്ക് ഏറെയുണ്ടെങ്കിലും ഭർത്താവിന്‍റെയും മക്കളുടെയും പിന്തുണയിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു. രാവിലെ എട്ടിന് ചെത്തിയിൽനിന്ന് ഇരുചക്രവാഹനത്തിൽ പുറപ്പെട്ട് ഒമ്പതിന് കലക്ടറുടെ ചേംബറിലെത്തും. പിന്നെ വിശ്രമമില്ലാത്ത ജോലിത്തിരക്കിലേക്ക്. യോഗങ്ങളടക്കം നീണ്ടുപോയാൽ ചിലദിവസങ്ങളിൽ ഏറെ വൈകും. അതൊന്നും പ്രശ്നമാക്കാതെയാണ് മടക്കം.
ആലപ്പുഴ കലക്ടർ അലക്സ് വർഗീസിനൊപ്പം ഡഫേദാർ സിജിയും മുൻ ഡഫേദാർ അഫ്സലും
ബ്രിട്ടീഷ് പിന്തുടർച്ചയായി ‘ഡഫേദാർ’
ജില്ലയിലെ ഏറ്റവും സീനിയർ ഓഫിസ് അറ്റൻഡറെയാണ് കലക്ടറുടെ ഡഫേദാറായി (ശിപായി) നിയമിക്കുക. ആ തസ്തികയിലേക്ക് എത്തിയ കേരളത്തിലെ ആദ്യ വനിതയായ സിജിയും കൂടെകൂട്ടുന്നത് ബ്രിട്ടീഷ് ഭരണത്തിന്‍റെ ശേഷിപ്പാണ്.
കൊട്ടാരംകാവൽക്കാരെന്ന് തോന്നിപ്പിക്കുന്ന വേഷമാണ് പുരുഷന്മാരുടേത്. കാലംമാറിയപ്പോൾ തലപ്പാവിനുപകരം വെള്ളത്തൊപ്പിയാക്കിയെന്ന് മാത്രം. സ്വർണക്കരയുള്ള ചുവന്ന ക്രോസ്‌ബെൽറ്റിൽ കലക്ടറേറ്റിന്‍റെ പേര് പതിപ്പിച്ച സർക്കാർമുദ്ര കാണും. സ്ത്രീകൾക്ക് തൊപ്പിവേണോയെന്നതിൽ വ്യക്തതയില്ല.
താരതമ്യേന ജോലിഭാരം കൂടുതലായതിനാൽ സ്ത്രീകൾ ഡഫേദാർ തസ്തികയിൽനിന്ന് മുഖംതിരിഞ്ഞുനിൽക്കും. ഈ സാഹചര്യത്തിലാണ് തനിക്ക് ഡഫേദാറായി ജോലിചെയ്യാൻ താൽപര്യമുണ്ടെന്ന് സിജി ഉന്നതാധികാരികളെ അറിയിച്ചത്. സർവിസ് കാലയളവിലെ സീനിയോറിറ്റി കൂടി പരിഗണിച്ചതോടെയാണ് നിയമനം കിട്ടിയത്.
2019 മുതൽ സിജി കലക്ടറുടെ ചേംബർ ഓഫിസ് അസിസ്റ്റന്‍റാണ്. വെള്ള ഷർട്ടും പാന്‍റ്സും ഷൂസും ചുവന്ന അരപ്പട്ടയും സർക്കാർ ചിഹ്നമുള്ള ബാഡ്ജും വെള്ള തൊപ്പിയുമാണ് ഡഫേദാർമാരുടെ വേഷം. വനിത ഡഫേദാർ വന്നതോടെ പാന്‍റ്സിനും ഷർട്ടിനും പകരം വെള്ള ചുരിദാറായി. അതുതന്നെയാണ് പ്രകടമായ മാറ്റം.
സിജി പവർലിഫ്റ്റിങ് മത്സരത്തിനിടെ
ചരിത്രമെഴുതി ദേശീയ പവർലിഫ്റ്റിങ് താരം
പവർലിഫ്റ്റിങ്ങിൽ അഞ്ചുവർഷം ദേശീയചാമ്പ്യനായ സിജിയുടെ പോരാട്ടം വെറുതെയായില്ല. 1996, 1997, 1998 വർഷങ്ങളിൽ ദേശീയ-സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണ മെഡൽ നേടി.
അന്ന് 52 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. കേരള സ്പോർട്സ് കൗൺസിൽ നടത്തിയ സംസ്ഥാനതല മത്സരത്തിൽ 2018ൽ വെള്ളി മെഡലും 2016ൽ സ്വർണ മെഡലും കൂടാതെ ചെറുതും വലുതുമായ മറ്റനേകം സമ്മാനങ്ങളും വാരിക്കൂട്ടി.
2000ത്തിൽ മികച്ച വനിത കായികതാരത്തിനുള്ള ജി.വി. രാജ പുരസ്കാരവും നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പി.എസ്. സോമശേഖരൻ ഫൗണ്ടേഷൻ അവാർഡും നേടി കായികരംഗത്ത് സിജി കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.
സ്പോർട്സ് ക്വോട്ടയിലായിരുന്നു നിയമനം. താരത്തിന്‍റെ പ്രാക്ടീസ്കൂടി പരിഗണിച്ച് 2005 സെപ്റ്റംബർ ഏഴിനാണ് ആലപ്പുഴ കലക്ടറേറ്റിൽ റവന്യൂ വിഭാഗം ഓഫിസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചത്. 20 വർഷമായി സിജി സർവിസിലുണ്ട്. 2019ൽ ആലപ്പുഴ കലക്ടറായിരുന്ന അദീല അബ്ദുല്ലയാണ് സിജിയെ കലക്ടറുടെ ചേംബറിലേക്ക് മാറ്റിയത്.
മക്കളായ വിസ്മയ, വർണ ജോസഫ്, ഭർത്താവ് ജോസഫ് വി. അറയ്ക്കൽ എന്നിവർക്കൊപ്പം
ചേച്ചിയുടെ പാതയിൽ അനിയത്തിയും
പവർലിഫ്റ്റിങ് താരമായി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മികവുപുലർത്തിയ സിജിയുടെ മൂത്ത സഹോദരി ലൈസമ്മ ജോസഫാണ് ഈ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. ചേച്ചിയുടെ കൈക്കരുത്ത് കണ്ടാണ് അനിയത്തിയും വളർന്നത്. രണ്ടുവർഷം മുമ്പ് ലൈസമ്മ ആലപ്പുഴ എംപ്ലോയ്മെന്റ് ഓഫിസറായി സർവിസിൽനിന്ന് വിരമിച്ചു.
സ്കൂൾ പഠനകാലത്ത് കബഡി താരമായിരുന്നു സിജി. സർവിസ് കായികമത്സരങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ നടന്ന പവർലിഫ്റ്റിങ് സംസ്ഥാനതല മത്സരങ്ങളിൽ മിന്നുംവിജയം നേടിയിട്ടുണ്ട്.
കായികപ്രതിഭയുടെ മിന്നലാട്ടത്തിന് കരിനിഴൽവീഴ്ത്തിയത് രണ്ടരവർഷം മുമ്പുണ്ടായ അപകടമാണ്. 2022 ഏപ്രിലിൽ കൊമ്മാടി ജങ്ഷന് സമീപമുണ്ടായ അപകടത്തിന്‍റെ ഓർമകൾ ഇപ്പോഴും നൊമ്പരമാണ്. ഓഫിസിലെ പരിപാടി കഴിഞ്ഞ് കൂട്ടുകാരിയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റു.
വായയുടെ അകത്തെ എല്ലുപൊട്ടിയതിനൊപ്പം കണ്ണിന്‍റെ ഞരമ്പുകൾക്കും ക്ഷതമേറ്റ് നീണ്ടനാൾ ചികിത്സയിലായി. ആരോഗ്യപ്രശ്നങ്ങൾ അകന്നതിന് പിന്നാലെയാണ് പുതിയ നിയോഗം.
എറണാകുളത്ത് സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ ജോസഫ് വി. അറയ്ക്കലാണ് ഭർത്താവ്. വിദ്യാർഥികളായ വർണ ജോസഫ്, വിസ്മയ ജെ. അറയ്ക്കൽ എന്നിവർ മക്കളാണ്.