Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightയാത്ര ചെയ്യാൻ...

യാത്ര ചെയ്യാൻ മാത്രമല്ല, പുസ്തകം വായിക്കാനും കെ.എസ്.ആർ.ടി.സിയിൽ കയറാം; കാസർകോട് കെ.എസ്.ആർ.ടി.സിയിലെ വായനശാല ‘ഓട്ടം’ തുടങ്ങിയിട്ട് അഞ്ചുവർഷം

text_fields
bookmark_border
യാത്ര ചെയ്യാൻ മാത്രമല്ല, പുസ്തകം വായിക്കാനും കെ.എസ്.ആർ.ടി.സിയിൽ കയറാം; കാസർകോട് കെ.എസ്.ആർ.ടി.സിയിലെ വായനശാല ‘ഓട്ടം’ തുടങ്ങിയിട്ട് അഞ്ചുവർഷം
cancel
സഞ്ചരിക്കുന്ന ലൈബ്രറി. അതാണ് കെ.എസ്.ആർ.ടി.സിയിലെ ‘വായനശാല’. 270 പേർ അംഗമായ സാംസ്‌കാരിക കൂട്ടായ്മയെക്കുറിച്ചറിയാം

യാത്രക്കപ്പുറം വായനക്കായൊരു ടിക്കറ്റ് എടുത്താലോ? ഓടിക്കൊണ്ടിരിക്കുന്ന വായനശാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് കെ.എസ്.ആർ.ടി.സിയിലെ ‘വായനശാല’.

കാസർകോട് ഡിപ്പോയിലെ പി.വി. രതീശൻ, ആലപ്പുഴയിലെ കണ്ടക്ടർ ശ്രീജ വിജയൻ, കോഴിക്കോട്ടെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂർ, കണ്ണൂരിലെ കണ്ടക്ടർ പി.കെ. ഷൈനി, കാഞ്ഞങ്ങാട്ടെ ഡ്രൈവർ കെ.എൻ. രാജേഷ്‌... എന്നീ കെ.എസ്.ആർ.ടി.സി ജീവനക്കാരെല്ലാം വായിക്കാനുള്ള യാത്രയിലാണ്.

ഡി.ടി.ഒമാർ മുതൽ യാത്രക്കാരും മെക്കാനിക്കുകളും ഉൾപ്പെടെയുള്ള 270 പേർ അംഗമായ ‘വായനശാല’ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പും വായനശാല സാംസ്‌കാരിക കൂട്ടായ്മയുമായി കാസർകോട് കെ.എസ്.ആർ.ടി.സിയിലെ വായനശാല ‘ഓട്ടം’ തുടങ്ങിയിട്ട് അഞ്ചുവർഷം.

വായനശാല സാംസ്കാരിക കൂട്ടായ്മയിലെ അംഗങ്ങൾ കാഞ്ഞങ്ങാട് ബസ് സ്റ്റേഷനിൽ ബസിലിരുന്ന് പുസ്തകം വായിക്കുന്നു

സഞ്ചരിക്കുന്ന വായനശാല

കാസർകോട് ഡിപ്പോയിലെ മെക്കാനിക് പയ്യന്നൂർ കാങ്കോൽ സ്വദേശി പി.വി. രതീശന് തോന്നിയ ഒരാശയം കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഇന്നെത്തിച്ചിരിക്കുന്നത് വായന ലോകത്താണ്. ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരന് പുലർച്ച നാലിന് ജോലി തുടങ്ങിയാൽ അവസാനിക്കുന്നത് രാത്രിയാണ്.

നാട്ടിലെ ലൈബ്രറിയിൽ പോയി വായിക്കാനോ ചർച്ച ചെയ്യാനോ സമയം കിട്ടിയെന്നുവരില്ല. ലൈബ്രറി കെട്ടിടമോ ഓഫിസോ ഒന്നുമില്ലാതെ എങ്ങനെ ഒരു വായനശാല നടത്തിക്കൊണ്ടുപോകാമെന്ന ആശയത്തിൽനിന്നാണ് സാഹിത്യം ചർച്ച ചെയ്യാൻ ഒരു പ്ലാറ്റ്ഫോം എന്ന ലക്ഷ്യത്തിലെത്തിയത്.

ഗ്രൂപ് തുടങ്ങുന്നത് കാസർകോട് ഡിപ്പോയിലെ 40 പേരെ വെച്ചാണ്. പിന്നീട് സംസ്ഥാനത്തെ 94 ഡിപ്പോകളിലെയും ജീവനക്കാരുടെ പ്രാതിനിധ്യമുള്ള വായനശാലാ പ്രസ്ഥാനമായി അത് മാറി.

കവിതകളും കഥകളും പങ്കുവെക്കലായിരുന്നു ആദ്യ ഘട്ടം. പിന്നീട് എഴുതുന്നവരെ വെച്ച് ഗ്രൂപ് സജീവമാക്കാൻ തുടങ്ങി. ഒരു പുസ്തകം പുറത്തിറങ്ങിയാൽ അതിനെക്കുറിച്ച് ചർച്ച ചെയ്യും. പുസ്തകങ്ങൾ എല്ലാവരിലും എത്തിക്കാൻ കുറഞ്ഞ നിരക്കിൽ നാൽപതും അമ്പതും പുസ്തകങ്ങൾ ഒരുമിച്ചു വാങ്ങും. അത് അന്നുതന്നെ ഓരോ ഡിപ്പോയിലേക്കും ബസിൽ കൊടുത്തുവിടും. വായിച്ചു കഴിഞ്ഞവർ അതേ പുസ്തകം മറ്റുള്ളവർക്കു കൈമാറും.

വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നതിനുമുമ്പ് ഏറ്റവും കുറഞ്ഞത് 30 പേരെങ്കിലും ആ പുസ്തകം വായിച്ചിരിക്കും. അതുകൊണ്ടുതന്നെ ചർച്ചയിൽ ഭൂരിപക്ഷം പേർക്കും സജീവമാകാൻ കഴിയും. ഇതിനകം 2500ലധികം പുസ്തകങ്ങൾ ഇവർ വാങ്ങിയിട്ടുണ്ട്.

‘വായനശാലാ കഥാപുരസ്കാരം 2023’ പി.വി. രതീശന്, അംബികാസുതൻ മാങ്ങാട് സമ്മാനിക്കുന്നു

വായനശാല പബ്ലിക്കേഷൻസ്

കഥ, കവിത എന്നിങ്ങനെ സ്ഥിരം പംക്തികൾ ഉൾപ്പെടെ 2020ൽ ചില മത്സരങ്ങൾ ഗ്രൂപ് വഴി സംഘടിപ്പിക്കാൻ തുടങ്ങി. ഗ്രൂപ്പിൽ വരുന്നവ ചേർത്ത് പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹവും ആവശ്യവും വന്നശേഷം ‘വായനശാലക്കഥകൾ’ എന്ന പേരിൽ 2024ൽ വായനശാല പബ്ലിക്കേഷൻസ് ഉണ്ടാക്കി പുസ്തകം പ്രിന്‍റ് ചെയ്യാൻ ആരംഭിച്ചു.

വായനശാല പബ്ലിക്കേഷൻസിന്‍റെ ചുമതല തൃശൂർ ഡിപ്പോ കണ്ടക്ടർ ജീജ അനിരുദ്ധനാണ്. 2024ൽ 20 കഥകൾ ചേർത്ത് ‘വണ്ടിക്കഥകൾ’ എന്ന പേരിൽ ഒരു പുസ്തകമിറക്കി. പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളും ട്രാൻസ്പോർട്ട് ജീവനക്കാരാണ് എഴുതിയത്. 2023 ജനുവരിയിൽ ഗ്രൂപ് പുറത്തിറക്കിയ രണ്ടു പുസ്തകങ്ങളിൽ ഒന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു ഇരിങ്ങാലത്തിന്‍റെ കവിതാസമാഹാരമാണ്.

കാസർകോട് കാഞ്ഞങ്ങാട് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ ജീവനക്കാരി വത്സല രാജന്‍റെ ചെറുകഥാ സമാഹാരമാണ് മറ്റൊന്ന്. രണ്ടുവർഷം കൂടുമ്പോൾ ഓരോ മാഗസിൻ വീതം ഇറക്കി. 2023ൽ കഥാ മത്സരവും നടത്തി. 2024ൽ കവിതാ അവാർഡും സംഘടിപ്പിച്ചു. വത്സല രാജന്‍റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ബസിൽ ഇരുന്ന് വായിക്കുന്നതുകണ്ട് ഒരു കണ്ടക്ടറാണ് അവരെ ഗ്രൂപ്പിൽ അംഗമാക്കിയത്.

വായനശാലയുടെ പ്രധാന ഉപവിഭാഗമായ ‘ബുക്ക് ക്ലബി’ന് നേതൃത്വം നൽകുന്നതും പുസ്തക ചർച്ചകൾ നയിക്കുന്നതും കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടറും വായനശാല രക്ഷാധികാരിയുമായ കെ. പ്രദീപ് കുമാറാണ്. എഴുത്തുകാരെ പങ്കെടുപ്പിച്ച് ചർച്ച സജീവമാക്കും. വിഷയത്തിന്‍റെ പ്രാധാന്യം നോക്കിയാണ് ചർച്ച. പുസ്തക രചയിതാവിനെയും പങ്കെടുപ്പിക്കും. അംബികാസുതൻ മാങ്ങാട്, ഉഷ ജോസ്, സോണിയ ചെറിയാൻ, കെ.എൻ. പ്രശാന്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത എഴുത്തുകാരാണ്.

മുന്നിൽ വനിതാ ജീവനക്കാർ

13 അംഗ കമ്മിറ്റിയാണുള്ളത്. സംസ്ഥാനമുടനീളമുള്ള സംഘാടകരും ഇവർതന്നെ. അഞ്ചു വർഷത്തിനിടെ രണ്ടു ഭരണസമിതികളും ഭാരവാഹികളും മാറിമാറി വന്നു. തിരക്കുകൾ കൂടുതലാണെങ്കിലും നന്നായി സഹകരിക്കുന്നത് വനിതാ ജീവനക്കാരാണ്. അതോടൊപ്പം നിലവിൽ ഏഴു പ്രധാന ഭാരവാഹികളായി വനിതകളെ തെരഞ്ഞെടുത്തത് സ്ത്രീശാക്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ്.

കാസർകോട് ഡിപ്പോ കണ്ടക്ടർ കെ. ഗൗരിയാണ് പ്രസിഡന്‍റ്. തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ ജീജ അരവിന്ദൻ സെക്രട്ടറിയും കണ്ണൂർ ഡിപ്പോയിലെ പി.കെ. ഷൈനി ട്രഷററുമാണ്. ഡി. ഗൗതമൻ (തിരുവനന്തപുരം), ദേവു എം.എസ് (പത്തനംതിട്ട), മധുഗോപൻ (ആലപ്പുഴ), ടി.പി.കെ. സുമതി (പാലക്കാട്), സി. ശ്രീജ (കോഴിക്കോട്) എന്നിവർ വിവിധ മേഖലാ ചുമതലക്കാരുമാണ്. സ്ഥാപകൻ പി.വി. രതീശൻ തന്നെയാണ് രക്ഷാധികാരിയും. ഓഫ് ലൈൻ പരിപാടികൾ കോഓഡിനേറ്റ് ചെയ്യുന്നത് കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവർ കെ.എം. രാജേഷും അധ്യാപകരും കെ.എസ്.ആർ.ടി.സി കുടുംബാംഗങ്ങളുമായ സുരേഷ് പയ്യങ്ങാനം, എൻ.എം. രമാദേവി എന്നിവരുമാണ്.

കൃത്യമായ പ്ലാൻ

വായന, ചർച്ച എന്നതിനപ്പുറം ഒരു വർഷംകൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ച് ഇവർക്ക് കൃത്യമായ പ്ലാനുണ്ട്. സംസ്ഥാനത്തെ 94 ബസ് ഡിപ്പോകളിലും പബ്ലിക് ലൈബ്രറികൾ തുറക്കണമെന്ന അഭ്യർഥനയോടുള്ള സർക്കാറിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഗ്രൂപ് അംഗങ്ങൾ ഇപ്പോൾ.

Show Full Article
TAGS:Lifestyle KSRTC library reading 
News Summary - library in KSRTC bus
Next Story