'ഓരോ മൃതദേഹം നോക്കുമ്പോഴും അവളാകരുതേ എന്ന പ്രാർഥനയായിരുന്നു. പക്ഷേ, വിധി മറിച്ചായിരുന്നു. അവളതാ വെള്ളപുതച്ച് കിടക്കുന്നു'
text_fieldsമക്കൾക്കൊപ്പം മുഹമ്മദ് ഇസ്മയിലും മുഅ്മിനയും (ഫയൽ ചിത്രം)
മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഉമ്മയുടെ ഖബറിടത്തിൽനിന്ന് ആയിശ മറിയം വാരിയെടുത്ത മണൽത്തരികൾക്ക് ഉമ്മയുടെ അതേ ചൂടായിരുന്നു, ഉമ്മ അവരെ ചേർത്തുപിടിക്കുമ്പോഴുണ്ടാകുന്ന അതേ ചൂട്. ''ഞങ്ങളേക്കാളും ഭാഗ്യവാന്മാരാണല്ലോ ഈ മണൽത്തരികൾ.
എപ്പോഴും ഉമ്മയെ ചേർത്തുപിടിക്കാലോ. ഉമ്മ ഇവിടെ തന്നെയുണ്ട് ഉപ്പാ, എങ്ങോട്ടും പോയിട്ടില്ല''- വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ 11കാരിയുടെ വിതുമ്പൽ കണ്ടുനിന്നവരെയും ഈറനണിയിച്ചു. അസ്സലാമു അലൈക്കും യാ ഉമ്മീ (ഉമ്മക്ക് അല്ലാഹുവിന്‍റെ രക്ഷയുണ്ടാവട്ടെ)... നീട്ടിവിളിച്ച് മുട്ടുകുത്തി അവൾ ഖബറിൽ മുഖമമർത്തി... ഉപ്പയുടെ കൈപിടിച്ച് കണ്ണീരോടെ തൊട്ടടുത്ത് സഹോദരങ്ങളായ ആഷിഫും അൻസിഫുമുണ്ടായിരുന്നു. മക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ മുഹമ്മദ് ഇസ്മായിൽ ജന്നത്തുൽ മുഅല്ലയിലെ മറ്റൊരുകോണിലേക്ക് കണ്ണോടിച്ചു...
പരിശുദ്ധ ഹജ്ജിനായി തന്നെയും സഹോദരങ്ങളെയും ചേർത്തുപിടിച്ച് മുത്തംവെച്ച് കണ്ണുനിറച്ച് വീടിന്‍റെ പടിയിറങ്ങിയ ഉമ്മയുടെ മുഖം ആയിശയുടെ മനസ്സിലുണ്ട്. ജീവിതത്തിലിന്നുവരെ ഞങ്ങളെ പിരിഞ്ഞിരിക്കാത്ത ഉമ്മ. ഒടുക്കം ഒരു നോക്കുപോലും കാണാനാവാതെ അവരെ വിട്ടുപോയി... അപകടശേഷം ആദ്യമായി ഉമ്മയുടെ ഖബർ സിയാറത്തിന് എത്തിയതായിരുന്നു ആ കുടുംബം.
ഹജ്ജിനു ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11ന് മക്കയിലുണ്ടായ ക്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓര്‍മകൾ ഇന്നും ഈ കുടുംബത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. അപകടത്തില്‍ മരിച്ച പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ സ്വദേശി മുഅ്മിനയുടെ ഭര്‍ത്താവ് മുഹമ്മദ് ഇസ്മായിലിനും മക്കള്‍ക്കും നടുക്കുന്ന ഓര്‍മയാണ് ആ ഹജ്ജ് കാലം.
മക്ക ക്രെയിൻ അപകടം
വിവിധ രാജ്യങ്ങളിൽനിന്നായി ഹജ്ജിനെത്തിയ 111 പേരാണ് അപകടത്തില്‍ മരിച്ചത്. 394 പേർക്ക് പരിക്കേറ്റു. വിശ്വാസികൾ ദിനമഞ്ചുനേരം മുഖംതിരിക്കുന്ന വിശുദ്ധ കഅ്ബയുടെ മുറ്റത്ത് പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് വെള്ളിയാഴ്ച. അപകടദിവസം രാവിലെ മുതല്‍ മക്കയിൽ മോശം കാലാവസ്ഥയായിരുന്നു. പകലുണ്ടായ പൊടിക്കാറ്റ് വൈകീട്ട് 5.10ഓടെ കനത്ത മഴക്കും ശക്തമായ കാറ്റിനും വഴിമാറി.
പിന്നാലെ ആലിപ്പഴവർഷത്തോടെയുള്ള പേമാരിയിൽ ജോലിക്കായി എത്തിച്ച പടുകൂറ്റൻ ക്രെയിന്‍ അടിഭാഗത്തെ മണ്ണിളകി മൂന്നാം നിലക്ക് മുകളിലൂടെ തകര്‍ന്നുവീണു. ഹറം പള്ളിയിലെ തിരക്ക് കുറഞ്ഞ താൽക്കാലിക മത്വാഫിന്റെ (പ്രദക്ഷിണ വഴി) ഭാഗം കഴിഞ്ഞ് പുതിയ മത്വാഫിന്റെ ചവിട്ടുപടിയോടു ചേര്‍ന്നുള്ള ഭാഗത്താണ് ക്രെയിന്‍ പതിച്ചത്. കഅ്ബയോട് അടുത്തുള്ള ഭാഗത്തുനിന്നു മാറി പ്രാര്‍ഥനക്ക് ഇരുന്നവരാണ് അപകടത്തിൽപെട്ടത്. ഈ ഭാഗത്ത് തീര്‍ഥാടകര്‍ താരതമ്യേന കുറവായിരുന്നു. എന്നാൽ, മഗ്‌രിബ് നമസ്‌കാരത്തിന് തീര്‍ഥാടകര്‍ ഒരുമിച്ചുകൂടുന്ന സമയം കൂടിയായതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയേറിയത്.
കൺമുന്നിൽ അവളുണ്ടായിരുന്നു
''ഞാനും ഭാര്യയും ഒരുമിച്ചാണ് ഹറം പള്ളിയിലെത്തിയതും പ്രദക്ഷിണം പൂർത്തിയാക്കിയതും. പുറത്തെ കനത്ത മഴയും കാറ്റും ഭീതിപ്പെടുത്തിയെങ്കിലും അകത്ത് ഞങ്ങൾ സുരക്ഷിതരായിരുന്നു. മഗ്‌രിബ് നമസ്കരിച്ചശേഷം മടങ്ങാമെന്നു കരുതിയാണ് അവിടെ തുടരാൻ തീരുമാനിച്ചത്. മുഅ്മിനയെ ഗ്രൂപ്പിലെ അംഗമായ പശ്ചിമബംഗാളിലെ മുനീസ (അവരും അപകടത്തിൽ മരിച്ചു)ക്കൊപ്പം സ്ത്രീകൾ നമസ്കരിക്കുന്ന ഭാഗത്തേക്ക് എത്തിച്ചശേഷം ഞാൻ നമസ്കരിക്കാൻ പുരുഷന്മാരുടെ ഭാഗത്തേക്കു പോയതായിരുന്നു.
മക്കളായ മുഹമ്മദ് ആഷിഫ്, ആയിശ മറിയം, മുഹമ്മദ് അന്‍സിഫ്
എന്നിവർക്കൊപ്പം മുഹമ്മദ് ഇസ്മായിൽ
അൽപം കഴിഞ്ഞപ്പോഴാണ് വൻ പ്രകമ്പനത്തോടെയുള്ള ശബ്ദവും പിന്നാലെ കരച്ചിലും ബഹളവും കേട്ടത്. തൊട്ടുമുമ്പുവരെ മുഴങ്ങിയിരുന്ന തക്ബീർ ധ്വനികൾ കരച്ചിലിനും അലമുറക്കും വഴിമാറി. മരിച്ചുപോകുകയാണോ എന്നുവരെ തോന്നി. അവിടെയുണ്ടായിരുന്നവരെല്ലാം ചിതറിയോടുന്നു. തിക്കും തിരക്കും വകവെക്കാതെ ശബ്ദം കേട്ട ഭാഗത്തേക്ക് എത്തിയപ്പോൾ ഞാനാകെ മരവിച്ചുപോയിരുന്നു.
അവൾ നമസ്കരിക്കാൻ നിന്നിരുന്ന സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്നു. കർമങ്ങൾക്കായി ധരിച്ച ഭൂരിഭാഗം ആളുകളുടെയും ശുഭ്രവസ്ത്രങ്ങൾ രക്തത്തിൽ മുങ്ങിയിരുന്നു. അപ്പോഴേക്കും ഉദ്യോഗസ്ഥർ ഞങ്ങളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി''. -ഇസ്മായിൽ ഓർത്തെടുത്തു.
യാത്രപറയാതെ അവൾ പോയി
''രാത്രി വൈകിയിട്ടും അവളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. സൗദി പ്രവാസി മലയാളികളും മറ്റും സഹായവുമായി കൂടെയുണ്ടായിരുന്നു. ഒരുവാക്കുകൊണ്ടുപോലും പറഞ്ഞുതീർക്കാനാവില്ലായിരുന്നു അവരുടെ സഹായങ്ങളും ഇടപെടലും. ആരോ പറഞ്ഞതനുസരിച്ചാണ് മിനയിലെ മുഅയ്സിം മോർച്ചറിയിൽ പോയത്. ഓരോ മൃതദേഹം നോക്കുമ്പോഴും അവളാകരുതേ എന്ന പ്രാർഥന മാത്രമായിരുന്നു. പക്ഷേ, വിധി മറിച്ചായിരുന്നു. സംഭവിക്കരുതെന്ന് ആഗ്രഹിച്ചതുതന്നെ സംഭവിച്ചു. ഇന്നാലില്ലാഹ്... വെള്ളപുതച്ച് അവളതാ കിടക്കുന്നു.
മക്കളുടെ മുഖങ്ങളാണ് ആദ്യം മനസ്സിലെത്തിയത്. കൂടെയുണ്ടായിട്ടും യാത്രപോലും പറയാതെ അവൾ പോയിരിക്കുന്നു. രാത്രി എട്ടിനാണ് പിതാവ് സൈനുല്ലാബിദീന്‍ ഹസ്രത്തിനെ ഫോണില്‍ വിളിച്ച് മരണവിവരം അറിയിച്ചത്. ഔദ്യോഗിക നടപടികൾക്കുശേഷം ദുൽഹജ്ജ് രണ്ടിനാണ് (സെപ്റ്റംബർ 16 ബുധനാഴ്ച) ഇസ്‍ലാമിക ചരിത്രത്തിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുൽ മുഅല്ലയിലെ (മക്കയിലെ ചരിത്ര പ്രസിദ്ധമായ ഖബറിടം) 62ാം ബ്ലോക്കിലെ 79ാം നമ്പർ ഖബറിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവളെ ഖബറടക്കിയത്.''
ഭാഗ്യം തട്ടിയെടുത്ത വിധി...
''ഹജ്ജിനു പോകണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും ആ വർഷം സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, സീറ്റൊഴിവുള്ളതായി അറിയിപ്പ് കിട്ടിയപ്പോൾ പെട്ടെന്ന് തീരുമാനിച്ചാണ് തീര്‍ഥാടനത്തിന് പുറപ്പെട്ടത്. അപകടത്തിന്‍റെ മൂന്നു ദിവസം മുമ്പാണ് സ്വകാര്യ ഏജന്‍സി വഴി 45 പേരടങ്ങിയ സംഘത്തിനൊപ്പം ഞങ്ങൾ മക്കയില്‍ എത്തിയത്. മസ്ജിദുല്‍ ഹറാമിന് ഏറ്റവും അടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലായിരുന്നു താമസം. അപകടത്തിന്‍റെ തലേദിവസം ഞങ്ങൾ ഉംറ നിര്‍വഹിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഹറം പള്ളിയില്‍ പോകുന്ന വിവരം വീട്ടില്‍ വിളിച്ചറിയിച്ചു.
അക്കൂട്ടത്തിൽ ഉംറ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. മക്കളെന്നാൽ ജീവനായിരുന്നു അവൾക്ക്. മിനിറ്റുകളോളം അവരോട് സംസാരിക്കുകയും വിശേഷങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വീട്ടുകാരെ വിളിച്ചത് അവളുടെ മരണവാർത്ത അറിയിക്കാനായിരുന്നു. 'ഞങ്ങളെ ഉമ്മയെ ഉപ്പ എന്തിനാ അവിടെ തനിച്ചുനിർത്തി പോന്നത്' എന്ന് മക്കൾ ചോദിച്ചാൽ എന്തു മറുപടി പറയുമെന്ന സങ്കടമായിരുന്നു മനസ്സുനിറയെ. പക്ഷേ, എല്ലാം പടച്ചവന്‍റെ വിധി. നാളുകളായി എത്തണമെന്ന് അതിയായി ആഗ്രഹിച്ച സ്ഥലത്ത് ഭാഗ്യമെന്നോണം എത്താൻ സാധിച്ചു. ഒടുക്കം അതേ ഇഷ്ടഭൂമിയിൽതന്നെ അന്ത്യവിശ്രമംകൊള്ളാനും വിധിയെത്തി.
ഞാൻ ഹജ്ജ് പൂർത്തിയാക്കി ദുൽഹജ്ജ് 13നുശേഷം മദീനയിലേക്ക് പോയശേഷമാണ് നാട്ടിലെത്തിയത്. മടങ്ങുന്നതിന് തൊട്ടുമുമ്പ് അവളുടെ ഖബറിടം വീണ്ടും സന്ദർശിച്ചിരുന്നു. പടച്ചവന്‍റെ കൽപനയെ ശിരസ്സാവഹിച്ച് ഹജ്ജിന് വന്നു, അവന്റെ തന്നെ വിളിക്ക് ഉത്തരം നൽകി അവൾ പോയി. ക്ഷമിക്കാനും അവൾക്കുവേണ്ടി പ്രാർഥിക്കാനുമല്ലേ നമുക്കാവൂ'' -വിതുമ്പലോടെ ഇസ്മായിൽ പറഞ്ഞു.
ഉമ്മക്കരികിൽ
പാലക്കാട്ടും തിരുപ്പൂരിനടുത്തും ഹാച്ചറി, പൗൾട്രി ഫാമുകൾ നടത്തുന്ന മുഹമ്മദ് ഇസ്മായിൽ കൽമണ്ഡപത്താണ് താമസം. ആയിശ മറിയം കോട്ടക്കൽ സൈത്തൂനിൽ പ്ലസ് ടു വിദ്യാർഥിയാണ്. മുഹമ്മദ് ആഷിഫും മുഹമ്മദ് അന്‍സിഫും ഹാഫിള് (ഖുർആൻ മനഃപാഠമാക്കിയവർ) ആണ്. ഒഞ്ചിയം നുസ്റത്തുൽ ഇസ്‍ലാം ഹിഫ്ള് കോളജിലാണ് ഇരുവരും പഠിച്ചത്. മുഹമ്മദ് ആഷിഫ് ഈങ്ങാപ്പുഴയിലെ മറ്റൊരു സ്ഥാപനത്തിലാണ് തുടർപഠനം നടത്തുന്നത്.
ഇസ്മായിലിന്‍റെ ബന്ധുകൂടിയാണ് മുഅ്മിന. മുഅ്മിനയുടെ മരണശേഷം മണ്ണാർക്കാട് സ്വദേശിയായ റഹ്മത്തിനെ ഇസ്മായിൽ വിവാഹം കഴിച്ചു. അൽഫത്താഹും മുഹമ്മദ് അസീമും മക്കളാണ്. ഈ വർഷംതന്നെ കുടുംബത്തോടൊപ്പം ഉംറക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇസ്മായിൽ. ഭാവിയിൽ വീണ്ടും ഹജ്ജിനും പോകണമെന്ന ആഗ്രഹമുണ്ട്. ''ഉമ്മയുടെ വിയോഗം മക്കളിൽ മുഹമ്മദ് ആഷിഫിനെയാണ് ഏറെ പ്രയാസപ്പെടുത്തിയത്. ഇപ്പോൾ പടച്ചവന്‍റെ അനുഗ്രഹംകൊണ്ട് അവർ അതിനോട് പൊരുത്തപ്പെട്ടു'' -അദ്ദേഹം പറഞ്ഞു. ഉമ്മക്കുവേണ്ടി ഞങ്ങൾക്ക് നൽകാനുള്ളത് പ്രാർഥനയാണ്. അത് മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് മക്കൾ പറഞ്ഞു.
●